പേജുകള്‍‌

ചൊവ്വാഴ്ച, സെപ്റ്റംബർ 21, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( ഒൻപതാം സർഗ്ഗം)

സൗറാ

അയലോക്കത്തെ സൗറാ മതിലിൽ കയറിയിരിക്കും.. മരത്തിൽ വലിഞ്ഞു കയറും.. ഒരു ആണിന്റെ ശൗര്യം!.".വാവാനായ പെണ്ണാണ്‌.. മതിലിന്മേലാ ഇരുത്തം ഇറങ്ങെടീ ഒരുമ്പെട്ടോളേ!!.". അവളുടെ ഉമ്മയും ശബ്ദമുയർത്തും അവൾക്കൊരു കൂസലും ഇല്ല! ( വാവാനായ എന്നു വെച്ചാൽ നമ്മുടെ ഭാഷയിൽ കല്യാണം കഴിപ്പിച്ചു വിടാറായ പെണ്ണാണെന്ന് സാരം!)

നമുക്കാണെങ്കിൽ അറപ്പും!... മൂക്കിന്നൊലി കണ്ടാൽ നമുക്ക്‌ ചോറു കൂടെ ഇറങ്ങില്ല... അസത്ത്‌!.. നമുക്കും ജലദോഷം വന്നാൽ മൂക്കിന്നൊലി വല്ലപ്പോഴും വന്നൂച്ചാലും ആരാന്റെ മൂക്കിൽ നിന്ന് ഒലിക്കുന്നത്‌ കാണണമെന്ന് നേർച്ചയൊന്നും ഇല്ലല്ലോ?..ഇത്‌ നോൺസ്റ്റോപ്പ്‌ ഒലിപ്പ്‌!..ടാപ്പ്‌ ഈസ്‌ ഓൺ എന്നർത്ഥം!.. ചിലപ്പോൾ അണ്ഡ കടാഹം വിറങ്ങ്ലിച്ചു നിൽക്കേണ്ട വണ്ണം ഒരു വലി മുകളിലേക്ക്‌ വലിക്കും.. താഴേക്ക്‌ കുതിച്ചു ചാടി ചുണ്ടിൽ മുത്തമിട്ട മൂക്കിള മുകളിലേക്ക്‌ കുതിക്കും ! നാക്കു കൊണ്ട്‌ മൂക്കിള മുത്തമിട്ട ചുണ്ട്‌ വൃത്തിയാക്കും!..കാണാനെങ്കിൽ വൃത്തിയും വെടിപ്പുമില്ല.. കുരുത്തക്കേടാണെങ്കിൽ അസംഖ്യം!..

ഒരേ പ്രായക്കാരായ നമ്മെ അവൾക്ക്‌ വല്യ ഇഷ്ടമാണ്‌...അവൾ തൊട്ടാൽ ആറു പ്രാവശ്യം കുളിച്ചാലും ലേശം ചെളി ബാക്കിയുണ്ടോന്ന സംശയം നമുക്ക്‌..കാരണം മൂക്കിൻ ദ്രാവകം ടപ്പേന്ന് കൈ കൊണ്ട്‌ കുടഞ്ഞെറിഞ്ഞ്‌ അവളുടെ പാവാടയിൽ ഉരയ്ക്കും..ചിലപ്പോൾ മൂക്ക്‌ മൊത്തമായും ചുമലുകളിലേക്ക്‌ നീളും!.. തലങ്ങും വിലങ്ങും തല ഉരുട്ടും!..സംഗതി ക്ലീൻ!.. ഇതിനെന്താപ്പോ ഇത്ര നാണിക്കാൻ എന്ന മട്ടിൽ വീണ്ടും മതിലിൽ കയറി ഇരിക്കും.. കൊഞ്ഞനം കുത്തും.. എന്തൊക്കെയോ ചോദിക്കും നമ്മോട്‌..

ഈ നാം ഹമ്മേന്ന് കണ്ണു പൊത്തും...!...ചോദ്യങ്ങൾക്ക്‌ ഉരുളയ്ക്ക്‌ ഉപ്പേരി എന്ന മട്ടിൽ ഉത്തരം പറയും നാം. .. !

പാലു വാങ്ങിക്കാൻ നമ്മുടെ വീട്ടിൽ വരും..അപ്പോഴും നമ്മെ വെറുതെ ഒരടി അടിച്ച്‌ ഓടും.. ചിലപ്പോൾ കൈകളിൽ തോണ്ടും!..അവിടെമാകെ അവളുടെ അക്ഷയ പാത്രമായ മൂക്കിൽ നിന്നുള്ള മൂക്കിള വ്യാപിച്ചോന്ന് കരുതി സോപ്പിട്ട്‌ കഴുകും നാം.. നാളെ ഇവിടെ വരൂലോ.. നിനക്ക്‌ ഞാൻ വെച്ചിട്ടുണ്ട്‌ .. നാം ദേഷ്യം കൊണ്ട്‌ പുലമ്പും!.പാലു വാങ്ങിപ്പോയാൽ കുരങ്ങിനെ പോലെ ഓടി മതിലിൽ ഇരിക്കും...എന്തിനാണ്‌ ഇവൾ മതിലിൻ പുറത്ത്‌ ഇരിക്കുന്നത്‌??..ശരിക്കും മതിലിന്മേൽ വെച്ച പ്രതിഷ്ഠ പോലെയാണ്‌ അവൾ!

ചിലപ്പോൾ നമ്മെ കണ്ടാൽ പാത്തു പതുങ്ങി വന്ന് ചെറിയ പ്ലാസ്റ്റിക്‌ കുപ്പിയിൽ വെള്ളമെടുത്ത്‌ നമ്മുടെ ദേഹത്ത്‌ ചീറ്റിക്കും... മടലെടുത്ത്‌ നിന്റെ നടുപ്പുറം കടപ്പുറം ആക്കും അസത്തേന്ന് പറഞ്ഞ്‌ അവളുടെ വീടു വരെ ഓടിക്കും!..
അവളുടെ ഉമ്മയെ കണ്ടാൽ നാമൊന്നും അറിയാത്ത പോലെ നടക്കും....മറ്റൊന്നും കൊണ്ടല്ല എന്തിനാ വെറുതെ നാമായിട്ട്‌ അവരുടെ വായിലെ തെറിവിളിയുടെ മൊത്ത വിതരണ ഏജൻസി ഏറ്റെടുക്കുന്നത്‌?.. അവർക്കറിയില്ലല്ലോ ആരാണ്‌ കുഴപ്പക്കാർ എന്ന്!..നമ്മളുടെ അമ്മയെ കണ്ടാലും ഒന്നും നാം ഉരുവിടാറില്ല!.. .നാമെത്ര പാവമാണെന്ന് ആണിയിട്ട്‌ അടിച്ച്‌ പറഞ്ഞാലും എല്ലാവരും പറയും .. വിളഞ്ഞ വിത്താ... ആരാ സാധനം ന്ന് അറിയോ?... നിരപരാധിയെ തൂക്കിലിടുന്നതും കുരിശിൽ തറക്കുന്നത്‌ ആളുകൾക്ക്‌ ആഹ്ലാദകരമാണ്‌!.. .ഇവനൊന്നും ജീവിക്കാൻ അർഹനല്ല എന്നതു കൊണ്ടാകാം അത്‌!..ആ സമയത്തൊക്കെ ആരെങ്കിലും അവളുടെ രക്ഷയ്ക്കെത്തും വീണ്ടും മതിലിൽ കൊഞ്ഞനം കുത്തി അവളിരിക്കും..!
ഇല്ലെങ്കിൽ അവളുടെ കൈ കാൽ നമ്മൾ അന്നേ തല്ലി ഒടിച്ചിട്ടുണ്ടാകും!...
 
