പേജുകള്‍‌

ശനിയാഴ്‌ച, ഒക്‌ടോബർ 09, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( ഇരുപത്തിമൂന്നാം സർഗ്ഗം)

അമ്മ രാവിലെ എഴുന്നേറ്റു..മക്കൾ പഠിക്കണംന്ന് ഇത്തിരി ആഗ്രഹമുള്ള അമ്മമാർ രാവിലെ എഴുന്നെൽക്കും.. ടൈമ്പീസിൽ അലാറം വെച്ച്‌ നോം ചുരുണ്ടു കൂടി കിടന്നു..ടൈമ്പീസ്‌ അടിച്ച്‌ ശല്യം ചെയ്തപ്പോൾ അതിലെ സൂചിയുടെ ചെവി പിടിച്ച്‌ വട്ടം കറക്കി..ഒരു കിഴുക്കും കൊടുത്തു

...ശവം!... ശബ്ദിച്ചു പോകരുത്‌!...അത്രേന്നെ!

" അവന്റെ അലോസരം അതോടെ നിന്നു..അപ്പോൾ നമ്മേ പേടീണ്ട്‌!...

നോം പുതപ്പു വീണ്ടും മൂടി ഒന്ന് ശയിച്ചേക്കാം എന്നു കരുതി പിന്നേം ഒന്നു ചുരുണ്ടു.. ഇതു വരെ ശയിച്ചത്‌ ഒരു ശയനമാണോ? ഉറക്കമല്ലേ.. സാധാരണക്കാരൻ ഉറങ്ങുന്നതു പോലുള്ള ഉറക്കം!.. ഇനിയാണ്‌ ശയനം!..യദാർത്ഥ പള്ളിയുറക്കം!

അമ്മ മെല്ലെ അടുത്തു വന്നു എത്തി നോക്കി!..ഭാവം എന്താണെന്ന് അറിയാലോന്ന മട്ടിൽ!..
.. പല്ലു തേക്കാനുള്ള ബ്രഷും പേസ്റ്റും എടുത്ത്‌ വന്ന് വെള്ളവും എടുത്തു തന്നു കഴുകെടാ മുഖം, തേയ്ക്കെടാ പല്ല്, കുടിയെടാ ചായ, പഠിക്കെടാ വേഗം എന്നൊക്കെ പറയണംന്ന്ണ്ട്‌ അമ്മയ്ക്ക്‌ എന്ന് തോന്നി...പക്ഷെ പറഞ്ഞീല,...വലുതായാൽ ഒക്കെ സ്വന്തം വകുപ്പാ.. ഈ വകുപ്പുണ്ടാക്കിയോരെ നാലു തെറി പറഞ്ഞിട്ട്‌ വീണ്ടും കിടക്കാമെന്ന് കരുതി ഒന്നു തിരിഞ്ഞു കിടന്നു...നോം തലയേതാണ്‌ കാലേതാണെന്ന് ആർക്കും തിരിച്ചറിയാൻ പറ്റാത്തവണ്ണം പുതപ്പിനാൽ മൂടിയ ശുഭസമയം!!

."...എടാ...എഴുന്നേറ്റ്‌ നാലക്ഷരം പഠിയെടാ..!.. സമയം എത്രയായെന്നാ... പോത്തു പോലെ കിടന്നുറങ്ങുകയാ പിന്നേം!"-വീണ്ടും ചുരുണ്ടിടാൻ ആഞ്ഞ നമുക്കിട്ട്‌ പ്രഹരം!..കുട്യോളുടെ നേരെ ആർക്കും എന്തും ആവാലോ?

"നോം അലാറം വെച്ചതാണല്ലോ?"
"അതു നേരത്തെ അടിയുന്നത്‌ കേട്ടല്ലോ?"
" അതു നിന്നെന്നാ തോന്നുന്നത്‌!"
"അതു പിന്നെ നിൽക്കുലോ?..നമ്മെ അത്രേയ്ക്ക്‌ വിശ്വാസം വരാതെ അമ്മ!"
ഇങ്ങനെ തന്നെയാണോ എല്ലാ അമ്മമാരും!....വയ്യ എന്നാലും നോം എഴുന്നെറ്റു..!...നടുവിന്‌ ഒക്കെ ഒരു പിടുത്തം!..പ്രാഞ്ചി പ്രാഞ്ചി പ്രാഞ്ചിയേട്ടനായി നടന്നു..

