പേജുകള്‍‌

ചൊവ്വാഴ്ച, സെപ്റ്റംബർ 07, 2010

കാക്കയുടെ ചിന്തകൾ...(17)

അധികാരികൾ അന്ന് പണമെണ്ണുന്ന തിരക്കിലായിരുന്നു.. മൊത്തമായും ചില്ലറയായും വിൽക്കപ്പെടുന്ന വസ്തുക്കൾ!... തുരത്തിയോടിച്ച വിദേശികളെ ചെല്ലവും ചെല്ലപ്പെട്ടികളുമായി ഒരു മുണ്ട്‌ തോളിൽ വെച്ച്‌ കുനിഞ്ഞ്‌ നിന്ന് കൈകൊട്ടി വിളിക്കാൻ നിഴലുകളുമുണ്ടായിരുന്നു...
അധികാരികൾ ഇന്നും പണം കിട്ടി ബോധിച്ച്‌ തന്ത്രം മെനയുന്ന തിരക്കിലായിരുന്നു.

.ആയിരം കുറ്റവാളികളെ രക്ഷപ്പെടുത്തി പതിനായിരം നിരപരാധികളെ ശിക്ഷിക്കുന്ന തന്ത്രം!

ജനങ്ങൾ കൈ കെട്ടി നോക്കി നിന്നു.. അല്ലേങ്കിലും മിതമായ ബുദ്ധിയാണ്‌ നല്ലത്‌.. വിവരം കൂടിയവർക്ക്‌ വിവരക്കേടും കൂടും!.. അതിനാൽ അനുസരണശീലം ചിലയിടങ്ങളിൽ കൂടുതലും ചിലയിടങ്ങളിൽ കുറവുമായിരുന്നു..

അയാൾക്ക്‌ ഭ്രാന്തെടുത്തിരുന്നു.. മനസ്സിലുറങ്ങിക്കിടന്ന ആവേശം ക്രോധമായി പുറത്തു വന്നു..

" .. ഇതൊന്നും തന്റെ തന്തപ്പടിയുടെ വക സമ്പാദ്യമല്ല ഓഹരി വെക്കാൻ!.."- അയാൾ വിളിച്ചു പറഞ്ഞു.. പിന്നേയും വ്യക്തമായും അവ്യക്തമായും വിളിച്ചു പറഞ്ഞിരുന്നു... അല്ലെങ്കിലും ആളുകൾക്ക്‌ മനസ്സിൽ വ്യക്തമായ കാര്യങ്ങൾ പുറത്ത്‌ അവ്യക്തമായ കാര്യങ്ങളെന്ന് നടിക്കുന്നതാണ്‌ നല്ല നയം എന്ന തിരിച്ചറിവുണ്ടായിരുന്നു..

ആയിരം കുറ്റവാളികളെ രക്ഷപ്പെടുത്താനറിയാവുന്ന അധികാരികൾക്ക്‌ ഒരു നിരപരാധിയെ രക്ഷപ്പെടുത്താൻ സമയം ഏറെ വേണ്ടി വന്നിരുന്നില്ല. അയാളെ അധികാരിയുടെ സൂക്ഷിപ്പുകാരായ കാക്കികൾ പിടിച്ചു കൊണ്ട്‌ പോയിരുന്നു.. തടവറയിൽ നേർത്ത ഒരു നിലവിളി... !.. അയാൾ രക്ഷപ്പെട്ടിരുന്നു.. വ്യക്തമായതെല്ലാം അവ്യക്തമെന്ന് ധരിച്ച്‌ അപ്പോഴും ജനങ്ങൾ കൈകെട്ടി നോക്കി നിന്നു..അയാളുടെ ബലിച്ചോറുണ്ണാൻ കൂട്ടാക്കാതെ അന്നും കാക്ക പറന്നു പോയി!

1 അഭിപ്രായം: