പേജുകള്‍‌

ഞായറാഴ്‌ച, ഒക്‌ടോബർ 17, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(ഇരുപത്താറാം സർഗ്ഗം)

കോളേജിലെ ഒരു പെണ്ണും പിടക്കോഴിയും നമ്മെ ഒരു മൈൻഡും ചെയ്തില്ല!..നമുക്കെന്തിന്റെ കുറവാ?... മീശയില്ലേ .. ഷേവു ചെയ്ത താടിയില്ലേ.. കൈയ്യില്ലേ.. കാലില്ലേ.. ?.. എല്ലാം ഉണ്ട്‌ ..പറയാച്ചാൽ.. കൈകളിലേയും കാലുകളിലേയും നഖം വെട്ടിയ വികലാംഗത്വമല്ലാതെ മറ്റൊരു വികലാംഗത്വമോ പെൻഷനോ ഇല്യാ! ...ആരും അങ്ങിനെ ആക്കിയിട്ടും ഇല്യാ..എന്നാൽ പിന്നെ എന്തിന്റെ കുറവാ..?

നമുക്കൊരു പിടിപാടും ഇല്യാ..

.. ഒരു ശകുന്തളയ്ക്കും പ്രേമവും ലേഖനവും എഴുതാൻ തോന്നീട്ടില്ല്യാ... ഒരു പക്ഷെ നമ്മുടെ സ്റ്റാറ്റസിനും സൗന്ദര്യത്തിനും മാറ്റു കൂട്ടുവാൻ പറ്റുന്ന ഒരൊറ്റ പെൺകൊടികളും ശകുന്തളയായി അവതരിച്ച്‌ അവിടെ അഡ്മിഷൻ നേടിയിരിക്കില്ല..അല്ലെങ്കിൽ ഇതൊന്നും അറിയാത്ത ഏതോ ലോകത്തു നിന്നും ഇറക്കുമതി ചെയ്ത നാണമില്ലാത്ത വിശുദ്ധ പുണ്യാളത്തികൾ നമ്മെ പരിഹസിക്കാൻ അവിടെ വന്ന് ഉലാത്തുന്നതായിരിക്കണം!

... അസൂയ മൂത്ത്‌, മൂത്ത്‌ ഇനി ഇറക്കാൻ വിഷഹാരിക്കു പോലും ആവില്യാന്ന് പറഞ്ഞ്‌ കൈയ്യൊഴിഞ്ഞു വിട്ടതിന്റെ അഹംഭാവത്തിൽ ആർമ്മാദിച്ച്‌ നടക്കുന്ന ചിലർ പറഞ്ഞു.." എടോ തന്റെ മുഖം പ്രേമത്തിനു കൊള്ളില്ല.. അതു വല്ല വില്ലന്മാർക്കും ഫിറ്റു ചെയ്തു കൊടുത്തിട്ട്‌ നീ ഒറ്റയ്ക്ക്‌ കൈയ്യും വീശി വാ.. ഇതൊക്കെ ഓരൊരുത്തർക്ക്‌ പറഞ്ഞിട്ടുണ്ട്‌."....ഇടിവെട്ടേറ്റ തെങ്ങു പോലെ നോം ഇത്തിരി വിഷമിച്ചു...." അങ്ങിനെയെങ്കിൽ വില്ലത്തികൾക്ക്‌ നോക്കാമാരുന്നല്ലോ?.. ചുമ്മാ രസത്തിനെങ്കിലും!."

.... നമ്മെ കണ്ടാൽ പെൺകിടാങ്ങൾ ഒരു വട്ടം നോക്കും പുഞ്ചിരിക്കും പിന്നെ തലകുനിച്ചു പിടിച്ചു നടക്കും.. ഷെയിം കെട്ട ഷെയിമികള്‌!..എന്തിന്‌ നമ്മുടെ ക്ലാസ്സിലുള്ളോർ പോലും മാന്യന്മാരിൽ മാന്യനായി രണ്ടാം ബെഞ്ചിൽ സ്ഥാനം പിടിച്ചു ബുദ്ധിജീവികളിൽ ബുദ്ധിജീവിയായി അഭിനയിച്ചു തലയാട്ടി ഇരുന്നിട്ടു പോലും.. ഛേ മിണ്ടിയിട്ടു കൂടിയില്ല... !

"എന്താ നിന്റെ പേര്‌?.. എവിടെയാ നാട്‌.?.. തന്നെ പ്രേമിക്കാൻ കൊള്ളാവോ?.. ആരെയെങ്കിലും പ്രേമിച്ച മുൻപരിചയം?.. അഥവാ ഉണ്ടെങ്കിൽ ആ കൃഷി ഇപ്പോഴും തുടരുന്നുണ്ടോ?.. മറ്റെവിടെയെങ്കിലും രണ്ടാമത്തെ ഇടവിളയ്ക്ക്‌ താൽപര്യമുണ്ടോ? ഈ ഫീൽഡിൽ ആദ്യമായാണോ?.." --ഈ വക ചോദ്യങ്ങൾ ഒന്നും നമ്മോട്‌ ആരും ചോദിച്ചില്യാ.. പെണ്ണുങ്ങളായാൽ സ്മാർട്ട്‌ ആയിരിക്കേണ്ടേ..നമ്മോടൊക്കെ ഇടപഴകിയില്ലെങ്കിൽ അമ്മായി അമ്മമാരുടെ ചവിട്ടും തൊഴിയും കിട്ടുമ്പോൾ ഇവളുമാരൊക്കെ കാറി വിളിക്കില്യേ?..നമുക്ക്‌ ഈ വക കാര്യത്തിൽ അതായത്‌ ട്യൂഷനെടുക്കുന്ന കാര്യത്തിൽ ഒരു താൽപര്യവും ഇല്യാ... എന്നാലും അങ്ങെനെയൊക്കെയല്ലേ ഒരു പരിചയപ്പെടൽ!.. നമ്മൾ ഇത്തിരി പവറുകാട്ടിയാൽ അവളുമാർ വന്ന് "ചേട്ടാ" എന്ന് സ്നേഹത്തോടെ വിളിച്ചാൽ ഇടനെഞ്ച്‌ കലങ്ങി ..നോമും ആ വിളി കേൾക്കില്ലേ..".എന്തോ?" എന്ന്!

നമുക്കത്ര ഭാവം പൊട്ടി വിരിഞ്ഞിട്ടുണ്ടാവില്ല്യാ...ഒരു തൃശ്ശൂർ പൂരത്തിന്റെ അമിട്ട്‌ പൊട്ടുന്ന ഭാവം  നമ്മുടെ മുഖത്ത്‌ ഫിറ്റു ചെയ്തെങ്കിൽ ദൈവത്തിനു എന്തെങ്കിലും നഷ്ടമുണ്ടോ?.. എത്രെയോ അഹങ്കാരികളെ ദൈവം മനോഹരമായി പ്ലാസ്റ്റിക്‌ സർജറി നടത്തി കുട്ടപ്പനായി വിട്ടിരിക്കുന്നു.... അവരോട്‌ ദൈവത്തിനൊരു മമത.!!. .പാവം നമുക്ക്‌ മാത്രം..ഇവൻ അത്ര വല്യാനായി നടക്കേണ്ടാന്ന് ദൈവം വിചാരിച്ചിരിക്കുമോ?.!..

... എങ്കിലും നോം ചുമ്മാ കണ്ണാടിയിൽ നോക്കി ....ശര്യന്നേ..നമ്മെ ആരോ ചതിച്ചിരിക്കുന്നു.. ഇതു നമ്മുടെ മുഖമല്ല.. ആരോ നോം ഉറങ്ങിക്കിടക്കുമ്പോഴോ മറ്റോ നമ്മുടെ മുഖം മോഷ്ടിച്ച്‌ അവരുടെ മുഖം ഫിറ്റു ചെയ്ത്‌ തന്ന് കടന്നു കളഞ്ഞിരിക്കുന്നു.. ആരോട്‌ നോം പരാതി പറയും.?.. സങ്കടപ്പെട്ടിരുന്നു.. അതെ സ്വന്തം മുഖം സൂക്ഷിക്കാനറിയാത്ത മഹാപാപിയാണ്‌ നോം.. അത്‌ സൂക്ഷിക്കാൻ കൂടി അറിയില്ലെങ്കിൽ അതു വെച്ചു നടക്കാനും അർഹതയില്ല.. നഷ്ടപ്പെടും.. തീർച്ച!

" ഹച്ചി!".. തുമ്മീതാണ്‌...ദേ നോക്ക്‌ സത്യം!.. അതോ നമ്മുടെ മുഖം കണ്ട്‌ സഹിക്കാനാവാതെ നമ്മുടെ വായ കാർക്കിച്ചു തുപ്പീതോ?..