പ്രഭാത കർമ്മങ്ങൾ എല്ലാം കഴിഞ്ഞു.. ഫാസ്റ്റിനെ ബ്രേക്കിക്കൊണ്ട്‌ ഒന്നു, രണ്ട്‌, നാലു ദോശ വിഴുങ്ങി...  മൂന്ന് ഇല്ല മൂന്നും നാലും ദോശ ഒന്നാകെയാ വിഴുങ്ങിയത്‌...പഠിക്കാൻ പോകുമ്പോഴത്തെ ചായ അത്ര നന്നായില്ല ..അത്ര ഗുമ്മില്ല.. എന്നാലും സാരമില്ല!..

"..ഇനിയെന്തു പഠിത്തം ഇപ്പോൾ പോകാനാവുമല്ലോ?"- അമ്മ..
 അപ്പറഞ്ഞത്‌ നമുക്കത്ര സുഖിച്ചില്ല
" ഇനിയല്ലേ പഠിത്തം സ്റ്റാർട്ട്‌ "എന്ന് നാമും!"

അപ്പുറം അതായത്‌ പൂമുഖത്തിലെ സോഫയിൽ ഇരുന്നു..ആഞ്ഞിരുന്നു.പിന്നെ ചെരിഞ്ഞിരുന്നു.. ശരിയാവാതെ പിന്നെം ചാഞ്ഞിരുന്നു...ഇരിപ്പുറച്ചിട്ടു വേണ്ടെ പഠിക്കാൻ!.നട്ടെല്ലിനു ബലം പോര.....പിന്നെ ചാഞ്ഞു കിടന്നു..!..

മനനം ചെയ്തു പഠിക്കണം .. പഠിച്ചത്‌ ഉരുക്കഴിക്കണം.. നാം കണ്ണടച്ചു ഉരുക്കഴിച്ചു..ഉരുക്കഴിച്ചു ഉരുക്കഴിച്ചു.. കിറുങ്ങിപ്പോയി .. അവിടെ ഉറങ്ങി പോയി..

ശബ്ദമൊന്നും ഉയരാതായപ്പോൾ അമ്മ പതുക്കെ ചാരപ്പണിക്കിറങ്ങി..

" എടാ..ഉറങ്ങുകയാണോ?"

" ഞെട്ടിപ്പിടഞ്ഞ്‌ നാം എഴുന്നേറ്റു."...അല്ല! നോം ഉരുക്കഴിക്കയായിരുന്നു.."
"കളവു പറയാനും തുടങ്ങി.. ല്ലേ... അപ്പോൾ പിന്നെ കൂർക്കം വലി കേട്ടതോ?...
നമുക്ക്‌ ആരോടും കളവു പറയണമെന്ന് ശ്ശി ആഗ്രഹം കൂടിയില്ല.. നാം ഉരുക്കഴിക്കാൻ കണ്ണടച്ചു.. കണ്ണ്‌ ചതിച്ചു അത്രേന്നേ!..ഉറങ്ങിയതായിട്ട്‌ നമുക്കൊട്ട്‌ തോന്നിയിട്ടും ഇല്യാ! ...ഈ അമ്മയ്ക്ക്‌ എന്തിന്റെ കേടാ..അഥവാ അങ്ങിനെ സംഭവിച്ചൂന്നിരിക്കട്ടേ കൂർക്കം വലി കേട്ടാൽ പിള്ളാരെ ശല്യം ചെയ്യാതെ ചെവി പൊത്തുകയല്ലേ വേണ്ടത്‌.. അതിനു പകരം പറഞ്ഞു.. " പഠിക്കാതെ നടന്നോ?.. നിന്നൊടൊക്കെ ആര്‌ പറയും.. ചായയും കുടിച്ച്‌ നല്ലോണം ഉറങ്ങിക്കോ?"
പെട്ടെന്ന് ഉറക്കച്ചടവിൽ അൽപം ദേഷ്യത്തോടെ നാം പറഞ്ഞു - " എന്റെ കാര്യം നോക്കാൻ എനിക്കറിയില്ലേ.. അമ്മയെന്തിനാ വെറുതെ..!"

നമ്മെ വിശ്വാസത്തിലെടുത്ത അമ്മയ്ക്കത്‌ സങ്കടായി.." നിനക്കറിയാം അല്ലേ?.. ഇനി ഞാൻ ഇടപെടുന്നില്ല.. നിന്റെ കാര്യം നീ തന്നെ നോക്കിക്കോ..!"..എന്നാലും അവൻ അങ്ങിനെ പറഞ്ഞല്ലോ എന്നായി അമ്മയുടെ ചിന്ത!... അമ്മ തിരിഞ്ഞു അടുക്കളയിലേക്ക്‌ നടന്നു..
" ഛേ.. വേണ്ടായിരുന്നു.. എന്റെ നാവാ ചതിച്ചത്‌!.. അസത്തിനെ അരിഞ്ഞു കളയണംന്നൊക്കെ വിചാരിച്ചു നോം ഇരുന്നു..

അമ്മയുടെ ഹൃദയം നുറുങ്ങിയിരുന്നു... അമ്മ പെങ്ങളോട്‌ പരാതി പറഞ്ഞു... പെങ്ങൾ എന്റെടുത്തു വന്നു.." നീയ്യെന്താ അമ്മയോട്‌ പറഞ്ഞത്‌?..നിന്റെ കാര്യം നീ നോക്കും എന്നൊക്കെ പറഞ്ഞെത്രെ! അമ്മയ്ക്കത്‌ വളരെ സങ്കടായി ഇരിക്കയാ.."!"
നോം ഒന്നും മിണ്ടിയില്ല.. കുറ്റബോധം തോന്നി..
നോം മനസ്സിൽ പോലും വിചാരിച്ചില്ല ഇതത്രെ പ്രശ്നമാകുമെന്ന്.. ഉറക്കിൽ എന്തൊ പിച്ചും പേയും പറഞ്ഞതാണ്‌..

നമുക്ക്‌ സങ്കടായി...ഇനി ജീവിച്ചിരുന്നിട്ട്‌ കാര്യമില്ല.. അമ്മയെ വിഷമിപ്പിച്ചിട്ട്‌.. ഛേ...നാം ആരോടും മിണ്ടാതെ കരഞ്ഞു ...മൗനവൃതത്തിലായി..."പെറ്റമ്മയെ ദ്രോഹിച്ചിട്ട്‌, വേദനിപ്പിച്ചിട്ട്‌ നിൽക്കുന്ന മൂശ്ശേട്ടയ്ക്ക്‌ കുറഞ്ഞ ശിക്ഷ മരണമാണ്‌.!.മരിക്ക്വന്നേ!..... നമ്മുടെ മനസ്സ്‌ നമുക്ക്‌ ശിക്ഷാ വിധി പകർപ്പ്‌ വായിച്ചു കേൾപ്പിച്ചു ചോദിച്ചു.."വല്ലതും ബോധിപ്പിക്കാനുണ്ടോ?.

."..ഇല്യ .. വല്യ വേദന വേദനിക്കാണ്ട്‌ പെട്ടെന്ന് ഒടുക്കണം ഇത്രെ ആഗ്രഹം ഉള്ളൂ!..ആർക്കും ദ്രോഹുല്യാണ്ട്‌ തീരണം!"...

ശിക്ഷ അപ്പീലില്ലാത്ത വണ്ണം പാസ്സാക്കപ്പെട്ടു.. ഇനി നടത്തണം അത്രേ വേണ്ടൂ....
കാലാവധി പരിമിതമാണ്‌!.. വിധിയിൽ നമുക്കൊരു വിഷമോം ഇല്യ.. തെറ്റു ചെയ്തത്‌ നോം..അത്‌ തലകുലുക്കി നോം സമ്മതിച്ചിരിക്കുണൂ.. അല്ലെങ്കിലും നോം ജീവിച്ചിട്ട്‌ ഭൂമിക്ക്‌ ഭാരായെങ്കിൽ അത്‌ ഇല്ലാതാക്കാനുള്ള സമയം വന്നിരിക്കുണൂ..

ഒരു തട്ടാൻ ചെറുക്കനുണ്ട്‌ അവന്റെ കൈയ്യിൽ പൊട്ടാസ്യം സയനൈഡ്‌ ഉണ്ടാകും എന്നറിഞ്ഞു..
നോം ഒരടവെടുത്ത്‌ അവന്റെടുക്കലെത്തി പറഞ്ഞു " എടാ ഒരു ഭ്രാന്തൻ നായ കടിച്ച ഒരു നായയുണ്ട്‌ അതിനെ കൊല്ലുവാൻ ഉടമസ്ഥന്‌ വല്ലാത്ത ബുദ്ധിമുട്ട്‌ അതിനാൽ തന്റെ കൈയ്യിൽ സയനൈഡ്‌ ഉണ്ടെങ്കിൽ തരുമോ?"

