പേജുകള്‍‌

വ്യാഴാഴ്‌ച, ഒക്‌ടോബർ 28, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(മുപ്പത്തൊന്നാം സർഗ്ഗം)

അന്ന് പയ്യന്നൂരിൽ പ്രസിദ്ധമായ ഒരു ക്ഷേത്രത്തിൽ ഉത്സവാത്രെ! അച്ഛൻ നാട്ടിൽ വന്ന സമയം!.. അച്ഛന്റെ പെങ്ങൾ അച്ഛനോട്‌ പറഞ്ഞു..".. ഏട്ടാ ഉത്സവാണല്ലോ ഇവിടെ..ഏടത്തിയേയും മക്കളേയും എല്ലാവരേയും കൂട്ടി വരണം.. എല്ലാവർക്കും ഇവിടുന്ന് ഭക്ഷണം കഴിക്കാം"
"ആവാം..വരാം.."- തറവാടല്ലേ..അച്ഛൻ ഉറപ്പു കൊടുത്തു..
" നിന്റെ മകളും ഭർത്താവും വരില്ലേ..!"- അച്ഛൻ
" ഊവ്വ്‌!"
".. എങ്കിൽ നല്ല ഭക്ഷണം ഉണ്ടാക്കണം..ട്ടോ..ആരാൻ തറവാട്ടുകാരാ നാണക്കേട്‌ വരുത്തരുത്‌!"- അച്ഛൻ.
"സാധനങ്ങൾ വാങ്ങേണ്ടേ..ഒന്നിനും ഒരു കുറവും വരുത്തേണ്ട.. ഇതാ പൈസ!"- അച്ഛന്റെയൊരു തമാശ!.. അച്ഛൻ പൈസ കൊടുത്തു..

"വേണ്ടെന്ന് പറഞ്ഞെങ്കിലും അച്ഛൻ നിർബന്ധിച്ചു പിടിപ്പിച്ചു..!"

അച്ഛന്റെ വീട്ടുകാർ പഴയ വല്യ തറവാട്ടുകാരാണ്‌..കൊല്ലത്തോട്‌ കൊല്ലം ഉണ്ണുവാനുള്ള നെല്ലുണ്ട്‌!.. നടന്നാൽ തീരാത്തത്ര തെങ്ങിൻ തോപ്പുണ്ട്‌..ഒക്കെയുണ്ട്‌..എന്നത്‌ സത്യം!..
പക്ഷെ അങ്ങിനെയല്ലല്ലോ സംഭവങ്ങളുടെ കിടപ്പ്‌!..വീട്ടുകാരെ അച്ഛന്‌ നന്നായിട്ടറിയാം..പെങ്ങളെ അതിനേക്കാൾ നന്നായിട്ടും!

.".. ഒരപ്പകഷ്ണം കൊണ്ട്‌ യേശു അയ്യായിരം ആളെയോ മറ്റോ ഊട്ടി എന്നത്‌ കൃസ്ത്യാനികളുടെ വേദഗ്രന്ഥമായ ബൈബിളിൽ പറയുന്നതിൽ സംശയിക്കേണ്ട ഒരു കാര്യവും ഇല്ല... അതൊരു പുളുവും അല്ല..!..നമ്മളുടെ അച്ഛൻ പെങ്ങളുടെ കൈപുണ്യം കണ്ടാൽ യേശുവും തോറ്റു കൊണ്ട്‌ ചോദിച്ചു പോകും.. " .. നീയ്യേതു മഹദ്‌ വനിതയാണു മകളേ നിന്റെ മുന്നിൽ ഞാൻ തോറ്റിരിക്കുന്നു... നീയ്യിതെങ്ങിനെ ഒപ്പിച്ചു!.. ആ രഹസ്യം എനിക്കും പറഞ്ഞു തരാമോ?"

കാരണം ഒരു കോഴിയെ, അല്ലെങ്കിൽ ഒരു മീനിനെ കൊന്ന് കറിവെച്ച്‌ ആറായിരത്തി മുപ്പത്തി മൂന്നേ കാല്‌ (  കണക്ക്‌ കൃത്യം പറയണമല്ലോ ..ഇവിടെ കണക്കിൽ കാല്‌ വന്നത്‌ വല്യോരേക്കാളും കൂടുതൽ ഭക്ഷണം കഴിക്കുന്ന ചില ചെറുകിടാങ്ങളെ കൂട്ടിയാണ്‌) ആളെ ഊട്ടിയാലും ആ മഹദ്‌ വനിതയുടെ ചട്ടിയിൽ കറി പിന്നെയും ലേശം ബാക്കി കാണും.. ഒരു അഞ്ചു പത്തു പേരെ കൂടെ പുല്ലു പോലെ മൃഷ്ടാന്നം ഊട്ടാനുള്ള വക! .. ചട്ടിയിൽ നിന്നും ഒരു അക്ഷയപാത്രമായ ഒരു ചെറിയ ബോണിയിലേക്ക്‌ ( ഒരു ചെറിയ പാത്രം) കറി മാറ്റി ഒരു ചെറിയ കരണ്ടിയുമായി ആ സുകൃതം ചെയ്ത പുണ്യാത്മാവ്‌ വിളമ്പാൻ തുടങ്ങുമ്പോൾ തന്നെ ആളുകൾ അതിശയിക്കും..ഞെട്ടിത്തരിച്ചു നിൽക്കും!.. പിന്നെ മനസ്സിൽ സ്തോത്രമാല ഉരുക്കഴിക്കും..!
" .. അന്നപൂർണ്ണേ മഹാമായേ...."
" ഇനിയും വേണോ?... തരാലോ?.. ഇഷ്ടം പോലെ..ചോദിക്കാൻ മടിക്കേണ്ട.."-- വീണ്ടും വിളമ്പും!
കഴിച്ച്‌ തൃപ്തി വന്നിട്ടേ എഴുന്നേൽക്കാവൂന്ന് സാരം...!.. അവർ എല്ലാം മതിയാക്കി..ഏമ്പക്കം വിട്ട്‌ എഴുന്നേൽക്കും!..എഴുന്നേറ്റല്ലേ പറ്റൂ!... നമുക്കിവിടെ ആരൂഢം വേണം ഇരുന്നേടത്തു തന്നെ പ്രതിഷ്ഠ നടത്തിക്കോളൂന്ന് പറഞ്ഞ്‌ വാക്കു കൊടുത്തിട്ടല്ലല്ലോ ഓരോ വിരുന്നുകാരും വീട്ടിൽ നിന്നു പുറപ്പെട്ട്‌ വരുന്നത്‌! 
അങ്ങിനെ അച്ഛനും അമ്മയും മക്കളായ നമ്മളും ഉത്സവ ദിവസം യാത്രയാകാനൊരുങ്ങി...അച്ഛന്റെ മറ്റൊരു പെങ്ങളുടെ മകൻ നമ്മുടെ ഏട്ടനെ കൂട്ടു പിടിച്ചു.. ഏട്ടന്‌ തൽക്ഷണം എന്തോ രഹസ്യ മന്ത്രം ഉപദേശിച്ചതിനു ശേഷംപറഞ്ഞു..!

" അമ്മായീ ഒന്നും വിചാരിക്കരുത്‌.. നമുക്ക്‌ രണ്ടു പേർക്കും കുറച്ച്‌ കഞ്ഞിയെങ്കിലും വെച്ചു തരണം..നമ്മളിവിടുന്ന് കഴിച്ചോളാം..എന്നിട്ട്‌ വന്നേക്കാം!!"
മൂത്ത പൊത്രനും തലയാട്ടി.
മൂത്ത പൊത്രനെ  വഴി പിഴപ്പിക്ക്യണോ ഇവൻ!
" അതെന്താ.. അവിടുന്ന് കഴിച്ചൂടേ.."-വിശ്വാസം വരാതെ അമ്മ!.. " അതൊക്കെ പിന്നീടും ആകാലോ!"- അദ്ദേഹം!

..അദ്ദേഹമാകട്ടേ അവിടുത്തെ രഹസ്യങ്ങൾ എല്ലാം അറിയുന്നവനാണ്‌..അവിടുത്തെ എഴുതപ്പെടാത്ത,  മറഞ്ഞു നിൽക്കുന്ന പരമശുദ്ധ ഗ്രന്ഥങ്ങളെല്ലാം മന: പാഠമാക്കിയ മഹാജ്ഞാനി!. കടമുറ്റത്ത്‌ കാത്തനാരെ വരെ ഒറ്റ മന്ത്രം ചൊല്ലി പച്ചയ്ക്ക്‌ കത്തിച്ച്‌ വീണ്ടും ജീവിപ്പിക്കാൻ വരെ പ്രാപ്തൻ!..മുതുകാടിനെ മൂക്കിൽ പൊടി വലിച്ച്‌ തുമ്മി പുറത്തിടാൻ വരെ കൺകെട്ട്‌ അറിയുന്ന മഹാത്മൻ!

അദ്ദേഹം ലീവെടുത്താൽ അതു ലീവാകാറില്ല..പിറ്റേന്ന് ഏത്‌ അധികാരിയായാലും കൂളായി അയാളുടെ മുന്നിൽ ചെന്ന് വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പറഞ്ഞു ചാക്കിൽ കയറ്റി സെക്കന്റിൽ എടുത്ത ലീവു ദിവസം വരെ ഹാജരുണ്ടായിരുന്നുവെന്ന് ഒപ്പിട്ട്‌ തിരിച്ചു വരും!..

ഒരിക്കൽ ആ രഹസ്യം അസാമാന്യ വ്യക്തിത്വത്തിനുടമയായ അദ്ദേഹം പറഞ്ഞു.." അമ്മായീ.. അവിടെ അതായത്‌ തറവാട്ടിൽ അഞ്ചു കിലോ പരിപ്പ്‌ ഇന്നു വാങ്ങിക്കൊടുത്താൽ നൂറുഗ്രാം മാത്രം കറിവെച്ച്‌ ബാക്കി ഞൊടിയിടയ്ക്കുള്ളിൽ അപ്രത്യക്ഷമാകും... അത്ര മഹാമാന്ത്രികരുള്ള സ്ഥലമാ അത്‌.. അമ്മായിക്കറിയോ ആ സാധനങ്ങൾ എവിടെ പോകുന്നുവെന്ന്!"
"..ഇല്ല!.. എവിടെ?"
".. ഇത്രകാലമായിട്ടും അമ്മായിക്കറിയില്ല അല്ല?...അതായത്‌ ആരും കയറാൻ മടിക്കുന്ന തട്ടിൻ പുറത്ത്‌ നിറയെ മൺകലങ്ങൾ നിരത്തി വെച്ചിട്ടുണ്ട്‌..അവിടേക്കാണ്‌ എല്ലാം പോകുന്നത്‌!"
" തട്ടിൻ പുറത്തു കയറാൻ ആരേയും അവിടെ നിന്നും അനുവദിക്കാറില്ല... ദുർമൂർത്തികൾ ഉണ്ടെന്ന മട്ടിലാ അവിടെയ്ക്ക്‌ ആരെങ്കിലും കയറുമ്പോൾ പറയുക!"

.." ന്റെ ശിവനേ!.. നോം എന്തൊക്കെയാ ഈ കേൾക്കണത്‌!..നോം ഒരിക്കൽ തട്ടിൻ പുറത്തു കയറാൻ ശ്രമിച്ചതാ.. മോനെ വീഴും .. തല ചുറ്റും എന്നൊക്കെ പറഞ്ഞ്‌ നമ്മെ വിലക്കിയത്‌ നോം ഓർക്കുന്നു..!.. എങ്കിലും നോമും കയറി..കുറേ പഴയ മൺകലങ്ങൾ നോം കണ്ടു.. ഒന്നും തുറന്നു നോക്കിയില്ല.. വല്ല ദുർഭൂതങ്ങളേയും ആവാഹിച്ചതാണെങ്കിൽ എന്നോർത്ത്‌ നോം വേഗം താഴേക്കിറങ്ങി!"

അച്ഛനോട്‌ പറയേണ്ട എന്നു പറഞ്ഞു ആ രഹസ്യം നമ്മോട്‌ മാത്രം പരസ്യമാക്കിയ അദ്ദേഹമാണ്‌ പറയുന്നത്‌ ചോറും കറിയും വെച്ചു തരാൻ! .. " അങ്ങിനെ ചോറും കറികളും അവർക്കായി അവിടെ വെച്ചു കൊടുത്തിട്ട്‌ നമ്മൾ തറവാട്ടിലെ മൃഷ്ടാന്നമടിക്കാൻ യാത്രയായി..

ഉത്സവം കണ്ടു.. ചോറൂട്ടിനായി തറവാട്ടിലെത്തി... വിരുന്നുകാരും അല്ലാതെ വലിഞ്ഞു കേറി വന്നവരും ഒക്കെ എത്തി..ഒരു ചട്ടിയിൽ കോഴിയുടെ നുറുക്കി നുറുക്കി പ്രോട്ടോണും ന്യൂട്രോണും വരെ ശണ്ഠകൂടും എന്ന നിലയിലെത്തിയ കുറച്ചു കഷ്ണങ്ങൾ!... അമ്മയ്ക്ക്‌ അക്ഷയ പാത്രം എടുത്തു കൊടുത്തിട്ട്‌ അച്ഛൻ പെങ്ങൾ പറഞ്ഞു " ഏടത്തി വിളമ്പ്വോ?"

" എന്നെ കൊണ്ടാവില്ല.. ഈ ഒരു പരീക്ഷണം എന്നോട്‌ കാട്ടരുത്‌... ഞാൻ തോറ്റിരിക്കുന്നു..!" അമ്മ കൈ മലർത്തി...
അങ്ങിനെ അച്ഛൻ പെങ്ങൾ തന്നെ ഇലയിൽ വിളമ്പു തുടങ്ങി..
" ഹയ്യ്‌..ഹയ്യ്‌... അത്ഭുതം!.. പിന്നേയും പിന്നെയും കഷ്ണങ്ങളും ചാറും ബാക്കി!"
പിന്നേയും പിന്നേയും ആളുകളെ അവർ മൃഷ്ടാന്ന ഭോജനത്തിനായി വിസ്തരിച്ചു ക്ഷണിക്കുകയാണ്‌..
അമ്മ ഭയന്ന് കണ്ണടച്ചു...
" ഏടത്തി മിണ്ടാതിരി!..ഇവിടെ എല്ലാവർക്കും മൃഷ്ടാന്നത്തിനുണ്ട്‌ .. " - എന്ന് അച്ഛൻ പെങ്ങൾ!
ആളുകൾക്ക്‌പരാതിയുണ്ടോന്ന് കേൾക്കാൻ നമ്മൾ നിന്നില്ല..എങ്ങിനെ രക്ഷപ്പെടും എന്ന ചിന്തയായിരുന്നു നമ്മൾക്ക്‌!..നമ്മളാരുടേയും മുഖത്ത്‌ നോക്കിയില്ല... നമ്മളീ നാട്ടുകാരല്ല എന്ന മട്ടിൽ പെരുമാറി!...അങ്ങിനെ വല്യ പരുക്കില്ലാതെ  നമ്മൾ രക്ഷപ്പെട്ടു..
 
"പരാതിയുണ്ടെങ്കിൽ ഒരു പരാതി അനക്കും, ഒരു പരാതി കലക്ടർക്കും അയച്ചു കൊടുക്ക്‌ .. പരിശോധിച്ചു നോക്കീട്ട്‌ പറയാം...കേട്ടാ"..വീണ്ടും പരാതിയെങ്കിൽ "ഓൻ നമ്മുടെ എതിർചേരിയുടെ ആളാ" എന്ന നമ്മുടെ അനശ്വരനായ നായനാരുടെ പറച്ചിലിന്റെ  മട്ടാണ്‌ അവർക്ക്‌!..
 
 പിറ്റേന്ന് നമ്മൾ അതിരാവിലെ ഇറങ്ങി....ചായ കുടിച്ചിട്ട്‌ പോയാൽ പോരേ എന്ന അവരുടെ സ്നേഹപൂർണ്ണമായ നിർബന്ധത്തെ " പോയിട്ട്‌ എന്തൊക്കെയോ പണിയുണ്ട്‌ " ചായ വീട്ടിൽ നിന്നു കുടിച്ചോളാമേ എന്നു പറഞ്ഞു നമ്മൾ എല്ലാവരും ഇറങ്ങി.."
" എന്നാലും ചായ കുടിക്കാതെ എങ്ങിനെയാ ഏടത്തീ!"- അച്ഛൻ പെങ്ങൾ!
അവർ ദോശ ചുടാനുള്ള അരിയൊക്കെ അരച്ചു വെച്ചിട്ടുണ്ടത്രെ..

ആ ദോശ തിന്നവർക്കെല്ലാം പിന്നിട്‌ ലോകത്തെവീടെയെങ്കിലും അബദ്ധത്തിൽ ദോശ കണ്ടാൽ പ്രാന്താ...മൊത്തത്തിൽ അടിച്ചു മാറ്റി വയറ്റിലിട്ടു കളയും! ഇതു പോലെ നേരിയ ദോശ ചുടുന്നവർ ഗിന്നസ്സ്‌ ബുക്കിൽ പേരു വരേണ്ടവരാണ്‌!.. ആരും അറിയിച്ചില്ല ...ഗിന്നസ്സുകാർ കൊടയും പുടവയും ചക്രവുമായിവന്നില്ല..അതിനാൽ ഗിന്നസ്സിൽ പേരുവന്നില്ല! അത്രേന്നെ!

" അതൊക്കെ പിന്നെ വന്ന് കുടിക്കാം!"- എന്നു പറഞ്ഞ്‌ അമ്മയും നമ്മളും ഇറങ്ങി വഴിക്കു വെച്ച്‌ കിട്ടിയ ഓട്ടോറിക്ഷയിൽ നമ്മൾ യാത്രയായി.. വഴിയിൽ വെച്ച്‌ ഒരു കടയിൽ കയറി കുറച്ച്‌ അവലും പഴവും വാങ്ങി വീട്ടിലെത്തി നമ്മൾ കുഴച്ചടിച്ചു..കുറച്ചു നേരം വെയ്റ്റ്‌ ചെയ്യ്‌ എന്തെങ്കിലും ആക്കി തരാമെന്ന് പറഞ്ഞിട്ട്‌ വയറു കേൾക്കുന്നില്ല..  "എന്തെങ്കിലും പെട്ടെന്ന് താ..എന്തെങ്കിലും പെട്ടെന്ന് താ" എന്നും പറഞ്ഞ്‌ കരച്ചിലോട്‌ കരച്ചില്‌.. "

"ഈ അവലും പഴവും ഒക്കെ കൂട്ടിക്കുഴച്ച്‌ അടിച്ചാൽ ഇത്രയും രുചിയുണ്ടാവ്വോ?"
പിന്നീടൊരിക്കലും ഇത്രയും രുചിയോടെ അവലും പഴവും കൂട്ടി കുഴച്ചത്‌ നമ്മുടെ ജീവിതത്തിൽ കഴിച്ചിട്ടില്ല!.. നോം പറയുന്നത്‌ സത്യാ!..

പക്ഷേ ഇന്ന് അച്ഛൻ പെങ്ങൾ കാലത്തിനൊത്ത്‌ മാറി...നമ്മളെ പോലെ വെടക്കായി...കലി കാലം!..സുകൃതക്ഷയം!.. സുകൃതക്ഷയം!.. അല്ലാണ്ടെന്താ പറയ്ക!... ..അവരുടെ അക്ഷയ പാത്രം കാലഹരണപ്പെടുത്തി സ്മൃദ്ധി മാത്രേ പാടുള്ളൂന്ന്  മക്കൾ ശപിച്ചൂത്രേ!...
ശാപം ഏറ്റിരിക്ക്ണൂ.. നോം ഈയ്യിടെ അനുഭവിച്ച കാര്യാ ഈ പറയണത്‌!..

1 അഭിപ്രായം: