നോം ഒന്നും അറിഞ്ഞില്ല!... അല്ലേങ്കിലും ഒരു ബർമുഡക്കാരൻ പയ്യനെ വീട്ടിലുള്ള രഹസ്യങ്ങൾ മുഴുക്കെ അറിയിച്ചു കൊള്ളാൻ നോം മഹാരാജനൊന്നും അല്ലല്ലോ?... എന്നാലും അങ്ങിനെയല്ലല്ലോ.. . എവിടെയെങ്കിലും നൂണ്ടിറങ്ങി, താനല്ലാത്ത ഭാവത്തിൽ നിന്ന് , ആരെങ്കിലും പറയുമ്പോൾ വായ നോക്കി, നോക്കി മനസ്സിലാക്കണം..എന്തൊക്കെ സഹിച്ചാ ഈ ചാരപ്പണി!.. അവരോ പറഞ്ഞു തരില്ല എന്നാൽ നമ്മൾ സ്വയം മനസ്സിലാക്കാമെന്ന് വെച്ചാൽ വല്യോരെല്ലാം പറയും.." എടാ...ചെക്കാ... വേഗം പോയ്ക്കോ... ഒരു പാട് പഠിക്കാനില്ലേ നിനക്ക്.. നൊണയും കേട്ട് നിക്കുവാണോ?.. ഓടിക്കോ.."..
അല്ലാത്തപ്പോഴെല്ലാം ഈ പറയുന്ന ചെക്കന്മാരുടെ തോണ വേണം എന്തിനും ഏതിനും!..തേങ്ങ പെറുക്കാനും മാങ്ങ പെറുക്കാനുമെല്ലാം!..ആവശ്യം കഴിഞ്ഞാൽ ചെക്കന്മാർ വെറും കറിവേപ്പില!..
അവർ തമ്പുരാക്കന്മാരും നമ്മൾ വെറും നൂറുവാര അകലെ നിൽക്കേണ്ട അധ:കൃതരും!
എന്താ കഥ!.. കലികാലം!..നമ്മൾ പിള്ളേരായാലുള്ള തൊന്തരവേ..വല്യോർക്ക് നമുക്ക് മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞു തന്നാലെന്താ?...പൂച്ച വിഴുങ്ങ്വോ അവരെ?..അഥവാ പൂച്ച പിടിക്കാൻ വന്നാൽ നമ്മൾ വിട്ടു കൊടുക്ക്വോ അവരെ..?...അപ്പോൾ പിന്നെ വെറും കാൽ കാശിനു കൊള്ളാത്ത ഭീതി !..അല്ലാണ്ടെന്താ?.
.... പക്ഷെ ആരും ഒന്നും അറിഞ്ഞീല... ആരെയും അറിയിക്കാതെ അമ്മ നമ്മേക്കാൾ കുറച്ചധികം മൂത്ത് നമുക്കൊരു കാര്യമില്ലെങ്കിലും റേഷൻ കടയിലെ കാർഡിലും മറ്റും മൂത്തവനെന്ന് എഴുതാനും നാട്ടുകാരെ കൊണ്ടും വീട്ടുകാരെ കൊണ്ടും നിന്റെ ജ്യേഷ്ഠനാ അവൻ, അവന്റെ ചെയ്ത്താ ചെയ്ത്ത് എന്നും പറയിച്ച് നമ്മെ പരിഹസിച്ച് ചിരിക്കാനും അതൊക്കെ ഓർത്ത് അന്തർമുഖനായി നോം വിഷമിക്കാനും മാത്രം വിശാലമായി പിന്നീട് വളർന്ന പുത്രനെ സ്വകാര്യം വിളിച്ചു വീട്ടിന്റെ മുകൾ നിലയിലേക്ക് പോയി.. ഗുരു ശിഷ്യന് രഹസ്യമന്ത്രം ഓതിക്കൊടുക്കാൻ ആരും ഇല്ലാത്ത, ആരും ശല്യപ്പെടുത്താത്ത സ്ഥലം തിരഞ്ഞെടുത്തതു പോലെയായിരുന്നു ആ യാത്ര..!.. തികഞ്ഞ അച്ചടക്കം!.. മൗനം!..മുഖത്തെ ഗാംഭീര്യം പൂർവ്വാധികം ശോഭിച്ചു നിൽക്കുന്നു.....!
"..എന്താ അമ്മേ സംഭവം?.." - അവൻ.
"..ഒന്നൂല്യ... വാ പറയട്ടേ....നിന്നോടൊരു കാര്യം ചോദിക്കാനുണ്ട്.." - സ്നേഹപൂർവ്വം അമ്മ..
