കഴിഞ്ഞ ലക്കത്തിൽ പറഞ്ഞ ആ മാന്യദേഹം അതായത് സാക്ഷാൽ ഏട്ടൻ അവർകൾ ബോംബെയിലേക്ക് പോയി തിരികെ വരികയാണ്.. അദ്ദേഹത്തിന്റെ സന്ദർശനോദ്ദേശ്യം പെങ്ങളെയും അളിയൻസിനേയും കണ്ട് അവിടെത്തെ നിലവാരം നേരിൽ കണ്ട് ബോധ്യപ്പെട്ട് റിപ്പോർട്ട് ചെയ്യുക എന്നതു തന്നെയാണ്..
അമ്മ "മോനേ സൂക്ഷിച്ച് പോകണേന്നും" പറഞ്ഞ് കൊടുത്ത അച്ഛന്റെ പൈസയ്ക്കാണ് പോയത്..അല്ലാതെ അങ്ങോരുടെ പൈസയ്ക്കല്ല!..അങ്ങേർ കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് വിഷമിച്ച് യാത്ര തിരിച്ചതാണെന്ന് ഓർത്ത് അങ്ങിനെ പുളിക്കാമെന്ന് ആരും കരുതേണ്ട!..സത്യത്തിൽ ഒരു ഫ്രീ ടിക്കറ്റ്...അച്ഛന്റെ പൈസ! അമ്മയുടെ വക!.. ഒരു റിഫ്രേഷ്‌മന്റ് യാത്ര!... ഐ മീൻ വിനോദയാത്ര!..
തിരിച്ചു വന്നത് ഒപ്പം ഒരു വയസ്സനേയും ഇമ്പോർട്ട് ചെയ്തു കൊണ്ടായിരുന്നു..അളിയൻ കൂട്ടിന് ഏർപ്പാടാക്കികൊടുത്ത ഒരു വയസ്സൻ!..നമ്മളുടെ സഹന ശക്തി എത്രത്തോളം വരുമെന്ന ഒരു പരീക്ഷണം..!! അല്ലാണ്ടെന്തു പറയാൻ! ....
അദ്ദേഹം നാടുവിട്ട് പോയിട്ട് വർഷങ്ങളായത്രേ.. നാടു കാണണമെന്ന പൂതി കയറി,കയറി കാടു കയറി നിൽക്കുമ്പോൾ ശല്യമായപ്പോൾ എവിടെയെങ്കിലും പോയി ലേശം സമാധാനം തരട്ടേ എന്നു കരുതി അദ്ദേഹത്തെ മക്കൾ കയറൂരി വിട്ടതു തന്നെയാണ്.. എന്ന് നമുക്ക് തോന്നി.. കെളവൻ പച്ച കോട്ടിലാണ്!..അതു ഒരിക്കലും ഊരാറില്ല എന്നു പറഞ്ഞു നമ്മുടെ ചേട്ടച്ചാർ!..
മണത്തോണ്ട് വന്നതല്ലേ..അതിനാൽ എക്സ്പീരിയൻസ് ഉണ്ട് അദ്ദേഹത്തിന്! ..നാറ്റത്തിനു മറുമരുന്നായി നല്ല വാസനാ തൈലവും പുരട്ടിയതിനാൽ രണ്ടിന്റെയും മണം ഒന്നു ചേർന്ന് ഓക്കാനം വരും!.. വേണ്ടെന്ന് പറഞ്ഞെങ്കിലും ഇവിടെ ആവശ്യത്തിനു വെള്ളം ഉണ്ട്.. പാഴാക്കി കളയുന്നതിന് ഒരു മടിയും വേണ്ട എന്ന് മനസ്സിൽ പറഞ്ഞ് "കുളിച്ചോളൂ ..യാത്ര ചെയ്ത് ക്ഷീണിച്ചതല്ലേന്നും" പറഞ്ഞ് നമ്മൾ നിർബന്ധിച്ചു കുളിക്കാൻ പറഞ്ഞയച്ചു...അയാൾക്ക് പ്രശ്നമില്ലെങ്കിലും നമുക്ക് ജീവിക്കേണ്ടേ.. നല്ല കഥ!
