മഹാന്മാർക്കു മാത്രമല്ലല്ലോ സത്യവും അന്വേഷണവും പരീക്ഷണവും ഉള്ളത്.... സാധാരണക്കാരായ ആളുകൾക്കുമില്ലേ ഇതൊക്കെ എന്ന എന്റെ മനസ്സിന്റെ അഹങ്കാരമാണ് എന്നെ ഈ കടും കൈ ചെയ്യിച്ചത്!..എടുത്താൽ പൊങ്ങാത്ത ഒരഹന്ത!.. അതിനാൽ നാമും കുറിക്കുന്നു.. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ!...
"കപി കുല ജാതസ്യ
"പ" ലോപിതം കവി
" വാ" വീർത്തിടും കവി"
എന്നാണല്ലോ കപിധ്വജ പുരാണം പറയുന്നത്... നിശ്ചില്ല്യാത്തോർക്ക് തുറന്നു നോക്കാം..ഒന്നു രണ്ടാവർത്തി വായിച്ചു നോക്കി സംശയ നിവൃത്തി വരുത്തി നോക്കാം!... നാലാം വാക്യം 12ആം ഖണ്ഡം താള് 256..
അതായത് കപി കുലത്തിന് അന്തസ്സായി ജനിച്ചവനും "പ" യുടെ നീളം ചെറുതായി ചുരുങ്ങി "പ" യുടെ " വാ" വീർത്ത് വലുതായി കഷ്ടപ്പെട്ട് 'കവി'യായി തീർന്നൂന്ന് സാരം!
ഒരു തർക്കത്തിനിടയിൽ കപിയുടെ ധ്വജം അതായത് കൊടിയായിരുന്ന വാല് ശിങ്കിടികളോ, ശത്രുജനങ്ങളോ മോഷ്ടിച്ച് ഇല്ലെങ്കിൽ കഷ്ണിച്ചെടുത്തപ്പോഴാണ് കവിയുടെ ജനനം എന്നും കുറിച്ചിരിക്കണൂ ഒരിടത്ത്!..
നമ്മുക്ക് വായിച്ചപ്പോൾ "ശ്ശീ' അതിശയം തോന്നി..പിറകിൽ അതിന്റെ അടയാളം ഇരിപ്പുണ്ടോ?.." തപ്പി നോക്കി"
ഉണ്ട് എന്നോ ഇല്ല എന്നോ തോന്നിപ്പിക്കാത്ത അവസ്ഥ!..
അതായത് ചന്ദനം തൊട്ട് ചാണകം മണപ്പിക്കുന്നവന് എവിടെയാ വാല്!.. എവിടെ വാലിൻ കഷ്ണം !!
" പേരു കെട്ട പണ്ഡിതകേസരിമാർ കുടുംബത്തിൽ ഉദയം ചെയ്തുവെ ങ്കിലും നാമാവശേഷമായി..പറഞ്ഞു വന്നത് നോം നെറ്റിയിൽ ചന്ദനം തൊട്ട് പശുതൊഴുത്ത് വീടിനരികിനായതിനാൽ ചാണകം മണത്ത് ഇരുന്നു..എന്ന് തന്ന്യാ.. ഒരു സംശയൊം ഇല്ല്യ അക്കാര്യത്തിൽ!
അന്ന് നമുക്ക് പ്രായത്തിന്റെ അസ്കിത അപാരമാണ് താനും...വെറും '7' വയസ്സ് പ്രായം...കുടുംബത്തിൽ പണ്ഡിത കേസരിമാർ മുഴുവനായിട്ട് അസ്തമിച്ചു എന്ന് വിട്ടു കൊടുക്കാൻ ലേശം മടി!...
വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചയെ ധ്യാനിച്ച് ഒരു ശ്ലോകം അങ്ങട് പാടി..
" ആറ്റും മണമേലെ ഉണ്ണിയാർച്ചേ,
ഞാൻ നിന്നെ പറ്റിച്ചേ ഉണ്ണിയാർച്ചേ!
..............".. ആവേശത്തിൽ ഉച്ചസ്ഥായിയിലായിരുന്നു ആ പാട്ട്..
അടുത്ത വരിക്കു വേണ്ടി നാം ശ്രമിക്കുന്നതിനിടയിൽ നന്നാവാൻ ശ്രമിക്കുമ്പോൾ തടസ്സം നിൽക്കുവാൻ നശ്ശൂലങ്ങള് കയറിവന്നു.. അവർക്കുണ്ടോ വല്ല ബോധവും വെളിപാടും..!. കുടുംബത്തിന് അന്യം നിന്ന ഒരു മഹാ കവി പുനർജനിക്കുകയാണ് എന്ന ഒരു വിവരവും ഇല്ലാതെ അവർ പറഞ്ഞു.. അതായത് എന്റെ മൂത്ത ജ്യേഷ്ഠൻ!... അങ്ങു നിർത്താതെ വാക്കുകൾ എഴുന്നള്ളീക്ക്യാ, പറയ്ക, ചിരിക്യ...ഒരു നാണോം ഇല്ല്യാ!
അദ്ദേഹം പറയ്ക്യയാ " എപ്പോഴാടാ .. നീ ആറ്റും മണമേലെ ഉണ്ണീയാർച്ചയെ പറ്റിച്ചത്?..."
"പറ്റിക്ക്യേ... നോം അങ്ങനത്തെ ആളല്ല!..."
"പിന്നെ ഇപ്പോൾ നീ പാടീതോ?"
"അത്!... അത്..!"
എന്നെ പറയിക്കാൻ അനുവദിക്കാതെ എന്തൊക്കെയോ നിരൂപിച്ചിരിക്കുന്നു... ഇഷ്ടൻ!
"... അവളെ നീ എങ്ങിന്യാ പറ്റിച്ചത്?....അവൾക്കെന്താ നീ വയറ്റിലിണ്ടാക്ക്യോ?... "-ഒരു ക്രോസ് വിസ്താരം!!
ഒടുവിൽ നമ്മുടെ സമാധാനവും നാണോം മാനോം കെടുത്തി അങ്ങേരുടെ ഒരു സമാധാനത്തിന് ഒരു ചോദ്യം.."അവള് പെറ്റോ?"
എല്ലാവരും ചിരിക്കുകയാണ്.. ചിരിക്കാമല്ലോ എല്ലാർക്കും.. അതിനൊരു മുടക്കും ഇല്ലല്ലോ?...ഇതൊക്കെ നാം ഒറ്റയ്ക്കല്ലേ സഹിക്കേണ്ടത് എന്നൊരു വിചാരവും ഇല്ലാത്ത വഹകൾ!
പരിഭ്രാന്തനായ ബർമുഡയിട്ട നാം വെറും കുശ്മാണ്ഡമായി...എന്തൊക്കെയാ ഈ പറയുന്നത്... ഒരു കവിത ചൊല്ലിയപ്പോൾ അവൾക്ക് വയറ്റിലുണ്ടാക്കിയയെന്ന് വരെ അർത്ഥം കണ്ടിരിക്കുണൂ.. അന്നൊന്നും വയറ്റിലാക്കിയെന്നോ, ഗർഭിണിയാക്കിയെന്നോ പറഞ്ഞാൽ അജ്ഞനായി നടക്കുന്ന സമയം!...അതെന്താണെന്ന് അറിയാത്തതു കൊണ്ടാണ് അല്ലാതെ അഹമ്മതി കൊണ്ടല്ല ഈ അജ്ഞത!.
...ആ നമ്മോടാണ് ഈ താന്തോന്നി താന്തോന്നിത്തരം എഴുന്നള്ളിച്ചു നടക്കുന്നത്!...എന്താണ് ഉദ്ദേശിച്ചതെന്നൊന്നും മനസ്സിലായില്ല.. എങ്കിലും ഉച്ചത്തിൽ ചിരിക്കുകയാണ് എല്ലാവരും.
ഒപ്പം തുള്ളി ചിരിക്കാൻ കൊറെ വഹകളും...ഉണ്ടാവുമല്ലോ.. ലേശം മൂത്താൽ പിന്നെ ഇളയതുങ്ങളെ എന്തും പറയാമെന്ന ഒരഹങ്കാരം ഉണ്ടാവും മനുഷ്യർക്ക്!
.. നമുക്ക് സങ്കടായി.. ഒരു മഹാകവിയുടെ ജനനത്തെയാ ഇവർ പൊട്ടിച്ചിരിച്ചു തോൽപിച്ചത്!... ഒരു കുടുംബത്തെ ഒന്നടങ്കം അതു നിരാശപ്പെടുത്തും നോക്കിക്കോ...എന്നൊക്കെ പതിയെ പറഞ്ഞ് മനസ്സിനെ സമാധാനിപ്പിച്ചിരിക്കുമ്പോൾ... ഉള്ളിലുള്ള മഹാകവി പറഞ്ഞു.." മകനേ.. നിന്നെ ആരും മനസ്സിലാക്കിയിട്ടില്ല.. അതിനാൽ എനിക്ക് സങ്കടമുണ്ട്...എന്നെ പുറത്താക്കി പടിയടച്ച് പിണ്ഡം വെച്ച സങ്കടം!"..
.... ഞാനും ഒപ്പം തേങ്ങി.." ആഗ്രഹങ്ങളെ മുളയിലേ നുള്ളുന്ന വഹകൾ എന്നെ തോൽപിച്ചു കളഞ്ഞു പ്രഭോ...ഞാനിനി എന്തു ചെയ്യും?".
...അദ്ദേഹത്തിന് എല്ലാം മനസ്സിലായി കഴിഞ്ഞിരുന്നുവെന്ന് തോന്നുന്നു.. എന്റെ മനസ്സിൽ നിന്നും മെല്ലെ പടിയിറങ്ങി...സങ്കടത്തോടെ തിരിഞ്ഞു നോക്കി , തിരിഞ്ഞു നോക്കി...ഒന്നും മിണ്ടാതെ ആ മഹാനുഭാവൻ യാത്രയായി..
കുടുംബത്തിന് ഒരു ജ്ഞാന പീഠം അവാർഡ് നഷ്ടപ്പെട്ടുവെന്നോർക്കാതെ അവർ പിന്നെയും പിന്നെയും ചിരിച്ചു..
--------------------
N:B..ഇതിൽ പറഞ്ഞവ നല്ല കവിതകൾ എഴുതുന്നവരെ ഉദ്ദേശിച്ചല്ല...എന്നേയും എന്നേ പോലുള്ളവരേയും ആണ് ഉദ്ദേശിച്ചത്.. തെറ്റിദ്ധരിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു..
valare rasichu......... aashamsakal.....................
മറുപടിഇല്ലാതാക്കൂഇത് നമുക്ക് നന്നേ ബോധിച്ചിരിക്ക്ണു , അപ്പൊ നോം ഇനീം വരാം... :)
മറുപടിഇല്ലാതാക്കൂ@ jayarajmurukkumpuzha
മറുപടിഇല്ലാതാക്കൂ@ Lipi Ranju
വായനയ്ക്ക് നന്ദി
ഒപ്പം തുള്ളി ചിരിക്കാൻ കൊറെ വഹകളും...ഉണ്ടാവുമല്ലോ.. ലേശം മൂത്താൽ പിന്നെ ഇളയതുങ്ങളെ എന്തും പറയാമെന്ന ഒരഹങ്കാരം ഉണ്ടാവും മനുഷ്യർക്ക്!
മറുപടിഇല്ലാതാക്കൂഇഷ്ടായി ഇപ്ലാ നൊന് കണ്ടുപിടിച്ചത് ആള് ഒരു ഇമ്മിണി വല്യ കക്ഷിയാന്നു.