പേജുകള്‍‌

ശനിയാഴ്‌ച, സെപ്റ്റംബർ 18, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( ആറാം സർഗ്ഗം)

വാസു പട്ടിയുടെ തീർത്ഥാടനം:-


അന്ന് ബുദ്ധിമാന്മാരിൽ ഒരുവനായ ജ്യേഷ്ഠൻ വന്നത്‌ ഒരു പട്ടിയുമായിട്ടാണ്‌..അതി ബുദ്ധിമാന്മാരിൽ ചാണക്യൻ എന്ന് വിശേഷിപ്പിക്കാവുന്ന വല്യമ്മയുടെ മകന്റെ ഒത്താശയോടെ..!
...കള്ളന്മാരുടെ ശല്യം!...ആകെ രക്ഷയ്ക്കുള്ളത്‌ അടുത്തവീട്ടിലെ അവുള്ളാപ്ല എന്ന മഹാനായ എഴുപത്‌ വയസ്സെങ്കിലും കഴിഞ്ഞ വയോധികൻ!.. .....പിന്നെ അയാളുടെഅത്ഭുത സിദ്ധിയുള്ള ടോർച്ചും!...നമ്മൾ സ്നേഹപൂർവ്വം ചന്തക്കാരേട്ടൻ എന്ന് വിളിക്കും...
ഇന്ന് നമ്മൾ പരസ്യത്തിൽ കാണുമ്പോലെ അന്ന് കള്ളന്മാരെ ടോർച്ചടിച്ച്‌ ചുമരിൽ തൂക്കി നിർത്തും എന്നൊക്കെയാണ്‌ സാധുക്കളിൽ സാധുവായ അയാളുടെ ബഡായി...

അടുത്തുള്ള തെങ്ങിലും വഴിയിലും ഒക്കെ 8 മണിയാകുമ്പോഴേക്കും ടോർച്ചടിച്ച്‌ നോക്കുന്നുണ്ടാകും അയാൾ..!! ടോർച്ചടിച്ചു നോക്കിയ സ്ഥലത്ത്‌ പിന്നെ ആ ദിവസം കള്ളന്മാർ വരില്ല എന്ന് ചിന്തിക്കുന്ന പരമ സാധു.
 എന്തായാലും അയാൾ നമുക്കും ഒരു ധൈര്യമായിരുന്നു..സ്നേഹമുള്ളവനുമായിരുന്നു... നമ്മുടെ വീട്ടിൽ അച്ഛാച്ഛനുമുണ്ട്‌...ഏതാണ്ട്‌ അതേ പ്രായം!.അച്ഛാച്ഛനാണെങ്കിൽ തീരെ പേടിയില്ല.. ബലശാലികളായ കള്ളന്മാർ!!.. ഇവരോ ബലം ചോർന്നു കൊണ്ടിരിക്കുന്നവരും. അതിനാൽ നമുക്ക്‌ പേടിയാണ്‌..!
..അപ്പോൾ ഒരു പട്ടി ആവശ്യമാണ്‌..ഒരു ധൈര്യത്തിന്‌!!..
 
"അമ്മയ്ക്ക്‌ പട്ടിയേയും പൂച്ചയേയും അറപ്പാണ്‌.. പക്ഷെ അവയുടെ സേവനം ഇഷ്ടമാണ്‌ താനും!

വന്ന പാടെ ഗമയിൽ ഏട്ടൻ പട്ടിയെ തെങ്ങിനിട്ടു കെട്ടി.. അതിന്റെ ഗുണഗണങ്ങൾ വാഴ്ത്തി.." ഈ പട്ടിയെ അവർ തരുന്നില്ല...അവിടെയുള്ള വേറെ പട്ടിയെ തരാമെന്നാണ്‌ അവർ പറഞ്ഞത്‌.. നിർബന്ധിച്ചിട്ടാ ഇതിനെ തന്നത്‌...നമ്മൾ പറഞ്ഞു ഇതിനെ തന്നെ തരണം അങ്ങിനെ തന്നതാ.."
..ഏട്ടന്റെ തറുതല കേട്ടിട്ട്‌." പട്ടി ശരണം ഗച്ഛാമീ!" എന്നു വരെ അമ്മ പറഞ്ഞു പോയിട്ടുണ്ടാവണം!
...ന്നാലും.. ചുളുവിൽ പട്ടിയുടെ ഉടമസ്ഥരെ നിർബന്ധിച്ച്‌, ഒരു സായാഹ്നത്തിൽ നിനച്ചിരിക്കാതെ പട്ടിയേയും കൊണ്ട്‌ വരിക!.. ആർക്കും തോന്നും ഇച്ചിരി ബഹുമാനം!  നമുക്കും ഏട്ടനോട്‌ ഇച്ചിരി ബഹുമാനം കൂടി...!
അരമണിക്കൂർ കഴിഞ്ഞില്ല .." ദേ..ഇതിന്‌ ഒക്കെ ഒത്താശ ചെയ്തു കൊടുത്ത നമ്മുടെ സാക്ഷാൽ ബുദ്ധിമാനും ഹാജർ!...
".. എന്തു കുരയാണ്‌ ഈ പട്ടിക്കെന്നറിയോ ....ഈ പട്ടിയെ പേടിച്ചിട്ട്‌ ഇന്ത്യയിലെ കള്ളന്മാർ ഗൾഫിലേക്കോ അമേരിക്കയിലേക്കോ നാടു വിട്ടു പോയി എന്ന മട്ടിലാണ്‌ അദ്ദേഹം ധരിപ്പിച്ചത്‌!..അഥവാ  അവശേഷിച്ചിട്ടുണ്ടെങ്കിൽ ആരെങ്കിലും അറിയാതെ ഇറക്കുമതി ചെയ്തു പോയ ഉണക്ക കള്ളന്മാരായിരിക്കും അത്‌ എന്ന പോലുള്ള വിവരണം കേട്ട്‌ നാം ഭയഭക്തി ബഹുമാനത്തോടെ ചോദിച്ചു...
"ഈ പട്ടിക്ക്‌ പേരിടേണ്ടേ"
ശുഭസ്യ ശീഘ്രം!.. ഇല്ലെങ്കിൽ ആ ക്രെഡിറ്റ്‌ ആരെങ്കിലും തട്ടിയെടുക്കുമോ എന്ന ഭയം! ..ഏട്ടൻ വേഗം പട്ടിക്ക്‌ പേരിട്ടു... "വാസു!"
" വാസു എന്ന് വിളിക്കുമ്പോൾ വാലാട്ടി ഇഷ്ടൻ!..എന്തായാലും അതിനു മാത്രം വിവരമുണ്ട്‌!
നമ്മുടെ വീട്ടിലെ ഭക്ഷണവും കഴിച്ചു വാസുവെന്ന പട്ടി സുഖമായ ഉറക്കം..കുരയുമില്ല ... കുന്തവും ഇല്ല..നമ്മുടെ വീട്ടിൽ വന്ന പട്ടി സാത്വികനായി..തപസ്സനുഷ്ടാനം തുടർന്നു...നമ്മളെ കണ്ടാൽ വാലാട്ടും അതിനൊരു കുറവും ഇല്ല!
" എന്തെങ്കിലും ശബ്ദം കേട്ടാൽ നമ്മൾ കുരച്ചാലും പട്ടി കുരയ്ക്കില്ല..മൗനവൃതം ശപഥം ചെയ്ത്‌ പട്ടി അരങ്ങു വാണു.!"
അങ്ങിനെ ഒരു നാൾ പൊട്ടിയ പ്ലാസ്റ്റിക്‌ ബക്കറ്റ്‌, ഇരുമ്പ്‌ സാധനങ്ങൾ എന്നിവ പെറുക്കുന്ന തമിഴത്തികൾ വീട്ടിന്നരികിൽ അതിക്രമിച്ചു കയറി എല്ലാം പെറുക്കിയെടുക്കുന്നു..അടുത്ത വീട്ടിലെ പുതിയ ബക്കറ്റും അവർ പെറുക്കി ചാക്കിലാക്കി..

ചങ്ങലക്കിട്ട വാസുവിന്‌ ഒരു കൂസലും ഇല്ല!..നമ്മളീ നാട്ടുകാരല്ല എന്ന ഒരു ഭാവം!!..പട്ടിയാണ്‌ മുയലല്ല എന്ന് ബോധ്യപ്പെടുത്താനെങ്കിലും ഒരു കുര!... അതു കണ്ടിട്ട്‌ കണ്ണടയ്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല!

" പട്ടിയുണ്ട്‌ ഇവിടെ!.. പട്ടിയുണ്ട്‌ ഇവിടെ... കടിക്കും .. കുരക്കും.. വേഗം ഇവിടെ നിന്ന് പോകുന്നതാണ്‌ നല്ലതെന്ന് ഏട്ടന്റെ ഭീഷണി!
 
അവർക്കൊരു കൂസലും ഇല്ല!...പട്ടിക്കൊരു നാണവും ഇല്ല..!!

ഏട്ടൻ പട്ടിയെ അഴിച്ചു വന്നു..
" .. കുരയ്ക്ക്‌ വാസു!... കുരയ്ക്ക്‌ വാസു!"-ഏട്ടന്റെ ആജ്ഞ!
" വാസു വാലാട്ടി...ഏട്ടന്റെ നിയന്ത്രണം വിട്ടു..സകലമാന ദൈവങ്ങളേയും വിളിച്ച്‌ അദ്ദേഹം ആജ്ഞാപിച്ചു....." ഏടാ... കുരയ്ക്കാൻ!"
വാസു വാലാട്ടി..മാനം എട്ടു നിലയിൽ പൊട്ടിയ ഏട്ടന്റെ അട്ടഹാസം!

....." ഏടാ... കുരയ്ക്കാൻ!"
".നായിന്റെ മോനെ.. കുരയ്ക്കാനും കൂടെ അറിയില്ലേങ്കിൽ.. നീ നമ്മളുടെ ചോറും തിന്ന് നടക്കണ്ട!"
അന്ത്യ ശാസനം!
അന്ത്യശാസനം വാസു പുല്ലു പോലെ പുശ്ചിച്ച്‌ തള്ളി..വീണ്ടും.. വീണ്ടും വാലാട്ടി..!!
അങ്ങിനെ വാസു ചങ്ങലയിൽ നിന്നും സ്വതന്ത്രനാക്കപ്പെട്ടു..

....കണ്ടാലുടൻ വെടിവെക്കാൻ കൽപിക്കുന്നതു പോലെ അമ്മ ആജ്ഞാപിച്ചു.." വാസുവിനെ കണ്ടാലുടൻ എറിഞ്ഞോടിച്ചു കൊള്ളണം!"

ഒരു നാൾ ഉച്ച ദിവസം.!.പാത്തു പതുങ്ങി വാസു വന്നു വിറകു പുരയ്ക്കരികിൽ കിടന്നുറങ്ങുന്നു.. അടുത്ത്‌ ഒരു കോഴിക്കാല്‌...!!

ബർമുഡക്കാരൻ നമുക്ക്‌ ദേഷ്യം വന്നു.." ഈ കോഴിക്കാല്‌ കൊണ്ടിടാൻ കണ്ട സ്ഥലം!" ഉറങ്ങുന്നവരെ ഉണർത്താൻ നമുക്ക്‌ ലേശം വിഷമം!..വാസുന്‌ ഇഷ്ടായില്ലേങ്കിലോ?

വാസുവിനെ ഉണർത്താതെ മെല്ലെ കാലുകൊണ്ട്‌ കോഴിക്കാൽ എടുത്ത്‌ ദൂരെ കളയാൻ ഒരു ശ്രമം!

ഇന്നു വരെ ജീവിതത്തിൽ ആരെയും നോക്കിലോ കുരയിലോ ദ്രോഹിക്കാതിരുന്ന വാസു നമ്മെ ആക്രമിച്ചു.. എഴുന്നേറ്റ്‌ ഒരു കടി നമ്മുടെ കാലിന്റെ പെരുവിരലിൽ!

നാം അലറിക്കരഞ്ഞു.. പാവം ഉറക്കിലായിരുന്നു..വാസുവിന്‌ അബദ്ധം പറ്റിയതാകണം!...
വാസു ജീവനും കൊണ്ട്‌ ഓടി!...
എല്ലാവരും നമുക്ക്‌ പറ്റിയ ദുരിതം ഓർത്ത്‌ ചിരിച്ചു..." ഏട്ടൻ പറഞ്ഞു.." പന്ത്രണ്ട്‌ ഇഞ്ചക്ഷൻ വെക്കണം പൊക്കിളിൽ!"
പന്ത്രണ്ട്‌ ഇഞ്ചക്ഷനിൽ പൊട്ടിത്തകരുന്ന പൊക്കിൾ!.. ദൈവമേ.. ഏതു നേരത്താണാവോ നമുക്ക്‌ നല്ല ബുദ്ധി തോന്നിയത്‌?

ദൈവമേ... നാം വിങ്ങി.. വിങ്ങിക്കരഞ്ഞു...
ഏട്ടൻ കുലുങ്ങി.. കുലുങ്ങി ചിരിച്ചു.
അമ്മയുടെ കൈ പൊങ്ങിയെങ്കിലും ആരോ പിടിച്ചു താഴ്ത്തി.. " കടിയോ കിട്ടി.. ഇനി അടിയും കൂടി വേണ്ട.... ചെക്കന്‌ ഇനി വേണ്ടത്‌ ലേശം സമാധാനമാണ്‌!"
ഏട്ടൻ നമ്മെ ഹോസ്പിറ്റലിൽ കൊണ്ട്‌ പോയി... ഒരിഞ്ചക്ഷൻ കൈക്ക്‌ തന്നു ഡോക്ടർ പറഞ്ഞു.." പട്ടിയെ സൂക്ഷിക്കണം... എന്തെങ്കിലും പേയുടെ ലക്ഷണമുണ്ടോന്ന് നോക്കണം!"
നമ്മെ വഴിനീളെ പേടിപ്പിച്ച്‌ ഏട്ടൻ സുഖിച്ചു രസിച്ചു...
"അതു കഴിഞ്ഞിട്ടു വേണം നിനക്ക്‌ പന്ത്രണ്ട്‌ ഇഞ്ചക്ഷൻ താരാൻ അതാ ഡോക്ടർ പറഞ്ഞത്‌.."
സകല ദൈവത്തേയും വിളിച്ചു പ്രാർത്ഥിച്ചു..
വാസുവിന്‌ പേയും, കീയും ഒന്നും ഇല്ല.. ഒരു കോഴിക്കാലു നഷ്ട്പ്പെട്ട ..മനോവേദന!! . അതോടെ അതിനു സങ്കടം മുഴുത്ത്‌ പലരുടേയും വയലിൽ വെച്ച മുളപൊട്ടിയ വിത്തു തെങ്ങിന്റെ പുതു നാമ്പുകൾ കടിച്ചു പറിക്കാൻ തുടങ്ങി...

.തെങ്ങിന്റെ ഉടമസ്ഥർ നമ്മളോട്‌ വാഗ്വാദത്തിനു വന്നു...ഒടുവിൽ യാദാർത്ഥ്യം മനസ്സിലാക്കി തിരിച്ചു പോയി... വാസു പിഴച്ചതിനു നാമെന്തു ചെയ്യാൻ!...

...അങ്ങിനെ വാസു പട്ടി ഒരു ഭിക്ഷാടകനായി തീർത്ഥാടനത്തിനിറങ്ങി...

7 അഭിപ്രായങ്ങൾ:

  1. അഞ്ചാം ഭാഗത്തെക്കാള്‍ നന്നായിരുന്നു...

    മറുപടിഇല്ലാതാക്കൂ
  2. എടാ ബര്‍മുടക്കാരാ കൊള്ളാം.............................ഭാവുകങ്ങള്‍.
    ഇത് വായിക്കാന്‍ താമസിച്ചതില്‍ ഞാന്‍ അതീവ ഖേതം പ്രകടിപ്പിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. Dear muje..താങ്കൾക്കെന്റെ നന്ദി അറിയിക്കുന്നു

    മറുപടിഇല്ലാതാക്കൂ