പേജുകള്‍‌

ശനിയാഴ്‌ച, സെപ്റ്റംബർ 25, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( പന്ത്രണ്ടാം സർഗ്ഗം)

ബൂസ്റ്റ്‌ ഈസ്‌ ദ സീക്രറ്റ്‌ ഓഫ്‌ ഹിസ്‌ എനർജി!

അക്ഷരങ്ങൾ പഠിച്ച്‌ നല്ല നിലയിൽ എഴുതാനും വായിക്കാനും അറിഞ്ഞിരുന്ന നമ്മുടെ ദേശീയ ഭാഷയെ ഇവർക്ക്‌ വേണ്ടി എങ്ങെനെ വെറുക്കുന്ന ഒരു ഭാഷയാക്കാം എന്നതായിരുന്നു ഹിന്ദി മാഷിന്റെ ഗവേഷണം..

അദ്ദേഹത്തിന്‌ അതിനു ഡോക്ടറേറ്റു കൊടുക്കണം.." നമ്മൾ ഹിന്ദിയെ വെറുത്തു..വായിക്കാൻ അറിയാത്തവരായി.. അക്ഷരങ്ങൾ അറിയാത്തവരായി.. അദ്ദേഹം അതിൽ വിജയിച്ചു..വയസ്സനായ
ശബ്ദമില്ലാത്ത അദ്ദേഹത്തിന്റെ ഹിന്ദി പാഠമെടുക്കൽ പൂജ്യമിട്ടു കളിക്കാൻ നമുക്ക്‌ അവസരം ഏറെ തന്നു..

ചോദ്യവും ഉത്തരവും അദ്ദേഹം ബോർഡിൽ വേഗത്തിൽ എഴുതും.. വേഗത്തിൽ മായിക്കും. നമ്മൾ വേഗത്തിൽ കടലാസു കൈമാറി ഇടയിൽ വേഗത്തിൽ പൂജ്യമിട്ടു കളിക്കും.. ഇല്ലെങ്കിൽ സിനിമാ പേര്‌!

നീയ്യെന്തിനു വർത്തമാനം പറഞ്ഞു എന്ന് ചോദിച്ചാൽ ബോർഡിൽ എഴുതിയത്‌ മനസ്സിലാവാത്തത്‌ ചോദിച്ചതാണെന്ന് പറഞ്ഞാൽ മതി..പറച്ചിൽ കേട്ടാൽ ഒരു മിടുക്കന്റെ ലക്ഷണം വേണം..അല്ലാതെ കൊണാപ്പന്റെ പതറിച്ച പാടില്ല.. .കുരങ്ങിന്റെ ചിരി പാടില്ല!.. അതൊക്കെ നിരോധന വകുപ്പിലാണ്‌..അദ്ദേഹം ഹാപ്പി.. നമ്മൾ പെരുത്ത്‌ ഹാപ്പി!..

നോക്കിയെഴുത്ത്‌ എഴുതണംന്ന്‌ നിർബന്ധമായിരുന്നു.നിർബന്ധമില്ലാത്തവർക്കു ആവാം പക്ഷെ. എഴുതിയില്ലെങ്കിൽ അടി നിർബന്ധം!.

നോക്കിയെഴുത്തിനു ശരിയിടാൻ നല്ല പെന്നുകൾ മാത്രമേ അദ്ദേഹം വാങ്ങിക്കൂ...പെന്ന് നമ്മൾ സംഭാവന ചെയ്യണം.അതിനാൽ ഗൾഫുകാരുടെ മക്കളുടെ പെന്നു മാത്രമെ അദ്ദേഹം വാങ്ങിക്കൂ... വാങ്ങിയാൽ പിന്നെ തിരിച്ചു കിട്ടില്ല എന്നു സാരം...ആദ്യം പോക്കറ്റിൽ കുത്തി നോക്കും പിന്നെ പറയും .. "ഇതെനിക്കിരിക്കട്ടേ"... തങ്കപ്പെട്ട പെരുമാറ്റം!.. മാഷന്മാരായാൽ ഇങ്ങനെ വേണം!