അതിനാൽ ലോകത്തുള്ള സകലമാന പെൺകുട്ടികളേയും നോം ഹൃദയത്തിൽ നിന്നും പടിയടച്ചു പിണ്ഡം വെച്ചു....ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ മാത്രം കട തുറന്നു പ്രവർത്തിക്കുന്നതല്ല എന്ന് ഒരു ബോർഡ്‌ വെച്ച പോലെ നടന്നു..!..ഒരു സിമ്പിൾ അറ്റകുറ്റപ്പണി!..

എന്നിട്ടും നമ്മോട്‌ സ്നേഹത്തിൽ പെരുമാറിയ ഒരു പെൺകൊടി ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ.. ഒരിക്കൽ അവളെ കാട്ടി ഒരു കന്നാലി പറഞ്ഞു.." ദേ.. ഇതു ഞാൻ സ്നേഹിക്കുന്ന പെൺകൊടിയാ"
"..നോം ഞെട്ടി!.."..  ഒന്നും പറഞ്ഞില്ല.."
"എങ്ങിനുണ്ടെടാ"
"കൊള്ളാം .."- നമ്മുടെ വീട്ടിൽ വലിഞ്ഞു  കേറിയിട്ട്‌ നമുക്ക്‌ തന്നെ വിലപറയുന്നു..
"നിന്നെ ഇഷ്ടമാണോ അവൾക്ക്‌!"- നോം ചോദിച്ചു.." അവനോടും അവൾക്ക്‌ നമ്മുടെ അതേ ഇഷ്ടമാണെങ്കിൽ പിന്നെ നോമെന്തിന്‌ മഞ്ഞു കൊള്ളണം!

".. അവൾക്ക്‌ എന്നെ ഇഷ്ടമാ.. അവളുടെ അച്ഛനും!.. പക്ഷെ അവളോട്‌ ഞാൻ ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടീല്ല...ഇതൊക്കെ എനിക്കു പേടിയാ ഇനി മേലാൽ ഇങ്ങനൊന്നും പറയരുത്‌ " എന്നു മാത്രം പറഞ്ഞു.. അതിനർത്ഥം അവൾക്കെന്നെ ഇഷ്ടമാണെന്നാ!"- അവൻ ഗമയിൽ ഇരുന്നു..

അത്ര നാനാർത്ഥം കാണണോ മഹാപഹയാന്ന് നോം മനസ്സിൽ നിരൂപിച്ചു....ഇക്കണക്കിന്‌ ഇവൻ ആധാരമോ സ്ഥലമോ ഒന്നും ഇല്യാതെ ലോകമെല്ലാം നമുക്കവകാശപ്പെട്ടതാണെന്നും പറഞ്ഞ്‌ ഏതു സ്ഥലത്തും ആരാന്റെ പൈസയ്ക്ക്‌ സ്വന്തം വീടു പണിയുമല്ലോ?
"ശുംഭൻ!..ഏഭ്യൻ..!.. എരണം കെട്ടവൻ!.. " നോം മനസ്സിൽ തോന്നിയതൊക്കെ മനസ്സിൽ തന്നെ വിളിച്ചു..


" ഉം നടക്കട്ടേ!" - എങ്കിലും നോം പ്രോൽസാഹിപ്പിച്ചു..അവളുടെ അച്ഛനുവരെ അവനെ പ്രീയമാണെങ്കിൽ പിന്നെ ഒന്നും പറഞ്ഞിട്ട്‌ കാര്യമില്ല.. നമ്മുടെ മനസ്സു തേങ്ങി.. മെല്ലെ .. മെല്ലെ പിൻവാങ്ങി.. എന്നെങ്കിലും അവൾ നമുക്ക്‌ ഒരു വരിയെങ്കിലും എഴുതി അവളുടെ സ്നേഹം നമ്മേ അറിയിക്കും.. നോം കാത്തിരുന്നു... ഇല്യാച്ചാൽ ദൈവ വിധി!...
 
."...അസതോമാ സദ്ഗമയാ..!..എന്താ കേട്ടത്‌?.. നോം സന്യാസി പഥത്തിലേക്ക്‌ എഴുന്നള്ളിക്കോ എന്നാണോ അതിനർത്ഥം? .. നോം ചെവി കൊടുത്തു.. റേഡിയോവിൽ നിന്നും സംഗീതം പൊഴിഞ്ഞതാണ്‌.. നോം കണ്ണടച്ചു.. ദൈവമേ..!

