പേജുകള്‍‌

ശനിയാഴ്‌ച, മേയ് 28, 2011

ആഗ്രഹം..

കാർമേഘങ്ങളെ വിശ്വസിക്കരുത്‌,
വേണ്ടപ്പോൾ ഓടും,
വേണ്ടാത്തപ്പോൾ മൂക്ക്‌ പിഴിഞ്ഞു കരയും!
ഓരോ കരച്ചിലും ചിലപ്പോൾ പ്രളയമാക്കി ദുരന്തങ്ങൾ വിതയ്ക്കും!
സമൂഹമേ.. നിങ്ങൾ എന്നെക്കാൾ വിശാല ഹൃദയർ!
ഞാൻ നീട്ടിയ  പാത്രങ്ങങ്ങളിൽ
എറിഞ്ഞു തന്നത്‌ ഹൃദയം, ചിലപ്പോൾ കപടത,ചിലപ്പോൾ കല്ലും മറ്റുചിലപ്പോൾ ശൂന്യതയും!
ശൂന്യതയിലെ ഓക്സിജൻ ശ്വസിച്ച്‌,
കപടതയിലെ  ദൃശ്യത രസിച്ച്‌,
എറിയുന്ന കല്ലുകളിലെ താളങ്ങൾ ശ്രവിച്ച്‌,
ഹൃദയങ്ങളിലെ  നന്മയ്ക്ക്‌ നന്ദി പറഞ്ഞ്‌ നിറഞ്ഞു സന്തോഷിക്കും!

എന്റെ സന്തോഷങ്ങളിൽ പൊട്ടിച്ചിരിക്കുന്നത്‌,
നിങ്ങളുടെ മുന്നിലാകട്ടേ,
എന്റെ ദു:ഖങ്ങളിൽ ഞാൻ ഏങ്ങിക്കരയുന്നത്‌,
നിങ്ങളുടെ കൺവെട്ടത്താകാതിരിക്കട്ടേ!

എനിക്കന്യമാക്കപ്പെട്ട പുഞ്ചിരികളാണെനിക്കാവശ്യം!..
വിൽ പത്രങ്ങളിൽ പോലും ആവശ്യപ്പെടാൻ ആഗ്രഹിക്കുന്നത്‌..
മൃതിയടഞ്ഞ്‌ ചിതയിൽ കത്തിയമരുമ്പോഴും..
കൺ കുളിർക്കെ കണ്ട്‌ എൻ മുന്നിൽ വന്ന്  തൂകുന്ന ചിരി....
ചിതയിലിരുന്ന് നിങ്ങളെ നോക്കി,
നിങ്ങളോടൊപ്പം എനിക്കും ഒന്നു പുഞ്ചിരിക്കണം!
അഥവാ വന്നില്ലെങ്കിലും എനിക്കെന്താണ്‌?
ഏതു കോണിലായാലും
മനം തെളിഞ്ഞ്‌ ചിരിച്ചാൽ മതി!
വക്രിച്ചായാലും,
സ്നേഹിച്ചായാലും!

ആവേശത്തോടടർത്തിയെടുത്ത്‌,
സ്വർണ്ണം പോലെ തിളക്കമേകി,
ഞാനെന്റെ ആത്മാവിനോടതു ചേർത്തു പിടിക്കും!
അബദ്ധത്തിലാണെങ്കിലും ഒരിക്കലെങ്കിലും നിങ്ങളെന്നെ
ഓർത്തിരുന്നുവെന്ന് കാറ്റിനോട്‌ വീമ്പു പറഞ്ഞ്‌..
മഴയോടെണ്ണി കണക്ക്‌ പറഞ്ഞ്‌..
..മണ്ണിനെ ഒരുനാൾ ഞാൻ കെട്ടി പുണരും!

അഥവാ കണ്ണുനീർ വീഴ്ത്താനെങ്കിൽ,
പൊതിഞ്ഞു വെച്ച കണ്ണീർ മറ്റാർക്കെങ്കിലും
കൊടുക്കാൻ മാറ്റിവെച്ച്‌  മടങ്ങി പോകുക,
പൊങ്ങച്ചങ്ങളെ എനിക്കറപ്പാണ്‌!
നിങ്ങളെന്റെ ചിതാഗ്നിയുടെ കൺവെട്ടത്ത്‌ വരരുത്‌!
ദേഷ്യപ്പെട്ട്‌ ഞാനെന്നെ മറന്നെൻ
ചിതാഗ്നിയുടെ താപം കൂട്ടും!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