പേജുകള്‍‌

ബുധനാഴ്‌ച, ഒക്‌ടോബർ 13, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( ഇരുപത്തഞ്ചാം സർഗ്ഗം)

ഒരു സാവാള പലതായി താമര പോലെയാക്കി മുറിച്ച്‌ ഒരു ഓട്ടു പാത്രത്തിൽ, നമ്മുടെ ഭാഷയിൽ പറഞ്ഞാൽ സ്വർണ്ണതളിക, വെച്ച്‌ കുറച്ച്‌ തിരിയിട്ട്‌ കത്തിച്ച്‌ അതിൽ വെച്ചു... താമരയാണെന്ന് ഏതു കോടതിയിലും നാം പറയും..നമുക്കാരേം പേടിയില്ല! ..സത്യം പറയാൻ സുപ്രീം കോടതിയായാലും ഭയക്കേണ്ടതില്ല..... നോം ഗമയിൽ നിന്നു..

കോളേജിലെ ലക്ചർമാരാത്രേ കൈകാര്യക്കാർ!...നമ്മുടെ കാര്യക്ഷമതയ്ക്ക്‌ എന്തു മാർക്ക്‌ ഇടും ലക്ചർ ഏമാന്മാർ എന്നറിയാമല്ലോ?.. അവരുടെ ബുദ്ധി നമ്മളെ പഠിപ്പിച്ച്‌ എത്ര വരെ വികസിച്ചു എന്നറിയാനുള്ള പരീക്ഷണ ദിവസം!.. ഇങ്ങനെ നമ്മൾ നടത്തുന്ന എത്രയൊക്കെ പരീക്ഷകൾ അറ്റൻഡ്‌ ചെയ്തിട്ടാണ്‌ നമ്മൾ അവർക്കൊക്കെ പ്രഫസ്സർ പദവി നൽകുന്നത്‌ എന്ന് സാധാരണ ജനത്തിനു വല്ല വിവരവും ഉണ്ടോ?

.... ക്ലാസ്സിലെ തൊരപ്പന്മാർക്ക്‌ ഒന്നും പിടികിട്ടിയില്ല....ഇവനെന്തിന്റെ ഭാവാ?... . തല തെറ്റിയോന്ന ആശങ്ക!...മീനിന്റെ ചങ്കും കരളും കരഞ്ഞ്‌ പറഞ്ഞ്‌ വാങ്ങിക്കൊണ്ട്‌ വന്ന് കാട്ടി കൊടുത്താൽ തവള മുട്ട എന്ന് പറയുന്ന ഇത്രയും അജ്ഞരായ ഒരു വർഗ്ഗം ഈ ഭൂലോക ത്തുണ്ടോന്ന് നോം ചോദിച്ചാൽ ഹി ഹി ഹി.. എന്ന് ചിരിക്കും എന്നറിയുന്നത്‌ കൊണ്ട്‌ നോം ചോദിക്കാൻ പോയില്ല.!.. ഒന്നു രണ്ടാളുകൾ നമ്മെ പ്രോൽസാഹിപ്പിച്ചു... ഏതു ഭ്രാന്തനെയും ആളുകൾ പ്രോൽസാഹിപ്പിക്കുമല്ലോ? അവർക്കൊരു രസം... നമുക്കൊരു ഹാപ്പി!.. ..പല തരത്തിലുള്ള വസ്തുക്കൾ ഉണ്ടാക്കി മറ്റുള്ള മത്സരാർത്ഥികൾ നമ്മോട്‌ മത്സരത്തിനുണ്ട്‌..കാണാലോ.. സിംഹത്തോടാ മുയലിന്റെ ചൊറിയൽ!...