മലയാളം മാഷ്‌ നല്ല മാഷാണ്‌ പക്ഷെ വയസ്സിന്റെ വിഷമം അദ്ദേഹത്തിനുണ്ടായിരുന്നു..  ക്ലാസ്സ്‌ ലീഡർ ആണ്‌ മലയാളം മാഷുടെ പിരിയഡിൽ മലയാളം നോക്കിയെഴുത്ത്‌ നോക്കുന്നത്‌.. അതിനാൽ പ്രശ്നമില്ല. .പെൻസിൽ കൊണ്ട്‌ "ശരി" എന്ന് മാർക്കു ചെയ്യാൻ നമ്മൾ പറയും അപ്പോൾ പിന്നെ പ്രശ്നമില്ല.. പിറ്റേന്ന് ഒരു റബ്ബർ കൊണ്ട്‌ ഉരച്ചാൽ പിന്നെയും പിന്നെയും എഴുതി കൈ കുഴയ്ക്കേണ്ട!..പിന്നെയും പിന്നേയും ശരി അവനിടുകയും ചെയ്യാം..ഈ ചെറിയ കണ്ടു പിടുത്തത്തിനിടയിൽ നോബൽ സമ്മാനം വരെ കിട്ടിയേക്കാവുന്ന വിപ്ലവം കുറിക്കുന്ന വലിയ കണ്ടു പിടുത്തവുമായി മറ്റൊരു ശാസ്ത്രജ്ഞൻ രംഗപ്രവേശം ചെയ്തു!

.മലയാളം നോക്കിയെഴുത്തിലെ മലയാളം വാക്കുകൾക്ക്‌ മുകളിൽ ഒരു വര വരച്ചാൽ ഹിന്ദി നോക്കിയെഴുത്തായി മാറും എന്ന് കണ്ടു പിടിച്ച ആ മഹാപ്രതിഭ ഒന്നാം ബെഞ്ചിൽ ഒരു മുതൽക്കൂട്ടായി സ്ഥാനം പിടിച്ചിട്ടുണ്ട്‌..അദ്ദേഹത്തിന്റെ ഗവേഷണ ഫലത്തിനു ചുക്കാൻ പിടിക്കുന്നത്‌ ക്ലാസ്സ്‌ ലീഡർ തന്നെ..".  മലയാളം അധികം നന്നാക്കി എഴുതരുത്‌ ഒരു ഹിന്ദി പരുവത്തിലെഴുതണം...പിന്നെ മുകളിൽ ഓരോ വര.. "ശാസ്ത്രജ്ഞൻ ദീർഘകാലമായി ഗവേഷിക്കുകയാണ്‌...നമ്മുടെ സേർ , സേർ കലപിലക്കിടയിൽ ഒന്നിച്ചു പുസ്തകങ്ങൾ ഇട്ടു കൊടുക്കുന്നതിനിടയിൽ അദ്ദേഹം ഒന്നും നോക്കാതെ ശരിയിടും!..അങ്ങനെ മാസങ്ങളുടെ ഗവേഷണ ഫലം ഒരു നാൾ ലാബ്‌ ടെസ്റ്റിൽ അലങ്കോലമായി..

ഒരിക്കൽ ശാസ്ത്രജ്ഞന്റെ നോക്കിയെഴുത്തുമായി അദ്ദേഹം ക്ലാസ്സിനു പുറത്തു പോയി.. ഒപ്പിച്ചത്‌ മറ്റൊരു മാഷും ..അദ്ദേഹം ഹിന്ദി മാഷെ കാണാൻ വന്നതാണു പ്രശ്നമായത്‌!.. എന്തൊ സം സാരിച്ചു കഴിഞ്ഞു പുറത്തു നിന്നും വന്ന അദ്ദേഹം ശരിക്കു നോക്കിയെഴുത്തു നോക്കി..അദ്ദേഹം ഇന്നു വരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ഒരു മഹത്‌ സംഭവം വരികളിൽ സിദ്ധാന്തമായി ഒളിഞ്ഞു കിടക്കുന്നു!..  ഇതെന്താണെന്നറിയാൻ അദ്ദേഹത്തിന്‌ ആകാംഷയായി.. ആകാംഷയാണ്‌ എല്ലാറ്റിന്റെയും നാശ ഹേതു! വിറപൂണ്ട അദ്ദേഹം ശാസ്ത്രജ്ഞനെ കലിയടങ്ങും വരെ തല്ലി..
.. മാഷേ.. ഇവന്റെ സ്ഥിരം പരിപാടിയാ ഇത്‌ എന്ന് കൂറുമാറിക്കൊണ്ട്‌ ലീഡറും പറഞ്ഞു..
..വീണ്ടും അവന്‌ അടി രണ്ടെണ്ണം കൂടെ വീണു!..

പുറത്തേക്ക്‌ വലിച്ചെറിഞ്ഞു കളയുന്നതും അളന്നു കളയണം എന്നാ പഴമക്കാർ പറയുക..അതിനാൽ നമ്മൾ എണ്ണിക്കൊണ്ടിരുന്നു.. ഒന്ന്, രണ്ട്‌, മൂന്ന്..

