പേജുകള്‍‌

തിങ്കളാഴ്‌ച, ഒക്‌ടോബർ 04, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( ഇരുപതാം സർഗ്ഗം)

പത്താം ക്ലാസ്സ്‌ വല്യ സംഭവമാണെന്ന് അറിഞ്ഞത്‌ അവിടെയെത്തിയപ്പോഴാണ്‌..
നമ്മുടെ ക്ലാസ്സിന്റെ തൊട്ടു മുകളിൽ പഴേ കണക്കു മാഷിന്റെ താഡന ശബ്ദം കേൾക്കാം... ചോദ്യം ചെയ്യലിന്റെയും!..ഹെഡ്മാഷ്‌ നമ്മുടെ ഡിവിഷനിൽ അദ്ദേഹത്തിനു നിരോധനം ഏർപ്പെടുത്തിയതോ മുകളിലെ നിലയിലേക്ക്‌ പ്രമോഷൻ കൊടുത്തതോ ആകാം..എന്തായാലും അവിടെ നിന്ന് നിലോളിയും ആക്രോശവും നമ്മുടെ ക്ലാസ്സിലും ആവശ്യത്തിന്‌ അലയടിക്കും!.

....താഴെ ശിക്ഷ കഴിഞ്ഞു രക്ഷപ്പെട്ട നമ്മൾ!.. നമ്മുടെ കോടതി നടക്കുമ്പോൾ ശബ്ദം ബാൻ ചെയ്യണംന്ന്ണ്ട്‌....പിള്ളേരായാൽ ഇച്ചിരി സഹനശക്തി വേണ്ടേ!...മാഷ്ക്കും ആവാം!.. എന്താ ചെയ്ക!..നോം വിധിക്കാൻ പോയില്ല..പിഴയൊടുക്കാൻ പറഞ്ഞില്ല..!.. ഇച്ചിരി തൊന്തരവ്‌ ഉള്ളത്‌ ഇല്ലാതാക്കേണ്ട..!.. അവർക്കത്‌ സമാധാനം ഉണ്ടാവും ച്ചാൽ നമ്മളത്‌ കേട്ട ഭാവം നടിക്കേണ്ട!... എന്തേ.. അതല്ലേ ശരി!..നമുക്ക്‌ മാത്രല്ലല്ലോ അവരും സ്വാതന്ത്രമുള്ളോരല്ലേ!.... ടീ. സി വാങ്ങി പോകണമെന്ന് നമുക്ക്‌ അശ്ശേഷം ആഗ്രഹമേയില്ല!

നമുക്ക്‌ നമ്പൂരി മാഷാണ്‌ കണക്കിന്‌!..യു .നോ.. ശാന്തൻ!.. തങ്കപ്പെട്ട സൽസ്വഭാവി.. .പഠിക്കേണ്ടവർക്ക്‌ പഠിക്കാം. .കളിക്കേണ്ടവർക്ക്‌ കളിക്കാം.. വല്യ നിർബന്ധമില്ല... പൂജ പോലെ വിശുദ്ധമായ ക്ലാസ്സ്‌!..നമ്മൾ ഇരുന്നു കൊടുത്താൽ മതി... മനസ്സ്‌ ധ്യാനത്തിലേക്ക്‌ കടക്കും..!..ആക്രാശമില്ല.. നിലവിളിയില്ല.. ക്ലാസ്സും തരക്കേടില്ല...സമവാക്യങ്ങൾ നമ്മൾ സമന്മാരായി കേൾക്കും.. അദ്ദേഹം കമ്പ്യൂട്ടറെങ്കിൽ നമ്മൾ വെറും കമ്പ്‌ തൃണം!... എക്സ്‌ + വൈ..= ഇസെഡ്‌ എന്നത്‌ പഠിച്ചിട്ടാണോ ലോകത്തിലെ പണക്കാർ മുഴുവൻ പഞ്ച നക്ഷത്ര ഹോട്ടലിൽ പോയി ചായ കുടിക്കുന്നത്‌ ?...ചായകുടിക്കാൻ തോന്നിയാൽ കുടിക്കും..!... പൈസ വരുന്നത്‌ കൃത്യമായി എണ്ണാനറിയണം.. ആർക്കെങ്കിലും പൈസകൊടുക്കുമ്പോൾ നോട്ടിന്റെ എണ്ണം കൂടാതെ നോക്കണം.. കുറഞ്ഞാൽ പ്രശ്നമില്ല അവർ പറഞ്ഞു തരും എന്ന സിമ്പിൾ തിയറി അറിഞ്ഞാൽ മതി..

നല്ല തമാശ!...സമവാക്യങ്ങൾ പഠിച്ചിട്ട്‌ സാധാരണക്കാർ ഭൂലോകം ഉരുട്ടി താഴെയിടാൻ പോകുകയല്ലേ..!! അദ്ദേഹത്തിനു ജീവിക്കണം സ്വസ്ഥമായിട്ട്‌.. നമുക്കും.. അതിന്‌ പഞ്ച പുച്ഛമടക്കി നമ്മൾ കാതുകൂർപ്പിച്ചിരിക്കും.. അദ്ദേഹം പാവം പറഞ്ഞോട്ടേ.. നമ്മൾ പാവങ്ങൾ ഒരു ചെവിയിലൂടെ കേട്ടത്‌ മറു ചെവിയിലൂടെ പുറത്തു വിടണം.!. ദൈവം നമുക്ക്‌ ലെഫ്റ്റും റൈറ്റും ആയി രണ്ട്‌ ചെവികൾ ഫിറ്റു ചെയ്തു തന്നത്‌ അതിനാണ്‌... അല്ലാതെ തമാശിക്കാനല്ല..!

മുകളിലെ നിലയിലെ പഹയന്മാർ എന്തൊക്കെ കുറ്റമാണ്‌ ദൈവമേ ചെയ്യുന്നത്‌.. അതല്ലേ അനുഭവിക്കുന്നത്‌..?.. പത്താം ക്ലാസ്സിലെത്തിയിട്ടും അപരാധം നിർത്താറായില്ലേ ഇവന്മാർക്കൊക്കെ...?.. നാലക്ഷരം പഠിക്കാതെ നടക്കുന്ന നാണമില്ലാത്ത  ശുഷ്കന്മാർ!. ഗുണ്ടയാവണമെങ്കിൽ അറ്റ്ലീസ്റ്റ്‌ ഡിഗ്രിയെങ്കിലും വേണം.. എഞ്ചിനിയർ മുതലുള്ളവർക്കാ ഭാവിയിൽ ഇച്ചിരി പ്രതീക്ഷ! .ഇവന്മാരെ ഗുണ്ടാപണിക്കു പോലും പറ്റുമോ? ..... ആരെങ്കിലും മീശ പിരിച്ചാൽ പുറം കാട്ടി നിൽക്കുമല്ലോ?.. ഇവരൊക്കെ എന്നാ ഇനി ജീവിക്കാൻ പഠിക്കുക!. ..കിട്ടിയാലും കിട്ടിയാലും പഠിക്കാത്ത മണ്ടന്മാർ!... .....  എന്നൊക്കെ നമ്മൾ സങ്കൽപിച്ചു!

നമ്മൾക്ക്‌ മറ്റൊരു മാഷ്‌ ഇംഗ്ലീഷ്‌ ക്ലാസ്സെടുക്കുകയാണ്‌... അദ്ദേഹം ഇംഗ്ലീഷ്‌ പദ്യമാണ്‌ എടുക്കുന്നത്‌.. പദ്യത്തിന്റെ പേര്‌ ബോർഡിൽ എഴുതി അദ്ദേഹം മുഖത്തു നോക്കുന്നവർക്ക്‌ നേരെ കൈ ചൂണ്ടിപറയും.." യോ സ്റ്റാൻഡ്‌ അപ്പ്‌!. ...ഇതിനെ കുറിച്ച്‌‌ എന്താണ്‌ മനസ്സിലാക്കിയത്‌?" - ചോദ്യം ഉയരും..ഫറവോനെ നോക്കിയാൽ മരണം എന്ന പോലെ ആരും അതിനാൽ തന്നെ അദ്ദേഹത്തിന്റെ നേരെ നോക്കാറില്ല..... ക്ലാസ്സിൽ അദ്ദേഹത്തിന്റെ മുഖം  ശരിക്കും കണ്ടവർ ചുരുക്കം!..

അതിനെ കുറിച്ച്‌ ഒന്നും മനസ്സിലാക്കാത്ത ഹതഭാഗ്യന്മാരായ എല്ലാവരുടേയും തല താഴും.. ആരും അബദ്ധത്തിൽ പോലും തല ഉയർത്തില്ല.. ക്ലാസ്സെടുക്കും മുന്നേ എല്ലാം മനസ്സിലാക്കിയാൽ കുഴഞ്ഞില്ലേ.. നാമും അദ്ധ്യാപകനും തമ്മിൽ പിന്നെന്തു വ്യത്യാസം?

"അല്ലേ... ഒ‍ാരോ മതക്കാരും തന്താങ്ങളുടെ സൗകര്യത്തിനനുസരിച്ചു കാണാത്ത സ്വർഗ്ഗത്തെ കുറിച്ചു കണ്ടപോലെ ബഡായി പറയുന്നതു പോലെ സ്വർഗ്ഗത്തിൽ നല്ല ചേലൊത്ത പെണ്ണുങ്ങൾ വെൺചാമരം വീശും.. നൃത്തം വെക്കും.. നാം രാജ സിംഹാസനത്തിൽ ഇരിക്കും!.. കണ്ട അണ്ടനും അടകോടനും വൃത്തിയും വെടിപ്പും ഇല്ലാത്ത ചാവാലി പെണ്ണുങ്ങൾ മതി.. നമുക്ക്‌ രംഭയും തിലോത്തമ്മയും മേനകയും!. നമ്മെ മനസ്സിലാക്കാത്ത, നമ്മോടൊപ്പം ചേരാത്തതിനാൽ അനുഭവിക്കുന്ന സ്വർഗ്ഗത്തിന്റെ അയൽവക്കക്കാരായ നരകികൾ തിളച്ച വെളിച്ചെണ്ണയിൽ നെയ്യപ്പം പോലെ മുങ്ങി പൊരിഞ്ഞ്‌ നിവർന്ന് നിന്നു തുവർത്തുമ്പോൾ സ്വർഗ്ഗികളായ നമ്മെ ഇടക്കണ്ണാലെ നോക്കി വെള്ളമിറക്കും എന്നൊക്കെ നമുക്ക്‌ നിരൂപിക്കാൻ പറ്റുമോ?"ഇല്ല.. ഇല്ല.. ഇല്ല..അപ്പോൾ നിങ്ങൾ പറഞ്ഞാൽ നമ്മൾ മനസ്സിലാക്കാം അത്‌ ബഡായി ആയാലും സത്യമായാലും എന്നൊക്കെ നാം നിരൂപിച്ചപ്പോൾ അബദ്ധത്തിൽ കണ്ണുകൾ അദ്ദേഹത്തിലേക്കായി പോയി..
" യൂ സ്റ്റാൻഡ്‌ അപ്പ്‌!"
നാം സ്റ്റാൻഡി!.. വടി പോലെ നിന്നു..എക്സ്പീരിയൻസായതിനാൽ അതിനൊരു കുറവും ഇല്ല!
"നിനക്കൊന്നും പറയാനില്ലേ?"-മാഷ്‌
നോം എന്തു പറയാനാണ്‌... അബദ്ധം പറ്റീതാന്നോ.. കണ്ണു ചതിച്ചപ്പോൾ അവർകളുടെ മുഖത്ത്‌ നോക്കീതാണെന്നോ? നോം തല കുത്തനെ പിടിച്ചു.. ഉത്തരം സിമ്പിൾ!.. നമുക്ക്‌ തലയ്ക്കകം ശൂന്യം !.. ഒന്നും വരുന്നില്ല.. പെരുത്ത്‌ കയറുന്നു.. സിസ്റ്റം ഡൗൺ! എന്നർത്ഥം.
"നെക്സ്റ്റ്‌..."
"ബെസ്റ്റ്‌ പാർട്ടി.. നമ്മളെന്തെങ്കിലും പറഞ്ഞാൽ രക്ഷപ്പെടാം" എന്നു കരുതി കുറച്ചു കൂടി തല കുത്തനെ പിടിച്ച പാർട്ടിക്കാ അടുത്ത നറുക്ക്‌!

" ഇഷ്ടനും എഴുന്നേറ്റു.. രണ്ടു മൂന്ന് നെക്സ്റ്റുകൾ നെക്സ്റ്റിൽ സ്റ്റാൻഡിയപ്പോൾ മാഷിനു മനസ്സിലാകും.. "മൗനം വിദ്വാനു ഭൂഷണം എന്നു കരുതിയ പാവം പണ്ഡിതന്മാർ!"
മൂന്നും നാലും നെക്സ്റ്റ്‌ കഴിഞ്ഞാൽ ..പിന്നെ മാഷു തന്നെ പറയും അതിന്റെ അർത്ഥം!
നമ്മൾ തലയാട്ടും!.. എല്ലാം മനസ്സിലായി എന്ന് മനസ്സിലാക്കിക്കാൻ!

