".......മഹാന്മാരായിരുന്ന പലർക്കും ഭ്രാന്തായിരുന്നുവത്രെ! .. സ്വന്തം ലക്ഷ്യം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള അടങ്ങാത്ത ഭ്രാന്ത്!....ഒടുങ്ങാത്ത നട്ട പ്രാന്ത്!
.....പല കണ്ടു പിടുത്തങ്ങൾക്ക് പിറകിലും ഈ ഭ്രാന്താണത്രേ..!.
....മഹാത്മജിയുടെ ഭ്രാന്താണത്രേ.. അർദ്ധനഗ്നനായി വടിയും കുത്തിപ്പിടിച്ച് ഓടി നടന്ന് അടിയും തൊഴിയും വാങ്ങി ഭാരതത്തിനു സ്വാതന്ത്ര്യം നേടിക്കൊടുത്തത്!".- ദീർഘനേരമായി വായിച്ചിരുന്ന പുസ്തകം അവൻഅടച്ചു വെച്ചു..അല്ല വലിച്ചെറിയുകയായിരുന്നു..
.. അർദ്ധനഗ്നനായ ബർമുഡയിട്ട അവന്റെ സിരകളെ ഉണർത്തിയിരുന്ന ദ്രാവകത്തിന്റെ വീര്യം കുറഞ്ഞിരുന്നു.. അവനും ഭ്രാന്തെടുത്തു വരികയായിരുന്നു.. മുറി തുറന്ന് വൃദ്ധനായ അച്ഛന്റെ കൈയ്യിൽ നിന്നും താക്കോൽ പിടിച്ചു വാങ്ങി ഒരു കുത്ത് നോട്ടെടുത്ത് ബർമുഡയിലെ പോക്കറ്റിലിട്ട്, തടയാൻ ശ്രമിക്കുന്ന അമ്മയുടെ കാതിൽ ഒറ്റ വലിയോടെ കരസ്ഥമാക്കി അവൻ വേഗം ഓടി...അമ്മയുടെ കര ച്ചിൽ അവൻ ശ്രദ്ധിച്ചില്ല.. അല്ലെങ്കിലും ഭ്രാന്തെടുത്തവൻ പിൻവിളി കേട്ട് നിൽക്കാറില്ല!..
അതിരഹസ്യം പേറുന്ന കെട്ടിടങ്ങളിൽ അവനെപോലെയുള്ള പല യുവാക്കളുടെയും സിരകളെയുണർത്തുന്ന വീര്യം വാറ്റിയെടുക്കുന്ന ലബോറട്ടറികളിൽ വീര്യം നുരഞ്ഞ് പതയുമ്പോൾ, ഉടമസ്ഥനായ ആധുനിക ഗാന്ധിയൻ തന്റെ നട്ടുവളർത്തിയ കുംഭയുമായി വിഷമിച്ച് നടന്ന് സദ്ഭാവനാ യാത്ര നടത്തുകയായിരുന്നു.
" ഇന്നിത്രയും മതി.. ഡോക്ടർ പറഞ്ഞ കിലോമീറ്ററുകൾ കടന്നിരിക്കുന്നു.." ചെവിയിൽ സേവകൻ മന്ത്രിച്ചു..
"ഉം" - ആധുനിക ഗാന്ധിയൻ കിതച്ചു കൊണ്ട് പറഞ്ഞു.
".. ദേഹത്തെ ഉപ്പ് കുറഞ്ഞിട്ടുണ്ടാകും.. ഇന്നത്തെ ഉപ്പ് കുറുക്കലും ദണ്ഡിയാത്രയും മതി..ല്ലേ"- ഗാന്ധിയൻ മെല്ലെ ചെവിയിൽ തന്നെ ഉത്തരം കൊടുത്തു..
...ആജ്ഞ കേട്ട മറ്റ് ഗാന്ധിയന്മാർ കളം വിട്ട് പോയി..ഇനി നാളെ... അല്ലെങ്കിൽ ഒരറിയിപ്പ് ഉണ്ടാകുമ്പോൾ!!
ലീഡർ ഗാന്ധിക്കായി ഒരുക്കിയ ബംഗ്ലാവിലേക്ക് സേവകൻ അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പോയി..
...മുലക്കച്ച കെട്ടാത്ത രണ്ട് യുവതികൾ തോളിൽ കൈയ്യിട്ട് അദ്ദേഹത്തെ മുറിയിലേക്ക് ആനയിച്ചു...
...അകത്തു നിന്നും വാതിൽ അടഞ്ഞിരുന്നു..എട്ടും പൊട്ടും തിരിയാത്ത പാവം പെൺ കിടാങ്ങൾക്ക് ഗാന്ധി തത്വങ്ങളും സദ് ചിന്തകളും പറഞ്ഞു കൊടുക്കുന്ന തിരക്കിലായിരിക്കുമോ അദ്ദേഹം???
നഗരത്തിലെ മൂലയിൽ ആരും കാണാതെ കുനിഞ്ഞു നിൽക്കുന്ന മഹാത്മജിയുടെ പ്രതിമയുടെ കൈകളിൽ കയറിയിരുന്ന് കാക്ക അദ്ദേഹത്തിന്റെ ചെവിയിൽ മന്ത്രിച്ചു.. " മഹാത്മാവേ.. അവരെ കണ്ടു പഠിക്കുക!.. അവർ താങ്കളേക്കാൾ ഉന്നതരാണെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക!...സമ്മതിക്കുക..!..അത്യുന്നതങ്ങളിൽ അവർക്ക് മഹത്വം...!!..ഭൂമിയിൽ അവർക്കും അവരുടെ ശിഷ്യർക്കും സമാധാനം!!."..
..മഹാത്മജിയുടെ ശിരസ്സ് കൂടുതൽ കുനിഞ്ഞിരുന്നുവോ?..എല്ലാവരും ഒറ്റപ്പെടുത്തിയ മഹാത്മജിയുടെ പ്രതിമയ്ക്കരികിൽ കുറച്ച് സമയം കൂടെ ചിലവഴിച്ചിട്ട് പ്രീയതമയ്ക്കരികിലേക്ക് കാക്ക പറന്നു പോയി..
കാക്ക കൂടെ പോയപ്പോൾ കൂടുതൽ ഒറ്റപ്പെട്ടതായി മഹാത്മജി പ്രതിമയ്ക്ക് തോന്നിയോ?..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