പേജുകള്‍‌

തിങ്കളാഴ്‌ച, സെപ്റ്റംബർ 20, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( ഏഴാം സർഗ്ഗം)

നോം കള്ളനു കഞ്ഞി വെച്ചിട്ടില്ല.. കള്ളനാണ്‌ നമുക്ക്‌..!

കർമ്മണ്യാ വാദി ഹാ പ്രതീ ഹാ,
ഫലം, മൂലം ഭക്ഷതി സാധാരണ ജന!-
ബിരിയാണി, തന്തൂരി ഭക്ഷതി അധികാരി ജന
രക്ഷമാം രക്ഷമാം മന്ത്രി പുംഗവ!-

-അതായത്‌ കർമ്മമാണ്‌ വാദിയും പ്രതിയും!... നമ്മൾ ഫലവും കാട്ടു കിഴങ്ങും ഭക്ഷിച്ച്‌ ജീവിക്കേണ്ട സാധാരണ ജനങ്ങൾ! ബിരിയാണിയും തന്തൂരി ചിക്കണും ഭക്ഷിക്കാനർഹർ അധികാരി ജനം.. അവരെയും നമ്മേയും രക്ഷിക്കേണ്ടവൻ മന്ത്രിയും! എന്നർത്ഥം!.. തുടങ്ങും മുന്നേ അദ്ദേഹത്തെ ആദ്യം നമിക്കുന്നു...ഒരു പ്രഭാത പ്രാർത്ഥന!..ഇരിക്കട്ടേ .. ഒരു വഴിക്കിറങ്ങുകയല്ലേ!..മോക്ഷം കിട്ടാൻ ഒരു പക്ഷെ ഉപകരിച്ചാലോ?.. അവിശ്വാസം എന്നൊന്നും പറഞ്ഞ്‌ തള്ളിക്കളയാൻ വയ്യ!... ഇപ്പോൾ അവിശ്വാസികളാ ചരടും യന്ത്രത്തകിടും കൂടുതൽ കെട്ടുന്നത്‌... അവിശ്വാസവർദ്ധനയ്ക്കും ചിലപ്പോൾ രക്ഷ എഴുതിക്കെട്ടുന്നത്‌ ഗുണകരമാണെന്ന് അവർക്ക്‌ മനസ്സിലായിരിക്കും!

യുക്തിവാദികൾ നമ്മുടെ രക്ഷധരിച്ച്‌ പുറത്തിറങ്ങിയാൽ യുക്തിക്ക്‌ കൂടുതൽ ബലം കിട്ടും എന്ന് പരസ്യം കൊടുത്ത്‌ നമുക്കും ഒരു രക്ഷായന്ത്രം ഉണ്ടാക്കി വിറ്റാൽ കോടീശ്വരനാകാം എന്ന ലക്ഷ്യം ഉണ്ട്‌!.. പിന്നെ ചാനലിൽ സ്പോൺസർമാരെ തപ്പണം! ..പക്ഷെ മന്ത്രം അന്ധകാരത്തിലെ ഗുഹയിൽ ഉറങ്ങിക്കിടക്കുന്നു.. ഉണർത്തണം...തപം ചെയ്തുണർത്തണം. .മനനം ചെയ്തു പഠിക്കണം അതിനുള്ള മന്ത്രം..ശീ ബുദ്ധിമുട്ട്‌ തന്ന്യാ.. എങ്കിലേ നാമും പച്ച പിടിക്കൂ..
അതവിടെ കിടക്കട്ടേ.. നോം പറയാൻ വന്ന കാര്യം പ്രഭാത പ്രാർത്ഥനയുടെ അർത്ഥം വിവരിക്കുമ്പോൾ മറന്നു.. അതായത്‌.

- അന്നെത്തെ കുട്ടികളുടെ ദേശീയ വസ്ത്രം അടികീറിയ ബർമുഡയായിരുന്നു...കീറിയില്ലേങ്കിൽ നിലത്തിരുന്ന് നിരങ്ങി കീറണം..അതു നിർബന്ധാ...

വീട്ടുകാർ തെറിവിളിക്കും!.. നെവർ മൈൻഡ്‌!... അവർക്ക്‌ വാങ്ങിത്തരാനുള്ള മടി കൊണ്ടാണ്‌!..ഇല്ലെങ്കിൽ കഴിഞ്ഞ വർഷമിട്ട യൂണിഫോമില്ലേടാ ഫോമായി നടക്കാൻ എന്ന് ചോദിച്ചേക്കാം.. ആരോടെങ്കിലും ചോദിച്ചാൽ സെകനാന്റ്‌ ബുക്ക്‌ കിട്ടില്ലേടാ പഠിക്കാൻ എന്നൊക്കെയാ അന്നെത്തെ ഒരു സ്റ്റൈൽ!... വെറുതെ എന്തിനാ ബുക്ക്‌ വാങ്ങി കൈയ്യിലെ കാശു കളയുന്നത്‌?...എന്തിനാ യൂണീഫോമൊക്കെ വാങ്ങിത്തന്ന് സ്ക്കൂളിലയക്കുന്നത്‌?.. നീയ്യൊക്കെ വളർന്നാൽ പടുവിള!..എന്ന ഒരു 916 ക്യാരറ്റ്‌ വിശുദ്ധ ചിന്ത!

അന്നത്തെ ആളുകൾ പിശുക്കിന്റെ ഉസ്താദുമാരായിരുന്നു.. ഉണ്ടെങ്കിലും തരില്ല!...
അങ്ങിനെ നാമും ഒരൽപം മൂട്‌ കീറിയ ബർമുഡയിട്ട്‌ പീടികയിലേക്ക്‌ പോയി...അവിടെ ഒരാൾ ആശാരി പണി ചെയ്യുന്നു... നമ്മോട്‌ വലിയ ബഹുമാനം!
" എന്താ കുട്ടാ സുഖന്യാ?"
"ഊവ്വ്‌!"-
നമുക്ക്‌ സുഖത്തിനോരു കുറവും ഇല്ല്യാ.. ദു:ഖത്തിനാ ഒരു പാട്‌!..ആരെങ്കിലും പുഞ്ചിരിച്ചു കൊണ്ട്‌ എന്തെങ്കിലും പറയുന്നത്‌ കേട്ടാലല്ലേ ഇതാണ്‌ സു:ഖം ഇതാണ്‌ ദു:ഖം എന്ന് വേർ തിരിച്ചറിയാൻ പറ്റൂ...

ഒന്നുകിൽ പരിഹാസം!...ഇല്ലെങ്കിൽ ഒരു ദേഷ്യപ്പെടൽ.. ഇല്ലെങ്കിൽ മൂത്തു മൂത്ത്‌ വന്നാൽ തെറിവിളി!..ഇത്യാദികൾ കഴിഞ്ഞിട്ടു വേണം നമുക്കൊന്ന് റെസ്റ്റ്‌ കിട്ടാൻ!
"..നമ്മളെ കുട്ടന്‌ മുട്ടായി കൊടുക്ക്‌!..പഴം കൊടുക്ക്‌!"- അയാളുടെ കൽപന!
"നമുക്കൊന്നും വേണ്ട "-

 വാങ്ങിയാൽ വീട്ടിൽ നിന്നും വഴക്ക്‌ കേൾക്കണം തിന്നത്‌ ദഹിപ്പിക്കാൻ ആരും സമ്മതിക്കില്ല...!
" നമുക്കൊന്നും വേണ്ട!..നോം അങ്ങനെത്തോനല്ല!"
".. ".. ഒരു കിലോനേന്ത്രപഴം കൊടുക്ക്‌  ചെക്കന്‌... മുട്ടായിയും എന്റെ വക!"
" ഇത്രയും സ്നേഹമുള്ള ഇയാൾ ആരാ?".. ബർമ്മുഡയിട്ട നമ്മെ ബഹുമാനിക്കാൻ?.. ദൈവമോ മറ്റോ ആയിപ്പോയോ?...ആവാതെ തരമില്ല!!..അറ്റ്ലീസ്റ്റ്‌ വിശുദ്ധാത്മാവ്‌!

കടക്കാരൻ പഴം പൊതിഞ്ഞു തന്നു, മിഠായിയും.. വാങ്ങിയില്ല.. നിർബന്ധിച്ച്‌ കൈയ്യിൽ തന്നു
"..ഉം വിട്ടോ എന്ന് അയാൾ!
നാം നമ്മുടെ കാർ സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങി...ശബ്ദത്തോടൊപ്പം തുപ്പൽ തെറിച്ച്‌ വീഴുന്നു..കാർ പുകവിടുന്നതു പോലെ..വിസിൽ വായ കൊണ്ട്‌ വിളിച്ചു.. കാലു കൊണ്ട്‌ സ്റ്റാർട്ടാക്കി .. അതിവേഗതയിൽ ഓടിച്ചു.. ചക്രം നമ്മുടെ കാലായതിനാൽ സ്പീഡ്‌ ഇത്തിരി കുറവായിരുന്നു...എന്നാലും സ്പീഡിന്‌ വല്യ തരക്കേടില്ല!
"ഇതെവിടുന്നാടാ?"
" ആരാണെന്നറിയില്ല.. കറുത്തു തടിച്ച ഒരാൾ എനിക്ക്‌ തന്നു.. എന്നെ നിർബന്ധിച്ച്‌ വാങ്ങിത്തന്നതാ"
"നീയ്യെന്തിനു വാങ്ങി???"
" അയ്യാൾ നിർബന്ധിച്ചു തന്നതാ"
"നിർബന്ധിച്ചാൽ നീ വാങ്ങിക്ക്വോ?... ആരാണെന്നറിയാതെ?"
"നോം എന്ത്‌ ചെയ്യാനാ..നിർബന്ധിച്ചു തന്നു ...നിർബന്ധിച്ചു വാങ്ങിച്ചു അത്ര തന്നെ!"
" എന്തൊ വലിയ പുകിൽ ഉണ്ടായില്ല..!..ഏതോ മഹാത്മാവാണെന്ന് അവരും ധരിച്ചുവെച്ചു!
ഒരാഴ്ച കഴിഞ്ഞില്ല... നാട്ടിലെ ഇളനീരും തേങ്ങയും മറ്റ്‌ അല്ലറ ചില്ലറ മോഷണവും ആയി നടക്കുന്ന ഒരാളെ നാട്ടുകാർ തല്ലിയിട്ട്‌ പീടികയുടെ അവിടെ വീണു കിടക്കുന്നുവെന്ന് അറിഞ്ഞ്‌ അങ്ങോട്ട്‌ തിരിച്ചു.സമയം രാവിലെ ആറുമണി!

