ഹൃദയതന്തുക്കളിലുറവയായ്,
കുത്തൊഴുക്കായ്,
മനസ്സിലുൾ ചാലുകളായ്,
എൻ മിഴിത്താരിൽ ചാഞ്ഞിറങ്ങിയ,
കണ്ണീർക്കണം!
ഒരപശപ്ത നിമിഷത്തിൽ
കോരിയെടുത്തെങ്ങോ വലിച്ചെറിഞ്ഞതും
നിനക്കസ്വസ്ഥതയേകുന്നോ?
നിന്റെ ആനന്ദക്കണ്ണീരിലതു-
കാളകൂടവിഷം കലർത്തുന്നോ?
വിഹ്വലതയാൽ ഭ്രമിച്ചൊരെന്നെ-
കപടമാം മുഖാവരണം,
നുണകളുടെ പകിടയുരുട്ടി,
നേടിയതാം തന്ത്രത്തിൻ,
നെരിപ്പോടുകൾ പിൻതുടർന്നു,
ചുട്ടെരിക്കാനാളുമ്പോൾ,
തോറ്റ അപമാനഭാരമാൽ,
തലകുനിച്ചൊരെന്നെ-
പരിഹസിച്ചട്ടഹസിക്കുമ്പോൾ,
വഴിതെറ്റിയുഴറിയവർക്കൊപ്പമായ,
നിൻ പുഞ്ചിരിയെൻ മനം
കലക്കുമ്പോൾ,
നിൻ അണപ്പല്ലെന്തിനോ
അമരുമ്പോൾ,
നിന്നിലൂറിയ ആഹ്ലാദമെൻ,
മനസ്സിൽ സങ്കടത്തിന്റെ,
നിശ്വാസം തീർക്കുമ്പോൾ,
അറിയാതെൻ ചുണ്ട് വിറച്ചത്,
ശാപമായെങ്കിലതിൽ പഴിച്ച്,
ഊടും പാവും നെയ്തെന്നെ-
വീണ്ടും വിസ്തരിക്കുവതെന്തിന്!
നീ തീർത്ത അന്ധകാരത്തിലെൻ,
ആത്മശക്തി തൻ സൂര്യകിരണം തട്ടി,
തകർത്തു പ്രകാശമാനമാക്കുമ്പോൾ,
പുതപ്പുമൂടിയന്ധകാരത്തിലുറങ്ങാതെ,
പുറത്തേക്കൊന്നു തല നീട്ടി നോക്കുക,
ഒരു നിമിഷാർദ്ധം കണ്മിഴിയുയർത്തുക.
ഇവിടെ ഉദയസൂര്യന്റെ കിരണമുണ്ട്,
ധർമ്മത്തിൻ ശാശ്വത സത്യമുണ്ട്,
സ്നേഹത്തിൻ കെടാത്ത ജ്വാലയുണ്ട്,
നിൻ വെറുപ്പുമൊരുനാളതിൽ,
ഈയ്യാമ്പാറ്റയായ് ,
ചിറകറ്റ് വീഴും നാൾ വരേക്കും,
അന്ധകാരം തുണയെന്ന്,
നീ വിശ്വസിച്ചോളൂ!
സ്ഥിതപ്രജ്ഞനെങ്കിൽ,
വിധിയെ പഴിച്ചു നാൾ,
നുറുക്കിയെറിഞ്ഞോളൂ!
അല്ലായ്കിൽ ചിന്തകൾ
വഴിപിഴച്ചുവെന്ന പഴി,
സ്വയമാരോപിച്ച്
മിഴി തുടച്ചോളൂ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