പേജുകള്‍‌

ശനിയാഴ്‌ച, ഒക്‌ടോബർ 02, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( പതിനേഴാം സർഗ്ഗം)

അനിയനില്ലാത്ത കുറവ്‌ നികത്താൻ ദത്തെടുക്കാൻ വരെ തീരുമാനിച്ചു. എല്ലാ സ്ഥലവും കണ്ടും കേട്ടും കൊണ്ടും കൊടുത്തും നടക്കാനും ഭരണം നല്ലപോലെ നടത്താനും ഒരു ഗവർണ്ണർ വേണം.. എല്ലാം അപ്പപ്പോൾ നമ്മെ അറിയിക്കാനും!...ചിലർ പെൻഷൻ പറ്റി പിരിഞ്ഞു പോയി..സ്വന്തം ഭരണം തുടങ്ങി നമ്മെ അനുസരിക്കാത്തോരെ പിരിച്ചു വിട്ടു..ഒറ്റയെണ്ണത്തിനേയും വിശ്വസിക്കാൻ കൊള്ളുന്നില്ല..അപ്പോൾ അനിയൻ തസ്തിക കിരീടാവകാശികളില്ലാതെ വീണ്ടും ഒഴിഞ്ഞു കിടന്നു..

..ഒരു നല്ല അനിയനെ തപ്പിയിറങ്ങുന്നതിലും ഭേദം ചെമ്മീൻ തപ്പി നാലു ചൂണ്ടയിട്ടാൽ അതെങ്കിലും കറിവെക്കാനാകുമായിരുന്നു എന്നു തോന്നി..കാരണം തപ്പിപ്പിടിച്ചു കൊണ്ടു വന്ന ഓരോ അനിയന്മാരും നമ്മെ ഉപേക്ഷിച്ചു എങ്ങോ കടന്നു കളഞ്ഞു.. നമ്മുടെ കൈയ്യിലിരിപ്പൊന്നുമല്ല.. അവരുടെ അവസ്ഥ അങ്ങിനെയായിരുന്നു....അപ്പോഴാണ്‌ ഒരു പപ്പടക്കണ്ണു പോലുള്ള കണ്ണുമായി ഒരു ചെറുക്കൻ നമ്മോടൊപ്പം ഒരേ പാഠ്യ വിഷയവുമായി മറ്റൊരു ഡിവിഷനിൽ  പഠിച്ചത്‌..
ഇവനെ അനിയനായി റിക്രൂട്ട്‌ ചെയ്താലോന്ന് സംശയമായി.. കൊഴപ്പമില്ല..പിന്നെ അവനായി നമ്മുടെ അനിയൻ എന്ന സ്ഥാനം അലങ്കരിക്കാൻ യോഗ്യൻ!..

അവിടെ അതായത്‌ അവന്റെ കിംഗ്ഡത്തിൽ അന്ന് ഫിസിക്സ്‌ മാഷുടെ ഡിസ്കസ്‌ ത്രോ, ജാവലിൻ ത്രോ, പൂഴിക്കടകനടി എന്നൊക്കെ സംഭവമുണ്ടായീന്ന് അവൻ നമുക്ക്‌ ക്ഷണ നേരത്തിൽ വിവരം തന്നു.. എല്ലാവരും സ്ക്രാച്ച്‌ പറ്റി നടക്കുകയാണെന്നും ചോര പൊടിഞ്ഞവരെല്ലാം യുദ്ധം തുടരണോ അതല്ലാ ടീ.സി വാങ്ങി മാന്യമായി ജീവിക്കാൻ വഴിയൊരുക്കുന്ന സ്കൂളിലേക്ക്‌ പോകണോന്നൊക്കെ ആലോചന തുടങ്ങീത്രെ!..ഒരു യുദ്ധത്തിലാ അശോക ചക്രവർത്തിക്ക്‌ പെട്ടെന്ന് മനസ്താപം വന്ന് ഉറുമ്പിനെ പോലും നോവിക്കാത്ത ശ്രീ ബുദ്ധന്റെ അനുയായി ആയത്‌..ഈ യുദ്ധത്തോടെ ഒക്കെ ശരിയാവും!.. അദ്ദേഹവും പട്ടുടുത്ത്‌ ശാന്തനാവും ന്നൊക്കെ കണക്കു കൂട്ടി നടക്കുന്നോരും ഉണ്ടത്രെ! തെറുത്തു കേറ്റിയ കുപ്പായകൈ കാട്ടിയും ചുവന്നു തുടുത്ത പുറഭാഗം കാട്ടിയും അവൻ പറഞ്ഞു.... പരുക്കില്ലാതെ ഒരൊറ്റ പോരാളിയും അവശേഷിച്ചിട്ടില്ലത്രെ!