"... കമിഴ്‌ന്ന് കിടക്കുകയാണ്‌ അയാൾ. കണ്ണടച്ച്‌ ചത്തതു പോലെ...
.വന്നവർ വന്നവർ കുട്ടികൾ അടക്കം അയാളുടെ തലയ്ക്കിട്ട്‌ രണ്ട്‌ കൊട്ട്‌ കൊടുക്കുന്നു...
... അതെ അതയാൾ തന്നെ നമുക്ക്‌ മിഠായിയും പഴവും തന്നയാൾ!.. നമുക്ക്‌ തന്ന മിഠായിയും പഴവും ദഹിച്ചിട്ടില്ല".. കള്ളനായാലും വേണ്ടില്യാ നമുക്കയാളോട്‌ സഹതാപമായിരുന്നു..
ദൈവമേ!..അയാൾക്കൊന്നും വരുത്തരുതേ.. ഉള്ളറിഞ്ഞു പ്രാർത്ഥിച്ചു...അയാൾ ചത്തുവെ ന്ന് ഓർത്ത്‌ കുറേ കരഞ്ഞു...

സ്കൂളിലേക്ക്‌ പോകാൻ തുടങ്ങുമ്പോൾ അങ്ങോട്ട്‌ നോക്കി..." അയാൾ?."
.... അയാളെ അവിടെ കാണ്മാനില്ല...മഹാപാപികൾ അയാളെ കൊന്നു തിന്നോ?. എന്നോർത്ത്‌ കരച്ചിൽ വന്നു.. ആരോ പറഞ്ഞു .."അയാൾ എഴുന്നേറ്റു പോയി....ഇളനീരു കുടിച്ച തടിയാ, ഇടിയൊന്നും ഏശില്ല!..."

കട്ട പൈസയിൽ നിന്നാണോ ദൈവമേ അയാൾ സ്നേഹത്തോടെ നമുക്ക്‌ പഴവും മിഠായിയും വാങ്ങി തന്നത്‌?.. അപ്പോൾ നാമും കള്ളനായോ?.. നമ്മൾ ഏതു കർമ്മത്തിൽ പെടും വാദി ഭാഗമോ? പ്രതി ഭാഗമോ?..

വലുതായപ്പോൾ എനിക്കു മനസ്സിലായി -അതായത്‌ കർമ്മമാണ്‌ വാദിയും പ്രതിയും!... നമ്മൾ ഫലവും കാട്ടു കിഴങ്ങും ഭക്ഷിച്ച്‌ ജീവിക്കേണ്ട സാധാരണ ജനങ്ങൾ!..ചിലപ്പോൾ വാദിയാകാം ചിലപ്പോൾ പ്രതിയും!!..

കള്ളന്റെ മിഠായി തിന്നവൻ എന്ന് ആരെങ്കിലും നമ്മെ വിളിക്കുന്നുണ്ടോ?... ഇല്യാ.. ഭാഗ്യം!..

 ഇതിനേക്കാൾ വലിയ കാട്ടു കള്ളന്മാരെയല്ലേ മന്ത്രിമാർ രക്ഷിച്ചടുക്കുന്നത്‌... അവർ കൊണ്ടു കൊടുക്കുന്ന ഫലമൂലാദികൾ ഭക്ഷിച്ചല്ലേ അധികാരി വർഗ്ഗങ്ങൾ കുംഭവീർത്ത്‌ നടക്കുന്നത്‌?..
അപ്പോൾ നാം നിരപരാധി തന്ന്യാ..!..എട്ടും പൊട്ടും തിരിയാത്ത ഒരു നിഷ്കളങ്കൻ!

2 അഭിപ്രായങ്ങൾ:

  1. ഇപ്പോൾ അവിശ്വാസികളാ ചരടും യന്ത്രത്തകിടും കൂടുതൽ കെട്ടുന്നത്‌... അവിശ്വാസവർദ്ധനയ്ക്കും ചിലപ്പോൾ രക്ഷ എഴുതിക്കെട്ടുന്നത്‌ ഗുണകരമാണെന്ന് അവർക്ക്‌ മനസ്സിലായിരിക്കും.........ഹ....ഹ........ഹ.........

    മറുപടിഇല്ലാതാക്കൂ
  2. Dear muje

    താങ്കൾക്കെന്റെ ഹൃദയം നിറഞ്ഞ നന്ദി

    മറുപടിഇല്ലാതാക്കൂ