ഒൻപതാം ക്ലാസ്സിലെ ക്ലാസ്സ് മാഷ് ആളത്ര ശരിയല്ല..മറ്റൊന്നുമല്ല ഒരു കൈയ്യില്ല.. പാവം.. പക്ഷെ കൈയ്യിലിരിപ്പോ അപാരം!..സത്യം പറയാലോ നല്ല മാഷായിരുന്നു..കണക്ക് ഇങ്ങനെ ഒക്കെയാണെന്ന് പഠിപ്പിച്ചത് ആ മാഷു തന്നെയായിരുന്നു.. സൂചി വീണാൽ കേൾക്കുന്ന നിശബ്ദതയോടെ നാം ക്ലാസ്സ് ശ്രദ്ധിച്ചു .. അതിന്റെ ഗുണവും ഉണ്ടായിരുന്നു..
എസ്. ഐ ആയിരുന്നത്രെ ആദ്യം... ഭയങ്കര സ്ട്രിക്റ്റൻ!..ഗംഭീരൻ!.. എന്നൊക്കെ പറയാം.. പക്ഷെ നെക്സലുകൾ നടമാടിയിരുന്ന ഒരു കാലം .. ഏതോ നെക്സൽ അദ്ദേഹത്തിന്റെ ശല്യം സഹിക്കവയ്യാതെ ബോംബെറിഞ്ഞൂ വത്രെ... ഒരു കൈ മുറിച്ചു കളയേണ്ടി വന്നു... അതോടെ മാഷിന്റെ ഉദ്യോഗത്തിലേക്ക് തിരിഞ്ഞു..... ക്ലാസ്സും അതേ സ്റ്റൈലിലാണ്.."..എഴുന്നേൽക്കെടാ .. ഉത്തരം അറിയോടാ..സമവാക്യം അറിയോടാ .. ഇല്ലെങ്കിൽ വാങ്ങിക്കോടാ..എന്താടാ പഠിക്കാഞ്ഞത്.. വീട്ടിൽ എന്താടാ പണീ! ടിഷ്യം ടിഷ്യം എന്ന മട്ട്..."
...എന്തൊക്കെ പണി കഴിഞ്ഞിട്ടാണ് വീട്ടിൽ നിന്നും റെസ്റ്റ് കിട്ടുമ്പോൾ ഇടവേളയിൽ ഓടിക്കിതച്ച് ഈ പണിക്ക് വരുന്നതെന്ന ഒരു വിചാരവും മാഷിനില്ല!...നമ്മുടെ മനസ്സിന്റെ നന്മ കൊണ്ട്, നമ്മൾ ഫ്രീ ആയി അവിടെ പണിയെടുക്കാൻ എന്തായാലും വരും എന്ന മാഷിന്റെ മനസ്സിന്റെ വിചാരമല്ലേ അങ്ങിനെയൊക്കെ നമ്മെ ചീത്തവിളിക്കേം അടിക്കെം ചെയ്യാൻ പ്രേരിപ്പിക്കുന്നത്!...വല്ല ചില്ലറപൈസ പോലും തന്നിട്ടാണോ?... അണ പൈ നമുക്ക് തന്നിട്ടൂല്യ .. നമ്മൾ ചോദിച്ചു വാങ്ങീട്ടുല്യ..
....ഒരു കണക്കിന് നമ്മുടെ വീട്ടുകാരെ പറഞ്ഞാൽ മതീല്ലോ?..രാവിലെ എഴുന്നേറ്റ് "പണിക്ക് പോടാ .. പണിക്ക് പോടാന്നും പറഞ്ഞ് ചോറും കറീം വെച്ച് നമ്മൾക്ക് തരും.. ഇന്ന് റെസ്റ്റ് എടുത്തോട്ടേ ചുമ്മാ ഒരു രസത്തിന് " എന്നു ചോദിച്ചാൽ "ഓടെടാ" എന്നു പറഞ്ഞ് ഓടിക്കും... ആ ഒറ്റ ഒരു വിഷമം കൊണ്ടാ നമ്മൾ ഈ അനുഭവിച്ചു കൂട്ടിയത്!
രണ്ടു കൈയ്യും ഉള്ളപ്പോൾ മാഷിന്റെ ഉദ്യോഗത്തിലേക്ക് വന്നിരുന്നുവെ ങ്കിൽ നമ്മളുടെ വാരിയെല്ലിന്റെ കണക്ക് അദ്ദേഹം ഹെഡ്മാഷിന്റെ റൂമിൽ കൊണ്ടു പോയി ഫ്രെയിം ചെയ്ത് തൂക്കിയേനേ... ഒന്നാമൻ 12, രണ്ടാമൻ 14 മൂന്നാമൻ 8 എന്നിങ്ങനെ!..നമ്മളുടെ ഒരു കളർ ഫോട്ടൊയും ഉണ്ടായേനേ!... ഒരു കൈ മാത്രമായിട്ടു കൂടി നമ്മളുടെ കൈ എപ്പോഴും പണിയെടുത്ത ക്ഷീണം അനുഭവിച്ചു..അത്രേയ്ക്കും അടി കൈകൾ ഏറ്റു വാങ്ങിയിരുന്നു....
നമ്മളെല്ലാം സൂത്രവാക്യങ്ങൾ ഖനനം ചെയ്തു മനനം ചെയ്ത് ഒരു സൂത്രവും അറിയാത്തവരായി.. അദ്ദേഹം ചോദിക്കുമ്പോൾ എല്ലാം പരസ്പരം മാറിപ്പോവും അത് എത്ര അറിയുന്നവനായാലും.. പണ്ഡിതോത്തമനായാലും!....ഒരു പോലീസ് മുറ!..ചോദ്യം ചെയ്യലിൽ ഉത്തരം കിട്ടിയാൽ കിട്ടി.. സിറ്റ് ഡൗൺ!....ഇല്ലെങ്കിലും കിട്ടി....സിറ്റ് ഡൗൺ!....എന്ന തരക്കാരായിരുന്നു നമ്മൾ!
അങ്ങിനെ മൂന്നാം മുറ എന്താണെന്ന് ആദ്യമായി അറിഞ്ഞു... നമ്മുടെ പിത്തമെല്ലാം എങ്ങോ പോയി മറഞ്ഞു.... ജൂഡോയിൽ അല്ലെങ്കിൽ കരാട്ടെ ക്ലാസ്സ് കഴിഞ്ഞ പ്രതീതി.. അതോ കളരിപ്പയറ്റ് അഭ്യാസം നടത്തുന്ന ഒരു സുഖമോ...രാവിലെ അഭംഗ്യസ്നാനം (എണ്ണ തേച്ചു കുളി) നടത്തണം... വരണം...ചവിട്ടി തടവുന്ന ആൾ വരും....ശരീരസുഖം .. മനസ്സുഖം.!..അത്രേന്നെ!
..പിന്നെ പിന്നെ അതൊരു ശീലമായപ്പോൾ മാഷ് ഇന്നെന്താ പച്ച പാവമായത് " അടിയൊന്നും ഇല്ലേ.. ഛേ വെറുതേ വന്നൂ എന്നു വരെ പലർക്കും തോന്നീട്ടുണ്ടാവും... കിണറ്റിലെ തവളകളെ പോലെ എങ്ങും പോകേണ്ട അവിടെതന്നെ നിന്നാൽ മതിയെന്നു വരെ തോന്നി.. അല്ലെങ്കിലും വേഗം പത്താം ക്ലാസ്സിൽ പോയിട്ട് എന്തെടുക്കുവാനാ...ഇതു പോലെ നല്ലവണ്ണം കണക്കു കൂട്ടാൻ പഠിച്ചിട്ട് പോയാൽ പോരെ എന്നൊക്കെ തോന്നിപ്പോയി...തോന്നൽ വേണം.. പക്ഷെ അമിത ചിന്ത പാടില്ല... ഭ്രാന്തായിപ്പോകും!
എത്ര അടി കിട്ടിയാലും കുറ്റവാളിക്ക് പോലീസ് ഏമാന്മാരോടും ഏമാന്മാർക്ക് കുറ്റവാളിയോടും പരസ്പരം വേർപ്പെടുത്താൻ കഴിയാത്ത സ്നേഹം ഉണ്ടാവുമത്രെ.. ഹൃദയബന്ധംഉണ്ടാവുമത്രെ!
"...എടാ കുട്ടപ്പാ.. കുനിഞ്ഞു നിന്നേ ഇന്നത്തെ കോട്ട.. എന്ന കണക്ക്.!"
".. ഏമാനെ തുടങ്ങിക്കോ കുനിഞ്ഞു നിന്നിട്ടുണ്ടേ.." എന്ന ശരീരശാസ്ത്രം!
ഏമാനു കൈതരിപ്പ് മാറ്റണം എന്ന ചിന്ത... കുറ്റവാളിക്ക് എണ്ണയിട്ട് ദേഹാസകലം ചവിട്ടി തടവുന്ന ഒരു സുഖവും!..ആഹഹ.. വാഹ് .. വാഹ്!..സബാഷ്!
അതാണ് കുറെ കാലം അവിടെ കഴിഞ്ഞ കുറ്റവാളികൾ എല്ലാം പറുക്കി കെട്ടി സന്യസിക്കാനെന്ന മട്ടിൽ ശിക്ഷ കഴിഞ്ഞിറങ്ങുമ്പോൾ ഏമാന്മാരും കുറ്റവാളികളും കെട്ടിപ്പിടിച്ച് കരയുന്നത്!.. ഉച്ചത്തിലല്ലേങ്കിലും, പുറമേയല്ലേങ്കിലും മനസ്സിലെങ്കിലും!.. പിരിയാൻ വയ്യാണ്ടായിന്ന് സാരം!.. സഹവാസഗുണം!..രണ്ടു പേർക്കും തുല്യ അളവിൽ!
നമ്മളും കരഞ്ഞു.. ഇനിയെങ്കിലും പഴേ പോലെ കഴിയാൻ ഭാഗ്യോണ്ടാവോ?..പത്താം ക്ലാസ്സിലും അദ്ദേഹം വലിഞ്ഞു കയറി വരുവോ?...അഭംഗ്യസ്നാനം നിന്നു പോവുമോ ആവോ?
എല്ലാ മാഷുമാരും നല്ലോരായിരുന്നല്ലേ?.............ഏതായിരുന്നു സ്കൂള് ?
മറുപടിഇല്ലാതാക്കൂ