പേജുകള്‍‌

ബുധനാഴ്‌ച, ഒക്‌ടോബർ 06, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( ഇരുപത്തൊന്നാം സർഗ്ഗം)

ഹിന്ദു മുസ്ലീം ലഹള!

നോം നമ്മുടെ കിംഗ്ഡത്തിന്റെ തെക്കേ അതിർത്തിയിൽ പ്രജകൾക്കെല്ലാം സുഖമാണോന്നറിയാൻ  നിരീക്ഷണത്തിനിറങ്ങി. .....അവിടെ മഴ പെയ്തിറങ്ങിയ സ്ഥലത്ത്‌ ഇച്ചിരി വെള്ളത്തിൽ ചെളിയിൽ പുതഞ്ഞ്‌ നമ്മുക്കും ജീവിക്കാൻ അർഹതയുണ്ടേന്നും പറഞ്ഞ്‌ പിടച്ച്‌ പിടച്ച്‌ നരകിക്കുന്ന ജീവി സമൂഹം..നോം രാജാവായിരിക്കുന്നിടത്ത്‌ ഒറ്റ പ്രജകൾ കഷ്ടപ്പെടരുത്‌ എന്ന നിർബന്ധം അശ്ശേഷം നമുക്കുണ്ട്‌...സങ്കടായി നമ്മുക്ക്‌!

" നോം ചോദിച്ചു ..."എടാ കൂവേ...നീയ്യൊക്കെ ജനിക്കുന്നെങ്കിൽ സാമർത്ഥ്യത്തോടെ വല്ല കടലിലോ, പുഴയിലോ അല്ലെങ്കിൽ കുളത്തിലെങ്കിലും ജനിക്കേണ്ടേ.. അല്ലാതെ കൊക്കിനും കുളക്കോഴിക്കും അമൃതേത്തിനായിട്ട്‌ ജനിച്ച്‌ കാഷ്ടിച്ചിട്ടു പോകാൻ പാകത്തിൽ ജനിക്കണോ?"

അവർ അതായത്‌ ആ കുഞ്ഞു മീൻ സമൂഹം ജീവനു വേണ്ടി പിടയുന്ന കാഴ്ച നമ്മുടെ കരളലിയിച്ചു..  ഇതിനിടയിൽ നാം വേദമോതിയിട്ടെന്തു കാര്യം?

നോം രക്ഷാപ്രവർത്തനത്തിനിറങ്ങി.. കൈ കുമ്പിളിൽ അവയെ വാരിയെടുത്ത്‌ നെഞ്ചോട്‌ ചേർത്ത്‌ കുറച്ചകലെയുള്ള ഒരു ചെറുകുളത്തിൽ താമസ സൗകര്യം ഒരുക്കി.. അവർ താങ്ക്സ്‌ താങ്ക്സ്‌ എന്നു പറഞ്ഞു നീന്തിക്കളിച്ചു...

അപ്രകാരം രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുമ്പോൾ അയൽ വക്കക്കാരനായ ഒരു പാവം മനുഷ്യൻ നമ്മേ നിരീക്ഷിച്ചു കൊണ്ടിരുന്നു.. എന്നാൽ രക്ഷാ പ്രവർത്തനത്തിൽ നമ്മെ സഹായിക്കാനുള്ള സന്മനസ്സുണ്ടായില്ല്യാ... " ഇവനിനിയും കുട്ടിക്കളീ മാറില്ല്യല്ലോ ദൈവമേ.." എന്നും പറഞ്ഞ്‌ നാമം ജപിച്ചിരിക്ക്യാ...കഷ്ടം!!. മനുഷ്യന്മാർ അങ്ങിനെയാണ്‌.. ! ചാടിത്തുള്ളീ വന്ന് ആരെയും സഹായിക്കാനുള്ള സന്മനസ്സ്‌ ആർക്കും ഇല്യാണ്ടായിരിക്ക്ണൂ ഇക്കാലത്ത്‌..

അങ്ങിനെ ക്ഷീണിച്ച്‌ അവശത വന്നൂന്ന് തോന്നിയപ്പോൾ നമ്മുടെ രാജധാനിയുടെ കിഴക്കേ അതിർത്തിയിൽ വെച്ച പാവപ്പെട്ടവരുടെ അലക്കു മിഷ്യനായ പാറക്കല്ലിൽ നോം രാജസിംഹാസനത്തിൽ എന്നവണ്ണം ആസനസ്ഥനായി ശോഭിച്ചിരുന്നു...

" എടാ.. എടാ"-- രാജധാനിയിൽ നിന്നും നമ്മെ വിളിക്ക്യാ...
നോം മിണ്ടീല്യാ.. പ്രോട്ടോ കോൾ തെറ്റിച്ചിരിക്ക്ണൂ

" അമ്മേ അവനെ നല്ല രീതിയിൽ വിളിക്കാഞ്ഞിട്ടാ ചെവികേൾക്കാത്തെ... അവന്‌ ചെവികേൾക്കില്ല്യാ.. ".. എടാ .. ചെവിടാ...നീയ്യെവിടാടാ"-- പെങ്ങളുടെ ശബ്ദം..!
രാജകുമാരനെ .." മകനേ കുമാരാ".. എന്നല്ലേ ആദരപൂർവ്വംവിളിക്കേണ്ടത്‌.. എടാ എന്ന‍ാണോ?. അല്ലെങ്കിൽ മോനേന്ന് നീട്ടി വിളിക്ക്യങ്കിലും ആവാം."കേട്ടൂന്ന് അറിഞ്ഞെങ്കിലും നോം ശബ്ദിച്ചില്ല്യാ..."... ..നമുക്കത്രെ ദഹിച്ചില്ല അത്ര തന്നെ!

ഇതൊക്കെ മനസ്സിലാക്കാൻ സെൻസസ്‌ എടുക്കാനുള്ള കഴിവുണ്ടാകണം സെൻസിബിലിറ്റി ഉണ്ടാകണം അറ്റ്ലീസ്റ്റ്‌ ആൾ ആരാണെന്ന് മനസ്സിലാക്കാനുള്ള മനസ്സുണ്ടാകണം..
" ഇവനെവിടെ പോയി"-

അവർ തിരഞ്ഞു.... നമ്മെ കണ്ടു പിടിച്ചു.". നമ്മൾ തൊള്ള തുറന്നാൽ മിണ്ടിക്കൂടെ നിനക്ക്‌?"
" .. നമ്മെ ചെവിടനായി കരുതിയാൽ പിന്നെ മിണ്ടാൻ പറ്റുമോ നമുക്ക്‌?' "അവർക്ക്‌ ക്ഷീണമാവും വിധം നാം തിരിച്ചടിച്ചു..

"..എടാ..അതാ .. ഒരാട്‌ വന്ന് നീങ്ങൾ നട്ട ചെടിയെല്ലാം തിന്നു തീർക്കുന്നു..ഒന്നതിനെ ഓടിച്ചു വിട്ടേ"
.. എന്ത്‌? നമുടെ കിംഗ്ഡത്തിൽ ഒരാടോ?...അസംഭവ്യം!!-നോം അവിടുത്തേക്ക്‌ ഓടി.

ആ യാഗാശ്വത്തിനു കഴുത്തിൽ കയറില്ല.. ചട പട ചട പട തുള്ളി തുള്ളി നമ്മുടെ ചെടിയെല്ലാം തിന്നു തീർക്കുന്നു..ക്ഷണിച്ച വിരുന്നിനു വന്ന് ബിരിയാണി തിന്നും പോലെ കറു മുറ കറു മുറാന്ന് തിരിഞ്ഞ്‌ നോക്കാതെ അടിക്കുകയാ മൂപ്പിലാൻ!

നല്ല രസം തന്നെ ആടിന്‌... എരണം കെട്ട ഒരു നാണോം ഇല്യാത്ത ജന്തു.....ചുമ്മാ കിട്ടീതാ ആ ചെടികൾ എന്നാ പുള്ളി കരുതീയത്‌.....നമ്മൾ മൈലുകൾക്കപ്പുറത്തു ഒരു കുടുംബസന്ദർശനത്തിനു ടിക്കറ്റെടുത്ത്‌ സർക്കാറിന്റെ ലക്ഷക്കണക്കിനു വിലവരുന്ന വണ്ടീൽ പോയി സന്ദർശനം കഴിഞ്ഞു വരുന്ന വേളയിൽ എന്തു ഭംഗീ ഈ ചെടിക്ക്‌ എന്ന് പറഞ്ഞു നിന്നപ്പോൾ " ഹോ.. അതിനും കണ്ണു വെച്ചുവോ .. ഭയങ്കര വിലയാ അതിന്‌.. നിങ്ങൾക്ക്‌ വേണമെങ്കിൽ ഒരു കഷ്ണം വീട്ടിൽ കൊണ്ടു പോയി നട്ടിട്ട്‌ വെള്ളമൊഴിച്ച്‌ വളർത്തീട്ട്‌ ചുമ്മാ ആർമ്മാദിക്ക്‌ " എന്നു പറഞ്ഞു വീട്ടുകാർ തന്ന ചെടിയാ.... അല്ലാതെ നയാ പൈസ കൊടുത്തിട്ടു കിട്ടിയ ചെടിയല്ല..!!.. ആട്‌ ചെടി തിന്നാൽ തളിർക്കില്ലത്രെ!.."

നാമെല്ലാം അങ്ങോട്ട്‌ ഓടി..അമ്മ അതിനെ എറിഞ്ഞോടിച്ചു.. നോം അതിന്റെ പുറകേ ഓടി അതിനെ കീഴ്പ്പെടുത്തി.. ഒരു കയറു കൊണ്ട്‌ ബന്ധിച്ച്‌ വീട്ടു തടങ്കലിലാക്കി.... വരട്ടേ.. ഉടയോനുണ്ടെങ്കിൽ അന്വേഷിച്ചു കണ്ടെത്തി യുദ്ധം ചെയ്ത്‌ ജയിച്ചോ തോറ്റോ കൊണ്ടു പോകട്ടേ...!

കുറച്ചു കഴിഞ്ഞപ്പോൾ തലയിൽ തലപ്പാവുമായി പ്രായം ചെന്ന ഒരാൾ നമ്മെ സമീപിച്ചു.. .മൂലക്കുരുവോ കാലിന്റെ കുരുവോ മറ്റോ അലട്ടുന്ന ഒരു വൃദ്ധനായ ഒരാൾ!..ആടിപ്പാടി അയാൾ നമ്മുടെ കിംഗ്ഡമായ ഓട്ടുപുര ഹൗസിലെത്തി.. അദ്ദേഹം മുസൽമാൻ!...നോം ഹിന്ദു!
അപ്പോൾ വഴക്ക്‌ ഹിന്ദു മുസ്ലീം ലഹള!

അയാളുടെ തലച്ചോറ്‌ നമ്മുടെ നാവ്‌ ചിതറിക്കും!!... അയാളുടെ ഹൃദയം പച്ചക്കറി വെട്ടി നുറുക്കും പോലെ നമ്മുടെ നാവു കൊണ്ട്‌ വെട്ടി വെട്ടി അരിഞ്ഞിടും.!. അദ്ദേഹം നമ്മോട്‌ "മകനേ ക്ഷമിക്കണം നാം തോറ്റിരിക്കുന്നൂന്ന് " പറഞ്ഞ്‌ അടിയറവ്‌ പറയും എന്നൊക്കെ നാം കണക്കു കൂട്ടി...ശ്ശി ഗമയിൽ നിന്നു.

.....കഷ്ടപ്പെട്ട്‌ വളർത്തി വലുതാക്കിയ നമ്മുടെ ചെടികൾ മഹാപാപി ആട്‌ മൊട്ടയടിച്ചിരിക്കുന്നു. .നോക്കിയപ്പോൾ സങ്കടായി.. അങ്ങോട്ട്‌ നോക്കാനേ തോന്നുന്നില്ല..... ഇതിനു കണക്കു ചോദിക്കണം..!

നോം തുടക്കമിട്ടു.." യുവർ ഓണർ!..ഈ യാഗാശ്വം അതായത്‌ ഈ ഇഴജന്തു നിങ്ങളുടേതാണോ?"
" അതേ"- ഒരു കൂസലുമില്ലാതെ അയാൾ.

"ഇത്‌ നമ്മുടെ ചെടിയെല്ലാം തിന്നു തീർത്തു.. അതാ നോം പിടിച്ചു കെട്ടീത്‌... നിങ്ങൾക്കെന്താ ഇതിനെ കെട്ടിയിട്ട്‌ പോറ്റിക്കൂടേ.?. എത്ര കഷ്ടപ്പെട്ടിട്ട്‌ വളർത്തി വലുതാക്കിയ ഇനമാണെന്ന് അറിയോ?"

ആട്‌ നിരപരാധിയായ എന്നെ ഈ മനുഷ്യാധമന്മാർ ബന്ധിയാക്കിയതാണെന്ന മട്ടിൽ അയാളെ നോക്കി നെലവിളിക്കുന്നു..

"..ആടല്ലേ .. അതിനു വല്ല വെളിവും ഉണ്ടോ.. പച്ചപ്പ്‌ കാണുന്നത്‌ അത്‌ കടിച്ചു തിന്നും"- അയാൾ..

" ഇനി നമ്മുടെ കിംഗ്ഡത്തിൽ ഇതിനെ കണ്ടാൽ ഇതിനെ നാം തല്ലി കൊല്ലും!.. കണ്ടില്ലേ ഇതിന്റെ ചെയ്ത്‌..!"- നാം ഭീഷണി മുഴക്കി

" ഞാൻ ആടിനെ വളർത്തുന്നത്‌ തിന്നാൻ തന്നെയാ.. കൊന്നാൽ പാപം തിന്നാൽ തീരുംന്നാ.. തിന്നണം.. നമുക്ക്‌ അത്രേ വേണ്ടൂ.. അത്‌ ആരായാലും തരക്കേടില്ല മോനേ.."-അയാൾ ഒരു കൂസലും ഇല്ല്യാതെ എന്റെ ഭാവ പ്രകടനം കണ്ട്‌ ചിരിച്ചു കൊണ്ട്‌ പറഞ്ഞു...

നാം ആടിനെ പോലെ സസ്യഭുക്കാണെന്നറിഞ്ഞോണ്ടാണോ ഇയ്യാൾ ഇങ്ങനെ പറഞ്ഞത്‌ -നമുക്ക്‌ സംശയായി..

അയാളെ കണ്ട ആട്‌ വളർത്തച്ചനെ കണ്ട ദയനീയതയോടെ രക്ഷപ്പെടുത്തണേന്നും പറഞ്ഞ്‌ വീണ്ടും വീണ്ടും നിലോളിക്കുന്നു...

.അയാൾ തിരിഞ്ഞു നടക്കാനാ ഭാവം എന്ന് മനസ്സിലായി..ആടിനെ അയാളുടെ കൈയ്യിൽ പിടിച്ചു കൊടുത്തപ്പോൾ അയാൾ ചിരിച്ചു കൊണ്ട്‌ മെല്ലെ നടന്നു കൊണ്ട്‌ പറഞ്ഞു ".അനക്കറിയാം നിന്റെ ബെഷമം! ..നട്ടുവളർത്തിയ ചെടി നശിപ്പിച്ചാൽ ആർക്കും ദേഷ്യോണ്ടാവും.". ബാ ചെയ്ത്താനേ.." ആടിനെ തെളിച്ച്‌ അയാൾ പറഞ്ഞു.

നമുക്കൊരു പെട്ടി ഓട്ടോ റിക്ഷയെങ്കിലും ഉണ്ടെങ്കിൽ അയാളേയും ആടിനേയും കുനിച്ചു പിടിച്ചു കയറ്റിയിരുത്തി അയാളുടെ വീടു വരെ കൊണ്ടാക്കാരുന്നൂ.. വെറുതെ അവിടം വരെ നടത്തേണ്ടാരുന്നു.. പാവം!.. നമുക്ക്‌ തോന്നി

രാജധാനിയിൽ നിന്നും നമ്മെ അവർ വിളിക്കുന്നു.." എടാ..എടാ..മതിയാക്കെടാ"
" ഇങ്ങനെയാ വയസ്സന്മാരോട്‌ പെരുമാറുക?..ഒരൂ ബഹുമാനോം ഇല്യാതെ..."- പെങ്ങൾ!
"നോം എന്തു പറഞ്ഞൂന്നാ"-
"അയാൾ പറയുന്നത്‌ കേട്ടില്ലേ ..കൊന്നാൽ തിന്നണം ന്ന്.. നീയ്യെന്തിനാ ആടിനെ കൊല്ലും ന്നൊക്കെ പറഞ്ഞത്‌.. ആളോട്‌ വർത്താനം പറയുമ്പോൾ വയസ്സു നോക്കിയല്ലേ സംസാരിക്ക്വ"- അമ്മ.
"..നോം ഒന്നും പറഞ്ഞീല.. അയാൾക്കൊരു പ്രശ്നവും ഇല്യാ"
".. അങ്ങിനെയൊന്നും പറയരുത്‌.. അയാൾക്ക്‌ എത്ര പ്രായാന്നറിയോ?.. പ്രായത്തെ ബഹുമാനിക്കേണ്ടേ"-

"..നോം ഒന്നും മിണ്ടീല!".

നമുക്ക്‌ ചെടി കണ്ടപ്പോൾ ആടിനോട്‌ ദേഷ്യായി.. പെരുത്ത്‌ സങ്കടായി. ഒരു കത്തി കൊണ്ട്‌ വന്ന് ആടു കടിച്ചയിടം കുറച്ച്‌ കട്ട്‌ ചെയ്ത്‌ കളഞ്ഞു. ഇനി ആടു കടിച്ചിട്ട്‌ ചെടി നന്നാവാതിരിക്കണ്ട.. നോമും കടിച്ചിട്ടുണ്ട്‌...യുദ്ധം കഴിഞ്ഞു ക്ഷീണിച്ചിരിക്കുന്നു..യുദ്ധപര്യന്തം സങ്കടം തന്ന്യാ... നേരെ അടുക്കളയിലേക്ക്‌ നടന്നു.. ഇച്ചിരി പഴംകഞ്ഞിയിരിപ്പുണ്ട്‌ .. ആ വിഷമം തീർക്കാൻ പഴംകഞ്ഞിയും മോരും ഇച്ചിരി ചമ്മന്തിയും കൂട്ടി ഒരടി.. ..ഹാവൂ ആശ്വാസമായി.. ഏമ്പക്കം വിട്ട്‌ പുറത്തിറങ്ങി...

2 അഭിപ്രായങ്ങൾ:

  1. എന്താണ് പറയേണ്ടത് എന്നറിയില്ല..............വായിക്കുമ്പോള്‍ എന്റെ വീടും തൊടിയും മനസ്സിലൂടെ കടന്നു പോകുന്നു........അത് തന്നെയാണ് തങ്ങളുടെ എഴുത്തിന്റെ വിജയവും വായിക്കാനുള്ള പ്രജോദനവും.

    മറുപടിഇല്ലാതാക്കൂ
  2. വെറും ഒരു സിനിമ കണ്ട പ്രതീതി മാത്രം!.. ഇനിയെന്ന് നമ്മൾ പഴയ നമ്മളാവും!.. സാധിക്കാത്ത കാര്യം.. നമ്മുടെ നഷ്ടപ്പെട്ട ബാല്യം!ഇന്ന് എല്ലാം മായ പോലെ തോന്നുന്നു.. മുജീബ്‌.. നന്ദി വായിക്കുന്നതിനും.. കമന്റിടുന്നതിനും!

    മറുപടിഇല്ലാതാക്കൂ