പറയാണ്ട്‌ വയ്യ നല്ല രസമായിരുന്നു കേട്ടോ...അനുഭവിച്ച ഒരാൾക്കൊഴിച്ചും!.. അനുഭവിപ്പിക്കുന്ന മറ്റൊരാൾക്കൊഴിച്ചും!

ആ മഹാ പ്രതിഭയുടെ പ്രതിഭ വറ്റിപ്പോയി..ഇനി വറ്റാനുള്ളത്‌ കണ്ണീർ!...കണ്ണിൽ നിന്നും പൊന്നീച്ച പാറി..." വേണ്ടായിരുന്നു..പരീക്ഷണം..എന്ന് അദ്ദേഹത്തിനു തോന്നി ..".. പ്രതിഭകൾ വിരിയിച്ചു വിടാതെഊതിക്കെടുത്തുന്നതിനുഅന്നത്തെക്ലാസ്‌സാക്ഷ്യംവഹിച്ചു.."നിശ്ബ്ദരായി... സൂചിവീണാൽ കേൾക്കാവുന്ന അന്തരീക്ഷത്തിൽ നമ്മളുടെ മനസ്സ്‌ എങ്ങോ വിഹരിച്ചു കൊണ്ട്‌ വിചാരിച്ചു.." കെട്ടിയോൾ ഈ കിളവൻ മാഷിന്‌ ഇന്ന് ബൂസ്റ്റ്‌ കലക്കി കൊടുത്തിരിക്കണം അല്ലാതെ ഇത്രയൊന്നും കരുത്ത്‌ മെലിഞ്ഞുണങ്ങിയ ഈ ദേഹത്തെവിടുന്നു വന്നു ചേരാൻ?..അതെ.. ബൂസ്റ്റ്‌ ഈസ്‌ ദ സീക്രറ്റ്‌ ഓഫ്‌ ഹിസ്‌ എനർജി!..

അദ്ദേഹം കോമരം ഉറഞ്ഞു തുള്ളുന്ന പോലെ ക്ലാസ്സു മൊത്തം വിറച്ചു കൊണ്ട്‌ ഉറഞ്ഞു തുള്ളി നടന്നു..." ഇനിയാരെങ്കിലും.. എന്തെങ്കിലും പുതിയ ഗവേഷണം.!".. നാം പുസ്തകം വേഗം അടച്ചു വെച്ചു...ഇനി നമ്മളുടെ ഗവേഷണം കണ്ടിട്ട്‌ അതിയാന്റെ കെട്ടിയോൾക്ക്‌ ഹോർലിക്സു കൂടെ പാലിൽ കലക്കി കൊടുക്കണമെന്ന് തോന്നിയെങ്കിലോ?..അദ്ദേഹം ഓഫീസ്‌ റൂമിൽ നിന്നു നമ്മുടെ ക്ലാസ്സിലേക്ക്‌ വിനോദയാത്രയ്ക്ക്‌ വരുന്ന ചെറിയ ഇടവേളയിലാണ്‌ നാമും നമ്മുടെ കയ്യക്ഷരം നന്നാക്കാൻ നോക്കിയെഴുത്ത്‌ എഴുതാറ്‌.. അതിനാൽ രണ്ടു വരിയിൽ ഒരു പേജ്‌ നിറഞ്ഞിരിക്കും!..

സമയം തീരെയില്ലെന്നേ.. നമുക്കൊക്കെ ദിവസത്തിൽ 24 മണിക്കൂറൊന്നും ഇല്ല. .. ഈയ്യിടെയായി ദൈവവും കള്ള പറയിൽ അളന്നാണ്‌ നമുക്ക്‌ 24മണിക്കൂർ ഉണ്ടെന്ന് പറഞ്ഞു റേഷൻ തരുന്നതെന്നു തോന്നുന്നു...അഥവാ അല്ലെങ്കിൽ റേഷൻ കടയിലെത്തുമ്പോൾ അരിയുടെ തൂക്കം കുറയുന്നതു പോലെ ഇട നിലക്കാർ കുറച്ചു തരുന്നതായിരിക്കണം തീർച്ച!

1 അഭിപ്രായം:

  1. ദൈവം അനുഗ്രഹിച്ച എഴുത്തുകാരന്‍ എന്ന് പറയാന്‍ തോനുന്ന രചനകള്‍ ...........

    മറുപടിഇല്ലാതാക്കൂ