പേജുകള്‍‌

തിങ്കളാഴ്‌ച, സെപ്റ്റംബർ 13, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( രണ്ടാം സർഗ്ഗം...)

"മനുഷ്യാണാം മനുഷ്യത്വം,
കമന്റാം സ്വീകാര്യതാം,
മൃഗാണാം മൃഗത്വം
വികടത്വം അസ്വീകാര്യതാം"

- അതായത്‌ മനുഷ്യനാണെങ്കിൽ സഹജീവിയോട്‌ മനുഷ്വത്വം കാണിക്കണം... എനിക്ക്‌ നാലഞ്ച്‌ കമന്റെങ്കിലും ഇടണം എന്ന് സാരം!... മൃഗമാണെങ്കിൽ (ഇവിടെ മൃഗം എന്ന് പ്രത്യക്ഷ അർത്ഥത്തിൽ എടുക്കരുത്‌ എന്ന് ബ്ലോഗായനചരിതത്തിൽ പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്‌.. അതായത്‌ എന്റെ ബ്ലോഗ്‌ വായിച്ച്‌ പ്രഷറു പിടിച്ച്‌, മീശ വിറച്ച്‌ നടക്കുന്ന നല്ല മനുഷ്യർക്ക്‌ വന്നു ചേരാവുന്ന മൃഗീയ വാസന എന്നർത്ഥം) വികടത്വം പറയരുത്‌ .. അത്‌ നമുക്ക്‌ അസ്വീകാര്യം എന്നർത്ഥം..
ഈ നാം വിവർത്തകനും ശ്ലോകനും ( ശ്ലോകം എഴുതിയവനും) ആകേണ്ടി വന്നത്‌ നിവൃത്തികേട്‌ കൊണ്ടാണ്‌.. കാരണം നമ്മുടെ ശ്ലോകം കേട്ടാൽ കോടീശ്വരൻ എന്നല്ല കോടീശ്വരന്മാരുടെ കോടീശ്വരനായ പട്ടി പോലും ഭിക്ഷാടകനായി തെരുവു തെണ്ടി പട്ടിയായി അലഞ്ഞു തിരിയാൻ ആഗ്രഹിച്ചു പോകും .. അപ്പോൾ പിന്നെ മനുഷ്യരുടെ കാര്യം പറയണോ?
അപ്പോൾ കഴിഞ്ഞ ലക്കത്തിൽ നാം പറഞ്ഞു വന്നത്‌ പൂർവ്വാശ്രമത്തിൽ കവിയാകാൻ ആഗ്രഹിച്ച്‌ തലകുത്തി നിന്ന് സുദർശന ക്രീയ ചെയ്യുമ്പോൾ ഓടിച്ചു വിട്ട കഥയാണ്‌... ഇനി അടുത്തശ്രമം!
"അറ്റൻഷൻ പ്ലീസ്‌!
ഓൾ സ്റ്റാൻഡ്‌ അപ്പ്‌!  സിറ്റ്‌ ഡൗൺ!
സ്റ്റാൻഡ്‌ അപ്പ്‌! സിറ്റ്‌ ഡൗൺ!
സ്റ്റാൻഡ്‌ അപ്പ്‌! സിറ്റ്‌ ഡൗൺ!"
"സോറി നിങ്ങളോടല്ല... ക്ലാസ്സിൽ നമ്മോട്‌  ടീച്ചർ പറഞ്ഞതാണ്‌...
നമ്മൾ നിന്നു.. ഇരുന്നു.. നിന്നു.. ഇരുന്നു.. നിന്നു... ഇരുന്നു.. വശം കെട്ടു..ഈ ടീച്ചർക്ക്‌ മറ്റൊന്നും പണിയില്ലേ.. ക്ലാസ്സെടുക്കുമ്പോൾ ഉറങ്ങാതിരിക്കാനുള്ള ഡ്രിപ്പ്‌ തന്നതാണ്‌... ഉറങ്ങണമെന്നുള്ളവർ ഉറക്കം വന്നാൽ ഉറങ്ങും.. ചിലപ്പോൾ കണ്ണ്‌ തുറന്ന് പിടിച്ചും..!.. മരുന്നും മന്ത്രവും ഒന്നും ഇവറ്റകൾക്ക്‌ ഏൽക്കില്ല എന്ന് ടീച്ചർക്കും അറിയാം.. എങ്കിലും ഒരു അറ്റകൈക്ക്‌ ഉപ്പ്‌ തേക്കൽ!..
കൊരങ്ങന്മാർ നന്നാവുന്നെങ്കിൽ നന്നാവട്ടേ.. അത്രേയുള്ളു...!

പക്ഷെ അന്ന് നിങ്ങളെയൊന്നും ഉറക്കില്ലെടാ ഞാൻ ടീച്ചറാണെങ്കിൽ എന്ന ശപഥവുമെടുത്തിട്ടാണെന്ന് തോന്നുന്നു ടീച്ചർ വന്നത്‌..
കുറച്ച്‌ കഴിഞ്ഞപ്പോൾ ടീച്ചർ ചോദിച്ചു .." വലുതാവുമ്പോൾ ആരാകണമെന്നാ നിങ്ങളുടെ ആഗ്രഹം?"
നല്ല ചോദ്യം ....കാക്കകൂട്ടത്തിൽ കല്ലിട്ട പോലെ ഞങ്ങൾ കലപില കൂട്ടി.
.".അറ്റൻഷൻ പ്ലീസ്‌.. ഓരോരുത്തരായി പറഞ്ഞാൽ മതി.."-ടീച്ചർ..
ഒ‍ാരോ ആളും മനക്കോട്ട കെട്ടാൻ തുടങ്ങി.. അവരവർക്ക്‌ സുഖമെന്ന് തോന്നുന്ന പണികൾ ഓരോ ആളും പറഞ്ഞു തുടങ്ങി..അടുത്തത്‌ നമ്മൾ..ആലോചിച്ചു.
.". യൂ സ്റ്റാൻഡ്‌ അപ്പ്‌.. തനിക്ക്‌ ഭാവിയിൽ ആരാകണമെന്നാ ആഗ്രഹം!"
".. എനിക്കങ്ങനെ ഒരഹംഭാവവും ഇല്ലേ .. എന്നു പറയാനാണ്‌ ആദ്യം തോന്നിയത്‌.. എന്തെങ്കിലും ആയാൽ ആയി.. ഒത്താൽ ഒത്തു .. ഇല്ലെങ്കിൽ ഇല്ല...ഇത്രേയുള്ളൂ മനുഷ്യന്റെ കാര്യം എന്നൊക്കെ നിരൂപിച്ച്‌ എഴുന്നേറ്റു നിന്നു...ഗമണ്ടൻ ചോദ്യത്തിന്‌ ഗമണ്ടൻ ഉത്തരം വേണം!
പിന്നെ ഒരു ധൈര്യം സംഭരിച്ച്‌ പറഞ്ഞു.." ഡോക്ടർ.. ർ ..ർ!"
"മിടുക്കൻ!..- ടീച്ചർ എന്നെ വാനോളം പൊക്കി നിർത്തി..
ഞാൻ സ്വയം അഭിനന്ദിച്ച്‌, അഭിനന്ദിച്ച്‌ വശക്കേട്‌ വന്നു... " കണ്ടോടാ.. എന്നെ കണ്ട്‌ പഠിക്ക്‌!.." എന്നൊക്കെ വിളിച്ച്‌ പറയണം എന്ന് തോന്നി.. സ്റ്റെതസ്കോപ്പ്‌ വെച്ച്‌ ഗമയിൽ നടക്കുന്നത്‌ സ്വപ്നം കണ്ടു.. അന്ന് ക്ലാസ്സ്‌ പിരിഞ്ഞു..

വീട്ടിലെത്തി... രാത്രി അതിനെകുറിച്ച്‌ ചർച്ചയായി .. അവതരിപ്പിച്ചതും ഈ പാവം നാം!...എല്ലാവരും എന്നെ പ്രോൽസാഹിപ്പിച്ചു.. എന്നെക്കാൾ ബുദ്ധിയുണ്ട്‌ അവർക്കെന്ന് എനിക്ക്‌ ബോധ്യമായി.. ഡോക്ടറായ എന്നോട്‌ എല്ലാവർക്കും വലിയ സ്നേഹം!.".ആട്ടെ ഡോക്ടറായാൽ കാറെവിടെ ഇടും?- ഏട്ടന്റെ കുനുഷ്ട്‌ ചോദ്യം..

അതു ന്യായമെന്ന് എനിക്കും തോന്നി.. റോഡുണ്ടാക്കാനാണോ പാട്‌!... കാറു കഴുകാൻ അയൽ വക്കത്തെ ഒരാളെ വരെ മനസ്സിൽ കണ്ടു വെച്ചു... അയാൾക്ക്‌ വല്യ പണിയില്ല എന്റെ വക ഒരു പണി.. എന്നാൽ കഴിയുന്ന ഒരു സഹായം!..(പേരു പറയില്ല... ഇന്ന് അയാൾ വലിയ പണക്കാരനാണ്‌.. ഇതറിഞ്ഞാൽ അദ്ദേഹം എന്നെ ചക്ക വരട്ടുന്നതു പോലെ വരട്ടും!).. എല്ലാവരും ചിരിച്ചു..
"എന്തു ഡോക്ടർ ആകാനാണ്‌ ആഗ്രഹം?"-ഏട്ടൻ വിടാൻ ഭാവമില്ല.. അവൻ അങ്ങിനെയാണ്‌ നെല്ല് കുത്തി അരിയാക്കി കഞ്ഞിവെചു കുടിക്കുന്നതു വരെ അറിയണം...
" കുടുക്ക്‌ ഡോക്ടർ!"- പറയുവാൻ എനിക്ക്‌ അമാന്തം വന്നില്ല..നമ്മൾക്ക്‌ തറിക്കാനും മുറിക്കാനും ഒന്നും വയ്യ.. അല്ലറചില്ലറ തക്കിട തരികിട.. ഏത്‌? അതേ ഉദ്ദേശിച്ചുള്ളൂ...
"അതെന്തു ഡോക്ടറാടാ.. കുടുക്ക്‌ ഡോക്ടർ?"-- അവർ ചിരി തുടങ്ങി....അവൻ വിടാൻ ഭാവമില്ല...
മൗനം വിദ്വാനു ഭൂഷണം!... നാം മിണ്ടാതിരുന്നു.. എന്നെ പറഞ്ഞു ചിരിച്ചു വിലങ്ങി നിൽക്കുന്നു ചിലർ!
പുതിയ തസ്തിക സൃഷ്ടിച്ചതിനു ഒരു നന്ദി സൂചകം പോലുമില്ലാത്ത വഹകൾ!
അന്നെത്തെ വീട്ടു മീറ്റിംഗ്‌ പിരിച്ചു വിട്ടു..
പിറ്റേന്ന് ഞായറാഴ്ച!... നാം വിടാൻ ഒരുക്കമായിരുന്നില്ല..ഡോക്ടർ !... അറ്റ്‌ ലീസ്റ്റ്‌ ഒരു വൈദ്യരെങ്കിലും ആയേ പറ്റൂ..
അമ്മമ്മയ്ക്കാണെങ്കിൽ വാതം പൂതം എന്നൊക്കെ അസുഖമുണ്ട്‌.. ചികിത്സിക്കാൻ രോഗി അടുത്ത്‌ തന്നെയുണ്ട്‌..അഭാവം ഡോക്ടറുടേത്‌.. അത്‌ നമ്മുടെ കൈയ്യിലുള്ളതും!

ഒരു കലം ആരും കാണാതെ സംഘടിപ്പിച്ചു.. ഗവേഷണം തുടങ്ങി... പുതിയ മരുന്നുണ്ടാക്കണം.. അമ്മമ്മയുടെ അസുഖം പമ്പ കടത്തണം..അന്ന് പേറ്റെന്റ്‌ സംഭവം സങ്കൽപം പോലും ഇല്ല.. ഉണ്ടെങ്കിൽ അതും ആഗ്രഹിച്ചേനേ...തൊട്ടടുത്ത വയലിൽ സ മൃദ്ധിയായി കാട്ട്‌ താള്‌ വളരുന്നുണ്ട്‌.. അതു പറിച്ച്‌ കൊണ്ടു വന്ന് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച്‌ കലത്തിലിട്ടു വെള്ളം ഒഴിച്ചു അടുപ്പു കൂട്ടി തീകത്തിച്ചു കലം വെച്ചു...തിളച്ചു തുടങ്ങിയപ്പോൾ മേമ്പൊടിയായി റോഡിൽ നിന്നും ഇളക്കിയെടുത്ത്‌ ഉരുട്ടി ഗോലിയാക്കി കൊണ്ടു വന്ന ടാറ്‌!...അതെടുത്ത്‌ ഇട്ട്‌ വടിയെടുത്ത്‌ ഇളക്കി കൊണ്ടിരുന്നു...വൈദ്യന്മാർ പറയുന്നത്‌ കേട്ടിട്ടുണ്ട്‌.. ഒരു ലിറ്റർ കുറുക്കി കാൽ ലിറ്റർ ആക്കണം..കുറുകട്ടേ എന്നിട്ടല്ലേ കാൽ ലിറ്റർ!
" എന്താടാ അവിടെ പണിയെടുക്കുന്നത്‌?"- അമ്മയാണ്‌!
" ശ്ശോ .. അമ്മ കണ്ടിരിക്കുന്നു.. ഇനി രക്ഷയില്ല!"
" എന്താടാ?"-- അമ്മയുടെ ചോദ്യം.
" അത്‌.. അത്‌.."
" എന്താ"- അമ്മയ്ക്ക്‌ ദേഷ്യം വരാൻ തുടങ്ങി...
" ഞാൻ അമ്മമ്മയ്ക്ക്‌ മരുന്നുണ്ടാക്കുവാ"
" ഓടിക്കോ വേഗം!... തീ കൊണ്ട്‌ കളിക്കുന്നോ?"
പറഞ്ഞാൽ കേട്ടില്ലേങ്കിൽ മാരാർക്ക്‌ ചെണ്ട കിട്ടിയ പോലാ അമ്മ.. ജീവനും കൊണ്ട്‌ ഓടി..
അമ്മ അടുത്തു വന്നു നോക്കി.." കുറേ കാട്ടു താളും.. ടാറും!"
".. ഈ നാശക്കാരനെ കൊണ്ട്‌ തോറ്റല്ലോ!.. ഇവന്റെ ഓരോ പണികൾ... ഇങ്ങോട്ട്‌ വാ നീ.. പുതിയ കലത്തിൽ ടാറിട്ട്‌ ഉരുക്കിയിരിക്കുന്നു.."
എന്റെ ഗവേഷണ ഫലം പുറത്തു വരും മുന്നേ ആ മൺ കലം എല്ലാവരേയും കാട്ടി തൃപ്തി പ്പെട്ടതിനു ശേഷം കണ്ടത്തിലേക്ക്‌ ഒരേറു കൊടുത്തു അമ്മ!
ഡോക്ടറാവാൻ അറ്റ്ലീസ്റ്റ്‌ ഒരു വൈദ്യരാവാൻ കൂടെ ഇവന്മാരൊന്നും സമ്മതിക്കില്ല എന്ന് അന്നേ നാം തീർച്ചയാക്കിയിരുന്നു..
ഞാൻ ഗവേഷിക്കുമ്പോൾ അമ്മ അടുപ്പത്ത്‌ വെച്ചമരുന്നിളക്കണം..ഏട്ടൻ മരുന്ന് ആയോ എന്ന് മണത്തു നോക്കണം.. പെങ്ങൾ മരുന്ന് കുപ്പിയിലാക്കി സീൽ ചെയ്യണം എന്നൊക്കെ സ്വപ്നം കണ്ട്‌ നടന്ന എന്നെ പട്ടിയെ പോലെ ഓടിച്ചാൽ എങ്ങിനെ നാം ഡോക്ടറാവും നിങ്ങൾ പറ!... നാം അവരെ കുപ്പിയിലാക്കും മുന്നേ അവർ എന്നെ കുപ്പിയിലാക്കി കഴിഞ്ഞു...
പ്രോൽസാഹനം വേണം.. പ്രോൽസാഹനം!...അല്ലാതെ...

1 അഭിപ്രായം:

  1. ഇതോടു കൂടെ ഞാന്‍ താങ്കളുടെ പണ്ടാര ഫാന്‍ ആയിട്ടോ..........(കട:ജയസൂര്യ)
    പക്ഷെ ഈ പേജിനെക്കുറിച്ച്‌ ഒരു ഐട്യയും കിട്ടുന്നില്ല. വെറുതെ കൂട്ടത്തില്‍ അലഞ്ഞു നടന്നപ്പോ എത്തിപ്പെട്ടതാ.............

    മറുപടിഇല്ലാതാക്കൂ