ഞാനർത്ഥശൂന്യത വിളമ്പും,
നീയ്യക്കമിട്ടെന്നിൽ അപരാധവും!
ഞാൻ നിൻ ബന്ധുവിപ്പോഴും,
നീയ്യന്നേയെൻ ശത്രു!
വിദ്വേഷത്തിൻ ചെതുമ്പലുകൾ-
തട്ടി കളഞ്ഞ പകലുകൾ,
പരിഭവലേശമന്യേ,
നിനക്കേകിയത് തട്ടിമാറ്റി,
അഹങ്കാരത്തിൻ തൂവൽ,
കോർത്തുകെട്ടിയ,
അന്ധകാരച്ചിറകുകൾ,
നീയ്യണിഞ്ഞു പറക്കാനാഞ്ഞ്-
ധർമ്മത്തിൻ ആൽമരത്തിൽ തട്ടി,
വീണു കിടക്കവേ,
ഞാനേകിയ സ്നേഹത്തിൻ-
കണം കുടഞ്ഞെറിഞ്ഞെ-
വിടെയ്ക്കായിഴയുന്നു,
ഏത് ഉണ്മയ്ക്കായ്
വേഴാമ്പലായി നീ,
മിഴികൾ തുറന്ന് കാക്കുന്നു.
വിശ്വാസമില്ലാതെ നീയ്യെന്നെ-
ചുഴ്‌ന്നു നോക്കുന്നതിൽ,
അവിശ്വാസിയായി ഞാൻ,
നടന്നു മറയുമ്പോൾ,
നിന്റെ സൽക്കാരമായ്
മുന്നിൽ കള്ളക്കുഴി,
സീൽക്കാരമായ്
പിറകിൽ കുന്തമുന!
നിൻ മുഖപങ്കജത്തിൽ
ഞൊടിയിൽ,
കണ്ണൊന്നയച്ചു ഞാൻ,
തിരിഞ്ഞു നിന്നു.
ഭാഗ്യം നിൻ ചുണ്ടിൽ പുഞ്ചിരി,
ആഹ്ലാദത്തിൻ അലയൊലി!
മതി എനിക്കതു മതി!
വീണ്ടും എൻ നാശത്തിനായി
മിഴിയടച്ച് നീ കേഴുമ്പോൾ,
പുഞ്ചിരിച്ചു ഞാനകന്നു,
ഭാഗ്യം അന്നേ നീയ്യെന്നെ
ശത്രുവാക്കിയത്!
ഇല്ലായ്കിൽ ബന്ധുവെന്നോർത്ത്
മിഴി തുടച്ചേനേ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