ഒാരോ ജന്മവും
പ്രഭാതത്തിൽ,
ബ്രാഹ്മണനായി,
കൈകാലിട്ടടിച്ച്,
ക്ഷത്രിയനായി,
മദ്ധ്യാഹ്നത്തിൽ
വൈശ്യനായി,
പ്രദോഷത്തിൽ
ശൂദ്രനായൊടുങ്ങുന്നു.
കിഴക്ക് ജ്ഞാന മണ്ഡലം,
പടിഞ്ഞാറ് സത്യ മണ്ഡലം,
വടക്ക് സമ്പന്ന മണ്ഡലം,
തെക്കോ ആത്മീയ മണ്ഡലം!
കിഴക്ക് നോക്കി നമസ്ക്കരിച്ച്,
പടിഞ്ഞാറ് നോക്കി ആശ്ചര്യപ്പെട്ട്,
വടക്കു നോക്കി നടന്നു നടന്നു,
തെക്കോട്ടുള്ള യാത്രകണ്ട്
കിതയ്പ്പോടെ നിന്നു!
ആരോ യാചിച്ചു വാങ്ങിയ,
ചെറുമാവിൻ കൊമ്പിന്റെ,
ചുള്ളി വിറകിലൊടുങ്ങി,
സർവ്വ പാപങ്ങളും,
അഗ്നിദേവനിൽ തർപ്പണം!
എന്റേതായൊന്നുമില്ല,
എനിക്കായൊന്നുമില്ല,
സ്മൃതികൾ നിങ്ങൾക്കേകി,
നശിക്കാത്തൊരാത്മാവായ്,
ഞാൻ മോക്ഷമാവട്ടേ!
ദൈവത്തിങ്കലേക്ക് ,
മടങ്ങട്ടേ!
അറിവില്ലായ്മയാലൂറിയ
അഹങ്കാരത്താൽ,
ചെയ്തൊരീ വികൃതികൾ,
മാപ്പാക്കിടേണം,
പുറം പാളിയിൽ തീർത്തൊരരക്കില്ല-
മഗ്നിയിൽ ചാമ്പലാകും മുന്നേ,
സമർപ്പിക്കുന്നൂ എന്നെ-
നിൻ കാൽക്കൽ,
ഹൃദന്തമെൻ ശുദ്ധം!
ഭയപ്പാടു മുറ്റി സ്വരക്ഷയ്ക്കായി
ചീറ്റിക്കൊണ്ടിരുന്നതാണെൻ
നാവും, വാക്കുമെന്നറിഞ്ഞാലും.
ആരോടും ദേഷ്യമില്ലാതെ,
പരിഭവങ്ങളേതുമില്ലാതെ,
സ്നേഹത്തിലൂർന്നുണ്മയിൽ,
തലചായ്ച്ചുറങ്ങീടാൻ,
ഒരിക്കൽ ഞാനും യാത്രയായീടും.
പുഞ്ചിരിച്ചൂർന്നു ചിരിച്ചെന്നെ,
കൈവീശി യാത്രയാക്കീടേണ-
മെല്ലാം മറന്നു നീ!
ഒരിക്കൽ കൂടി മാപ്പ്,
തെറ്റു ചെയ്തില്ലയെങ്കിലും,
കുറ്റമായെന്തെങ്കിലും,
അറിയാതെയെന്നിലുണർന്ന്,
നിന്നെ പുണർന്നിപ്പോഴും
നിൽക്കുന്നുവെങ്കിൽ,
നിൻകണ്ണിൽ അറിയാതെ,
ഒരു കണ്ണീർ തുള്ളിയെങ്കിലും,
പൊഴിഞ്ഞു പോയെങ്കിൽ!
ഒാരോ നിമിഷവും,
നിന്നെയോർത്തൊർത്തിരുന്നെന്നെ-
മറന്നു ഞാൻ നിനക്കായി,
പ്രാർത്ഥിച്ചീടവേ,
ഒാരോ പ്രഭാതവും പ്രദോഷവും
നിന്റെ ചിന്തകളാലെൻ മനം
കലങ്ങി മറിയവേ,
ഞാനോതിയ പരുഷവാക്കുകൾ,
നിന്നോടുള്ളമിതസ്നേഹത്തിൻ,
വിശ്വാസ്യത;
നിന്നെ ഞാനെത്ര
സ്നേഹിക്കുന്നുവെന്നു
ഹൃദയം തുറന്നു കാട്ടാനുള്ള,
ആലസ്യത;
നിന്റെ ശാപമെന്നെ,
കാർന്നു തിന്നുമ്പോഴുമെൻ മനം
അനുഗ്രഹിക്കാൻ
കരങ്ങളുയർത്താനാജ്ഞാപിച്ചിടും!
നന്മയായി, തേജസ്സായി
മാറുക; എന്റെയീ ജന്മം,
പാഴെങ്കിൽ ക്ഷമിക്കുക!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