.".ഇതെന്താ..?" - അവാർഡ്‌ പടം കണ്ട അണ്ടനും അടകോടനും എന്ന പോലെ ഒന്നും മനസ്സിലാകാതെ മാർക്കിടേണ്ട പുണ്യാത്മാക്കൾ വന്നു ചോദിച്ചു.. !.. ..അത്ഭുതമാണോ?..അഹമ്മതിയാണോ?.. സഹതാപമാണോ ആ മനോജ്ഞമുഖങ്ങളിൽ പൊൻ താമര പോലെ വിരിഞ്ഞത്‌.?. നമുക്ക്‌ ആകാംഷയായിരുന്നു..പിന്നെ നമ്മോട്‌ തന്നെ പുശ്ചവും!.. ഒരു കര കൗശലം കണ്ടിട്ട്‌ മനസ്സിലായില്ലെങ്കിൽ ശിൽപിയുടെ കുറ്റമാണ്‌.. അതിനാൽ ശിൽപത്തെ കുറിച്ച്‌ വിവരിച്ചു..അത്രെയെങ്കിലും അവർക്ക്‌ വിവരം വെച്ചെങ്കിൽ ക്രെഡിറ്റ്‌ ഈ മഹാപാപിയായ നമുക്കെല്ലാതെ ആർക്കാ!

"ഇത്‌ വെജിറ്റബിൾ ലോട്ടസ്‌...!.. അതായത്‌ സവാള താമര!"

അവർ ക.. മ.. മിണ്ടിയില്ല.. അറിയാത്തോരെ മാർക്ക്‌ ഇടാനാക്കിയാൽ എന്തെങ്കിലും കാര്യമുണ്ടോ?...  ലക്ചറന്മാരാണെന്നു പറഞ്ഞിട്ടെന്താ കാര്യം.. പഠിക്ക്യാ.. പഠിപ്പിക്യ.. ഈ രണ്ടു കാര്യം ഭംഗിയായി നടത്തും എന്നതൊഴിച്ചാൽ അവരുടെ കാര്യം തഥൈവ!...അല്ലാതെ ശൂന്യതയിൽ നിന്ന് കലാവാസനയെ മണപ്പിക്കാനൊന്നും അറീല്യ... വെറും ഗ്രന്ഥജ്ഞാനികൾ!.. അവരെന്തോ കുറിച്ചു വെച്ചു...ശുഭം എന്നോ മറ്റോ ആണോ?...

അടുത്ത മാരണങ്ങൾ ചെയ്തു വെച്ച ചെയ്ത്‌ നോക്കാൻ ഇറങ്ങി അവർ പുറപ്പെട്ടു. സഞ്ചിയും തൂക്കി കമ്പോളത്തിൽ പച്ചക്കറിക്ക്‌ വില ചോദിക്കാൻ നടക്കുന്നതു പോലെ!...

ഇന്ന് നാം പണ്ട്‌ കാണിച്ച ആ കരകൗശലങ്ങൾ ചാനലുകളിൽ ഏദൻ തോട്ടത്തിൽ നിന്ന് ഫ്ലൈറ്റിൽ ഇപ്പോൾ വന്നതേയുള്ളൂ  തുണി ഉടുക്കാൻ സമയം കിട്ടീല്യ എന്ന മട്ടിൽ വന്നിറങ്ങുന്ന തരുണീ മണികൾ കൊഞ്ചി കൊഞ്ചി പറഞ്ഞ്‌ കാണിക്കുമ്പോൾ പഴയ നമ്മുടെ ലക്ചർ ഏമാന്മാർ
 അതിന്റെ പ്രാധാന്യം മനസ്സിലാക്കി തല കുമ്പിട്ട്‌, കുമ്പിട്ട്‌ ഉറങ്ങി പോയിട്ടുണ്ടാവും!... ചിലപ്പോൾ കുറ്റബോധം തോന്നും അവർക്ക്‌!.. പോട്ടേ ചെയ്ത ചെയ്ത്ത്‌  വർഷങ്ങൾ കഴിഞ്ഞാൽ, പറഞ്ഞു കുമ്പസാരിച്ച്‌  കാലിനു വീണു മാപ്പപേക്ഷിച്ചിട്ട്‌ നമുക്കെന്താകാൻ.." അപ്രകാരം ഭവിക്കട്ടെ...മംഗളം ഭവിക്കട്ടേ. ശുഭാസ്തു.. "എന്ന് പറയാം അത്ര തന്നെ... അതായത്‌ ഫ്രൂട്ടുകൾ കൊണ്ട്‌, പച്ചക്കറികൾ കൊണ്ട്‌ പലതരത്തിലുള്ള കരകൗശല വസ്തുക്കൾ ഉണ്ടാക്കുക.. പക്ഷികൾ, കാട്‌, തുടങ്ങിയവ!. മനസ്സിൽ തോന്നുന്നതെന്തും!.. ഇതൊക്കെ ഇപ്പോൾ വല്യ വല്യ സ്റ്റാർ ഹോട്ടലുമാർ നടത്താറുണ്ട്‌......അതവർ കണ്ടിട്ടാണ്‌ നമ്മുടെ കൗശലം നോക്കീതെങ്കിൽ നമുക്ക്‌ ഫസ്റ്റ്‌ കിട്ടിയേനേ!.. നമ്മുടെ ജഡ്ജസ്‌ മത്തി പൊരിച്ചതും കൂട്ടി ഒരു പിടി പിടിക്കുംന്നല്ലാതെ വല്ല സ്റ്റാർ ഹോട്ടലും സന്ദർശിച്ചിട്ടുണ്ടോ..? ഇല്യ.. നോം സന്ദർശിച്ചിട്ടുണ്ടോ?.. ഇല്യ.. പക്ഷെ നോമും അവരും തമ്മിൽ വ്യത്യസ്തതയുണ്ട്‌... നോം എല്ലാ വിദൂരതയിലുള്ളതും അടുത്തു കാണും.. സത്യം പറഞ്ഞാൽ....

....ഒരു പിണ്ണാക്കും കിട്ടിയില്ലാന്ന് സാരം..!

"..എന്താടാ ഒന്നും കിട്ടീലേ!"- സങ്കടപ്പെടുമെന്നോർത്ത്‌ ഒരു ജന്മം നമ്മുടെ പിറകേ..

" നോം പറഞ്ഞു.." പ്രീയ സോദരാ.. പങ്കെടുക്കൂ .. സന്തോഷിക്കൂ... പറ്റില്ലാച്ചാൽ വായടക്കൂ.. സന്തോഷിക്കൂ...അല്ലാതെ കുറ്റവും കുറവും കണ്ടു പിടിച്ച്‌ മാർക്കിടാൻ നാം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല... നമ്മുടെ തലയുടെ സ്ക്രൂ ആണി ഇളകിയിരിക്കയാ.. ഇന്നത്‌ ചെയ്യും എന്ന് പറയാൻ പറ്റില്ല.. പിന്നെ നിന്റെ അടിയും കൊണ്ട്‌ നോം വീട്ടിൽ പോകേണ്ടി വരും പറഞ്ഞേക്കാം!"

നമ്മുടെ താക്കീത്‌ അവന്‌ ശരിക്കും ഏറ്റു!

" അവൻ പറഞ്ഞു " പോട്ടെടാ.. നിന്റെ വിഷമം എനിക്കറിയാം.. വാ..അവൻ കാന്റീനിൽ നിന്ന് ഒരു ബോണ്ട വാങ്ങി പകുതി തന്നു.നമ്മുടെ വിഷമം മാറ്റി... സമ്മാനം അവന്റെ കൈയ്യിൽ നിന്നാണ്‌ വാങ്ങിക്കുവാൻ ദൈവം വിധിച്ചതെങ്കിൽ അതാകട്ടേ...നോം നിശ്ചയിച്ചു...കറുമുറ ചവച്ചു തിന്നു... അതെടുത്ത്‌ മിക്സീൽ അടിക്കണം എന്നു തോന്നിച്ചു.. കാന്റീൻകാർ ചൂടാക്കി, ചൂടാക്കി വെച്ച എത്ര ദിവസത്തെ പഴക്കമുള്ള ആവി പറക്കുന്ന ബോണ്ടയാണ്‌ നമ്മുടെ ആട്ടുകല്ലിലിട്ട്‌ ആട്ടേണ്ടത്‌? പല്ലിന്റെ സ്ക്രൂ ആണി കയ്യിൽ വരുമല്ലോ? ..പോട്ടെ അവൻ വാങ്ങി തന്നതല്ലേ.. ആഗ്രഹിച്ച്‌.. കൊതിപ്പിച്ചിട്ട്‌! .. ഇല്ലാച്ചാൽ ജീവിതത്തിൽ അവൻ കാന്റീനിൽ നിന്നും ഒരു പഴം പൊരിയുടെ നേരിയ പൊരി കൂടി  ആർക്കും കൊടുക്കുന്നത്‌ നോം ഇതുവരെ കണ്ടിട്ടില്ല.. നമുടെ കൗശലം അത്രേയ്ക്ക്‌ അവന്‌ ബോധിച്ചൂന്ന് സാരം!...

മതി..നല്ലവനായ ഒരു ആസ്വാദകൻ മതി.. അല്ലാതെ ലോകം മുഴുവൻ നമ്മുടെ കൃഷി വ്യാപിപ്പിക്കാൻ ഒരു പദ്ധതിയും ഇല്ല.. കമ്മീഷൻ ഏജന്റിനെ വെക്കാനോ?ഫ്രാഞ്ചൈസി വെക്കാനോ താൽപര്യവും ഇല്ല!.. പണ്ടെത്തെ ചെയ്ത്തിന്റെ ഗുണം ഇപ്പോഴും മനസ്സിലുണ്ട്‌..!

രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ നാം വിചാരിച്ചിരുന്നു ഒരു രാജാ രവി വർമ്മയായാലോന്ന്.. ..വിചാരിച്ച്‌ ചുമ്മാ മനക്കോട്ട കെട്ടിയിരുന്നില്ല പ്രവർത്തി പഥത്തിലെത്തിച്ചു..അമ്മാവന്മാർ വീടെടുത്തു കൊണ്ടിരിക്കുന്ന സമയം.. ചുമരൊക്കെ സിമന്റു പൂശിയിരിക്കുന്നു. .കൊള്ളാം വല്യ മോശമില്ല..  .. നോം കരുതി ഒരു ഏണി വരച്ച്‌ അതിനെ ആർഭാടമാക്കിയാലോന്ന്!... അതിന്റെ കൊഴപ്പമേ ബാക്കിയുള്ളൂ.. ബാക്കിയെല്ലാം ഒരു വിധം ഓ.കേ....അണ്ണാറക്കണ്ണനും തന്നാലായത്‌ എന്നല്ലേ.. നോം നിശ്ചയിച്ചു..


.. .ഒരു ആണി കയ്യിൽ കിട്ടി അതെടുത്ത്‌ ഒരു റൂമിലെ ചുമരിൽ പണിപ്പെട്ട്‌ ഒരു ഏണി വരച്ചു വെച്ചു..കലാ സപര്യ.. ഒറ്റയ്ക്ക്‌ ആരോടും പറയാതെ ധ്യാനത്തിനവസാനം ഒരു വിധത്തിൽ  വരച്ചു.... നിർവൃതി പ്രാപിച്ചു..അമ്മയോ..ഏട്ടനോ.. ആരും കണ്ടില്ല.. കണ്ടിട്ടെന്തിനാ വെറുതെ നമ്മളുടെ ദേഹം വെടക്കാക്കുന്നത്‌.. എന്തായാലും ഒരു പ്രോൽസാഹനവും തരാത്തവരാ അവർ!. ..അങ്ങിനെയല്ലേ രാജാ രവിവർമ്മയൊക്കെ.. നിങ്ങളു പറ!...വരക്കെടാ ചുമരിൽ എന്ന് പറയാൻ അദ്ദേഹത്തിന്‌ ആളുകൾ ഉണ്ടായിരുന്നു.. നോം ആരോടും പറഞ്ഞില്യ... ആരെയും വിളിച്ചു കാട്ടീട്ടും ഇല്യ.... പക്ഷെ ആസ്വാദകർ മണത്തു മണത്തു കണ്ടു പിടിച്ചു.. വീടെടുക്കാൻ ചുമതലപ്പെട്ട മറ്റൊരു തല മുതിർന്ന അമ്മാവൻ!..

