പേജുകള്‍‌

ചൊവ്വാഴ്ച, ഏപ്രിൽ 05, 2011

മാറുന്ന കാലൊച്ചകൾ!

ഒരു വാൾവിന്റെ ബലത്തിൽ മൈലുകളോളം
നിണം  പമ്പു ചെയ്ത്‌ തളർന്ന മോട്ടോർ,
ഒപ്പം പ്രക്ഷുപ്തമായ അന്തരീക്ഷത്തിലെ പൊടികൾ!
അസഹ്യമായിരുന്നു ചങ്ങലകളുടെ ബന്ധനങ്ങൾ!
തുറന്നു വെച്ച വാതായനങ്ങൾ അടച്ചിട്ടു.

വീർപ്പുമുട്ടലായിരുന്നു,
മണിക്കൂറുകളോളം അടഞ്ഞമിഴികൾ!
അടച്ചിട്ടവ തുറന്നുമിട്ടു,
ബന്ധനങ്ങൾ അഴിഞ്ഞു വീണു!
ഒപ്പം ബന്ധവും!
ഇപ്പോൾ സ്വസ്ഥം!

"എന്താ കാർന്നോരെ..?"
 സ്നേഹംതുളുമ്പുന്ന ചോദ്യം!

ജീവിതയാത്രയിൽ
കുബേരത്വം നേടാനാകാത്ത ദൈന്യത!
പുൽകുടിലിൻ ഉമ്മറത്തെ
പഴം കഞ്ഞി പശിമയുടെ
അയവെട്ടിയ ഓർമ്മകൾ,
കടഞ്ഞെടുത്ത്‌,
നരച്ച താടി തടവി
ഉരുവിട്ട പ്രശസ്തമാം വാക്കുകൾ!

"ഭ്രാന്തന്മാർ ഉണ്ടാകുന്നതല്ല,
കാലം  ഭ്രാന്തരെ വാർത്തെടുക്കുന്നതാണ്‌!"
പറയി പെറ്റ പന്തിരു കുലങ്ങളിൽ,
ഗാന്ധിജിയിൽ,ഐൻസ്റ്റീനിൽ,
നിറഞ്ഞാടിയ ഭ്രാന്തുകൾ!
സഹനീയമായിരുന്നു..പുക്ഴ്പെറ്റതായിരുന്നു,

മഹാന്മാരിലൂടെ പകർന്നെടുക്കപ്പെട്ട ഭ്രാന്തുകൾ,
ഒരു സാധാരണമനുഷ്യനിൽ ഉരുക്കിയൊഴിച്ചു
പുനരവതരിപ്പിച്ചപ്പോൾ,
നിഷ്കരുണം കല്ലെറിഞ്ഞോടിച്ച തെരുവുകളിലെ
ഓരങ്ങളിൽ,
രക്തക്കറ അവശേഷിപ്പിച്ച്‌ ഓടിമറഞ്ഞു!

പിന്നെ എന്നോ പിടിക്കപ്പെട്ട്‌ അപശകുനം പോലെ
 ഭ്രാന്താശുപത്രിയുടെ ചുമരുകൾക്കുള്ളിൽ!
ഭ്രാന്തുകൾ അഴിച്ചെറിഞ്ഞിട്ടും,
തമസ്കരണം!
നിസ്സഹായത കണ്ണുനീരിൽ ഇറ്റു വീഴിച്ച്‌ തുടർന്നു..
"..ഒരു മകനുണ്ട്‌..! ഒരു മകളും!"

പിന്നെ കാലോച്ച സാകൂതംശ്രവിച്ച്‌.
.അകലുന്ന കാലൊച്ചകളെ വെറുത്ത്‌,
അടുക്കുന്ന കാലൊച്ചകളെ താലോലിച്ച്‌..!
എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചു!
അടുത്ത പുലരിയിൽ അയാളെ സ്നേഹിച്ച്‌
മറ്റൊരു കാലൊച്ച!
അയാൾക്കാരേയും വേണ്ടായിരുന്നു...!
സ്വശരീരം പോലും!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