പേജുകള്‍‌

ബുധനാഴ്‌ച, സെപ്റ്റംബർ 29, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( പതിനാറാം സർഗ്ഗം)

ഇനി നീ ഇങ്ങനെ ബർമുഡയും ഇട്ട്‌ കാളക്കൂറ്റനെ പോലെ നടക്കുന്നത്‌ നിനക്ക്‌ നാണമില്ലേങ്കിലും നമുക്ക്‌ നാണമുണ്ട്‌, തറവാട്ടിനു പേരു ദോഷവും ഉണ്ടാകും എന്ന ഗ്രേറ്റ്‌ ഗ്രീക്കൻ പഴമൊഴി വായിച്ചു പഠിച്ചതു കൊണ്ടാണോന്നറിയില്ല അന്ന് അമ്മ ഒരു ഒറ്റമുണ്ട്‌ സമ്മാനിച്ചു... അതുകൊണ്ട്‌ കാലുകൾ പൊതിയണൊ അതോ കൈകൾ പൊതിയണൊ അതോ മൊത്തം പൊതിയണോ എന്നൊക്കെ അമാന്തമുണ്ടായെങ്കിലും നാട്ടുനടപ്പ്‌ അനുസരിച്ചു കാലുകൾ പൊതിയാൻ തന്നെ തീർച്ചയാക്കി. ..ഇല്ലേങ്കിൽ ഒരു പണീം തോരോം ഇല്യാതെ ചോറീം ചൊണങ്ങും കുത്തി നടക്കുന്ന വെള്ളക്കോളർ നാടൻ ജന്മിമാർ ചായക്കടയിലിരുന്നു യോഗം വിളിച്ചു കൂട്ടി നമ്മെ കാട്ടി പൊട്ടിച്ചിരി ശിക്ഷ വിധിക്കും...അതുകൊണ്ട്‌ കാലുകൾ പൊതിഞ്ഞപ്പോൾ ...ദേ ഊരിക്കുത്തി വീഴുന്നു..

ആദ്യമായിട്ടു കോണകമുടുക്കുന്ന പട്ടർക്കും ഇങ്ങനെ തന്നെയാ അനുഭവം എന്ന വലീയ ശാസ്ത്രതത്വം പണ്ഡിത കേസരിയെ പോലെ, അതും ഈ നമ്മുടെ മുന്നിൽ,  ഞെളിഞ്ഞ്‌ നിന്ന് നമ്മുടെ മുന്നിൽ  വെറും പണ്ഡിത മാർജ്ജാരനായ ഏട്ടൻ വിളമ്പിയപ്പോൾ ചിന്തിച്ചു ചിന്തിച്ചു കുന്തം പോലെ നിന്നു..എന്താ പറയ്ക.. വന്നു വന്നു വീട്ടിൽ ആർക്കും നമ്മോട്‌ ഒരു ബഹുമാനോം ഇല്യാണ്ടായിരിക്കുന്നു. ...ഏട്ടനാച്ചാലും ലേശം അടക്കവും ഒതുക്കവും ആവാം!...നമുക്കൊരു സംശയോം ഇല്യാ അക്കാര്യത്തില്‌...നമ്മുടെ തലയ്ക്ക്‌ ഇടയ്ക്കൊക്കെ ഒരു കൊട്ട്‌ തരാനും നോക്കി പേടിപ്പിക്കാനും കരയിക്കാനും അദ്ദേഹം അധികാരം എടുക്കുന്നുണ്ടല്ലോ?.. അതൊക്കെ കപ്പമായിട്ട്‌ സ്വീകരിക്കുന്നുണ്ട്‌ താനും!.ഇല്ലേ?.. ഊവ്വ്‌.. ച്ചാൽ ബഹുമാനം ഇച്ചിരി ഇങ്ങോട്ടും ആവാം!

എന്നാലും ഒരു സംശയം!! അദ്ദേഹത്തിന്റെ വാക്കുകളിൽ ഇത്തിരി സത്യമില്ലേ..സംഗതിയില്ലേ!!
... എല്ലാ പട്ടരും ആദ്യമായി കോണകമുടുക്കാൻ എന്തു മാത്രം ത്യാഗം സഹിച്ചിട്ടുണ്ടാകും!.. .ആ വലിയ ത്യാഗത്തിനുമുന്നിൽ കൃമിയായ നാം സാഷ്ടാംഗം നമസ്കരിച്ചാലോന്ന് വിചാരിച്ചു... ...അപ്രകാരം അടിവസ്ത്രം തന്നെ ഉടുക്കണമെന്ന് തീരെ നിർബന്ധമില്ലാത്ത പട്ടൊരൊഴിച്ചു ബാക്കിയുള്ള മറ്റു ചില നാനാജാതി മത വിഭാഗങ്ങളെ പാവം തോന്നി നാം ഒന്നും പറയാതെ വെറുതെ വിട്ടു വീണ്ടും ചുറ്റിത്തിരിഞ്ഞു മുണ്ടുടുക്കാനുള്ള പരിശീലനം തുടർന്നു..

" ദേ പിന്നെയും മുണ്ടിന്റെ ഒരു തല ഉയർന്നും മറ്റേ തല താഴ്‌ന്നും ഇരുന്നു .. ഊരിക്കുത്തി വീഴുമൊന്ന ഭയം എന്നെ ഉലച്ചു..മുണ്ടുടുക്കാതെ നടന്നപ്പോൾ ആർക്കും വല്യ ആരോഗ്യപ്രശ്നമില്ല.. മുണ്ട്‌ ഉടുത്തതിനു ശേഷം ഇതെങ്ങാൻ ഊരിക്കുത്തി വീണെങ്കിൽ പഴയതെല്ലാം മറന്ന് സ്വബോധം ഇല്ലാത്ത ആളുകൾ ചിരിക്കും..സ്വൽപം ബോധമുള്ള ആളുകൾ കരയും.....മറ്റൊന്നും കൊണ്ടല്ല .. ഒരു വിഷമം...". ന്നാലും ചെക്കന്റെ മുണ്ടഴിഞ്ഞു വീണപ്പോൾ ചമ്മുന്ന മുഖം കാണാനുള്ള യോഗം ഇണ്ടായില്ലല്ലോന്ന് ഓർത്ത്‌!"...

ശാപം എന്നത്‌ ഭ്രാന്തെടുക്കുമ്പോൾ വരുന്ന ഒരു അവസ്ഥ തന്നെ..ഹോ...മുണ്ടൊക്കെ കണ്ടു പിടിച്ച തെണ്ടിയെ വിസ്തരിച്ചു അറ്റ്ലീസ്റ്റ്‌ പാന്റു വാങ്ങി ഉടുക്കാനുള്ള അഭ്യസ്ഥവിദ്യനാക്കാൻ വിദേശത്ത്‌ തെണ്ടാൻ വിടണം എന്നു വരെ ശപിച്ചു പോയി...ഇവനോക്കെ ഗവൺമന്റു ചിലവിലാണെങ്കിൽ നാലു കായ അടിച്ചു മാറ്റി ഉണ്ടാക്കുകയും ചെയ്യാം..നാടും നഗരവും കാണുകയും ചെയ്യാം, ഗവേഷിക്കുകയും ചെയ്യാം..മനുഷ്യനെ പോലെ നടക്കുകയും ചെയ്യാം!. നഷ്ടോന്നും ഇല്ലല്ലോ?.... പണ്ടു കാലത്ത്‌ ഗുഹാമനുഷ്യർ എന്തെങ്കിലും ഉടുത്തിട്ടാണോ നടന്നത്‌? അവരും മൻഷ്യരല്ലേ..അവർക്കില്ലാത്ത എന്തെങ്കിലും അധികം നമുക്കിപ്പോൾ ഫിറ്റ്‌ ചെയ്തിട്ടുണ്ടോ?.. ചൊണയും ചൊടിയും ചങ്കും കരളും നീരും മാംസോം ഉള്ളോരല്ലേ?..അവരും.. ആ വിചാരം ആർക്കെങ്കിലും ഉണ്ടോ?...(നോട്ട്‌ ദ പോയിന്റ്‌: XX). എന്നിട്ടും അവർ പയറു പോലെ എഴുന്നേറ്റു നടന്നിട്ടില്ലേ?. .ഊവ്വ്‌! ശരിയന്നെ എന്ന് തലകുലുക്കിയിട്ട്‌ എന്തെടുക്കാൻ.??. ഷ്രീംഗ്ഗാ..ഷ്രീംഗ്ഗാ എന്ന് ഷ്രിംഗ്ഗണം.. പരസ്യത്തിലേപ്പോലെ..മുട്ടായി ചപ്പിച്ചു കൊണ്ട്‌!.. ധൃവക്കരടി അടുത്തുണ്ടെന്ന് കരുതിയിട്ട്‌ കെട്ടിപ്പിടുത്തം ഏതെങ്കിലും കാണാൻ കൊള്ളാവുന്ന ഐശ്വര്യാറായിയെ മനസ്സിൽ കണ്ട്‌!..!