തല ആടാനുള്ള പാകത്തിനു ഫിറ്റു ചെയ്തതാണ്‌ അല്ലാതെ ഗ്രൈന്റ്‌ ചെയ്ത്‌ ഒരിക്കലും ആടാതിരിക്കാൻ വെൽഡു ചെയ്തതല്ല എന്ന യൂണിവേർസൽ ട്രൂത്ത്‌ മനസ്സിലാക്കിയ മഹാത്മാക്കൾ തലയാട്ടും.. അപ്പോൾ അത്‌ അറിഞ്ഞറിഞ്ഞ്‌ ഇടയ്ക്കിടെ ആട്ടി കൊടുക്കണം. അല്ലെങ്കിൽ മാഷിനു സങ്കടായെങ്കിലോ?. അങ്ങിനെ ഇംഗ്ലീഷ്‌ പഠിച്ചു.. അപ്പോഴേക്കും പിരിയഡ്‌ കഴിയും..

പുറത്ത്‌ ഹെഡ്മാഷ്‌ പാറ്റയ്ക്ക്‌ പൃഷ്ഠഭാഗത്ത്‌ തീപ്പിടിച്ച മാതിരി ഓടി നടക്കുന്നത്‌ കാണാം.. അതിയാൻ അങ്ങിനെയാണ്‌ ....റബ്ബർ പാലു കുടിച്ച പോലെ തുള്ളി തുള്ളി പണ്ടാരമടങ്ങും!.... ഭയങ്കര സ്ട്രിക്റ്റ്‌!.. ലേറ്റായി വരുന്ന പച്ച പശുക്കിടാങ്ങൾക്ക്‌ ടപ്പേ..ടപ്പേന്ന് ബൈനറി സിസ്റ്റത്തിൽ അടി കൊടുക്കും.. ഇടതു കിട്ടിയവൻ വലതു കാട്ടി കൊടുക്കണം!.. അതിനാൽ മിക്ക കിടാങ്ങളും അധികം പച്ച പുൽ മൈതാനം മേഞ്ഞു നടക്കാറില്ല.. വേഗം പശുതൊഴുത്തിൽ കയറി നിൽക്കും .." വൈകി വരുന്നവൻ ഭാഗ്യവാന്മാർ.. അവർക്കുള്ളതല്ലോ സ്വർഗ്ഗരാജ്യം "എന്ന് നമ്മൾ ക്ലാസ്സിൽ നിന്ന് ഒളിഞ്ഞു നോക്കി വിചാരിക്കും!,. .ഹെന്തോ ചെയ്യാനാ സഹസ്ര തീർത്ഥകുളങ്ങളിൽ മുങ്ങി നിവർന്ന പുണ്യം ചെയ്യണം അത്‌ അനുഭവിക്കാൻ..!...

അടുത്ത ക്ലാസ്സ്‌ സാമൂഹ്യപാഠം!

കസേരയ്ക്ക്‌ പൊക്കം കുറവായി തോന്നിയതിനാൽ അദ്ദേഹം മേശമ്മേൽ ചാടിക്കയറി കാൽ പിണച്ചുവെച്ചിരിക്കും.... മേശമ്മേൽ കയറി നിൽക്കാത്തത്‌ നമ്മുടെ തറവാടിന്റെ പുണ്യം! ഇരിക്കേണ്ടയിടം ഇരുന്നില്ലെങ്കിൽ ഉയർന്നയിടം നോക്കി ശുനകന്മാർ കയറിയിരിക്കും എന്നാണെല്ലോ പ്രമാണം.. അതിനാൽ ആവാം ഉയർന്നയിടം നോക്കി അദ്ദേഹം ഇരിക്കുന്നത്‌!

ആദ്യമൊക്കെ വി ഗൈഡ്‌ പൊതിഞ്ഞു കൊണ്ടുവന്നാണ്‌ ക്ലാസ്സിൽ ചോദ്യോത്തരങ്ങൾ പറഞ്ഞു തന്നത്‌.. പിന്നെ പിന്നെ പൊതി എന്നാത്തിനാ എന്നു കരുതി പൊതി അപ്രക്ത്യക്ഷമായി...
അങ്ങിനെ വി ഗൈഡ്‌ നാണോം മാനോം ഇല്ലാതെ നഗ്നനായി നമ്മുടെ മുഖത്ത്‌ നോക്കി ഒരിളി ഇളിച്ചു സ്റ്റാർ സിംഗറിലെ രഞ്ജിനി ചേച്ചിയെ പോലെ..!!...ഒരു എസ്സെയും നാലു ഒറ്റ വാക്കും പറഞ്ഞു തന്ന് അദ്ദേഹം പറയും "ഇത്രയൊക്കെ മതി.. ധാരാളമായി എന്ന്.."

