പേജുകള്‍‌

ശനിയാഴ്‌ച, മേയ് 07, 2011

ദേശാടനം!

നക്ഷത്രങ്ങളുടെ ചിന്താമണ്ഡലം,
“ഹേ കുമാരാ ...
നിനക്ക്‌ വഴികൾ രണ്ട്‌, മുന്നിലേക്ക്‌ അല്ലെങ്കിൽ പിന്നിലേക്ക്‌”
പുതപ്പുയർത്തി..
സംശയങ്ങളുടെ പെരുമഴ!
മുന്നിൽ കല്ലും മുള്ളും പിന്നിൽ സുഖം!

“സ്വാർത്ഥനെങ്കിൽ പിന്നിലേക്ക്‌,
നിസ്വാർത്ഥനെങ്കിൽ മുന്നിലേക്ക്‌,”
അശരീരി!

കണ്ണുകൾ തീർത്ഥം കുടഞ്ഞു ,
സംശയങ്ങളെ പഴം തുണികെട്ടിലെടുത്ത്‌,
ചിന്തകളെ രുദ്രാക്ഷമായി കഴുത്തിലണിഞ്ഞ്‌,
രേഖകൾ കൈവെള്ളയിലൊതുക്കി പിടിച്ച്‌,
അഗ്നിപഥത്തിലൂടെ അവധൂതനായി നടന്നു,
സിദ്ധാർത്ഥ കുമാരനിൽ നിന്നും
ഗൗതമ ബുദ്ധനിലേക്കുള്ള ദൂരം അളന്നു കുറിച്ചു,
സങ്കൽപങ്ങളുടെ തേരിലേറി!

മുകളിൽ ആകാശം താഴെ അറ്റമില്ലാത്ത ആഴക്കടൽ!
തൃശ്ശങ്കു സ്വർഗ്ഗം!
കിട്ടിയ കച്ചിതുരുമ്പിൽ ഒട്ടിപ്പിടിച്ച്‌,
നീന്തിയും പിടഞ്ഞും, ശ്വസിച്ചും നിശ്വസിച്ചും!
തുരുത്തിലണഞ്ഞു.

ഭ്രമിപ്പിക്കാൻ സാത്താനുണ്ടായിരുന്നു,
മാലാഖകൾ, രാജഭോജ്യങ്ങൾ!
വീണ്ടും അശരീരി!
“പ്രലോഭനങ്ങളിൽ പെടരുത്‌!,
ലക്ഷ്യം ചുറ്റുമുള്ളവരുടെ സൗഭാഗ്യം!"
സർവ്വാംഗ പരിത്യാഗിയായി,
അവഹേളനങ്ങൾ ചുരുട്ടിക്കൂട്ടി എറിഞ്ഞു തരുന്ന ദിനാറുകൾ,
ആത്മാഭിമാനമില്ലാതെ പെറുക്കിയെടുത്ത്‌,
മടികൂടാതെ ദാനം ചെയ്ത് അലഞ്ഞു!

കുമിളകളുടെ നശ്വരത കാട്ടി,
ഉറഞ്ഞു തുള്ളുന്ന പരിപ്പു കറി!
ജീവിതത്തിൽ ഊറിയ ഉപ്പുകൾ തുടച്ചെറിഞ്ഞ്‌,
നുള്ള്‌ ഉപ്പ്‌ പകർന്ന് കൊടുത്ത്‌ മന്ദഹസിച്ചു!
ഖുബ്ബൂസിന്റെ ബന്ധനത്തിലാക്കിയ മൗനത്തെ
വിശപ്പിന്റെ ആക്രാന്തം ഭേദിച്ചു!
പരിപ്പിന്റെ മനം മടുപ്പിക്കുന്ന നിത്യ ചുംബനങ്ങളിൽ മുഖം തിരിച്ചു!

“സർവ്വാംഗ പരിത്യാഗിക്ക്‌ വേര്‌!”
ഗുരുഭൂതരുടെ സങ്കൽപമുണ്ടത്രെ!
അങ്ങിനെ യശോധരയും അവളുടെ ഉദരത്തിലെ കൈകാലിട്ടടിയും!
മൗനങ്ങളിൽ വീണ്ടും നക്ഷത്രങ്ങളെത്തി.
കടങ്കഥ പോലെ ചോദ്യങ്ങൾ?
“സമയമായല്ലോ പുറപ്പെടുകയല്ലേ?”
പിന്നിൽ സുഖം, മുന്നിൽ കല്ലും മുള്ളും!
സംശയത്തിന്റെ പാതി വഴികൾ!
“നിന്റെ സുഖമോ? അതോ ചുറ്റുമുള്ളവരുടെ..?”
യശോധര മുഖം പൊത്തി കരയുന്നുവോ?
ശരീരത്തെ മുൻനടത്തി,
ആത്മാവിനെ ബലാൽക്കാരമായി വലിച്ചിഴച്ച്‌..
പതറാതെ.. .. തിരിഞ്ഞു നോക്കാതെ..!

നാലു ചുവരുകൾക്കുള്ളിൽ,
അനുവദിച്ച തുണ്ടിടം!
പല ശരീരങ്ങൾക്കിടയ്ക്ക്‌,
ഒരു ശരീരം ഒതുക്കി വെച്ച്‌ ഒതുങ്ങിക്കിടന്ന് തപം!
തലയിണയുടെ അസ്ഥാന ശങ്ക!
ചിന്തകളുടെ കടപ്പെടൽ!
"യശോധര?"
സ്വപ്നങ്ങൾ അസ്തമിക്കരുതല്ലോ,
നക്ഷത്രമായി പ്രകാശിക്കേണ്ടേ!
കടം വാങ്ങിയ ദേഹത്തെ അഗ്നിക്കും ,
ആത്മാവിനെ ദൈവത്തിനും തിരിച്ചു കൊടുക്കും വരെ,
.... ആർക്കെല്ലാമോ കടപ്പെട്ട്‌!
.... ആർക്കൊക്കെയോ അടിപ്പെട്ട്‌..!

2 അഭിപ്രായങ്ങൾ:

 1. നിരീക്ഷണങ്ങൾ ഇഷ്ടപെട്ടു...പരിപ്പുകറിയും ഖുബ്ബൂസും വേണ്ടായിരുന്നു ....അലുവയും മീൻചാറും പോലെ!!!!

  മറുപടിഇല്ലാതാക്കൂ
 2. നന്ദി..വന്നതിനും കമന്റിട്ടതിനും..
  താങ്കൾ പറഞ്ഞതും ശരിയാണ്‌...
  സത്യത്തിൽ ഭൂരിപക്ഷം പ്രവാസികളും നല്ല ഭക്ഷണങ്ങൾ കഴിക്കാത്തവരാണ്‌ എന്നത്‌ പരമാർത്ഥമായി തോന്നി..

  ഭൂരിപക്ഷം പാവങ്ങളുടെയും കറിയാണ്‌ പരിപ്പു കറി എന്നാണ്‌ പറഞ്ഞു കേട്ടത്‌ .. അതാണ്‌ അങ്ങിനെ എഴുതിയത്‌!

  മറുപടിഇല്ലാതാക്കൂ