അവൻ തന്നില്ല.. പഹയൻ എന്തൊക്കെയോ നിയമത്തിന്റെ നൂലാമാല പറഞ്ഞു ഒഴിവായി..
അവനെ ആ നിമിഷം തല്ലിക്കൊന്ന് കെട്ടി തൂക്കേണ്ട മനസ്സു വരെ നമുക്കുണ്ടായി... എന്തായാലും വല്യ ശിക്ഷ നമുക്കുണ്ട്‌ അതിൽ പരം ശിക്ഷ നമുക്കിനി കൂടുതൽ ലഭിക്കാനില്ലല്ലോ?.. എന്നാലും പോട്ടേ.. ആ നാശക്കാരൻ എവിടെയെങ്കിലും പോയി തുലയട്ടേ.. എന്ന് നാം മനസ്സിൽ കരുതി..അവനെ വെറുതെ വിട്ടു..നമ്മുടെ സന്മനസ്സ്‌ അത്ര തന്നെ!.. മറ്റൊരാളായിരുന്നെങ്കിൽ കാണാമായിരുന്നു...


പിന്നെ വേറൊരു പയ്യന്റെ അടുക്കലെത്തി.. " അവന്റെ വളർത്തു നായയ്ക്ക്‌ പേയിളകിയപ്പോൾ സ്വർഗ്ഗത്തിലേക്കുള്ള ടിക്കറ്റായി ഇതേ മരുന്ന്കൊണ്ടു വന്നു കൊടുത്തുവത്രെ അവന്റെ അച്ഛൻ.!. അൽപം ബാക്കിയുള്ളത്‌ പറമ്പിന്റെ മൂലയിൽ എവിടെയോ കുഴിച്ചിട്ടുവത്രെ.. അവൻ തരുന്നില്ല.. അറ്റ്ലീസ്റ്റ്‌ എവിടെയാണ്‌ കുഴിച്ചിട്ടതെന്നു  കൂടി പറഞ്ഞു തരുന്നില്ല...പറഞ്ഞു തന്നെങ്കിൽ പാത്തു പതുങ്ങി വന്ന് അതു നാം മോഷ്ടിച്ചേനേ!....മൊത്തം ജേസിബി കൊണ്ടു വന്ന് കിളച്ച്‌ കണ്ടു പിടിക്കാൻ പറ്റുമോ?

.. ഇനിയെന്ത്‌ രക്ഷ എന്നു കരുതി ഭ്രാന്തെടുത്തു.. മനസ്സിന്റെ താളം തെറ്റി.. ഇനി തീരുമാനം ഒന്നു മാത്രം ...കടലോ, കയറോ, കേന്ദ്ര സർക്കാരിന്റെ വണ്ടിയോ?.. ആകെ അസ്വസ്ഥമായി ഇരുന്നു.. പദ്ധതി തയ്യാറാക്കി...ആത്മഹത്യ എന്നത്‌ അന്താരാഷ്ട്രകുറ്റമാണ്‌.. പക്ഷെ ഇത്‌ ആവശ്യമായി.. അത്യാവശ്യമായി വിധിക്കപ്പെട്ട വിധിയാണ്‌!.. അത്‌ ആത്മഹത്യയല്ല..!..വിധി വന്നു.. ഇനി അപ്പീലിനു പോകലൊന്നും ഇല്യ..നമ്മുടെ ജൂഡീഷ്യറിയെ നാം വാഴ്ത്തി.. ധാർമ്മികമായ വിധി തന്നെ അതിനാൽ അംഗീകരിച്ചിരിക്കുന്നു..! .നോം മുറിയുടെ മൂലയിൽ ലൈറ്റ്‌ ഇടാതെ ഇരുന്നു..!.. ഇന്ന് അവസാന അത്താഴം!..
" ഇവനെവിടെ?.. കാണുന്നില്ലല്ലോ?..
"എന്താടാ..ലൈറ്റ്‌ ഇടാതെ?"- പെങ്ങൾ ചോദിച്ചു..
"ഒന്നൂല്യ!"
-നമുക്ക്‌ വെളിച്ചം തന്നെ അറപ്പായി തോന്നി...നാണോം മാനോം കെട്ട വെളിച്ചം!...
"എന്താടാ നിനക്ക്‌ പറ്റിയേ!"- അമ്മയും ആദ്യം കലിപ്പോടെ ചോദിച്ചു..അമ്മ ആദ്യം വിചാരിച്ചു നാം സ്വന്തം കാര്യം നോക്കാൻ പ്രാപ്തനായി സന്തോഷിച്ചിരിക്കുകയാണെന്നാണ്‌!
"നിന്റെ മുഖം കുറേ ആയല്ലോ കടന്നലു കുത്തിയ മാതിരി!.. ഒരു മൗനവൃതം!"
" ഒന്നുല്യ!"- അന്നു രാത്രി ഒടുക്കാൻ വെച്ച ദേഹം ജീവനോടെ അവർ കണ്ടോട്ടേ എന്നു നാം മനസ്സിൽ കരുതി....
"നമ്മുടെ അടുത്തിരുന്നു അമ്മ നിർബന്ധിച്ചു.." എന്താടാ.. പറയെടാ.."
" ഒന്നുല്യ!"-
"എന്തുണ്ടെങ്കിലും പറയെടാ..എന്താ നിനക്ക്‌ പറ്റീത്‌.. രണ്ടു മൂന്നു ദിവസമായി ഇവൻ ഒന്നും മിണ്ടുന്നില്ലല്ലോ?"
" ഒന്നൂല്യാന്ന് പറഞ്ഞില്ലേ.."
 "പറയെടാ.."
പറയണോ വേണ്ടയോ? നമ്മുടെ മനസ്സ്‌ ആടിയുലഞ്ഞു...പക്ഷെ അവർ നിർബന്ധിച്ചു പറയിച്ചു..
".. മാപ്പ്‌!... അമ്മയ്ക്ക്‌ അന്നു പറഞ്ഞത്‌ വിഷമം ഇണ്ടാക്കിയെങ്കിൽ!... കൂടുതൽ ഒന്നും പറയാൻ നാവു പൊങ്ങിയില്ല വിഷമം എന്റെ നാവിനെ വരിഞ്ഞു മുറുക്കിയിരുന്നു..
"നീയെന്താ പറയുന്നത്‌?"
അമ്മ നമ്മെ കെട്ടിപ്പിടിച്ചു..."..മോനെ നിന്റെ നന്മയ്ക്ക്‌ വേണ്ടിയല്ലേ..ഞാൻ പറഞ്ഞത്‌ ..അല്ല്ലാതെ എനിക്കെന്താ വേണ്ടത്‌...!"
" നമ്മുടെ അന്വേഷണം അവരുമായി നാം പങ്കുവെച്ചു.. കഥകൾ കേട്ട അവർ ഞെട്ടിപ്പോയി..ഒന്നും മിണ്ടാതെ സ്തംഭിച്ചിരുന്നു...
അമ്മ നമ്മെ കെട്ടിപ്പിടിച്ചു..."..മോനേ .. നീ!... എനിക്കൊരു വിഷമോം ഇല്യാ ട്ടോ.."!"-അമ്മയും കരഞ്ഞു പോയിരുന്നു..

ഒരു കൊച്ചു കുഞ്ഞിനെ സ്വാന്ത്വനിപ്പിക്കും പോലെ അമ്മ നമ്മെ സാന്ത്വനിപ്പിച്ചു..ഒപ്പം പെങ്ങളും..!
ആ ഒരു നിമിഷം വൈകിയിരുന്നെങ്കിൽ നാം നിങ്ങളെ ഇങ്ങനെ വധിക്കാൻ ഇന്നുണ്ടാകുമായിരുന്നില്ല..!..സത്യം!!

**എല്ലാ മാതാ പിതാക്കളും നമ്മുടെ നന്മയെ ലക്ഷ്യമിട്ടാണ്‌ നമ്മെ ശകാരിക്കുന്നത്‌... നമ്മുടെ ഉയർച്ച മറ്റുള്ളവരേക്കാളും ആഗ്രഹിക്കുന്നത്‌ അവരല്ലാതെ മറ്റാരുമില്ല.. !!

1 അഭിപ്രായം:

  1. ഒരു നിമിഷം കണ്ണുകള്‍ ഈറനണിയാന്‍ വിതുമ്പി. തികച്ചും വ്യത്യസ്തമായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