അല്ലെങ്കിലും നീയ്യൊക്കെ ധാരാളം പഠിച്ച്‌ ധാരാളിയായി കലക്ടർ ഉദ്യോഗം നേടാൻ മാത്രം പ്രായമായില്ല എന്നു ചുരുക്കം..

കെമിസ്ട്രി വാധ്യാരാണ്‌ പിന്നെത്തത്‌.. പുറത്ത്‌ ടൈപ്പിനു പോകാൻ പെൺകിടാങ്ങൾ കൂടി നിൽക്കും.. അവർക്ക്‌ ബസ്സ്‌ മിസ്സ്‌ ആയെങ്കിൽ..  അയ്യോ.. നമ്മൾ പേടിച്ചു പോകും..അതിനാൽ നമ്മൾ ടൈപ്പിനു പോകിക്കാൻ അവരെ ബസ്സിൽ കയറും വരെ ശ്രദ്ധ കൊടുക്കും..ബസ്സിൽ കയറി ഇരുന്നാൽ പ്രശ്നമില്ല.. അതുവരെ ചങ്കിടിപ്പാണ്‌.പാവം പെണ്ണുങ്ങളല്ലേ.. അവർക്കുണ്ടോ വല്ല വെളിവും!.. .. അബദ്ധത്തിലെങ്ങാൻ ഇതു കണ്ടു പോയാൽ ത്രേഷോൾഡ്‌ എന്ര്ജിയുടെ പ്രവാഹം നമ്മളെ ചൂണ്ടിപ്പറയും അദ്ദേഹം!

ഇവരെയൊക്കെ ജനഗണമന പാടിച്ച്‌ പടിയിറക്കിയിട്ട്‌ വേണം നമുക്ക്‌ ഓട്ട മൽസരത്തിൽ പങ്കെടുക്കാൻ ക്ഷണം കിട്ടിയത്‌ പോലെ ഓടി ബസ്സു പിടിക്കാൻ!.. അവിടുത്തെ യുദ്ധം കഴിഞ്ഞിട്ടു വേണം വീട്ടിലെത്താൻ!..ഹെന്തോരു പണി!.. ഹെന്തോരു പണീ.!..എന്നാലും വീട്ടുകാർക്ക്‌  ഏതെങ്കിലും ടാക്സിക്കാരന്‌ ഒരു മൂന്നാലുറുപ്യ എണ്ണിക്കൊടുത്ത്‌ ടാക്സി അയച്ചു കൂടെ..!.. നമുക്കൊരു നാണവും ഇല്ലല്ലോ അതിൽ പോകാൻ!

2 അഭിപ്രായങ്ങൾ:

  1. ഇതുപോലെ എല്ലാം തമാശയായി കാണാന്‍ പഠിക്കുന്ന കാലത്ത് കഴിഞ്ഞിരുന്നെങ്കില്‍ ........സതീശേട്ടന്‍ അതിനെ കുറിച്ചു ആലോചിച്ചിരുന്നോ?

    മറുപടിഇല്ലാതാക്കൂ
  2. ഇതിൽ പറയുന്നവ യദാർത്ഥത്തിൽ നടന്നതാണ്‌ മുജീബ്‌..പക്ഷെ കുറച്ച്‌ ഇന്നത്തെ ചിന്തകൾ അതിൽ ചാലിച്ചുവെ ന്നേയുള്ളൂ..ഹെഡ്മാഷ്‌ നമുക്കൊരു പേടി സ്വപ്നമായിരുന്നു അന്ന്..!

    മുജീബ്‌ പറയുന്നതു പോലെ അന്നു അധികം തമാശയായി കാണാൻ ശ്രമിച്ചിരുന്നില്ല.. സത്യമാണ്‌!

    എങ്ങിനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ട്‌ എന്തെങ്കിലും ഒരു ജോലി കിട്ടിയാൽ മതിയായിരുന്നു എന്നാണ്‌ അന്ന്ചിന്തിച്ചത്‌ .. ഇപ്പോഴാണ്‌ വീണ്ടും പഴയ കാലം മതിയായിരുന്നു എന്നു തോന്നുന്നത്‌!

    മറുപടിഇല്ലാതാക്കൂ