പേജുകള്‍‌

ചൊവ്വാഴ്ച, സെപ്റ്റംബർ 18, 2012

കീഴാളൻ

ശ്രമമാണെന്നെ വെളിച്ചത്തു നടത്തുന്നത്,
ചിന്തകളാണെന്നെ സമയത്ത് നടത്താത്തത്,
ഇരുളു കാണുമ്പോൾ നിന്ന്,
വെളിച്ചം കാണുമ്പോൾ നടന്ന്,
കിതച്ച്, കിതച്ച് തളർന്നു വീണ്…!
എന്നിട്ടുമവരെന്നോടു പറയുന്നു..
മടിയൻ, മടിയൻ എന്ന്!
ആവേശത്തോടെ നടക്കുന്നവർ..!
അവർ ഇരുളിലൂടെ ഓടുന്നു.
വെളിച്ചം കണ്ടാൽ വിശ്രമിക്കുന്നു..!
മഹാ ബുദ്ധിമാന്മാർ,
അവർക്കിപ്പോഴും മധുരപതിനേഴ്!
അവരെയൂട്ടാനും പുകഴ്ത്താനും
ഒപ്പം ചിരിക്കാനും
ആളുകളുടെ തിക്കി തിരക്ക്!

ഞാനോ പാവം മഠയൻ!
കുഴിയിലേക്ക് കാലു നീട്ടിയിട്ടും
ജീവിതമെന്തെന്ന്
ഇനിയും പഠിക്കാത്തവൻ!
എനിക്കിപ്പോഴും വൃദ്ധരുടെ വിവേകം,
യുവാക്കളുടെ ശരീരം!

എന്റെ ഊണു മുടക്കാനും,
അവഹേളിക്കാനും,
ഉറക്കു കളയാനും,
കണ്ണീരു കാട്ടി ചിരിക്കാനും,
ആളുകളുടെ തിരക്ക്!

വലിച്ചെറിഞ്ഞു തരുന്നത് വിഴുങ്ങാൻ
അവരെന്നോട് ശട്ടം കെട്ടിയിട്ടുണ്ട്,
വിഴുങ്ങുമ്പോൾ തൊണ്ടയിൽ
കുരുങ്ങുന്നത് പാപമാണെന്ന്
അവർ പരിഹസിച്ചിട്ടുണ്ട്!
സ്വയം തൊണ്ടയമർന്ന്
വറ്റുകളെ തടുത്തപ്പോൾ
"ആർത്തി വേണ്ട"
ഇനിയും തിന്നോളൂ നല്ലോണം
എന്നവർ അട്ടഹസിച്ചിട്ടുണ്ട്!

എന്റെ അന്ധവിശ്വാസം,
"എന്റെ വീഥികളിൽ പശ്ചാത്താപങ്ങളില്ല
അവരുടെ വഴികളിലൊരുനാൾ
പശ്ചാത്താപങ്ങളുണ്ടാകും!"

അവർ ചിരിക്കുന്നുണ്ടാകും,
പൊട്ടി പൊട്ടി ചിരിക്കുന്നുണ്ടാകും,
ഇന്നു ജീവിച്ചിട്ടല്ലേ
നാളത്തെ പശ്ചാത്താപം എന്നാവാം!
തുട്ട് തിന്നുമ്പോൾ വട്ടു പിടിപ്പിക്കരുതെന്ന്
അവരെന്നെ താക്കീത് ചെയ്തിട്ടുണ്ട്.
തട്ടു കിട്ടുമ്പോൾ പൊട്ടിക്കരയരുതെന്നും!

എന്നിട്ടും ഞാൻ മടിയനായി ജീവിച്ചത്
മഠയനായതു കൊണ്ടാണോ ?
ആർക്കറിയാം..
ഇരുട്ടിനേയും വെളിച്ചത്തേയും എണ്ണുമ്പോൾ
തുല്ല്യമായി വരുന്നതെന്തു കൊണ്ടാണ്‌?
ഉത്തരങ്ങൾക്ക് ചോദ്യങ്ങളുടെ അകമ്പടിയുണ്ടാവാം
എന്നാൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങൾ 
പിറകെ വരണമെന്നില്ലല്ലോ?

8 അഭിപ്രായങ്ങൾ:

 1. ഒരു 'കീഴാള'ന്റെ അവസ്ഥ നന്നായി വരച്ചിട്ടുണ്ട്.ഇപ്പോഴും കീഴാളന്റെ ന്റെ നെഞ്ചിന്‍ കൂടിനു മുകളില്‍ കയറി നിന്ന് മേലാളന്‍ അവന്‍റെ ഉയരമളക്കുന്നു.കവിതക്ക്‌ അഭിനന്ദനങ്ങള്‍ !

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ Mohammed kutty Irimbiliyam - വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി മാഷേ

   ഇല്ലാതാക്കൂ
 2. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമില്ല.
  നന്നായി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ പി. വിജയകുമാർ-
   വായനയ്ക്കും അഭിപ്രായങ്ങൾക്കും താങ്കൾക്കെന്റെ നന്ദി

   ഇല്ലാതാക്കൂ
 3. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് മുന്നില്‍ നഗ്നനായി നില്‍ക്കുന്നു ഞാനും സ്നേഹാശംസകള്‍@ PUNYAVAALAN

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ njaan punyavalan-
   വായനയ്ക്കും അഭിപ്രായങ്ങൾക്കും താങ്കൾക്കെന്റെ നന്ദി
   സ്നേഹപൂർവ്വം

   ഇല്ലാതാക്കൂ
 4. "എന്റെ വീഥികളിൽ പശ്ചാത്താപങ്ങളില്ല
  അവരുടെ വഴികളിലൊരുനാൾ
  പശ്ചാത്താപങ്ങളുണ്ടാകും!"
  കീഴാളന്‍ സഹിക്കുന്ന നൊമ്പരങ്ങളും അവനില്‍ നിന്നുയരുന്ന ആത്മഗതങ്ങളും നന്നായി അവതരിപ്പിച്ചിരിക്കുന്നു.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 5. @ Cv Thankappan- വായനയ്ക്കും കമന്റിനുമെന്റെ നന്ദി തങ്കപ്പേട്ടാ

  മറുപടിഇല്ലാതാക്കൂ