"..നോം ശ്രദ്ധിച്ചു...ഇതെന്താ രഹസ്യ മന്ത്രമോ മറ്റോ ആണോ.. ആരും കാണാതെ അമ്മ അവന് എന്തൊക്കെയാ കൊടുക്കുന്നത്?.. ഏതൊക്കെയാ കൊടുക്കുന്നത് എന്നൊന്നും അറിയാൻ പറ്റീലെങ്കിലോ?.. അതൊരു വൻ വീഴ്ചയായിരിക്കും.. നമുക്കും കണക്കു പറഞ്ഞു വാങ്ങാമല്ലോ?.. അവന് അത്രേയ്ക്കെങ്കിൽ അമ്മയുടെ ഇളയ പുത്രനായ നമുക്കെത്രെ തരണം? നമുക്കെന്തൊക്കെ തരണം.. കണക്കുകൾ കൂട്ടിക്കൂട്ടി ഒരൂ നിശ്ച്യോം ഇല്യാണ്ടായിരിക്കുന്നു..."
അവനെ ഒരു റൂമിനുള്ളിലാക്കി അമ്മ പറഞ്ഞു " നീയ്യിവിടെ നില്ല്.. ഞാനിപ്പോൾ വരാം!"
പിന്നെ കാണുന്നത് സിനിമേലെ സ്റ്റണ്ട് പടം കാണുന്ന അനുഭവമായിരുന്നു... നോം എന്തായീ കാണണേന്റെ ശിവനേ.... അടുക്കി പിടിച്ചിരുന്നു ബർമുഡക്കാരനായ നോം അന്തിച്ചു പോയി... സംഭവം കുശാൽ!.. നമുക്കെല്ല അവന്..!
ഒരു ചൂലെടുത്ത് കൊണ്ട് വന്ന് അമ്മ അവനെ ആഞ്ഞടിക്കുകയാണ്.. ഇടയ്ക്ക് കൈ പ്രയോഗവും!... "ന്റെ ശിവനേ.!. നമുക്കൊന്നും വേണ്ടായേ.. ഒക്കെ മൂത്തവനായ അവന് തന്നെ കൊടുത്തോ..അല്ല്ലേങ്കിലും മൂത്തവനല്ലേ യദാർത്ഥത്തിൽ അതിനർഹത!.. നമ്മളങ്ങനെ ആവശ്യമില്ലാത്തത് എന്തും മോഹിക്കമോ?.. നമുക്കങ്ങിനെയുള്ള ഒരു ആഗ്രഹവും ഇല്ലേ.... നേരത്തെ ആഗ്രഹിച്ചതെല്ലാം നോം ഞൊടിയിടകൊണ്ട് വേണ്ടെന്നു വെച്ചു....ആർക്കെങ്കിലും നന്മ വരുന്ന കാര്യം വെറുതെ നമ്മളായിട്ട് തട്ടിയെടുത്താൽ തീർത്താൽ തീരാത്ത ശാപം കിട്ടും!... അത് മുൻ ജന്മത്തിൽ നിന്ന് പറിച്ചു നട്ടതാണ്, ഒടിച്ചു നട്ടതാണെന്നൊന്നും പിന്നീട് കാറി വിളിച്ചിട്ട് കാര്യമില്ല.. തടി കേടാകുന്ന ഇടപാടാ..!.
അമ്മയുടെ അടികൊണ്ട് അവൻ പുളയുകയാണ്...കരയുകയാണ്...
" ഇനിയിത് ആവർത്തിക്ക്യോ?..." അമ്മയുടെ കർശന സ്വരം!..
അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു .." ഇല്യാ... ഇല്യാ.. ഇല്യാ...".. കിട്ടേണ്ടത് കിട്ടുമ്പോൾ ഏതവനും എന്തും പറയും!...അത് ഇന്നത് എന്നൊന്നും ഇല്യ..തോന്നുന്നതെന്തും!..ഇല്യാ എന്ന് പറഞ്ഞാൽ അടി കിട്ടില്ലെങ്കിൽ ഇല്യാന്നു പറയും.. ഉണ്ട് എന്ന് പറഞ്ഞാൽ അടി കിട്ടില്ലെങ്കിൽ ഉണ്ട് എന്ന്..ആൻസർ സമയവും സന്ദർഭവും നോക്കി..മാറാം.. മറിയാം..
." ...അങ്ങിനെ നീ നമ്മളെ നാണം കെടുത്തിയാൽ നിന്നേം കൊന്നു ഞാനും ജീവനൊടുക്കും... അല്ലെങ്കിൽ തന്നെ ഒരു കാരണവും ഇല്ലേങ്കിലും നമ്മളെ ചവിട്ടിത്താഴ്ത്താൻ ബന്ധുക്കൾ തക്കം പാർത്തിരിക്കുകയാ അതിന്റെ കൂടെയാ ഇതും...!"- അമ്മ സങ്കടപ്പെട്ടു പറഞ്ഞു..
...വീണ്ടും നിരാശയോടെ, സങ്കടത്തോടെ ഒാരോന്നും പറഞ്ഞു ഓടിപ്പോയി വീണ്ടും അമ്മ പൊയ്ത്തു തുടങ്ങി... അവൻ ചാവും എന്നായപ്പോൾ നോം കരുതി അതു ഫൗൾ!....അവൻ പശ്ചാത്തപിച്ചൂലോ?.. ഇനി നന്നാവും.!.. ... ശബ്ദം കേട്ട് മറ്റുള്ളവരും ഓടി വന്നു..അവന്റെ കരച്ചിൽ കണ്ട് സഹിക്കവയ്യാതെ പെങ്ങളും നോമും അമ്മയുടെ പിന്നെത്തെ അടി ലേശം ഷെയർ ചെയ്തു..പോട്ടെ സാരമില്ല..ഒരേ വയറ്റിൽ പിറന്നോനല്ലേ..!
".. എന്താ സംഭവം?..ഭൂമികുലുക്കത്തിന് ഒരു വിധം ശമനമായപ്പോൾ അന്വേഷിക്കപ്പെട്ടു...
."... ഇവന്.. ഈ കഴുതയ്ക്ക് പ്രേമാത്രെ..മുട്ടയിൽ നിന്ന് വിരിഞ്ഞില്ല..ഇതിനാണോ ഇവരെ പോറ്റുന്നത്?..ആളെ കൊണ്ട് പറയിപ്പിക്കാൻ..! !"- അമ്മയുടെ കണ്ണും കലങ്ങിയിരുന്നു..
"പോട്ടെ അമ്മേ നമ്മൾ കരഞ്ഞു പറഞ്ഞു .." ഇനി അങ്ങിനൊന്നും ഉണ്ടാവില്ല!".. അന്ന് നമ്മൾ നമ്മുടെ ആഗ്രഹം പറഞ്ഞു ..പക്ഷെ എവിടെ? .. അതുണ്ടായില്യ...നന്നാവാത്തോനെ എളവൂർ തൂക്കം നടത്തിയാലും വികൃതിയും കൊണ്ട് നടക്കും..!
".. നിങ്ങളുടെ മകന് കലശലായ പ്രേമാത്രെ....ഇനി വേഗം മകനെ കെട്ടിച്ചു കൊടുത്തോ..പോറ്റാൻ ചെലവിനു കൊടുത്തോ..ട്രൗസർ ഇട്ടു നടക്കുന്ന പ്രായല്ലേ...വളരും വരെ കുറച്ചു ഗോലിയും വാങ്ങിക്കൊടുത്തോ.... എന്താ നിങ്ങൾക്ക് പറ്റില്ലേ..."..എന്നൊക്കെ പറഞ്ഞ് വല്യമ്മയുടെ മക്കൾ അമ്മയെ അറ്റാക്കു ചെയ്തത്രെ!...
ആകെ തകർന്ന് വല്ലാതായ അമ്മ പൊട്ടിക്കരഞ്ഞാണ് അന്ന് വീട്ടിലെത്തിയത്... അതിന്റെ പ്രത്യാഘാതമാണ്.. നോം ഈ കണ്ടത്!.നോം വല്ലാതായി.. അമ്മ കരയുന്നു.. തളരുന്നൂ...മക്കൾ നല്ലോണം നന്നായി ആരെകൊണ്ടും പറയിക്കാതെ അഭിമാനത്തോടെ നടക്കണം ന്ന് കരുതി ആഗ്രഹിച്ചു നടന്ന അമ്മയ്ക്ക് അവൻ നൽകിയ പ്രഹരം അമ്മയ്ക്ക് താങ്ങാൻ പറ്റാവുന്നതിലും അധികമായിരുന്നു ഒപ്പം നമ്മൾക്കും!...
പ്രേമത്തിന് കണ്ണില്ല.. കാലില്ല..മൂക്കില്ല.. ചെവിയില്ല.. ചെതുമ്പലില്ല...എന്തിന്.. ബന്ധങ്ങൾ പോലും ഇല്ല എന്ന് പിന്നെ വലുതായപ്പോൾ മനസ്സിലായി....നോം ഒറ്റപ്പെടുന്നുണ്ടോ?... ഊവ്വ് നോം ഒറ്റപ്പെടുന്നുണ്ട്.. അന്നേ നോം ഒറ്റപ്പെട്ടിട്ടാണല്ലോ?..അപ്പോൾ പിന്നെ സംശയം എന്തിന്!
സര്ഗ്ഗ സൃഷ്ട്ടിയുടെ സര്ഗ്ഗങ്ങള് ഇനിയുമുണ്ടാകട്ടെ........
മറുപടിഇല്ലാതാക്കൂ