"..ആയിക്കോട്ടെ .. അതിനു കിട്ടുന്നത് മതി... ഒന്നെങ്കിൽ ഒന്ന്....ഇവിടെ നീ പോലും കഴിക്കില്ലല്ലോ?.."
"അമ്മേ.. ഇതിനു കിട്ടില്ല..ആ മീൻകാരി.. കണ്ണിൽ ചോരയില്ലാത്തവളാ...ഈ രണ്ടു രൂപയ്ക്ക്.!"
"നീ പോയി നോക്ക്.. ഒന്നെങ്കിൽ ഒന്ന് അതു മതി.. ഇല്ലെങ്കിൽ ഉണക്ക മീൻ വാങ്ങിച്ചോളൂ.. .അതിന്.!"
മനസ്സില്ലാ മനസ്സോടെ അവിടേയ്ക്ക് പോയി.. മീൻകാരി ഈ രാജ്യം ഭരിക്കുന്നത് നാമാണ് എന്ന മട്ടിൽ ഗമയിൽ ഇരിക്കുകയാണ്.. കീടമായി , ശിങ്കിടിയായി, ഭർത്താവ് എന്ന ഈർക്കിലു പോലത്തെ തൊരപ്പൻ!
" അയാൾ കെഞ്ചുകയാണ്.." എടീ... താടീ..".. കെഞ്ചൽ നീണ്ടു കൊണ്ടിരുന്നു.. ഓരോ മീൻ വാങ്ങിക്കുന്നവരും പൈസകൊടുക്കുമ്പോൾ വെക്കുന്ന, രണ്ടു ഫുഡ്ബോൾ ഒന്നിച്ചു കൂടിയ പോലെത്തെ പെരുത്തവയറിനു മീതെയുള്ള പെരുത്ത മടിശ്ശീലയിലേക്ക് മീൻ കണ്ടാൽ പൂച്ചയ്ക്കുണ്ടാകുന്ന ആർത്തിയോടെ നോക്കി.. നിരാശയോടെ വീണ്ടും അയാൾ കെഞ്ചി."... എടി.... താടി.." ആന പോലത്തെ ഇവർക്ക് കോലു പോലത്തെ ഉണങ്ങിയ കോന്തൻ ഭർത്താവ്!...അയാളുടെ ദൈന്യത എന്നെ പോലും കരയിച്ചു.. പാവം!..കൊണാപ്പൻ!!
രൂക്ഷമായ നോട്ടത്തോടെ അവർ പൈസയെടുത്ത് കൊടുത്തു .. ന്നാ പോയി ഷാപ്പീ കേറി..നല്ലോണം ...കേറ്റ്..പള്ള നിറച്ചും കേറ്റ്!!..."
" പൈസയേയും അവരെയും താണു തൊഴുത് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത മഹാത്മൻ എഴുന്നേറ്റു.. പുന്നെല്ല് കണ്ട പെരുച്ചാഴിയേ പോലെ ചിരിച്ച് പിന്നെയും കെഞ്ചി.." ഇച്ചിരൂടേ..!"
ഒന്ന് തല ചൊറിഞ്ഞ് വെറുതെ മോഹിക്കുവാൻ മോഹം എന്ന മട്ടിൽ അയാൾ നടുവൊടിഞ്ഞു നിന്നു.
" ഉം.. ഇന്നത്തെ കോട്ട തീർന്ന്.. അതു മതി... വേഗം.. മോന്തിയിട്ട്... വീട്ടീ പോയ്ക്കോ?എന്റെ സ്വഭാവം മാറേണ്ടെങ്കിൽ!"
അതൊരാജ്ഞയാണ്.. കല്ല് പിളർക്കുന്ന കൽപന!
എല്ലാ ഭർത്താക്കന്മാരും ഇങ്ങനെയാണെങ്കിൽ ഈ ലോകം എന്നേ നന്നായേനേ..എല്ലാ ഭാര്യമാരും ഇങ്ങെനെയാണെങ്കിലും ഈ ലോകം എത്ര മനോഹരമായേനേ...അസൂയയ്ക്ക് മരുന്ന് ചെന്നിനായകം ആണല്ലോ?..അതായത് ചൂരൽ കൊണ്ട് ഇരുട്ടടി!... അതിനാൽ അധികം അസൂയപ്പെട്ടിട്ട് കാര്യമില്ല...!!...
അയാൾ ഡീസെന്റായി എഴുന്നേറ്റ് പോയി.....മര്യാദയ്ക്ക് എഴുന്നേറ്റ് നിൽക്കാൻ കൂടി കഴിയുന്നില്ല.. പിന്നെയാ പട്ടച്ചാരായത്തേയും കൂട്ടിപ്പിടിച്ച് അയാൾ നടക്കുന്നത്?.. മനുഷ്യന്റെ ഓരോ അഹംഭാവം!
.പൈസ നഷ്ടപ്പെട്ട ദേഷ്യമാണെന്ന് തോന്നുന്നു.. എന്നെ കണ്ട മാത്രയിൽ അയാൾക്ക് നൽകിയ നോട്ടം പാവമാം എന്റെ നേരെ...കത്തിക്കരിഞ്ഞു ചാമ്പലാവാത്തത് എന്റെ തറവാട്ടിന്റെ നേര്!
" എന്താ?"
" കുറച്ച് മീൻ?"
" എത്രയ്ക്ക്?"
" രണ്ടു രൂപയ്ക്ക്!"- തെല്ലു ജാള്യത്തോടെ നാം!
" പോയി ഉപ്പ് വാങ്ങിക്കോ അതിന്!" അല്ല പിന്നെ!"
"ഇന്നാള് ഞാൻ വാങ്ങിയിരുന്നല്ലോ മീൻ?"
".. പോടാ ചെക്കാ.. പോയി ഉപ്പ് വാങ്ങി പോയ്ക്കോ..മീനിനു വലിയ വെലയാണ്..കേട്ടില്ലേ ..പോടാ ..മീൻ വാങ്ങാൻ വന്നിരിക്കുന്നു രണ്ട് ഉലുവയും കൊണ്ട്... കോറെ ഒലത്തും!.!!"
രണ്ടു രൂപ എന്റെ കയ്യിലിരുന്നു പിടഞ്ഞു കരഞ്ഞു പറഞ്ഞു...". എന്നെ കൊണ്ട്.. എന്നെ കൊണ്ട്.. ഇതു ചെയ്യിച്ചു അല്ലേ?...നീ ഒരു പാട്, ഒരു പാട്‌വിഷമിച്ചു അല്ലേ?.. സാരമില്ല പോയി ഉണക്ക മീൻ വാങ്ങിക്കൊളൂ.. അതാ നിനക്ക് നല്ലത്!"
പിറ്റേന്ന് അമ്മയുടെ നിർബന്ധത്താൽ അവിടെ വീണ്ടും വന്നു... മീൻ കണ്ട് , .മീനാണല്ലോ എന്ന് തിരിച്ചറിഞ്ഞ്..കാണാത്ത ഭാവത്തോടെ പോയി...ഇല്ലെങ്കിൽ ഉപ്പ് വാങ്ങി മടുക്കണം...നമ്മൾക്ക് ഉപ്പ് കച്ചോടമൊന്നും ഇല്ലല്ലോ?
അതാ അവർ വിളിക്കുന്നൂ .. ആ മീൻകാരി...വാടാ ..... മീൻ വേണോ?
" രണ്ടു രൂപ...പാ"
" ഇങ്ങു വാ..."
നാല് അയല അവർ രണ്ടു രൂപയ്ക്ക് തന്നു...ദൈവമേ.. ഇന്നലെ രണ്ടുരൂപയ്ക്ക് ഉപ്പ് വാങ്ങിക്കാൻ പറഞ്ഞവർ.. ഒരു അയല പോലും തരാത്തവർ.. ഇന്ന് നാല് അയല തന്നിരിക്കുന്നു...ഇവർക്ക് എന്തു പറ്റീ?
അമ്മയ്ക്ക് സന്തോഷമായി... പൊതി തുറന്നു...അയലയുടെ ചെകിള മെല്ലെ തുറന്നു.. പിടയ്ക്കുന്ന മീനിനു പകരം പിടയ്ക്കുന്ന പുഴുക്കൾ!...ഇന്നാണെങ്കിൽ .. വക്ക... വക്ക..കളിക്കുമായിരുന്നു ആ ..സായിപ്പന്മാർ!...അന്നായതിനാൽ ഐ ആം എ ഡിസ്കോ ഡാൻസർ എന്ന് പറഞ്ഞ് ഡിസ്ക്കൊ ഡാൻസ് കളിക്കുന്ന ശവങ്ങൾ... ഐ മീൻ...ആ ഡീസന്റ് പുഴുക്കൾ!
"എടാ ഇതിൽ പിടയ്ക്കുന്ന പുഴുക്കൾ!"
എന്തെങ്കിലും കിടന്ന് പിടച്ചാൽ പോരെ.. മീൻ പിടയ്ക്കണമെങ്കിൽ നമ്മൾ പിടയ്ക്കണം..തമ്മിൽ ഭേദം പുഴുവെങ്കിലും!
"..അവൾക്ക് തന്നെ കൊണ്ട്വോയ് കൊടുക്ക്...മോനെ.. വേഗം... അവൾ കാണട്ടെ.. ഇല്ലെങ്കിൽ എല്ലാവർക്കും പുഴുവുണ്ടെന്നറിയാതെ അവൾ വിൽക്കില്ലേ ഇത്?.."
. വന്നതിനേക്കാൾ വേഗം ഞാൻ തിരിഞ്ഞോടി...
സ്കൂൾ വിട്ടു പോകുന്ന നാലഞ്ച് ടീച്ചർമാർ കൊഞ്ചിക്കുഴഞ്ഞ് അയല വാങ്ങിക്കുകയാണ്... ദൈവമേ ഇതു ഞാൻ കൊടുക്കുന്നത് കണ്ടാൽ അവരും മീൻ വാങ്ങാതെ പൈസ വാങ്ങി പോകും.
അങ്ങിനെ സംഭവിച്ചാൽ അവർ എന്നെ തല്ലും അല്ല തല്ലികൊല്ലും....പുഴുത്ത മീൻ പിടിച്ച നാറ്റക്കേസ് കൈയ്യാണ്.!!...വീട്ടിലിരുന്ന് അമ്മയ്ക്ക് എന്തും പറയാം.. ഉപ്പ് വാങ്ങുക മാത്രമല്ല ചിലപ്പോൾ അവർ കഴിപ്പിക്കുക കൂടി ചെയ്യും.... രാജ്യം വാഴുന്ന തമ്പുരാട്ടിയാ അവർ തമ്പുരാട്ടി..! വെറും ചില്ലറക്കാരിയാണെന്നാണ് വീട്ടിലിരിക്കുന്ന അമ്മയുടെ വിചാരം!
ഇന്നു പുഴുവിൻ മാംസം തിന്നു ടീച്ചർമാരുടെ ഭർത്താക്കന്മാർ ആർമ്മാദിക്കും!...സായിപ്പന്മാർ പുഴുക്കളുടെ ഒരു ഭാഗ്യം!!......അവർ പോകുന്നതു വരെ കാത്തു നിന്നു... പിന്നെ അൽപം പേടിയോടെ അവരുടെ അടുത്തു പോയി...
" ഉം എന്താടാ?"- അധികാര സ്വരം.. കുറച്ച് കൂടെ കനത്തു...
" ഈ മീനിൽ നിറച്ചും പുഴുക്കളാണ്" മെല്ലെ പറഞ്ഞു..
അവരതു വാങ്ങി ഒന്നും പറയാതെ കൂട്ടയിലേക്ക് മീൻ ഇട്ട് എന്റെ രണ്ടു രൂപ തന്നു... സമാധാനമായി ഞാൻ വീട്ടിലേക്ക്..അവർ മീൻ കൂട്ടയിലെ മീൻ ബക്കറ്റിലിട്ട് കഴുകി വീണ്ടും കൂട്ടയിലേക്ക് ഇടുന്നുണ്ടായിരുന്നു.. ഒരു കലാപ മുണ്ടാക്കി എന്റെ പേരു ചീത്തയാക്കണോ?..ഒന്നും അറിയാത്ത ആളുകൾ അടുത്തു വന്ന് ഡിസ്കൗണ്ടിൽ ലഭിക്കുന്ന മീൻ വാങ്ങി പോകുന്നതും നോക്കി ഞാൻ വീട്ടിലേക്ക് നടന്നു...അന്നു ഉപ്പു വാങ്ങിയിരുന്നു ..സത്യായിട്ടും..
എന്തെങ്കിലും കിടന്ന് പിടച്ചാൽ പോരെ.. മീൻ പിടയ്ക്കണമെങ്കിൽ നമ്മൾ പിടയ്ക്കണം..തമ്മിൽ ഭേദം പുഴുവെങ്കിലും!
മറുപടിഇല്ലാതാക്കൂall the best...................