...നമ്മൾ അത്രേയ്ക്കങ്ങ്‌ കൊമ്പിൽ കേറി ഷ്രിംഗ്ഗിക്കേണ്ട എന്നേയുള്ളൂ..അതൊന്നും നാണവും മാനവും ഉള്ളവർക്ക്‌ പറഞ്ഞിട്ടുള്ളതല്ല! ....അത്‌ അവരെ അപമാനിക്കുന്നതിനു തുല്യമായി പോകും.. ചെറിയ ഒരു സെറ്റപ്പിൽ ഒന്നു ദേഹം മുഴുവൻ എളുപ്പത്തിൽ  ചുറ്റാൻ അവസ്ഥയുണ്ടാകണം... കാണുന്നവരുടെ നാണോം മാനോം മറയണം അത്രേ വേണ്ടൂ!

...പല കുറി ഉടുത്തപ്പോൾ മുണ്ട്‌ ചുക്കി ചുളിഞ്ഞു.. ഇനി പാവപ്പെട്ടവന്റെ ജപ്പാൻ ബെൽറ്റ്‌ തന്നെ ശരണം എന്നോർത്ത്‌ ചാക്കിന്റെ നൂല്‌ പിരിച്ചു കെട്ടി.. ഒരു കെട്ട്‌!... ആശ്ചര്യം ചാക്കിന്റെ നൂല്‌ പിരിച്ചു കെട്ടിയാൽ മെരുങ്ങാത്ത ഏതു മുണ്ടും മെരുങ്ങും!.. ഹൗ..ഹൗ... ഇതിനാണ്‌ നാം നെലോളിച്ചതെന്നോർത്ത്‌ സങ്കടം പിന്നെയും വന്നു..എന്നാൽ അത്ര പെട്ടെന്ന് ഈ ശാസ്ത്ര തത്വം ലോകത്തിനു മുന്നിൽ പരസ്യമാക്കേണ്ട എന്ന് വിചാരിച്ചു നാം അതു രഹസ്യമാക്കി വെച്ചു.. പിന്നീട്‌ മുണ്ടിന്റെ ഇരു തലകളും കൂടി പിടിച്ചു കെട്ടി നിർത്തിയപ്പോൾ പുതിയ തത്വങ്ങൾ പഴമയെ കൊഞ്ഞനം കുത്തും എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ച്‌ ചാക്കിന്റെ നൂലെന്ന മഹാൻ ഏതോ മുറിയുടെ മൂലയിൽ എടുക്കാ ചരക്കായി വിസ്മൃതിയിൽ ആണ്ടു...

കണ്ണാടിയിൽ നോക്കിയപ്പോൾ ഒരു പൊക്കം വെച്ചിരിക്കുന്നു..ഈ മുണ്ടിന്റെയൊരു തമാശ!.നാം നെലയും വെലയും ഉള്ള വല്യ ആളായിരിക്കുന്നു.. ഇനി അതൊന്നും ഒളിച്ചു വെച്ചിട്ട്‌ കാര്യമില്ല എന്നൊക്കെ തോന്നി!  ഒന്നു മാടിക്കെട്ടി നോക്കി.. കൊഴപ്പമില്ല!.. ആവേശം മൂത്ത്‌ ഒരിക്കൽ മാടിക്കെട്ടിയതിന്റെ മുകളിൽ ഒന്നു കൂടെ മാടിക്കെട്ടിയാലോന്ന് തോന്നി.. നമുക്കൊരു വിചാരവും ഇല്ലെങ്കിലും ..ശേ..‌ നാട്ടുകാരെന്തു വിചാരിക്കും?.. ഇവൻ കുടിച്ചിട്ടുണ്ടോന്ന് തോന്നിക്കണോ?. നാട്ടുകാരുടെ ഓരോ ചീപ്പ്‌ സെന്റിമെൻസേ..  ഈ നാട്ടുകാരൊക്കെ അമേരിക്കയിൽ പോയി തുലഞ്ഞാലെന്താ..എന്നാലെ പഠിക്കൂ സിമ്പിളായി പൊതിഞ്ഞു കെട്ടുന്ന തുണിക്കാണോ വില അതോ ശരീരത്തിനാണോ വില എന്ന്!.. അതറിഞ്ഞാൽ മാന്യന്മാർക്ക്‌ മാന്യമായി എങ്ങി നേയും നടക്കാം..
 
