പേജുകള്‍‌

ശനിയാഴ്‌ച, ഡിസംബർ 21, 2013

അയാൾ...

അയാൾക്കൊരുപാട്
പറയാനുണ്ടായിരുന്നു.
അവയിൽ ചിലത്,
ഏടുകളിൽ കുറിക്കപ്പെട്ടിരിക്കണം!
ഏടുകൾ മറിച്ചു നോക്കി,
അയാളുടെ ചരിത്രം അതിലുണ്ട്...
വായിക്കപ്പെട്ടതിങ്ങനെ..

“ആളുകൾ പറയുന്നുണ്ടാകണം
 ഞാൻ അഹങ്കാരിയാണെന്ന്!
നുകം വെച്ചു നടക്കുമ്പോൾ
കാളകൾ
ഉഴുതു മറിച്ചിടേണ്ട കൃഷിസ്ഥലമാണ്‌ കാണുന്നത്,
തീർക്കേണ്ട പാടങ്ങളും!
പിന്നെ മുതികിലേക്കുന്ന അടിയും!
തെളിക്കുന്നവന്റെ ക്രൂരതകൾ എന്നിൽ അടയാളമായി
പതിയുന്നുണ്ടോ?
തലച്ചോറിന്റെ സ്പന്ദനങ്ങളിൽ
വേദനയുടെ സംവേദനം!
ഹൃദയത്തിൽ കിനിഞ്ഞിറങ്ങുന്ന
വിങ്ങൽ!
ക്ഷീണം തീർക്കാനുള്ള ഇടവേളകളിൽ
നിവർന്നൊന്നു നില്ക്കുമ്പോൾ
ആളുകൾ പറയുന്നുണ്ടാവണം
ഞാനൊരു നന്ദിയില്ലാത്തവനാണെന്ന്!

ആളുകളെ നീയെന്തിനു ശ്രദ്ധിക്കണം?
എന്നൊരു ചങ്ങാതീ,
ആളുകൾക്ക് അവരെ ശ്രദ്ധിക്കാനുള്ള
സമയം കൂടിയില്ലത്രെ!

എന്നിട്ടും...
ആളുകൾ പറയുന്നതും നോക്കി,
ആളുകളുടെ നിഴലാട്ടം ഭയന്ന്..
ഞാനെന്റെ മനസ്സിന്റെ നിലവറയിൽ
അടച്ചു പൂട്ടി കിടന്നു..
ശീതമുണ്ടോ?...
പനിക്കുന്നുണ്ടോ?
എന്നൊന്നും ആരും ചോദിക്കാനുണ്ടായിരുന്നില്ല!
ആളുകൾ വരും
ഞാൻ തളർന്നു കിടന്നാൽ പിടിച്ചെഴുന്നേല്പിക്കാൻ..!
അല്ലെങ്കിൽ ആളുകൾ വരും
ഞാൻ മരിച്ചെങ്കിൽ എടുത്തു കുഴിച്ചിടാൻ..!.”

വൃഥാ സ്വപ്നങ്ങളുമായി
അയാൾ കഴിച്ചു കൂട്ടിയിട്ടുണ്ടാകണം
വീണ്ടും അയാൾ നുകം വെച്ചു നിലമുഴുതു മറിച്ചിട്ടുണ്ടാവണം..!
ഒരിറ്റു ജീവ ജലത്തിനു നിലവിളിച്ചിട്ടുണ്ടാകണം..!
പക്ഷെ.....
കുനിഞ്ഞു മടങ്ങിക്കിടന്ന..
അസ്ഥിയിൽ നോക്കി ഞാനിരുന്നു!
ആളുകൾ എന്തെങ്കിലും വിചാരിച്ചിട്ടുണ്ടാകുമോ?

3 അഭിപ്രായങ്ങൾ:

 1. ഏടുകളില്‍ ഉണ്ടായിരിയ്ക്കാം
  അല്ലേ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹായ് അജിത്തേട്ടാ... വായനയ്ക്ക് എത്തിയതിനും അഭിപ്രായങ്ങൾക്കും നന്ദി.

   ഇല്ലാതാക്കൂ
 2. ആളുകള്‍ എന്തു വിചാരിക്കും?
  ആ ചിന്തയാണ്..................
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