വീട്ടുകാർ മതിൽ അവൾക്കിരിക്കാനായി പണിതതാണെന്നു തോന്നും.. ഒരു നാൾ  മുളകു പൊടി വാരി അവളുടെ ഉമ്മയോ മറ്റോഅവളുടെ ദേഹത്ത്‌ ഉരയ്ക്കുക വരെ ചെയ്തു കുരുത്തക്കേട്‌ സഹിക്കാൻ വയ്യാതെ!... എന്നാലും അവൾക്കൊരു പ്രശ്നവും ഇല്ല... അവൾ കാറി വിളിക്കുന്നു.. വിളിക്കട്ടേ.. കുരുത്തക്കേട്‌ ഉള്ളതിനാലല്ലേ.. നമ്മെ കൊഞ്ഞനം കുത്തിയ വകയിൽ ദൈവം കൊടുത്ത സമ്മാനം!...സന്തോഷം തോന്നി ആദ്യം.. അതിനു കിട്ടണം കിട്ടിയാൽ പോരാ. ..പക്ഷെ രംഗം കണ്ടപ്പോൾ നമ്മുക്ക്‌ സങ്കടം തോന്നി .. എന്നാലും ഇത്രയ്ക്കൊന്നും വേണ്ടായിരുന്നു..അത്‌ ഫൗൾ! അവൾ നിലത്ത്‌ പിടഞ്ഞുരുളുന്നൂ...ദേഹം പുകയുന്ന വേദന നമ്മെ വല്ലാതെ വിഷമിപ്പിച്ചു..
പാവം!..പക്ഷെ കയ്യിലിരിപ്പ്‌!

അവളുടെ വീട്ടുമുറ്റത്തെ മാവിൽ  നല്ല സ്വാദുള്ള മാങ്ങകൾ ഒരു പാട്‌ ഉണ്ട്‌.. പക്ഷെ നമ്മുടെ മാവിന്റെ മാങ്ങകൾ  അവൾക്ക്‌ പ്രീയംകരം!..കാറ്റിൽ മാങ്ങ വീഴുന്നതു കണ്ട്‌ നമ്മൾ ഓടിയടുക്കുമ്പോഴേക്കും മതിലു ചാടി അവൾ മാങ്ങ കരസ്ഥമാക്കും !.. ഒരിക്കൽ പിടിച്ചു വലിച്ച്‌ മാങ്ങ കരസ്ഥമാക്കി.. പക്ഷെ പെട്ടെന്ന് ഓർത്തു.. മൂക്കിന്നൊലിച്ചിയുടെ മൂക്ക്‌ വീണു ആ മാങ്ങയുടെ പുറംതൊലി കുതിർന്നിരിക്കും ...തിന്നാൻ നോക്കിയപ്പോൾ വല്ലായ്മ തോന്നി. ഛേ.. ഓക്കാനം വന്നു...വെറിമൂത്ത അവൾ തന്നെ തിന്നട്ടേ.. അവൾക്ക്‌ എറിഞ്ഞു കൊടുത്തു.." കുരങ്ങന്റെ സ്വഭാവ ഗുണം അശേഷം ഉണ്ട്‌ അതിന്‌.. അത്‌ ഏറ്റു വാങ്ങി മതിലിന്മേൽ കയറി.. കറും മുറും ന്ന് തിന്ന് മാങ്ങയണ്ടി ഊമ്പിക്കുടിച്ച്‌ , കൈ നക്കി നക്കി..നമ്മെ നോക്കും..പിന്നെ കൊഞ്ഞനം കുത്തും!.. അസത്ത്‌ തന്നെ കുരങ്ങ്‌ ജന്മം!..
നോം തിരിച്ചങ്ങട്‌ കൊഞ്ഞനം കുത്തി...കണ്ടില്ലേ അവളുടെ അഹമ്മതി.. നമ്മളെ നോക്കി അവൾ രണ്ടു തവണ കൊഞ്ഞനം കുത്തി..ഒരാണിനെ നോക്കി കൊഞ്ഞനം കുത്താൻ വളർന്നൂ അവൾ.. നമ്മെ അത്‌ കോപാകുലനാക്കും! അടുപ്പിക്കാൻ കൊള്ളാത്ത ശവി...മാങ്ങ കൊടുത്ത നന്ദി വേണ്ടെ!"..നഹി ഹേ.. ബ്ലോഗേർസ്‌ !.. നഹീ...

പെട്ടെന്ന് അവൾ വളർന്നു..വേഗത്തിൽ തന്നെ അവളെ കെട്ടിച്ചു കൊടുത്തു..എല്ലാം വളരെ പെട്ടെന്നായിരുന്നു... എന്തൊരു സൗന്ദര്യം!.. പഴയ സൗറയല്ല അവളെ കെട്ടിച്ചു കൊടുക്കുമ്പോൾ.. കണ്ടാൽ നോക്കി നിന്നു പോകും..പണ്ടെത്തെ കേട്ടപല്ലില്ല!പവിഴനിരകൾ പോലുള്ള പല്ലുകൾ!.. ചെന്തൊണ്ടി പഴത്തിന്റെ നിറം ചുണ്ടിന്‌.. !..സ്വർണ്ണനിറം ദേഹത്തിന്‌, മാധുര്യമൂറുന്ന ചിരി.. നല്ല അടുക്കും ചിട്ടയും ഉള്ള മനോഹരമായ പെരുമാറ്റം!..ന്റെ സൗറ... നീയ്യെങ്ങിനെ ഇത്രപെട്ടെന്ന് മാറി.. വിശ്വസിക്കാൻ കഴിഞ്ഞില്ല...

നാം പണ്ട്‌ അവളെ കണ്ടാൽ അറപ്പു കാട്ടിയെങ്കിലും ഒരു ദേഷ്യവും ഇല്ല ആ പാവത്തിന്‌!...വിവാഹം കഴിഞ്ഞപ്പോൾ ഉമ്മയേയും കൂട്ടി നമ്മെ കാണാൻ കൂടി വന്നു... നാം കാട്ടിയ അറപ്പുകൾ ഒന്നും അവൾക്ക്‌ സാരമില്ലായിരുന്നു.. ഒന്നിച്ചു കളിച്ചവർ എന്ന മട്ടിൽ അവൾ നമ്മോട്‌ കുശലാന്വേഷണം നടത്തി...അല്ല .സ്വന്തം സഹോദരന്റെ സ്ഥാനം തന്നെ നൽകിയിരുന്നു അവൾ നമുക്ക്‌.!..എനിക്ക്‌ അവളുമായി ഉള്ള ആകെ ബന്ധം ചാവാലിപട്ടിയെ എറിഞ്ഞോടിക്കുന്ന മട്ടിൽ എറിഞ്ഞോടിച്ച ബന്ധം!..അവൾക്ക്‌ നമ്മോട്‌ സഹോദരന്റെ അടുപ്പവും!...സങ്കടായിരുന്നു നമുക്ക്‌!... പാവം!..അവളോട്‌ അങ്ങിനെ പെരുമാറരുതായിരുന്നു!.. നാം എറിഞ്ഞോടിക്കുന്നതിലും ആനന്ദം കണ്ടെത്തിയവൾ!.. ഒരു പക്ഷെ നമ്മുടെ മുൻ ജന്മത്തിലെ നമ്മുടെ സഹോദരിയായിരിക്കുമോ അവൾ!

പെട്ടെന്നൊരുനാൾ അറിഞ്ഞു എന്തോ രോഗം വന്ന് സൗറ  മെഡിക്കൽ കോളെജിലേക്ക്‌ പോയിട്ടുണ്ട്‌..വയറു വേദനയെന്നാണ്‌ പറഞ്ഞത്‌ പക്ഷെ അവൾക്ക്‌ ഈ ഭൂമി ജീവിതം അവസാനിപ്പിക്കാൻ അതു തന്നെ ധാരാളമായിരുന്നു.." പാവം സൗറ!.." വർഷങ്ങളായെങ്കിലും അവളുടെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടേ എന്ന് ഓർമ്മിക്കുമ്പോഴൊക്കെ പ്രാർത്ഥിച്ചു പോകുന്നു!

1 അഭിപ്രായം: