പേജുകള്‍‌

തിങ്കളാഴ്‌ച, ഒക്‌ടോബർ 18, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(ഇരുപത്തി ഏഴാം സർഗ്ഗം)

പൊസ്തകവും കൈയ്യിലേന്തി ബസ്സിന്റെ അരികെ കനിവിനായി കാത്തു നിന്നു നിന്ന് കിനാവു കണ്ടു മടുത്ത നമ്മളോട്‌ കയറുവാൻ അനുജ്ഞയായീന്നും പറഞ്ഞ്‌ കിളി ബെല്ലു കൊടുത്തു..നമ്മളൊക്കെ അറിയാതെ പോലും നോക്കി പോകാത്ത പെൺകിടാങ്ങളെ,അവരെന്തു വിചാരിക്കും എന്നോർത്ത്‌ നോക്കി നിന്നു, നോക്കി നിന്നു വെള്ളമിറക്കി ചായ പോലും കുടിക്കാൻ സമയം കിട്ടാതെ ബീഡി പുകച്ചു തീർത്ത ഡ്രൈവറേമാൻ ജയൻ ഹെലികോപ്റ്ററിലേക്ക്‌ എന്ന വണ്ണം ബസ്സിൽ ചാടിക്കയറി വളയം പിടിച്ചു...

"മാടായിക്കാവ്‌, പിലാത്തറ..പഴയങ്ങാടി, പുതിയങ്ങാടി."
"മാടായിക്കാവ്‌, പിലാത്തറ..പഴയങ്ങാടി, പുതിയങ്ങാടി"

....അവസാനവട്ടത്തെ വരവിളി കൂടി കിളിയൻ ചേട്ടൻ നിർവ്വഹിച്ചു!

"എടാ നീ മുപ്പത്‌ പൈസ താ നിന്റെ പൈസ ഞാൻ കൊടുക്കാം."- ഫ്രെണ്ടാണ്‌.!...ഫ്രെണ്ടിച്ചു ഫ്രെണ്ടിച്ച്‌ നമ്മുടെ പൈസ വാങ്ങി നമ്മുടെ ആവശ്യം അവൻ നടത്തിതരും...അഞ്ചു നയാ പൈസ കളയാനല്ല .. .ആവശ്യത്തിനാണ്‌ ..അല്ലാതെ നാട്ടു കൂട്ടം വിളിച്ച്‌ ചേർത്ത്‌ കള്ളടിച്ചു നടക്കേണ്ട പ്രായോം വെളിവും അവനായിട്ടില്ല..നമ്മേക്കാൾ പാവം പച്ച പശു!..

..നോം അവന്‌ മുപ്പത്‌ പൈസ കൊടുത്തു..ആ മഹാനിധി നമ്മോട്‌ പൈസ വാങ്ങിക്കയും ചെയ്യും എന്നിട്ട്‌ അവനാണ്‌ നമ്മെ പോറ്റിവളർത്തി വലുതാക്കിയതെന്ന ഭാവത്തോടെ ഞെളിഞ്ഞു നിൽക്കുകയും ചെയ്യും.. എന്തു ചെയ്യാം ഫ്രെണ്ട്‌ നമ്മുടെ തലേൽ കയറി നെരങ്ങുന്നെങ്കിലും നോം ക്ഷമിക്കയാണെന്ന് അവൻ അറിയുന്നില്ലല്ലോ ദൈവമേ!.. ആ നിഷ്കളങ്കനെ നോം ഒന്നും പറയാതെ വെറുതെ വിട്ടു.. ഏതോ ആളുടെ അമ്മാവൻ പ്രാഞ്ചി പ്രാഞ്ചി എഴുന്നേൽക്കുന്നു.. ..അദ്ദേഹത്തെ ഒരു വിധം യാത്രയാക്കി. നോം സീറ്റ്‌ ആർക്കും കൊടുക്കാതെ അതിവിദഗ്ധമായി കൈക്കലാക്കി ആഞ്ഞിരുന്നു..അവൻ നമ്മെ നേരയിരുത്തില്ല എന്ന ഭാവം! .. നമ്മെ തള്ളി അവനും ഇരുന്നു ..ഒട്ടകത്തിനു കൂടാരത്തിൽ തല വെക്കാൻ സ്ഥലം കൊടുത്തതു പോലെ അവനെന്നെ സീറ്റിൽ നിന്നും പുറത്താക്കിയ പോലായി... നോം ഒന്നും പറഞ്ഞില്ല.. നമ്മുടെ ചിലവിൽ അവനും ഒന്നിരുന്ന് ആശ തീർത്തോട്ടേ..!...ബസ്സ്‌ പകുതിയോളം കുതിച്ചു പാഞ്ഞു...
പെട്ടെന്ന് അതു സംഭവിച്ചു..

. ...പ്രായായില്ലേ നമുക്കിങ്ങനെ കുതിച്ച്‌ പായാൻ വയ്യ കിടാവേന്നും പറഞ്ഞ്‌ ബസ്സ്‌ ഒരു നിൽക്കൽ!. ഇല്ലത്തു നിന്നു പുറപ്പെടുകയും ചെയ്തു അമ്മാത്തൊട്ട്‌ എത്തീട്ടും ഇല്യ...

ഡ്രൈവർ ഏമാന്‌ എഞ്ചിനെ കുറിച്ച്‌ വല്യ പിടിപാടുണ്ടാവില്ല്യ..പെണ്ണുങ്ങളുടെ മുന്നിൽ ഷൈൻ ചെയ്ത്‌ ബസ്സെടുത്തതാ...ദേ കിടക്കുന്നു..നാണം കെട്ട ശവം..വിളറി വെളുത്ത്‌!."
ഡ്രൈവർ എന്തൊക്കെയോ കണ്ട്രാവിയെ പിടിച്ചു കുശുകുശുത്തു.. പിന്നെ കിളിയെ പിടിച്ചു ഓടിച്ചു.. തള്ളീ നോക്കി.. നോ രക്ഷ!..ഉന്തി നോക്കി..ആ കശ്മലൻ ബസ്സ്‌ അനങ്ങുന്നില്ല!...നോം ഫ്രെണ്ടനോട്‌ പറഞ്ഞു.." എവന്മാരെല്ലാവരും ഉത്സാഹിച്ചു മാടായി വരെ നമ്മളെ തള്ളി കൊണ്ട്‌ പോയെങ്കിൽ മതിയായിരുന്നു!"

പരിശ്രമങ്ങളെല്ലാം പാളിയപ്പോൾ കണ്ട്രാവീ ബാഗ്‌ കൊട്ടി വിളംബരം നടത്തി..
"..എല്ലാവരും ഇറങ്ങി കൊള്ളുക.. ബസ്സ്‌ തകരാറിലാണ്‌...എല്ലാവരും ടിക്കറ്റ്‌ തരൂ.. പൈസ മടക്കി തരാം.."
"..കുട്യോളൊന്നും വരേണ്ട..പത്തു പൈസക്കാരൊന്നും വരേണ്ട.."-- ആ മുശേട്ട ഡ്രൈവറുടെ വായ ലൗഡ്‌ സ്പീക്കർ വെച്ച പോലെ പറഞ്ഞു.. പിന്നെ  കണ്ട്രാവിയോട്‌ ഉപദേശം കുട്യാൾക്കൊന്നും പൈസ കൊടുക്കേണ്ട...ട്ടോ. !"

....ദേഷ്യം വന്നു കണ്ണു കാണുന്നില്ല ..."നല്ല തൂക്കവും തടിയും ഉണ്ടല്ലോ?...ആദ്യം നേരാം വണ്ണം ബസ്സൊടിക്കാൻ പഠിക്കെടാ ശവീ.. അതു കഴിഞ്ഞിട്ടാകാം കണ്ടോനൊടൊക്കെ തന്റെ  ഉപദേശം.!".. നോം മനസ്സിൽ പറഞ്ഞു..

എന്തൊരഹങ്കാരമാണ്‌ ആ ഡ്രൈവർക്ക്‌.!!.. സാധാരണ ചില പ്രഗൽഭന്മാരായോർ ചുമ്മാ കടലാസിൽ നൂറ്‌ രൂപയെന്നോ, ആയിരം രൂപയെന്നോ പെന്നോണ്ട്‌ എഴുതി കടക്കാരനു കൊടുത്ത്‌ കടേലെ സാധങ്ങൾ മുഴുവൻ വാങ്ങി ശേഷം ബാക്കി പൈസ കൂടെ വാങ്ങിക്കാറുണ്ടല്ലോ?.. നോം സിനിമേൽ കണ്ടതാണ്‌.. .നമുക്കത്ര പരിചയം പോര!

... മുതിർന്നോർ രണ്ടു രൂപയും മൂന്നു രൂപയും കൊടുക്കുമ്പോൾ അത്ര തന്നെ ദൂരം നമ്മൾ അന്ന് വെറും പത്തു പൈസയ്ക്കും 30 പൈസയ്ക്കുമാണ്‌ പോകുന്നത്‌..അതായത്‌ നമ്മൾ പ്രഗൽഭന്മാർക്ക്‌ 30 പൈസ = 3 രൂപ .. അതു ഗവണ്മേന്റിനും അറിയാം.. സത്യത്തിൽ 30 പൈസ നമ്മൾ കൊടുത്താൽ അതു വാങ്ങി മുപ്പതു രൂപ തന്നു എന്ന സന്തോഷത്തോടെ 27 രൂപ ബാക്കിയെങ്കിലും നമുക്ക്‌ തരേണ്ടതാണ്‌..ന്യായം അതാണ്‌..!...നാളെത്തെ ഭാവി തലമുറയായ നമ്മൾക്ക്‌ ആ സൗകര്യം ചെയ്യണമെന്ന ഒരു നിയമം ഓർഡിനൻസിലൂടെ സർക്കാറിന്‌ പാസ്സാക്കാവുന്നതേയുള്ളൂ... ..ചുമ്മാതാണോ?....നമ്മൾ വളർന്നിട്ട്‌ ഒരു പതിനെട്ടൊക്കെ പടി കടന്ന്  വന്നാൽ ഇവന്മാർക്കൊക്കെ തന്നെയല്ലേ ഗുണം!... കട്ടു മുടിക്കാൻ കൈ നിറച്ചും വോട്ട്‌ കൊടുക്കുന്നത്‌ അമേരിക്കൻ പ്രസിഡന്റിനൊന്നും അല്ലല്ലോ?.. അപ്പോഴെങ്ങിനെ അദ്ദേഹത്തോട്‌ പോയി പരാതി പറയാൻ പറ്റും?..ഇതൊന്നും ഇവിടെ ആരും അത്ര സീരിയസ്സ്‌ ആയി എടുക്കുന്നില്ല... അതാ കുഴപ്പം! .. ആ പോട്ടെ സാരമില്ല.. അതൊക്കെ പറഞ്ഞാൽ നമ്മുടെ ക്ഷമ നശിച്ച്‌ കാടു കയറും!

"..നോം വിഷമിച്ചു.അത്ര തന്നെ..".. എടാ പെട്ടൂടാ..കോളേജിലേക്ക്‌ പോയാൽ തിരികെ വരാൻ കായില്ല..നിന്റെ കൈയ്യിലുണ്ടോടാ?"

" അവനും കൈമലർത്തി.. കരയുന്ന പോലായി."...രാവിലെ കുളിച്ചു വന്നോളും..റിട്ടെൺ ടിക്കറ്റിനുള്ള അറുപതു പൈസയുമെടുത്ത്‌..വൺവേ ടിക്കറ്റിന്റെ പൈസയെടുത്ത്‌ ഒരു കാര്യോം ഇല്ല്യാതെ ചിലവാക്കി...കോളെജിലേക്ക്‌ പോയാൽ വീട്ടിലെത്താൻ കഴിയില്ല..തമ്മിൽ ഭേദം ഇന്ന് പണി മുടക്കി വീട്ടിലേക്ക്‌ തിരിക്കുന്നതാ.. .. അവനെ മാത്രമല്ല നമ്മേ കൂടെ ഒപ്പം ചുട്ടു തിന്നാനുള്ള ദേഷ്യം വന്നു...നമ്മേ അറിയുന്ന ഒറ്റയാളും ആ ബസ്സിലില്ല..!

ഫ്രെൻഡൻ പറഞ്ഞു.." ഒരു നിമിഷം നിൽക്ക്‌ നോക്കട്ടേ!"

"കുട്ടികൾക്ക്‌ കൊടുക്കേണ്ടാ."..പിന്നെയും ആ മനുഷ്യൻ തല തല്ലി കാറി വിളിക്കുന്നു...പിന്നെ ..കുട്യാൾക്കെല്ലാം അദ്ദേഹത്തിന്റെ അമ്മായി അപ്പന്റെ വകയല്ലേ ഉച്ചയൂണ്‌!.. .പൈസയും വാങ്ങി പോക്കറ്റിലിട്ട്‌ നാണമില്ലാത്ത ശവി!..

"...വണ്ടി ഓടിക്കാനറിയില്ല ..ആ മഹാത്മന്‌ .. എന്നാലോ കാറി വിളിക്കാൻ ആരും പഠിപ്പിച്ചു കൊടുക്കേണ്ട!.. ഇയാൾക്കൊക്കെ മക്കളില്ലേ...ആ മക്കളോടും വീട്ടിൽ ഇതു പോലെ തന്നെയാണോ പെരുമാറ്റം?.. ഒരു ബഹുമാനോം ഇല്യാതെ.!.. അതോ മക്കളും ഭാര്യയും ഈയ്യാളെ ഡൈവോർസു ചെയ്തോ..ആ ദേഷ്യമായിരിക്കും അതിയാൻ പാവം നമ്മോട്‌ കാട്ടണത്‌." - നോം ഫ്രെൻഡനൊട്‌ പറഞ്ഞു...."..ഈ മനുഷ്യൻ ചത്താൽ നരകത്തിൽ ചെന്നാലും നക്കിക്കുടിക്കും!.. സ്വർഗ്ഗത്തിലാണെങ്കിൽ പറയേം വേണ്ട!...ചത്ത നാട്ടുകാർക്ക്‌ മൊത്തം നട്ട പിരാന്താക്കും!."
"നീ വെഷമിക്കാതെടാ നമുക്ക്‌ നോക്കാം"- ഫ്രെൻഡെൻ സമാധാനിപ്പിച്ചു.

ടിക്കറ്റ്‌ എടുത്തവർ പൈസ വാങ്ങി പോയി രംഗം ഒട്ടൊന്ന് ശാന്തമായപ്പോൾ, നോമും ഫ്രെൻഡും ബാങ്കിൽ നിന്നും ചെക്കു വാങ്ങി പൈസ കൊടുക്കുന്നതു പോലെ ടിക്കറ്റ്‌ വാങ്ങി പൈസ കൊടുക്കുന്ന കണ്ട്രാവിയുടെ അടുത്തെത്തി..

കണ്ട്രാവി നമ്മളെ സൂക്ഷിച്ചു നോക്കീ ..ഫ്രെൻഡൻ തല ചൊറിഞ്ഞു..അമ്മാ വല്ലതും തരണേന്ന മട്ടിൽ നിൽക്കുന്ന അവനെ നോക്കി.. അവന്റെ ദയനീയ ഭാവം അയാളുടെ കരളലിയിച്ചു.
...". എന്താ?..എത്രെയാ തന്നത്‌?"
" 60 പൈസ!.. നമ്മുടെ രണ്ടാളുടേയും പൈസ!"-അവൻ തല ചൊറിഞ്ഞു പണ്ടാരമടങ്ങി.
അയാൾ എന്നെ നോക്കി!.".. നോമും ദയനീയമായി അയാളെ നോക്കി.. ദണ്ഡിയാത്ര നടത്തിക്കല്ലേ ചേട്ടാ കൊടുത്തേക്ക്‌ എന്ന മട്ടിൽ ... അവൻ പാവാ..നോം അതിനേക്കാൾ പാവാ...എന്ന് നമ്മുടെ മിഴികൾ അദ്ദേഹത്തോട്‌ പറഞ്ഞു..!"

" ഉം.. ഇന്നാ പിടിച്ചോ?"

അറുപതു പൈസ അവന്റെ കൈ വെള്ളയിൽ വെച്ചു കൊടുത്തപ്പോൾ.. അവൻ ഏതോ അമ്പലത്തിൽ നേർച്ച നേർന്നു..ഭാവിയിൽ പൈസയുണ്ടായാൽ ഒരു മുപ്പത്‌ പൈസ നേർച്ചയിട്ടേക്കാമേ!"

അവനില്ലായിരുന്നെങ്കിൽ നോം റോഡിന്റെ അളവെടുത്ത്‌ നടന്നേനേ..ആപത്തിൽ സഹായിക്കുവനാണ്‌ അവൻ എന്ന് നമുക്ക്‌ ബോദ്ധ്യായി..നോം അവനെ അനുഗ്രഹിച്ചു.". ഈ പച്ചയായ ജീവിത ഗന്ധിയായ അഭിനയം തുടർന്നാൽ നീയ്യി പരമാണു ലോകത്തിൽ എവിടെ പോയാലും വിജയിക്കും മകനേ!.. "

1 അഭിപ്രായം: