പേജുകള്‍‌

ശനിയാഴ്‌ച, സെപ്റ്റംബർ 04, 2010

വാക്കുകൾ

പുരാണങ്ങൾ പറഞ്ഞു,
വാക്കുകളഗ്നിയാണ്‌!
നിശബ്ദമാമന്തരീക്ഷത്തിൽ
സംശുദ്ധമാം അന്തരംഗത്തിൽ
വിശുദ്ധിയുടെ അരണികളാൽ
കടഞ്ഞെടുക്കപ്പെട്ട്‌
മനസ്സിൽ കൊളുത്തിയധരങ്ങളിൽ
വഴിഞ്ഞൊഴുകുന്ന മനോഹാരിത!
വാക്കുകൾ ശക്തിയാണ്‌!
പ്രണവ മന്ത്രത്തിന്റെ അംശം,
വിജ്ഞാന സമുദ്രങ്ങളിലുയരുന്ന
തിരമാലകളുടെ വേലിയേറ്റം!

അനുഗ്രഹ വർഷങ്ങളിൽ
ഉണർവ്വിന്റെയുയിർപ്പിന്റെ
തേജോപ്രവാഹം.

അജ്ഞനമാകുമന്ധകാരത്തിൽ-
കുരുക്കുന്ന ശാപ വർഷങ്ങളാം
അഗ്നിഗോളങ്ങളുടെ
സംഹാരതാണ്ഡവം!

ദുഷ്ടരുടെ കരാള ഹസ്തങ്ങളിൽ
പിടയും ജീവന്റെ ദയയ്ക്കായുള്ള
ദീനരോധനം,

മാനം പിഴുതെറിയപ്പെടുന്നവരുടെ
രക്ഷയ്ക്കായുയർന്നു പൊങ്ങുന്ന
ആത്മാവിന്റെ ദീനനാദം!,
അധികാരികളുടെ കനപ്പെട്ട
ശബ്ദമാണടിയാളരുടെ
കുനിഞ്ഞശിരസ്സിൽ നിന്നുയരുന്ന
മൂളലുകൾ,

മിണ്ടാപ്രാണികളുടെ മനസ്സിൽ
സ്ഫുടം ചെയ്തെടുക്കപ്പെട്ട-
തൊണ്ടയിൽ തടവറയിലാക്കപ്പെട്ട
കണ്ണീരിന്റെ കയ്യോപ്പാണത്‌,
വെറുംഅംഗവിക്ഷേപങ്ങളിൽ
കോറി വരയ്ക്കപ്പെട്ട
നിശബ്ദ ചിത്രം!

വാക്കുകൾ,
യുദ്ധത്തിന്റെ, ശാന്ത തയുടെ
ദൈവത്തിന്റെ, സാത്താന്റെ
ശക്തരുടെ, ദുർബ്ബലരുടെ,
അടിയാന്റെയുടയോന്റെ,
പരസ്പരം കൊമ്പുകോർക്കപ്പെട്ട
സമരസപ്പെട്ട താള
വിസ്ഫോടനം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