..ഒന്നൂടെ കണ്ണാടി നോക്കി.. മീശയ്ക്ക്‌ ലേശം കറുപ്പ്‌ നിറം വ്യാപിച്ചിരിക്കുന്നു.. ഒരു കരിക്കട്ട കിട്ടിയിരുന്നെങ്കിൽ കുറച്ചു കൂടെ കനപ്പിച്ച്‌ ഇതിനെയൊന്ന് മെരുക്കാമായിരുന്നു എന്ന ചിന്ത നമ്മെ വല്ലാതെ കീഴ്പ്പെടുത്തിയെങ്കിലും അതിനു തുനിഞ്ഞില്ല.. മീശയുടെ വിതയിട്ടു കഴിഞ്ഞു ഇനി മുളയ്ക്കും വരേയ്ക്കും കാത്തിരിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌!.. ഹലോ മൈക്ക്‌ ടെസ്റ്റിംഗ്‌ എന്ന് പറഞ്ഞ്‌ ശബ്ദം ശരിയാക്കാൻ ശരീരം ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു കുറച്ചു കാലമായിട്ട്‌ ..നടക്കട്ടേ ശരീരത്തിന്റെ ഓരോ ആഗ്രഹല്ലേ!നമുക്കൊരു ചേതവും ഇല്ലാത്ത പണി!.. കിളിനാദവും ഘനഗംഭീരനാദവും തമ്മിലുള്ള കടി പിടി.. സാരല്യ ഇതൊക്കെ ശരീരത്തിന്റെ ഒരു സ്വഭാവമല്ലേ എന്ന് നാം വിശ്വസിച്ചു കൊണ്ടിരുന്നു...വിശ്വാസം പാപമല്ല മകനേ.. അതു മഹനീയ കർമ്മമാണ്‌ മനസ്സ്‌ മന്ത്രിച്ചു..

==========
നോട്ട്‌ ദ പോയിന്റ്‌ XX.(.".അവരിൽ ആകൃഷ്ടരായി അവർക്ക്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ച്‌ ചാനലിലെ പെണ്ണുങ്ങൾ ഇന്നും തുണി ഉരിഞ്ഞ്‌ കളയാൻ ശ്രമിക്കുന്നില്ലേ.. അതിനവരെ കുറ്റം പറയാൻ പറ്റ്വോ.. ഇല്ല!.. അപ്പോൾ പിന്നെ ഒറ്റവഴിയേയുള്ളൂ ..അവരുടെ തന്തമാരേയും തള്ളമാരേയും (അങ്ങനെ ഒരു സങ്കൽപമെങ്കിലും ഉണ്ടെങ്കിൽ ....ഇല്ലെങ്കിൽ വിട്ടു കളയണം.. ) സ്വകാര്യം വിളിച്ച്‌ കൂട്ടിക്കൊണ്ട്‌ പോയി ആരും കാണാതെ ചെവിക്കുറ്റി നോക്കി രണ്ടേ രണ്ട്‌ പെട കൊടുത്ത്‌..ദാറ്റ്സ്‌ ഇറ്റ്‌! എന്ന ഒരു രണ്ടു പൊടി ഇംഗ്ലീഷ്‌ പറഞ്ഞാൽ പോരേ... എന്നൊക്കെ പല പല അഭിപ്രായങ്ങളും നിങ്ങൾക്കിന്നു പറയാം...മതി.. മതിയെങ്കിൽ മതി..നമുക്കൊരു വിരോധോം ഇല്യാ.. ... ഇത്‌ സംഭവം ചാനലുകൾ വിതയ്ക്കുന്നതിനും കൊയ്യുന്നതിനും മുന്നേയുള്ള കാലം!.)

2 അഭിപ്രായങ്ങൾ:

  1. മുന്‍ഗാമികളെപ്പോലെ അത്രയ്ക്കങ്ങോട്ട് ........................ ഏത്........ആ......അതന്നെ.

    മറുപടിഇല്ലാതാക്കൂ
  2. കുറിക്കുന്ന ഓരോ കമന്റിനും നന്ദി..muje

    മറുപടിഇല്ലാതാക്കൂ