.. ഉച്ചയ്ക്ക്‌ ശേഷം മഹാത്മാവായ ആ ഗ്രേറ്റ്‌ ചക്രവർത്തി ഫിസിക്സ്‌ മാഷിനു നമ്മുടെ കടയിലാണു പണി.!...അദ്ദേഹം ഉച്ചയ്ക്കു കഴിച്ച ഭക്ഷണം അദ്ദേഹത്തിനു ദഹിപ്പിക്കണം.. പിള്ളേർക്കും ദഹിക്കണം ഇല്ലെങ്കിൽ പിള്ളേരൊക്കെ ദഹനക്കേട്‌ വന്നു വിഷമിക്കും എന്ന മട്ടിൽ പണി തുടങ്ങും...!എന്റെ ദൈവമേ!...

അവൻ പറഞ്ഞു " ഫിസിക്സ്‌ നോട്ട്‌ കാണിക്കാൻ.. നാം കാണിച്ചു.. ഈ ചോദ്യമാ ഇന്നലെ തന്നത്‌ അല്ലേ?"
"അതെ "
"ഇതൊന്നുമല്ല അതിന്റെ ഉത്തരം!
"പിന്നെ.??."
"യുദ്ധത്തിൽ ചതവു പറ്റി കെടക്കാനാ ഭാവംച്ചാൽ ആവാം"
"എന്റെ പൈതങ്ങളേ.. അങ്ങിനെയുള്ള ഒരു അഹങ്കാരം നമുക്ക്‌ തൊട്ടു തീണ്ടീയിട്ടില്ല..നീ തെളിച്ചു പറ!
അവൻ ഓടിപ്പോയി നോട്ടെടുത്തു കൊണ്ടു വന്നു.. ഫിസിക്സ്‌ മാഷ്‌ യുദ്ധം ചെയ്ത്‌ വിജയിച്ച്‌ അടിമയാക്കിയ രാജ്യത്ത്‌ രംഗം ശാന്തമായപ്പോൾ പറഞ്ഞ്‌ കൊടുത്ത ഉത്തരം രഹസ്യമന്ത്രം ഓതും പോലെ  പറഞ്ഞു തന്നു ...മന്ത്രം കിട്ടിയ സന്തോഷത്തോടെ വേഗം ഞാൻ പകർത്തിയെഴുതി.. അവനു സ്തുതി പറഞ്ഞു..

"അനിയനായ അംഗരാജ്യപാലകായ സ്വാഹ!
ക്ഷിപ്ര രക്ഷകായ മഹാ കാരുണികായ സ്വാഹ!

...ഇനി ഇവിടെയാകാം സാമ്രജ്യ വികസന യുദ്ധം എന്നു കരുതി വിജയശ്രീലാളിതനാവാനുള്ള കൈയ്യടക്കത്തോടെ, മെയ്യ്‌ വഴക്കത്തോടെ ഫിസിക്സ്‌ മാഷ്‌ എഴുന്നള്ളുന്നൂ എന്നറിയിച്ചു കൊണ്ട്‌ പള്ളീക്കൂട മണീ ആഞ്ഞടിയുന്നു..അദ്ദേഹം അണുവിട തെറ്റാതെ കൊടുങ്കാറ്റു പോലെ അശ്വമേധം നടത്താൻ ഹാജരായി..

ഇന്നലെ തന്ന അന്ത്യശാസനം അനുസരിച്ചു കീഴടങ്ങാൻ തയ്യാറാണോന്ന് ചോദിക്കുമ്പോലെ അദ്ദേഹം ചോദിച്ചു.." ഇന്നലെ നാം തന്ന ചോദ്യങ്ങൾക്ക്‌  ഉത്തരം എല്ലാവരും എഴുതിയോ?.. കാണട്ടേ!"

ഓരോരുത്തരും സ്റ്റാൻഡി ,സ്റ്റാൻഡി വീതം വാങ്ങിക്കുന്നുണ്ട്‌.. ഓരോരുത്തരുടേയും നോട്ട്‌ നോക്കി നല്ല കശക്ക്‌ കശക്കുന്നുണ്ട്‌...കശക്ക്‌ മികച്ചവ തന്നെ സമ്മതിച്ചു ..മാഷ്ക്ക്‌ നല്ല വിവരമുണ്ട്‌ .. അതിൽ പി എച്ച്‌ ഡി എടുത്തിട്ടുണ്ടാകണം! എന്നാലും നമുക്കിതൊന്നും കാണാൻ വയ്യ എന്റെ ദൈവമേന്ന് നാം കണ്ണുകൾ അടച്ചും തുറന്നും നോക്കി..നല്ല വാദ്യോപകരണങ്ങൾ തന്നെ ഇവരുടെ പുറംഭാഗം (ശരീരത്തിന്റെ പുറകു വശം)!.....ഇവന്മാരുടെ പുറത്ത്‌ കൈകൊണ്ടടിക്കുമ്പോൾ പല തരത്തിലുള്ള സംഗീതങ്ങൾ പുറത്തു വരുന്നു...ആ ഹാ.. ആ ഹാ ഹ...സംഗീതം സാന്ദ്രമാണ്‌.. മാങ്ങാ തൊലിയാണെന്ന് പഠിച്ചത്‌ വെറുതെ ..കടലിലിറങ്ങി ശുദ്ധമായ സാൾട്ട്‌ കലർന്ന കടൽ വെള്ളം ഒരു ചിരട്ടയിൽ കോരിയൊഴിക്കുമ്പോലുള്ള നിർവൃതി !..ശുദ്ധ സംഗീതം അങ്ങിനെയാണ്‌.... നാം കടലിനെ നോക്കി നിൽക്കുന്ന ഒരു പാവം പൈതൽ!..അത്രേ നമുക്കൊക്കെ ആകൂ എന്ന് ബോധം വേണം!.. വിനയം വേണം!!..ആ ശുദ്ധ സംഗീതത്തിനു മുന്നിൽ ആരും നമ്രശിരസ്കരായി പോകും.. മറ്റൊന്നും കൊണ്ടല്ല.. മാഷ്‌ കഴുത്ത്‌ പിടിച്ച്‌ കുനിച്ചിട്ടാണ്‌ സംഗീതം പറഞ്ഞ്‌ കൊടുക്കുന്നത്‌.. മനം കൊണ്ടറിഞ്ഞ്‌ ഒത്ത നടുപുറം നോക്കി...മഹാജ്ഞാനി..! ത്രികാലജ്ഞൻ!..

കാലു കൊണ്ട്‌ കൂടി അടിച്ചിരുന്നെങ്കിലോ?.. ഹൗ .. ഹൗ ആലോചിക്കാൻ വയ്യ!....യൂറിക്കാ!.. യൂറിക്കാ!.. എന്നു വിളിച്ച്‌ സകൂളിനു ചുറ്റും ചാടിയോടാൻ തോന്നി.. പക്ഷെ സമയവും സന്ദർഭവും അതല്ല!...അതു മനുഷ്യനെ മെനക്കെടുത്തും!...
 
..എന്റെ സാമന്തന്മാരായി നോട്ട്‌ വാങ്ങി പകർത്തിയെഴുതിയ സഖാക്കളുടെ അടുത്തെത്തി.. അത്ഭുതം സിറ്റ്‌ ഡൗൺ പറഞ്ഞു മാഷ്‌... എന്റെ അടുത്തെത്തി.. സിറ്റ്ഡൗൺ പറഞ്ഞു.. മൂന്നേ മൂന്ന് സാമന്തരും നാമും രക്ഷപ്പെട്ടു..വിവരശാലികളായ നാം ഞെളിഞ്ഞിരുന്നപ്പോൾ പുളയുന്ന പുറങ്ങളുടെ സങ്കടം നാം അനുഭവിച്ചു.. നമ്മുടെ സാമന്തന്മാരാകാത്ത കുഴപ്പമല്ലേ അനുഭവിച്ചത്‌.. ഇനിയെങ്കിലും ചരിത്രം ആവർത്തിക്കാതിരിക്കുക! ജെസ്റ്റ്‌ റിമമ്പർ ദാറ്റ്‌!.. നാം അവരെ നോക്കി ഗമയിൽ ഇരുന്നു.. ഒപ്പം തലയ്ക്ക്‌ കൈകൊടുത്ത്‌ അവരെ രക്ഷിച്ചതിനു താങ്ക്സ്‌ പറഞ്ഞു പറഞ്ഞു നമ്മുടെ സാമന്തരും.. കേട്ട്‌ കേട്ട്‌ മടുത്ത്‌ നാമും!.. ഇറ്റ്സ്‌ ഓൾ റൈറ്റ്‌ എന്നു പറയുന്തോറും അവർ കൂടുതൽ  കൂടുതൽ വിനയാന്വിതരാകുന്നു.. എന്താ ചെയ്ക!..

1 അഭിപ്രായം:

  1. അന്ന് യുദ്ധത്തില്‍ ചതവ് പറ്റാത്തോണ്ടായിരിക്കും ഞങ്ങളെ ഇങ്ങനെ ചതക്കണേ...........hi.hi.hi.....

    മറുപടിഇല്ലാതാക്കൂ