കോളേജിൽ പോക്കെന്ന മഹാവ്യാധി നമ്മെ അലട്ടുന്നുണ്ട്..!..അതൊരു ശീലമായതിനാൽ നമുക്കതൊരു വിഷയോം ഇല്യാണ്ടായിരിക്കുന്നു?..
അവർ വന്നയുടനേ കോളേജിൽ പോകാനാഞ്ഞ നമുക്കിട്ട് ചേട്ടച്ചാർ പണി തന്നു.." എടാ ഓടിപ്പോയി.. ചായയ്ക്ക് അങ്ങേർക്ക് കഴിക്കാനുള്ള പഴം, ബിസ്ക്കറ്റ് ,പാല് എന്നിവ വാങ്ങിക്കൊണ്ടു വാ"
"നമുക്ക് കോളേജിൽ പോണം!"-നോം തുറന്നടിച്ചു.
"അതു സാരമില്ല!.. വേഗം ഓടി വാ"
നമ്മളോട് പിടയ്ക്കാൻ പറഞ്ഞ് നല്ല പിടയ്ക്കുന്ന നോട്ടെടുത്തു തന്നു..അതു കണ്ടപ്പോൾ നോം കരുതിപ്പോയി അങ്ങേർ വല്ല കള്ള നോട്ടടിയും തുടങ്ങി ബഹുമാന്യനായോ?...ഒരു പത്തു രൂപ തരുന്ന സിമ്പിൾ അറ്റെംപ്റ്റ്!..അതെല്ല ഉദ്യോഗോം പോക്കറ്റിലിട്ടാണോ വരവ്!..അങ്ങിനെയല്ലേ ഇക്കാലത്ത്..പൈസ എങ്ങിനുണ്ടാക്കീ എന്നാരും ചോദിക്കില്ല.. പത്തു രൂപയുണ്ടെങ്കിൽ വണക്കം തമ്പ്രാന്ന് ആളുകൾ കുമ്പിടും..അത് കട്ടിട്ടോ ചുട്ടിട്ടോന്നൊരു നോട്ടോം ഇല്യാ...മന്ത്രം ചൊല്ലീട്ടായാലും ചുട്ട കോഴീനെ പറത്തീട്ടായാലും കായ് ഉണ്ടാകണം .. അത്രേ വേണ്ടു.. ഒന്നും ഇല്യാത്തോനായാലോ ചവിട്ടും നായേന്ന മട്ടാ...പക്ഷെ ഇതതൊന്നും അല്ല..ഒപ്പം കിളവനുള്ളതല്ലേ അളിയൻസ് ടിക്കറ്റെടുത്ത് പോക്കറ്റ് മണീസും കൊടുത്ത് വിട്ടിട്ടുണ്ടാകണം..അമ്മ കൊടുത്ത പൈസ ചിലവായിട്ടും ഉണ്ടാകില്ല!.അതേ അതായിരുന്നു സത്യമെന്ന് പിന്നീട് അറിഞ്ഞു...
"നോം ദേഷ്യത്തിൽ നോക്കി.. കിളവനോക്കെ ബിസ്ക്കറ്റും പഴവും പാലുമേ കഴിക്കൂല്ല്യേ... പറ്റിയ പ്രായം!... കുപ്പി പാലു തരാലോ.. ന്റെ കുഞ്ഞിക്ക്..നിപ്പിളും വേണോ?"നോം മനസ്സിൽ പറഞ്ഞു..
"നോം ഓടി.."
നമുക്ക് കോളേജിൽ പോകാൻ നേരായിരിക്കുമ്പോഴാ അങ്ങേരുടെ ഒരു എഴുന്നള്ളത്ത്!...കൈയ്യും കാലും കാട്ടിയാലും ബസ്സ് നിർത്തില്ല.. പിന്നെ ഹൃദയം വരെ പറിച്ചെറിഞ്ഞ്.." മഹാപാപി നിർത്തി താ!" എന്ന് മനമുരുകി പ്രാർത്ഥിച്ചാലാ ഒരു ബസ്സെങ്കിലും നിർത്തുക!
കഴിക്കട്ടേ നല്ലോണം .പാലും പഴവും മാത്രം കഴിച്ച് അങ്ങേരുടെ പശിയടങ്ങിയില്ലേങ്കിലോ?. നോം അഞ്ചു പത്ത് മുട്ട കൂടി വാങ്ങി.."
അങ്ങിനെ കഷ്ടപ്പെട്ട് ഓടി തിരിച്ചു വന്നപ്പോൾ ഒരു വിധം ബസ്സു കിട്ടി കോളേജിലെത്തി ..പിന്നീട് കഷ്ടപ്പെട്ട് തിരിച്ചു വന്നു..
" നമുക്കായി ഏട്ടൻ എന്തൊക്കെ കൊണ്ടു വന്നു സമ്മാനമായി...നോം അതു നോക്കിക്കളയാമെന്ന മട്ടിൽ മുറികൾ കയറിയിറങ്ങി.". മൂന്ന് നല്ല കോലാപ്പുരി ചെരുപ്പ് മൂന്നെണ്ണം, നാലഞ്ചു ഷർട്ടുകൾ അത്രേയ്ക്കൊക്കെയേ സാധനങ്ങൾ ഉള്ളൂ"
നോം കരുതി ബോംബെ മുഴുക്കെ കച്ചോടാക്കി വരും എന്നാ.. അതുണ്ടായില്ല.. പോട്ടേ.. ഉദ്യോഗസ്ഥനൊന്നും അല്ലല്ലോ?.. അൽപം ക്ഷമിക്യാ എന്തേ?.. നോം മനസ്സിനെ അടക്കി..
മതി..അതു മതി.. ഒരു ചെരുപ്പ് നമുക്കായിരിക്കും.. പാവം ബോംബെയിൽ പോയി നമ്മളെ ഓർത്തു വാങ്ങീലോ അതു മതി!.. അച്ഛനെത്ര പാന്റു തയ്പിച്ച് തന്നാലും നമുക്ക് പഴയതിടാനേ യോഗം ഇണ്ടാവൂ,...നമുക്ക് പുതിയ പാന്റോ ഷർട്ടോ തയ്പിച്ചാൽ അങ്ങോർ ഇട്ട് പോകും..അങ്ങേർക്ക് അദ്ദേഹത്തിന്റേതും വേണം നമ്മുടേതും വേണം! ..പഴേതായാലേ നമുക്ക് പിന്നെ കിട്ടു.., നമുക്കൊരു പരാതീം ഇല്ലാരുന്നല്ലോ?.. അപ്പോൾ പിന്നെ നമ്മേ ഓർത്താകണം!"
"നോം അങ്ങിനെ ചെരുപ്പിന്റെ ഭംഗിയോർത്ത് നിൽക്കുമ്പോൾ അദ്ദേഹം വന്നു...
ചോദിക്കാനെന്തിരിക്കുന്നു.. അതെ.. എന്നാലും നോം ചോദിച്ചു.."ഒരു ചെരുപ്പ് നമുക്കായിരിക്കും ..ല്ലേ"
"ഹേയ് നിനക്കോ? അത് ഒന്ന് എനിക്കും.. മറ്റു രണ്ടെണ്ണം കൂട്ടുകാർ പറഞ്ഞിട്ടും വാങ്ങിയതാ"- അദ്ദേഹം.
"എപ്പോൾ ഷർട്ട്!"
"അതും കൂട്ടുകാർ പറഞ്ഞിട്ട് വാങ്ങിയതാ"
..നോം ഒന്നും മിണ്ടീല..ങാ പോട്ടേ സാരമില്ല!.. നമ്മോട് അദ്ദേഹത്തിന്റെ സ്നേഹം നോം എത്ര കണ്ടിരിക്കുന്നു...!..അതിനാൽ അതൊരു വിഷയമേ അല്ല!...
" അപ്പോൾ ഇവനൊന്നും ഇല്ലേടാ.. നിനക്കു ഞാൻ കുറേ പൈസ തന്നതല്ലേ.. ഇവനെന്തെങ്കിലും നിനക്കു വാങ്ങാമായിരുന്നില്ലേ"-അമ്മ
അവൻ ഒരു നൂറു രൂപാ നോട്ടെടുത്തു അയ്യായിരം ഉലുവ തരുന്ന ഗമയിൽ തന്നു ഞെളിഞ്ഞ് നിന്നു പറഞ്ഞു .. "..നല്ല ചെരുപ്പ് വാങ്ങിക്ക് തീർന്നൂലോ ഇവന്റെ പരാതി!"
നോം പോയി ബാറ്റാ ഷോറൂമിൽ നിന്നും നല്ല ഒരു ചെരുപ്പ് നൂറു രൂപാ കൊടുത്ത് വാങ്ങി വന്നു..അന്ന് നൂറ് രൂപയ്ക്ക് നല്ല തുകൽ ചെരുപ്പ് കിട്ടും...അവൻ നമ്മെ തെറി പറഞ്ഞു.. " നോക്കിയേ.. നൂരു രൂപായുടെ ചെരുപ്പാ അവൻ ഉപയോഗിക്കുന്നത്.. ഞാൻ വെറും 30 രൂപായുടെ ചെരുപ്പാ ഇന്നും ഇടുന്നത്.. ഇതു കളഞ്ഞാലുണ്ടല്ലോ!"
അമ്മ പറഞ്ഞു " സാരമില്ല..അവന് നീയ്യൊന്നും കൊണ്ടു വന്നില്ലല്ലോ?...അവനൊന്നിനും വാശി പിടിക്കാറും ഇല്ലല്ലോ?"
"വല്യ ആളുകളേ പോലെയാ ഇവൻ കോളേജിൽ പോകുന്നത്.. അമ്മ കണ്ടല്ലോ.. ആ ചെരുപ്പ് വേഗം കളയുകയോ മറ്റോ ചെയ്താലുണ്ടല്ലോ പറഞ്ഞേക്കാം"-അവനോൻ അധ്വാനിച്ച പൈസ തന്ന പോലെ അദ്ദേഹം നമുക്ക് താക്കീത് തന്നു..
അതു കേട്ട് ഭയന്ന് നോം ആ ചെരുപ്പ് ഒരു ദിവസം മാത്രം ഇട്ടു..പിറ്റേന്ന് പഴയ ചെരുപ്പ് ഇട്ടു.... നമുക്ക് വയ്യ ഇദ്ദേഹത്തിന്റെ തെറിവിളി കേൾക്കാൻ !.. ചെരുപ്പെങ്ങാനും പൊട്ടി പോയാൽ ഇദ്ദേഹം നമ്മുടെ കരളു മാന്തിപ്പറിക്കും അതിനാൽ ശ്രീ രാമൻ, ഭരതന് തന്റെ മെതിയടി കൊടുത്തപ്പോൾ ചെയ്ത പോലെ കോളേജിൽ പോകുമ്പോൾ ചെരുപ്പ് ഊരി തലയിൽ വെച്ചു നടക്കണോ എന്നു വരെ നമ്മുക്ക് തോന്നി..
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആ മാന്യദ്ദേഹം മെല്ലെ സ്നേഹപൂർവ്വം നമ്മെ സമീപിച്ചു.. " നീ ഉപയോഗിക്കുന്നില്ലെങ്കിൽ ആ ചെരുപ്പ് ഞാനിടാം!"-- ഉദാര മനസ്കത!
" നോം കരുതി.. പോട്ടെ സാരമില്ല.. ഏട്ടനല്ലേ..അവൻ നന്നായാൽ നമുക്കും ഗുണം ഉണ്ടാവില്ലേ.. അപ്പോൾ ഒരു ത്യാഗം!..അദ്ദേഹം നല്ല നിലയിൽ നടന്നോട്ടേ..നമുക്കൊരു പരാതീം ഇല്ല്യാ!"
ആ ശ്രീമാൻ നമ്മുടെ ചെരുപ്പും ഇട്ട് അങ്ങിനെ ഉലാത്തി!.. പേരു നമുക്കും ഗുണം അവനും!.. അവൻ മാറി മാറി പല പല ചെരുപ്പുകൾ ഇട്ടു നടന്നു..!..നോം നമ്മുടെ പഴയ ചെരുപ്പും!
..അപ്പോൾ പറഞ്ഞു വന്നത് ഒപ്പം വന്ന ആ വയോധികൻ നമ്മെ കാത്തു നിന്നു... അദ്ദേഹത്തിനു ഊരു ചുറ്റണം പോലും..കൂട്ടി കൊണ്ടു വന്ന മാന്യ ദേഹത്തിനു മടി.. കിളവന്റെ കൂടെ നടക്കാൻ!
നോം അങ്ങിനെ അദ്ദേഹത്തെ കൂട്ടി ഊരു ചുറ്റി... അദ്ദേഹത്തിനു ഹിന്ദിയേ വായിൽ വരൂ..നമുക്ക് നോ പ്രോബ്ലം..!... ആംഗ്യഭാഷ പിന്നെ എന്തിനാ.. ലോകത്തുള്ള സമസ്ത ഭാഷയും അതിന്റെ പുറകിൽ നിൽക്കണം.. ആംഗ്യ ഭാഷയാ ലോകത്തുള്ള സമസ്ത ഭാഷകളുടെയും മാതാവ്!.. നമുക്കാച്ചാൽ അതു നല്ലോണം അറിയേം ചെയ്യാം!..അതിൽ ഡോക്ടറേറ്റ് ഇല്യാത്തതിനാൽ കിട്ടിയില്ല.. !
നോം ..ജി ഹാം.. ജി നെഹി എന്നൊക്കെ പറഞ്ഞപ്പോൾ അദ്ദേഹത്തിനു തൃപ്തിയായി...കൂടുതൽ എന്തൊക്കെയോ പറഞ്ഞപ്പോൾ നോം ആസ്വദിച്ചു ചിരിച്ചു.. മതി..മനസ്സിലാകാത്തതു പറഞ്ഞാൽ ചിരിച്ചാൽ മതി!.. അദ്ദേഹം ഹാപ്പി!.ആളുകൾ നമ്മെ നോക്കുന്നു... ഖൂർഖയേ പോലെ ഡ്രസ്സു ചെയ്ത കിളവനേയും കൂട്ടി ഹിന്ദിയിൽ പൊടി പൊടിച്ചു വർത്തമാനം പറയുന്ന ഇവനാളു കൊള്ളാലോ?..
" ഒരാൾ നമ്മോട് കണ്ണോണ്ട് ആംഗ്യം കാട്ടി.." ആരാ ഇദ്ദേഹം?"
നോം പറഞ്ഞു മുംബൈയിൽ നിന്നും ചേട്ടച്ചാരുടെ കൂടെ നാടു കാണാൻ വന്നതാ..പേടിക്കേണ്ട.. നാളെ പോകും!"
പല പല കഷ്ടപ്പാടും സഹിച്ചു കോളേജിൽ പോകുമ്പോഴും പോയി വന്നാലും സൗര്യം തരാതെ നമ്മെ വട്ടം ചുറ്റിച്ച ആ മഹാപാപി വൃദ്ധനെ ഒരു വിധത്തിൽ നോം തന്നെ വണ്ടിയിൽ കയറ്റി മുംബൈക്ക് തന്നെ എക്സ്പോർട്ടു ചെയ്തു...
---------------------------------------------------------------------------------------------------------
N:B
നമുക്കൊരു കാര്യോം ഇല്ലായിരുന്നെങ്കിലും...അമ്മമ്മയ്ക്ക് വേണ്ടി നമ്മുടെ ജ്യേഷ്ഠൻ എന്ന മാന്യ ദേഹം ചെറുപ്പത്തിലേ ഒരു പാട് കഷ്ടപ്പെട്ടിരുന്നു എന്നത് സ്മരിക്കാതെ വയ്യ.. അത് നോം സത്യത്തിനു നേരെ കണ്ണടക്കുന്നതിനു തുല്യമാകും!..ആഴ്ചയ്ക്കാഴ്ചയ്ക്ക് ഡോക്ടറേ വീട്ടിലേക്ക് കൂട്ടി കൊണ്ടു വരിക...ഡോക്ടറദ്ദേഹത്തെ കൊണ്ടു വിടുക..ഡോക്ടർ കുറിച്ചു കൊടുക്കുന്ന മരുന്ന് വാങ്ങി.അർദ്ധരാത്രി ധൈര്യത്തോടെ തലങ്ങും വിലങ്ങും നോക്കാതെ കണ്ണും പൂട്ടി കിലോമീറ്ററോളം ഓടിക്കൊണ്ടു വരിക.. എന്നതൊക്കെ അദ്ദേഹത്തിന്റെ വകുപ്പ് തന്നെയായിരുന്നു..ഇതൊക്കെ വല്യ പണിയാണോന്ന് ചിലർ പറഞ്ഞേക്കാം... ആ പരിഹസിച്ചവരുടെ ഒരു കാര്യവും ആവശ്യസമയത്ത് അമ്മമ്മയ്ക്ക് കിട്ടിയിരുന്നില്ല..എന്തിന് പ്രമേഹം എന്നത് അന്ന് അത്യപൂർവ്വ രോഗമായിരുന്നു..അതിനാൽ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ ഭയവുമായിരുന്നു.. അമ്മമ്മയുടെ ഒരു കാലും ഒരു കൈയ്യും തളർന്നിരുന്നു.. ആ അമ്മമ്മയെ ഒരിക്കലെങ്കിലും പിടിച്ചെഴുന്നേൽപ്പിക്കാൻ കൂടെ കൂടെ നിൽക്കാത്തോർക്ക് എന്തും പറയാം..സ്വന്തം കാര്യലാഭത്തിനായി നുണയും നൊട്ടയും പറഞ്ഞു നടക്കാം.. പക്ഷെ അത് ദൈവ നിന്ദയാകുമെന്ന് മാത്രം...മാത്രമല്ല അന്ന് വാഹനസൗകര്യം അത്രയ്ക്കൊന്നും ഇല്യാതിരുന്ന സമയത്ത് രാവെന്നോ പകലെന്നോ നോക്കാതെ കിലോ മീറ്ററോളം ഓടിക്കൊണ്ടും, നടന്നു കൊണ്ടുമാണ് ഡോക്ടറെ വിളിക്കാനും മറ്റും ഒറ്റയ്ക്ക് എട്ടാം ക്ലാസ്സോ ഒൻപതാം ക്ലാസ്സിലോ അന്ന് പഠിക്കുന്ന അദ്ദേഹം പോകാറ്..മാത്രമല്ല മരുന്ന് ആഴ്ചയ്ക്കാഴ്ചയ്ക്കെന്ന പോലെ ഡോക്ടർ മാറ്റുകയും ചെയ്യും..ഈ രണ്ടു ദിവസം കൂടുമ്പോൾ എന്ന പോലെ മൂത്രം ടെസ്റ്റ് ചെയ്യാനും ഇതു പോലെ ദൂരെയുള്ള ലാബിലേക്ക് ഓടി കൊണ്ടും നടന്നു കൊണ്ടും പോകണം.. അതിന്റെ റിപ്പോർട്ട് ഡോക്ടർക്ക് നൽകി മരുന്നു മാറാനും.!! .ഈ ടെസ്റ്റു നടത്തുന്നതിൽ നിന്നും ഒരു പക്ഷെ തെല്ലൊരാശ്വാസം വന്നത് ടെസ്റ്റ് നടത്താനും ഇൻസുലിൽ ഇഞ്ചെക്ഷൻ എടുക്കാനും അറിയുന്ന അമ്മായിയുടെ വരവോടെയാണ്..അല്ലാത്ത സമയത്ത് പൈസ വേണ്ട വേണ്ട എന്ന് പറഞ്ഞ് കൈ നീട്ടി പൈസ വാങ്ങിക്കുന്ന ഒരു കമ്പോണ്ടർ അദ്ദേഹമാണ് ഇൻസുലിൻ എടുത്തു കൊണ്ടിരുന്നത്!
ഈ ഏട്ടന്‍ ഇപ്പോഴും ഇങ്ങനന്നെയാണോ?
മറുപടിഇല്ലാതാക്കൂഈ ലക്കം പക്കാ വീട്ടുകാര്യങ്ങള്‍ ആയി........സാധാരണയുള്ള സരസമായ, സമകാലീന സംഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള തമാശകളും കാണാനായില്ല......(എല്ലാം ഇപ്പോഴും നടക്കില്ലെന്നറിയാം......എന്നാലും)