പേജുകള്‍‌

ഞായറാഴ്‌ച, സെപ്റ്റംബർ 26, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( പതിമൂന്നാം സർഗ്ഗം)

വൈശാലിയുടേയും ഋശ്യശൃംഗന്റെയും കഥ പോലെ ഇവന്മാർ പെണ്ണുങ്ങളെ കണ്ട്‌ ഭ്രമിച്ച്‌.. കല്യാണം കഴിച്ചു കടമ മറന്നു പോകുമോ എന്ന് വിചാരിച്ചായിരിക്കണം ഗേൾസിനു പ്രത്യേകം സ്കൂളും ബോയ്സിനു പ്രത്യേക സ്കൂളും വിഭാവനം ചെയ്തത്‌....അധികാരികളായ മഹർഷിമാരുടെ ഓരോ കളികളേ.. കഷ്ടം! ...കഷ്ടം!...നഷ്ടം! .. നഷ്ടം!... അവർക്കല്ല നമുക്ക്‌!..

....അവർക്കെന്തു നഷ്ടപ്പെടാൻ!.. അവർക്ക്‌ പെണ്ണും പിടക്കോഴിയുമായി... വാനപ്രസ്ഥത്തിന്റെ സമയവുമായി...സിരകളിൽ ചോര തിളക്കേണ്ട പ്രായത്തിൽ നമ്മൾക്കല്ലേ നഷ്ടം!..ഹേ.. മാനവേർസ്‌...ഷേയിം ഓൺ ദെം.. ഷെയിം!

... ഗേൾസ്‌ രാജധാനിയും ബോയ്സ്‌ കിംഗ്ഡവും വിളിച്ചാൽ വിളികേൾക്കുന്ന ദൂരത്ത്‌!..എന്നാലും ഇച്ചിരി ദൂരത്ത്‌!... നടുക്ക്‌ ഫുഡ്ബോൾ ഗ്രൗണ്ടിട്ട്‌ വെച്ചിരിക്കുന്നു അതിർത്തിയായിട്ട്‌. ആ പുഴ നീന്തിവേണം അക്കരെയെത്താൻ!..പരേഡും കൊടി താഴ്ത്തലും ഇല്ല!. .."വിഭാണ്ഡകമഹർഷി" അതായത്‌ ഋശ്യശൃംഗന്മാരാവാൻ വിധിക്കപ്പെട്ട നമ്മുടെ വളർത്തച്ഛൻ ഹെഡ്മാസ്റ്റർ മുൻ കോപിയാണ്‌.. .ഭേദ്യവും ചെയ്ത്‌ ശപിച്ച്‌ വെണ്ണീറാക്കി നമ്മളുടെ ജീവിതം നാശകോശമാക്കി ഒരു സർട്ടിഫിക്കേറ്റാക്കി കൈയ്യിൽ പൊതിഞ്ഞു കെട്ടി തന്നുവിടും! .ഹ.. കഷ്ടം!..നമ്മുടെ ഒരു ഭാഗ്യക്കേട്‌!.അല്ലാണ്ട്‌ എന്തൊക്കെയാ പറയ്ക!

... ചൈനീസ്‌ വന്മതിൽ പോലെ കെട്ടിപ്പൊക്കിയ മതിലകത്ത്‌ അവളുമാർ രാജ്ഞിമാരെ പോലെ വാഴുന്നു...അതിനാൽ നമ്മൾക്കവരെ കാണുവാൻ പറ്റില്ല... എന്നാലും ചില സുന്ദരികളാണെന്ന് ധരിച്ചു വശായ പെൺകിടാങ്ങൾ സംഭവം സത്യമാണോന്ന് പരീക്ഷിക്കാനോ മറ്റോ... അതോ കുറുകെ പോയാൽ നേരെ സ്ക്കൂളിലെത്താമെന്ന കുരുട്ടു ബുദ്ധിയാലോ എന്നും അറിയില്ല (അങ്ങിനെയാവാൻ സാധ്യത 0.005% മാത്രമേ വരൂ..)നമ്മുടെ കോമ്പൗണ്ടിലൂടെയുള്ള വിശാലമായ റോഡിലൂടെ കുണുങ്ങി ചിരിച്ചും വാ പൊത്തിച്ചിരിച്ചും നടന്നു പോകും.

നമ്മൾ ഋശ്യശൃംഗനെ പോലെ പാവങ്ങൾ!... ജനാലയിലൂടെ നോക്കും പിന്നെ നിരൂപിക്കും... "... ഹോ .. ഏതോ മുനികുമാരന്മാരായിരിക്കും... എന്നാലും എന്തൊരു തേജസ്സ്‌!"...നൃത്തമൊന്നും ചെയ്യില്ല..എന്നാലും നമ്മൾ നോക്കുമ്പോൾ നടത്തത്തിനു നൃത്തത്തിന്റെ ഭംഗീണ്ട്‌! ചടുലതാളമുണ്ട്‌!.. ചിലർ‌ ആക്രാന്തം മൂത്ത്‌ ഏന്തി വലിഞ്ഞു നോക്കും...എന്തു ചെയ്യാൻ മുനികുമാരന്മാർ ശരം വിട്ട പോലെയാ പോക്ക്‌!.. അവരുടെ ചിരി.. "ഹോ".. അതിന്റെ ആകർഷണീയതയിൽ മുങ്ങി.."ഒക്കെ മായ!" എന്നൊർത്ത്‌ ചിലർ മനക്കോട്ട കെട്ടും!..പൂജാം ദേഹികളായി ധ്യാനത്തിൽ മുഴുകും!

പലവിധ സൗകര്യങ്ങൾ ആ റോഡുകൊണ്ട്‌ നമുക്ക്‌ ഉണ്ടായിരുന്നു.. വിഷമ സന്ധികളിൽ മന:സ്ഥാപം തീർത്തു ഒഴുകി പരന്നു കിടക്കുന്ന റോഡ്‌!... ഒരിക്കൽ നമ്മുടെ ബുദ്ധിയിൽ അയൽഡിവിഷനിൽ പഠിക്കുന്ന സുഹൃത്തുക്കൾ ഒരു ഐഡിയ മിന്നിച്ചു..."വാട്ട്‌ ആൻ ഐഡിയ സർ ജി!" എന്ന മട്ടിൽ നമുക്കും സുഖിച്ചു..( നോട്ട്‌ ദ പോയിന്റ്‌ : ഐഡിയകൾ പങ്കുവെക്കാനുള്ളതാണ്‌ ..അല്ലാതെ പൊതിഞ്ഞു കെട്ടി വെച്ച്‌ പുഴുത്തു പോകാനുള്ളതല്ല..)

...അതായത്‌ അവസാന പിര്യഡിൽ ക്ലാസ്സിൽ നിന്നും മുങ്ങുക...അല്ലെങ്കിലും അവസാന പിര്യഡു വരെ ഇരുന്നാൽ നമ്മെ അമേരിക്കൻ പ്രസിഡന്റ്‌ ആയി അവരോധിക്കും എന്ന് ഒരു വാഗ്ദാനവും ആരും തന്നിട്ടുമില്ല!.. അപ്പോൾ പിന്നെ നേരത്തെ വീടു പിടിച്ചാൽ അത്രയെങ്കിലും സമാധാനം ആയി... തുടങ്ങുന്ന ദിവസം തരക്കേടില്ല!.. നാളും പക്കവും നമ്മുക്കനുയോജ്യം... .അന്നത്തെ ദിവസത്തെ അവസാന പിര്യഡ്‌ ഗെയിംസ്‌!... നമുക്ക്‌ കളി മടുത്തു.. ഇനി സീര്യസ്സ്‌ ആകണം.. ഒരു ഫുഡ്‌ ബോളു തട്ടി പെലെയാവാമെന്നോ മറഡോണയാവാമെന്നോ ഉള്ള മോഹത്തിനു മോക്ഷം കൊടുത്തു..അതിനാൽ ആ പിര്യഡ്‌ മുങ്ങിയേക്കാം എന്ന് വിചാരിച്ചു..

ഉള്ളകാലത്ത്‌ നേരത്തേ പോയാൽ ഉള്ള കഞ്ഞീം കുടിച്ച്‌ പള്ളേം നിറച്ച്‌ ഒന്നു വിശ്രമിച്ച്‌ പിന്നെ കളിക്കാൻ പോകാം..സ്കൂളി പോക്ക്‌ തുടങ്ങിയതിൽ പിന്നെ നമുക്ക്‌ വിശ്രമം തീരെ ഇല്ലാണ്ടായിരിക്ക്ണൂ.. ..ബാഗും തൂക്കി പോകുകെന്നെ പണി പോക്വ...ബാഗെടുക്കാൻ ചുമട്ടുകാരൻ നാരായണൻ ചേട്ടനെ കൂട്ടിയാലോന്ന്ണ്ട്‌... അദ്ദേഹത്തിന്‌ അലക്കൊഴിഞ്ഞിട്ട്‌ വേണ്ടേ നമ്മുടെ പണിക്ക്‌ വരാൻ!... ചീട്ടുകളിയെന്നെ ചീട്ടുകളി!...ആ നേരത്ത്‌ നമുക്ക്‌ ഒരു പരോപകാരം ചെയ്താലെന്താ...ചുമ്മാതല്ലേ നാം പൈസയൊന്നും കൊടുക്കില്ലല്ലോ?. ചുമട്ടുകാരുടെ ഒരു ഹുങ്കേ..!

സുഹൃത്തുക്കൾ ബാഗുമെടുത്ത്‌ റെഡിയായി പുറത്ത്‌ ദൂരെ നമ്മെ കാത്തു നിൽക്കുകയാണ്‌.. .ഇവന്മാരുടെ ഒരു ശുക്രദശ! അടുത്ത ക്ലാസ്സിലെ മാഷ്‌ കണ്ടാൽ പ്രശ്നമാണ്‌... അലമ്പുണ്ടാക്കും.. . നമ്മുടെ ഏതു ഗ്രേറ്റ്‌ പദ്ധതികളും സാധാരണ പൗരന്മാരായ ഏതൊരാൾക്കും പൊളിക്കാം അവർക്കു നഷ്ടമില്ലല്ലോ?. അപ്പോൾ സംയമനം പാലിക്കണം..കൂർമ്മബുദ്ധിയുള്ളവരായിരിക്കണം! അതിനാൽ നാം വേഗം ക്ലാസ്സിലേക്ക്‌ കയറി. ബാഗ്ഗ്‌ ജനാലയിലൂടെ പുറത്തുള്ള റോഡിലേക്ക്‌ പതിയേ വെച്ചു.....നമ്മൾ ആർക്കും കീഴെയാകരുത്‌ എപ്പോഴും മാന്യത കീപ്പ്‌ ചെയ്യണം!.. മാന്യമായി തുറന്നു വെച്ച മുൻ വാതിലിലൂടെ പുറത്തിറങ്ങി...

നാം ബാഗ്‌ ജനാലയിലൂടെ പുറത്ത്‌ വെക്കുന്നതു കണ്ട ഇന്നേവരെ നമ്മെ പഠിപ്പിക്കാത്ത ഒരു മാഷ്‌ രംഗം ക്ലോസ്‌ സർക്ക്യൂട്ട്‌ ടീവിയായ ജനലിലൂടെ നിരീക്ഷിച്ചു ഉടനടി ഒരു കുട്ടിയെ വിളിച്ച്‌ ഓർഡർ കൊടുത്തു.." ഡേയ്‌ ... ആ ബാഗിങ്ങെടുത്തു വാ"

അയാൾക്ക്‌ വല്ല ആവശ്യവും ഉണ്ടായിരുന്നോ?.. ഇതു കൊണ്ട്‌ അയാൾക്ക്‌ നമ്മുടെ ശാപം കിട്ടി എന്നതൊഴിച്ച്‌ എന്തു ലാഭമാണ്‌ തടിയനായ അയാൾക്കുണ്ടായത്‌.?... നത്തിംഗ്‌!..ഒരു ബോണസ്സോ ശമ്പള വർദ്ധനവോ ആരെങ്കിലും വാഗ്ദാനം ചെയ്തോ?.. മെഡലു കൊടുത്തോ?..അറ്റ്ലീസ്റ്റ്‌ ചായയും പരിപ്പു വടയുമെങ്കിലും വാങ്ങിക്കോടുത്തോ?..ഇല്ല.. ഇല്ല.. ഇല്ല.. എന്നാണ്‌ ഉത്തരമെങ്കിൽ വെറും കാൽക്കാശിനു കൊള്ളാത്ത അഹമ്മതിയല്ലേ അദ്ദേഹം കാട്ടിയത്‌!....വെറുതെയല്ല ദൈവം അയാൾക്ക്‌ സോഡാ ഗ്ലാസ്സു വെച്ച കട്ടിക്കണ്ണട സമ്മാനിച്ചത്‌..കണ്ണട വെച്ചിട്ടു കൂടി ഇങ്ങനെ.. ഇല്ലാതിരുന്നാലോ?...അന്ധനായി തപ്പിത്തടഞ്ഞ്‌ വന്ന് ലോകം മുഴുവൻ എനിക്കിരിക്കട്ടെന്ന് പറഞ്ഞ്‌ മൺ വെട്ടി കൊണ്ട്‌ ചറ പറ ചറ പറ കോരിയൊതുക്കുമല്ലോ?..

കുട്ടി ശരം വിട്ട പോലെ കുതിച്ചു വന്നു ..ഓട്ടത്തിൽ പീ.ടീ ഉഷ അവന്റെ അമ്മായി അമ്മയാണെന്ന് തോന്നി.. എന്തൊരു സ്പീഡ്‌!...

നാം ശാപത്തിന്റെ പങ്കുവെക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യനായ ആ മഹാപാപിയുടെ പിറകെ ഓടി..അപ്പോഴേക്കും അവൻ മാഷിനു ബാഗ്‌ കൈമാറി നിന്നു ചിരിക്കുന്നു..പഹയൻ!..

... ബ്രൂട്ടസ്‌ ഈസ്‌ ഹിസ്‌ അളിയൻ മൈഡിയർ ബ്ലോഗ്ഗേർസ്‌!..നോ അദർ വേഡ്സ്‌ ടു സേ!"..

"ഉം?"- അവന്റെ പുറകെ വന്ന് സഡൻ ബ്രേക്കിട്ടു നിന്ന നമ്മോട്‌ മാഷ്‌!!...പണിയൊക്കെ ഒപ്പിച്ചിട്ട്‌ നമ്മോടു തന്നെ ഒരു "ഉം?"

" ..ഈ ബാഗ്‌ എന്റെയാ മാഷേ!"
" അതു പുറത്തു വെക്കുമ്പോൾ തന്നെ നാം ആളെ കണ്ടിരുന്നല്ലോ?"
അതെനിക്കു താ മാഷേ"
"എന്തിനാ ബാഗ്‌ പുറത്തു വെച്ചത്‌?"
"ചുമ്മാ.. ബാഗ്‌ പുറത്തു വെച്ചതാ.. അതിൽ നിന്നൊരു നോട്ട്‌ ഒരു കുട്ടിക്ക്‌ വേണം പോലും!"- നിഷ്കളങ്കനായ നാം തപ്പിപ്പിടിച്ചു വിക്കി വിക്കി പറഞ്ഞു..

" ഇപ്പോൾ പിരിയഡ്‌ എന്താ?"
"ഗെയിംസ്‌!"
"എന്നാൽ മോൻ പോയി കളിച്ചോളു... ബാഗ്‌ ജന ഗണ മന പാടി തീർന്നിട്ട്‌ വരും അപ്പോൾ കൊടുക്കാം നോട്ട്‌!.. ബാഗ്‌ ഓഫീസ്‌ റൂമിലുണ്ട്‌!"- ആ മാഷ്‌ അതും കൊണ്ട്‌ പോയി..

അയ്യേ .. ഈ മാഷ്‌ നമ്മെ ഇങ്ങനെയാ കരുതീത്‌.. കഷ്ടം!...മതിയെങ്കിൽ മതീന്ന് നാം മനസ്സിൽ വിചാരിച്ചു.. നമുക്കങ്ങനെ ഒരഹങ്കാരവും ഇല്ലല്ലോ?

അങ്ങിനെ നാം ഗെയിംസ്‌ ഗ്രൗണ്ടിലെത്തി സുഹൃത്തുക്കളോട്‌ പറഞ്ഞു...".എച്ചു ക്യൂസ്മീ ഡിയർ ഫ്രെൻഡ്സ്‌. ബാഗ്‌ ജനഗണമന പാടാൻ പോയി.. നാമും അതു കഴിഞ്ഞിട്ടേയുള്ളൂ..."
" പെട്ടൂടാ മച്ചൂ...!"-ഒരുവൻ പറഞ്ഞു
" മരത്തലയാ.. നമ്മെ കുറിച്ചു പറഞ്ഞു കൊടുത്തോ?"-മറ്റവൻ!

" ഹേയ്‌ ഇല്ലെടാ ശവങ്ങളേ... ഒരു തരത്തിൽ മാനേജു ചെയ്തു..ഇനി കാലമാടൻ ഹെഡ്മാഷ്‌ അന്വേഷണകമ്മീഷനുമായി വരേണ്ട..ബാഗും കൊണ്ട്‌ നിങ്ങളെ ഇവിടെ കാണേണ്ട...... വിട്ടോടാ വേഗം!"

അവർ കേട്ട പാതി കേൾക്കാത്ത പാതി പറ പറന്നു...

നമ്മെ ബലി കൊടുത്തിട്ടായാലും നാം സുഹൃത്തുക്കളെ അടിയന്തിരഘട്ടത്തിൽ രക്ഷിക്കണം..നാം നമ്മുടെ കടമ നിർവ്വഹിച്ചു കൃതാർത്ഥനായി ഗ്രൗണ്ടിലേക്ക്‌ ചിന്താഭാരത്തോടെ മടങ്ങി.

1 അഭിപ്രായം:

  1. നിങ്ങ നുമ്മട ചിന്തയെ കുട്ടിക്കാലത്തേക്ക് എടുത്തോരെറാങ്ങോടുത്തു........നുമ്മട പാവം ബോഡി ഈ മരുഭൂമീല് ചിന്താഭാരത്തോടെ..........

    മറുപടിഇല്ലാതാക്കൂ