അവനവിടെ കൃഷി തുടങ്ങാൻ പേപ്പർ വായന വരെ തുടങ്ങിയിരിക്കുന്നൂന്ന് നോം അറിഞ്ഞു.. നമ്മുടെ ഹൃദയം പാണ്ടി ലോറി കയറിയ തവളയുടെ ആത്മാവു പോലെ ഗതി കിട്ടാതെ അലഞ്ഞു..!..മോക്ഷത്തിനാക്കണം.. .. ഇങ്ങനെ അലഞ്ഞു തിരിയുന്നത്‌ നല്ലതല്ലത്രെ!..എന്തു ചെയ്യാം..!

ഇവനോട്‌ നമ്മുടെ ഇഷ്ടം രേഖപ്പെടുത്തിയാൽ പിന്നെ ബുദ്ധം ശരണം ഗച്ഛാമീന്നും പറഞ്ഞ്‌ നടക്കേണ്ടി വരും....നമ്മളെ കുത്തു പാളയെടുപ്പിക്കാൻ ഐഡിയകൾ പൊതിഞ്ഞു കെട്ടി വന്ന് പലവട്ടം കാത്തു നിന്ന് പരാജയപ്പെട്ടവനാണവൻ!

കാലങ്ങൾ കടന്നിട്ടും ആ കാലമാടത്തി നമ്മോടൊരു വാക്കും പറഞ്ഞീല... ഒരു വാക്ക്‌ അവൾ പറഞ്ഞെങ്കിൽ... അയി ലൗ എന്ന് പറഞ്ഞെങ്കിൽ.. നോം ബാക്കി പൂരിപ്പിക്കായിരുന്നു.... നോം അവളോടും ഒന്നും പറഞ്ഞില..!..അയി ലൗ എന്ന്  നോം പറഞ്ഞെങ്കിൽ അവൾ ചിലപ്പോൾ നമ്മെ കാലിലെ ചെരുപ്പൂരി പൂരിപ്പിച്ചെങ്കിലോ?..ഇനി നോമായിട്ട്‌ അവളുടെ കാലിലെ ചെരുപ്പ്‌ അഴിപ്പിക്കേണ്ട..നോം അത്രേയ്ക്ക്‌ അധ: പതിച്ചിട്ടില്യ...ഏട്ടാന്ന് വിളിച്ച നാവു പുളിച്ച്‌ നാറി എടാ‍ാ‍ാന്ന് കാറിവിളിപ്പിക്കണോ?..."എന്നോട്‌ അങ്ങിനെ പറയാൻ തനിക്കെന്ത്‌ യോഗ്യത" എന്നു ചോദിച്ചാൽ നമ്മുടെ ഉള്ളം കയ്യിലെ രേഖ കാട്ടി ഇപ്പോൾ മണ്ഡരിയോഗ...എന്നാലും ശുക്രവശാൽ രാജ യോഗ, ഗജ കേസരിയോഗ.. ഭാഗ്യുണ്ടാച്ചാൽ എന്നേ പറയാനേ പറ്റു....അവൾക്ക്‌ നമ്മെ വളരെ ചെറുപ്പം തൊട്ടേ അറിയാലോ.. നോം അവളെ വളരുന്നതും നോക്കീ ഇരുന്നൂലോ.. .മനസ്സിന്റെ കോണിൽ കിടന്ന് ആ സ്നേഹം ചാകണോ, ജീവിക്കണോന്ന് ഓർത്ത്‌ ഊർദ്ധ്വം വലിച്ചു നീണ്ട കാലം കിടന്നു...

അങ്ങിനെ എന്തെങ്കിലും ഭാവിയിലെങ്കിലും നടക്കുമോ ഇല്ലയോ എന്ന് കരുതി നോം തലയിലെ സ്ക്രൂ ഇളകി നടക്കുന്ന വേളയിൽ, നമ്മുടെ പയ്യൻസും, നോമും, കുറച്ചകലെ ഉറങ്ങുമ്പോൾ മാത്രം പഞ്ച പാവങ്ങളായ പയ്യത്തീസുകളും കൂട്ടം കൂടി നിൽക്കുന്ന ചെറിയ ഇടയിലൂടെ മനോഹരിയായ മദാലസയായ ഐശ്വര്യാറായിയെ, മാടായിയിലെ ആ തെരുവിൽ വെച്ച്‌, പച്ച പകലിൽ ഒരു നാലു മണി നേരത്തിൽ ഒരു നാണവും ഇല്യാതെ സ്ഥലത്തെ പ്രധാന വില്ലൻസായ ഒരു പൂവൻ കോഴി മാന്യന്മാരായ നമ്മെ സാക്ഷികളാക്കി ഓടിച്ചിട്ട്‌ പിടിച്ച്‌ അതിക്രൂരമായി ബലാൽസംഗം ചെയ്തു...
നോമും പയ്യൻസും പയ്യത്തീസുകളും എല്ലാം സ്തംഭിച്ചു പോയി..

