പേജുകള്‍‌

ചൊവ്വാഴ്ച, മേയ് 31, 2011

സംശയങ്ങളുടെ തീർപ്പ്‌!

"എൻഡോ സൾഫാൻ തെളിച്ചാ ആളുകള്‌ മരിക്ക്വോ?"
"ഊവ്വ്‌ മോനെ അത്‌ മാരകമായ വിഷമാണ്‌."
"അപ്പോ ഓർഗാനിക്‌ എന്ന് പറഞ്ഞാലെന്താ?"
ഞാൻ പറഞ്ഞു കൊടുത്തു.
"അപ്പോ ഓർഗാനിക്‌ കഴിച്ചാലും ........ ?"

അവനറിയേണ്ടത്‌ സ്പെയിനിൽ നിന്ന് കയറ്റി അയക്കപ്പെട്ട ഒർഗാനിക്‌ വെള്ളരി കഴിച്ച്‌ ചത്തു പോയവരെ കുറിച്ചാണ്‌.

പത്രവും വായിച്ചു വന്ന് വായിൽ കൊള്ളാത്ത ഓരോ വേണ്ടാതീനവും ഉരുവിട്ട്‌ വരും നമ്മളെ മെനക്കെടുത്താൻ!

എനിക്കരിശം വന്നു..അവന്റെ മുഖം വിസ്തരിച്ച്‌ സ്കാൻ ചെയ്തു!

കള്ള ചെക്കന്റെ മനസ്സിൽ കള്ളമില്ല.!.. മായമില്ല !.. മന്ത്രമില്ല!.. വെറും 916 ശുദ്ധത മാത്രം!
അപ്പോൾ ഞാനും ഡീസെന്റായി, കള്ളമില്ലാത്ത, മായമില്ലാത്ത ഉത്തരം തന്നെ കൊടുത്തു കളയാം എന്ന് വിചാരിച്ചു ചാരുകസേരയിൽ ചാഞ്ഞിരുന്ന് വലിയ വായിൽ വെടി പറഞ്ഞു.
" മോനെ എപ്പോഴും വിഷം കഴിച്ചു ജീവിച്ചാൽ പിന്നെ വിഷമില്ലാത്തതു കഴിച്ചാലും പ്രശ്നമാവും... ബാക്ടീരിയ ആക്രമിക്കും..കള്ളു കുടിയന്മാരെ കണ്ടിട്ടില്ലേ.. എപ്പോഴും കുടിച്ചു കുടിച്ച്‌ ഒടുവിൽ അതു കിട്ടാതാവുമ്പോൾ കൈ വിറയ്ക്കും! അത്രേയുള്ളൂ..."

ചെക്കന്റെ ആകാംക്ഷ തുടുത്തു വന്നപ്പോൾഎനിക്കും ആവേശം കൊഴുത്തു വന്നു. ഞാൻ തുടർന്നു...

"ഉദാഹരണത്തിന്‌ രാഷ്ട്രീയക്കാർക്ക്‌ നമ്മുടെ തൊഴുത്തിലെ പരിശുദ്ധമായ ചാണകം ഇട്ട്‌ നട്ടു വളർത്തിയ വെണ്ടയ്ക്കയുടെ ഒരു കഷ്ണം കൊടുത്തു നോക്കൂ... ചിലരെയൊക്കെ ആശൂപത്രിയിലെ ഐ.സി.യു വില്‌ അഡ്മിറ്റ്‌ ചെയ്യേണ്ടിവരും.. ചിലർ ചത്തു പോകും!.അഥവാ അവരിൽ ആരെങ്കിലും രക്ഷപ്പെട്ടുവെങ്കിൽ മണ്ടരി ബാധിച്ചതു പൊലെ ഒറ്റ നിൽപ്പ്‌ നിൽക്കും!.... അവരിലുള്ള വിഷം നല്ലത്‌ ആഗിരണം ചെയ്താൽ ദഹിപ്പിക്കില്ല!"

വേണ്ടുന്നതിനും വേണ്ടാത്തതിനും ഒരാവശ്യവുമില്ലാതെ കാൽ കാശിനു കൊള്ളാത്ത അഭിപ്രായം പറയുന്ന പെൺ വ്യാഘ്രം ഒളിഞ്ഞിരുന്ന് ചാടി വീണ്‌ വായിൽ തോന്നിയത്‌ വിളമ്പി.

"ചെക്കന്‌ നിങ്ങൾ വെറുതേ ഓരോരു വേണ്ടാതീനം....!"

വെറുതെ കിട്ടുമായിരുന്ന അവളുടെ തല പെട്ടെന്ന് വലിഞ്ഞതു കൊണ്ട്‌ ഞാൻ എന്റെ തലയ്ക്ക്‌  ആഞ്ഞിടിച്ചു ചോദിച്ചു..

" അപ്പോൾ ഞാൻ പറഞ്ഞത്‌ , വേണ്ടാതീനമാണോ? അതോ ശീലമോ, ശ്ലീലമോ? അതോ അശ്ലീലമോ? ഒരു കൺഫ്യൂഷൻ!..

 കണ്ണാടി നോക്കി " ഹേയ്‌ മാറിയിട്ടില്ല... മാറാത്തത്‌ മാറ്റമാണത്രെ!"

6 അഭിപ്രായങ്ങൾ:

  1. മാറുന്നത് മാറ്റമെന്ന് തിരുത്തിവായിക്കുന്ന സമൂഹമാണിന്ന്....

    മറുപടിഇല്ലാതാക്കൂ
  2. വായനയ്ക്ക്‌ നന്ദി അർപ്പിച്ച്‌,
    @ Kalavallabhan - അതു തന്നെ.. അതു തന്നെ!
    @ponmalakkaran | പൊന്മളക്കാരന്‍ - ഒരു തീർപ്പാവണമെങ്കിൽ എന്നെ തല്ലികൊല്ലേണ്ടി വരും..ല്ലേ?
    @ നികു കേച്ചേരി - ശരിയാണ്‌ .. മാറ്റുന്നതും മാറ്റം!

    മറുപടിഇല്ലാതാക്കൂ
  3. ഹ്..

    കാര്യം ശരിതന്നെ, കൊഴുത്ത് വന്ന എഴുത്ത് അവസാനം നശിപ്പിച്ചെന്ന് പറഞ്ഞാല്‍ ഇഷ്ടമായില്ലെങ്കിലും..

    മറുപടിഇല്ലാതാക്കൂ
  4. @ നിശാ സുരഭി- വന്നതിനു നന്ദി..ഹേയ്‌ എന്തിഷ്ടക്കേട്‌...താങ്കൾ പറഞ്ഞതാണ്‌ ശരി...

    പറയേണ്ടത്‌ പറയേണ്ടപ്പോൾ വെളിച്ചത്തു നിന്നു പറയണം..അത്‌ ഇരുട്ടത്തു നിന്നു പിറു പിറുക്കുന്നതെന്തിന്‌.. എന്ന തരക്കാരനാണ്‌ ഞാൻ..

    മറുപടിഇല്ലാതാക്കൂ