പേജുകള്‍‌

ബുധനാഴ്‌ച, ഓഗസ്റ്റ് 11, 2010

കാക്കയുടെ ചിന്തകൾ..(12)

ജനാധിപത്യം!
------------------
"ജനങ്ങൾ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട്‌ ജനങ്ങൾക്കായി ഭരിക്കപ്പെടുന്നതാണ്‌ ജനാധിപത്യം"- നിർവ്വചനം "ക്ഷ!" ബോധിച്ചിരിക്കണൂ... നമുക്കും വേണം ഒരു വോട്ടവകാശം!- ജനങ്ങൾക്ക്‌ ആകെയുള്ള ഒരു അവകാശം അതു മാത്രമാണെന്നറിയാതെ ഞാൻ നിർബന്ധം പിടിച്ചു..

വോട്ടു കുത്തി തിരിഞ്ഞു നടന്നപ്പോൾ അവർ ജയിച്ചിരിക്കുന്നു...സന്തോഷം അടക്കാൻ വയ്യാതെ ഞാൻ നിലവിളിച്ചു!..

"...വാ...വ്‌..
...ആരോ കളിക്കാൻ പറഞ്ഞ വക്ക വക്ക ...ഞാനുമെടുത്ത്‌ കളിച്ചു !..

പാർട്ടികൾ, പാർട്ടികളാൽ തിരഞ്ഞെടുക്കപ്പെട്ട്‌ പാർട്ടികളാൽ പാർട്ടികൾക്കായി ഭരിക്കപ്പെടുന്നതാണ്‌ ജനാധിപത്യം! - അവർ അറിയാത്തവർക്കൊക്കെ പറഞ്ഞു തന്നു..

" ഊവ്വോ?.. " എന്റെ വോട്ടവകാശം അടിയറ വെച്ച്‌ ഞാൻ നിലത്തിരുന്നു..

...അവകാശമുള്ളവനും അധികാരികളും പഴവും ശർക്കരയും പാൽ പായസവുമായി സദ്യയുണ്ടു..

മൂക്കിൽ പായസത്തിന്റെ മണം!!.

"...തരും തരാതിരിക്കില്ല!... കിട്ടും, കിട്ടാതിരിക്കില്ല! " -അവർക്ക്‌ കീഴെ ഒട്ടിയ വയറുമായി ഞാനും സദ്യ പ്രതീക്ഷിച്ചിരുന്നു..!..

" ബാക്കിയുള്ളവർ ബാക്കിയുണ്ടെങ്കിൽ നക്കി തിന്ന് എഴുന്നേറ്റ്‌ പോയിക്കൊള്ളണം.!!."- എവിടെ നിന്നോ അശരീരി ശബ്ദം! ..കൈ നക്കി കൊണ്ട്‌ ഏമ്പക്കം വിട്ടു പോകുന്ന മേലാളന്മാരുടേതാണ്‌!

വിളമ്പുമ്പോൾ അബദ്ധത്തിൽ തെറിച്ചു വീഴുന്ന വറ്റുകൾ നക്കി തിന്ന് ഞാനും ഞാനുൾപ്പെട്ട ജനവും!

അടുത്ത പ്രാവശ്യം ഞങ്ങളുടെ വോട്ടവകാശം ഞങ്ങൾ മറക്കുമെന്ന് നിശ്ചയിച്ച്‌.. ഒരിക്കലും അത്‌ മറക്കാതിരിക്കാൻ ഓർത്തോർത്ത്‌ ഞങ്ങൾ!

സമയമായപ്പോൾ ചിഹ്നം കാട്ടി.. ചോറു തരുമെന്ന് പ്രലോഭിപ്പിക്കുവാൻ പുഞ്ചിരിക്കുന്ന മുഖങ്ങളുമായി അവരെത്തിയിരുന്നു..

" ചോറു കിട്ടാതെ ഞങ്ങൾ വഞ്ചിക്കപ്പെടുമോ?"

ഇല്ലെന്ന് ബോധ്യപ്പെടുത്താൻ പാർട്ടിക്കാർ ഓരോരാളായി വന്ന് നെഞ്ചു തുറന്ന് കാണിച്ചു.
" എവിടെ ഹൃദയമെവിടെ?..".- ഞങ്ങൾ പരുതി, പരുതി നിരാശരായി.. അവരുടെ ഹൃദയസ്ഥാനത്ത്‌ ശൂന്യതയായിരുന്നു..

ഞങ്ങളെ നോക്കി ബലിച്ചോറിന്റെ അവകാശം നമുക്ക്‌ തന്നെ വിട്ടു തന്ന് കാക്കകൾ പറന്നു പോയിരുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