അരനിമിഷത്തിനുള്ളിൽ ഒന്നും സംഭവിക്കാത്ത പോലെ രണ്ടു പേരും പോയി..പറഞ്ഞുറപ്പിച്ച അറ്റാക്കാണോ?.. നോം ഒന്നും മിണ്ടീല്യാ..കണ്ടിട്ട്‌ കാണാത്ത പോലെ നിന്നു.. മാന്യത കീപ്പ്‌ ചെയ്തു..

ഒരു വികൃതി ചെറുക്കൻ നമ്മോട്‌ പറഞ്ഞു.." എടാ .. പയലേ..കണ്ടോ സംഭവം ..അവരായി അവരുടെ പാടായി.. അവരുടെ കാര്യം .... ദാ.. ഇത്രേയുള്ളൂ...കണ്ടില്ലേ.... ഇനി നമ്മുടെ കാര്യം എന്നാണാവോ?..."

നോം അവനെ ഉപദേശിച്ചു..."നിനക്കൊക്കെ നാണമില്ലേ, അച്ഛനില്ലേ, അമ്മയില്ലേ.....ചെന്നു പോയി പറഞ്ഞു നോക്ക്‌..അവർ കനിഞ്ഞാൽ നിന്റെ കാര്യം നടക്കും.. പക്ഷെ ഈ പ്രീഡിഗ്രി എന്ന വലയിൽ നിന്ന് ഒന്നു പുറത്ത്‌ കടന്നിട്ട്‌ തൂമ്പായ്ടുക്കാനെങ്കിലും ഉള്ള വിവരം വെച്ചിട്ടു പോരെ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്‌?.."

" ബസ്സു വന്നു നിന്നു....നമ്മുക്ക്‌ എന്തെങ്കിലും സഹായം ചെയ്തിട്ടാണോ?.. അല്ല പക്ഷെ ഇരിക്കട്ടേ. ..നമ്മുടെ സൗമനസ്യം!....കൺക്ടർക്കും മൊതലാളിക്കും ബാക്കിയുള്ള തൊഴിലാളികൾക്കും പച്ചരി വാങ്ങേണ്ടേ..

....നോം പേഴ്സ്‌ തപ്പിയെടുത്തു...മുപ്പത്‌ പൈസ, സമ്പന്നരായ ആൾക്കാർ മുപ്പത്‌ ലക്ഷം കൊടുക്കുന്ന ലാഘവത്തോടെ ചുമ്മാ കൊടുക്കുവാൻ നോമും നമ്മുടെ കൂട്ടുകാരനും കൈയ്യിൽ എടുത്തുവെച്ചു...കുറച്ചപ്പുറം പോയി നിന്നാൽ 25 പൈസ കൊടുത്താൽ മതി.. ആ.. പോട്ടെ.. സാരമില്ല  അഞ്ചു പൈസ ടിപ്പെങ്കിൽ ടിപ്പ്‌ അതു കണ്ട്രാവിക്കിരിക്കട്ടേ...ആ സ്ഥലം പൂരം കഴിഞ്ഞ ഉത്സവ പ്പറമ്പു പോലെ അനാഥമാക്കി കൊണ്ട്‌ പയ്യന്നൂർ ഭാഗം.. അംശം.. ദേശം.. പയ്യൻസും പയ്യത്തികളും പയ്യെ ബസ്സിലേക്ക്‌ കയറി ..

1 അഭിപ്രായം:

  1. സതീശേട്ടാ.............എന്റെ മുഖവും വില്ലന്മാരെപ്പോലെയാനത്രേ............
    പക്ഷെ അവള്‍ക്കു എന്നെ ഇഷ്ട്ടമായത് അതോണ്ടാണെന്ന്.......ഹ...ഹ.....ഹ.

    മറുപടിഇല്ലാതാക്കൂ