ചിത്രം കണ്ട്‌ "ക്ഷ" ബോധിച്ച ഘന ഗംഭീര സ്വരത്തിനുടമയായ ആ മഹാപണ്ഡിതൻ, കേരള കലാ സാഹിത്യ അക്കാദമി അവാർഡു വാങ്ങിയ ആ മഹാനിധി നമ്മെ വിളിച്ചു..
"ഇങ്ങടുത്തു വാ!"
" നോം പോയി.. എന്തെങ്കിലും കാര്യമില്ലാതെ ഏഴാം കൂലിയായി നടക്കുന്ന നമ്മെ വിളിക്കാൻ ചാൻസില്ലല്ലോ?.. അദ്ദേഹത്തിനു സാധിക്കാത്ത എന്തൊ വല്യ പണി നമ്മെകൊണ്ട്‌ സാധിക്കാനുണ്ട്‌ എന്നാണ്‌ നാം കരുതീത്‌!
" ഉം"-ഒരു മൂളൽ...അതും നമ്മെ നോക്കിയിട്ട്‌!..എന്താ പറയ്ക!
" നീയ്യെവിടാരുന്നൂ"- ഘനഗംഭീര സ്വരം!
" വെള്ളം നിറച്ച  ഗ്ലാസ്സിൽ ഐസിട്ടാലുണ്ടാകുന്ന നേരിയ സ്വരത്തൊടെ നാം.. "ഇവിടെയുണ്ടായിരുന്നു.."
" ഉം" -പിന്നെയും ശബ്ദത്തിനെന്തോ പന്തികേട്‌!
നമ്മെ അടുത്ത്‌ വിളിച്ചു ചോദിച്ചു.." ഇതാരാ വരച്ചത്‌?"
നോം ഒന്നും മിണ്ടീല.. സ്വരം സ്വന പേടകത്തിൽ പൂട്ടി വെച്ചു.... നേരിയ വിറയൽ!
"നീയ്യല്ലേ?"- ദിഗന്തം മുഴങ്ങുന്ന അട്ടഹാസം പോലെത്തെ സ്വരം!
"നോം തലയാട്ടി...നാവു വരണ്ടു.. ശബ്ദം പമ്പ കടന്നു... ശരണം വിളിയിലെത്തി.." രക്ഷിക്കണേ മഹാമായേ!.....നമ്മളുടെ ജീവനെങ്കിലും വിട്ടു തരാൻ കനിവുണ്ടാക്കണേ...!!"
അദ്ദേഹം കൈയുയർത്തി നമ്മുടെ ചെവി പരുതി...പിടുത്തമിട്ടു...പിന്നെ ചെവിയും തലയും ആ വലിയ കൈയ്യിൽ കിടന്ന് ഒരു പാട്‌ നേരം തിരിഞ്ഞു.. അദ്ദേഹത്തിനു തൈരു കടയാൻ ഭയങ്കര എക്സ്പീരിയൻസാണെന്നു തോന്നുന്നു.. കടഞ്ഞു കടഞ്ഞു ഊപ്പാട്‌ ഇളകിയപ്പോൾ ഒരു റെസ്റ്റ്‌ തന്നു..പക്ഷെ ചെവി വിട്ടില്ല വിടാനൊരു പ്രങ്ങ്യാസം!

." ഇദ്ദേഹമെന്താ നമ്മുടെ ചെവി ഊരിയെടുക്കാൻ പണി പെടുകയാണോന്ന് ചിന്തിക്കാൻ കൂടെ പറ്റിയില്ല.. ആ ബലിഷ്ഠകരങ്ങളിൽ ചെവി ചതഞ്ഞരഞ്ഞു..

" നീ ഇത്ര വലിയ ഏണി വരച്ചു വെക്കുമെങ്കിൽ നോമെന്തിനാ ആശാരിയുടെ പിറകെ നടക്കുന്നത്‌?..നീ പോരേ!"
അദ്ദേഹം പിന്നെയും ചെവിയെ വിടാൻ ഭാവമില്ലാതെ ഞെരിച്ചു..
" രാജാ രവി വർമ്മയാണോ നീ?"
ആകാൻ ശ്രമിക്കുകയാണ്‌ എന്നോ അല്ല എന്നോ ഒന്നും പറയാൻ പറ്റീയില്ല..കരഞ്ഞു കൊണ്ടിരുന്നു..
" ഇനിയിത്‌ ആവർത്തിക്ക്വോ?"
"ഇല്യാ"-കരഞ്ഞു പറഞ്ഞിട്ടും അദ്ദേഹത്തിനു നമ്മുടെ ചെവിയോടുള്ള സ്നേഹം തീരുന്നില്ല.. ..
" നീയ്യൊക്കെ ഏണി വരച്ചു നടന്നാൽ ആശാരിപ്പണിക്കാർ പട്ടിണിയിലാവില്ലേ?"
..ശര്യന്നെ...നോം എന്തു മണ്ടത്തരമാ കാട്ടീത്‌!.. നോം കരഞ്ഞു...
ഒരു വിധം അദ്ദേഹം പിടുത്തം വിട്ടു..പാവം പിള്ളാരുടെ ചെവി കണ്ടാൽ ഇങ്ങനെയുമുണ്ടോ ഒരു ആക്രാന്തം!
ചെവി അവിടെ ഉണ്ടോ അതോ.. ആ മഹാത്മാവ്‌ ബലാൽക്കാരേണ അതെടുത്ത്‌ വിശുദ്ധമായ വെള്ള ഖദറിന്റെ പോക്കറ്റിലിട്ടോ എന്നൊന്നും മണിക്കൂറുകൾ കഴിഞ്ഞിട്ടും നമുക്ക്‌ മനസ്സിലായില്ല.. സംഭവം അവിടെയില്ലാത്ത പോലെ....എന്തോ ഒരു തരിപ്പ്‌!

കിട്ടട്ടങ്ങനെ.. കിട്ടട്ടെന്ന് പൊട്ടിച്ചിരിച്ചു കൊണ്ട്‌ എരിവു കൂട്ടിക്കൊണ്ട്‌ ഏട്ടൻ!
കുറേകാലം കഴിഞ്ഞു നോം വളർന്നു വന്നപ്പോഴാ അദ്ദേഹത്തിന്‌ അവാർഡ്‌ കിട്ടിയത്‌.. അപ്പോൾ മനസ്സിലായി.. ഇത്‌ അതു തന്നെ.. നോം രാജാ രവി വർമ്മയെ പോലെ വല്യ ആളായാൽ അദ്ദേഹത്തിന്‌ ഷൈൻ ചെയ്യാൻ പറ്റുമോ?... ഇല്യാ.....ച്ചാൽ നമ്മെ ഒടിച്ചു മടക്കി.. നമ്മുടെ കലാവാസന വാസനയില്ലാത്ത പുഷ്പം പോലെയാക്കി.. ആരും മണപ്പിക്കാത്ത വകയാക്കി മൂലയ്ക്കാക്കി..കുടുംബത്തിലെ ഒരു ചിത്രകാരന്റെ തേജോപ്രഭാവം ഒരു ചെവി പിടുത്തത്തോടെ നാമാവശേഷമാക്കി....

ഇവിടെ രാജാ രവി വർമ്മയ്ക്ക്‌ ചിത്രം എവിടെയും വരയ്ക്കാം... വീട്ടുകാർ ഇഷ്ടം പോലെ പ്രോൽസാഹിപ്പിച്ചു....ആളുകൾ കൈയ്യടിച്ചു പ്രോൽസാഹിപ്പിച്ചു...ഈ പാവപ്പെട്ടവൻ സിമന്റിട്ട ചുമരിൽ ഒന്നു കോറി വരച്ചപ്പോഴേക്കും ആൾക്കാരൊക്കെ ആക്രമാസക്തരായി.. വീട്ടുകാർ വേണം ആദ്യം പ്രോൽസാഹിപ്പിക്കാൻ.. പിന്നെയല്ലേ നാട്ടുകാരും ലോകവും!...വീട്ടുകാർക്ക്‌ നമ്മെ കാൽ കാശിനു വിലയില്ല.. പിന്നെയല്ലേ നാട്ടുകാർക്ക്‌!...രത്നത്തിന്റെ വിലയറിയാത്തോർക്ക്‌ കിട്ടിയാൽ ചവിട്ടു നാടകത്തിനുപയോഗിക്കും ...ശിവ.. ശിവ...നമുക്കിവരെ തിരുത്തുവാനുള്ള ശേഷിയില്ലെന്നായപ്പോൾ നോം ആ പണിയിൽ നിന്ന് പാതി വെച്ച്‌ റിട്ടയർ ചെയ്തു...പെൻഷ നൊന്നും അപേക്ഷിച്ചിട്ടില്ല..എന്തു ചെയ്യാൻ കാലം തികച്ചില്ലല്ലോ.. പോട്ടെ.. നമ്മുടെ ജീവിതം ഇങ്ങനെയൊക്കെയെങ്കിലും പോയാൽ മതിയേ.....!!

3 അഭിപ്രായങ്ങൾ: