പേജുകള്‍‌

ശനിയാഴ്‌ച, ജനുവരി 18, 2014

ഇന്ന്...

ഇന്ന്...
വിജ്ഞാനങ്ങൾ കൂട്ടിയിട്ട് കത്തിച്ച്,
ധൂമപാനം ചെയ്തവരും സർവ്വജ്ഞപീഠമേറി
ജ്ഞാനം വിളമ്പി,
ഗുരുകുലത്തിൽ,
ഗുരുവേ എന്നഭിസംബോധന ചെയ്തവരിൽ,
ബീജാവാപം നടത്തി,
പൂർണ്ണരാക്കി ശിഷ്യ ദക്ഷിണ നല്കിയ ഗുരുക്കന്മാർ!
ജ്ഞാനം തലയിലാവാഹിക്കപ്പെടേണ്ടതിനു പകരം,
ഉദരത്തിലാവാഹിക്കപ്പെട്ടതു കണ്ട്,
നെടുവീർപ്പിട്ടും,
നെട്ടോട്ടമോടിയും ചില രക്ഷാകർത്താക്കൾ!

മൗനീ ബാബകളായി ഫേസ് ബുക്ക് ധാരികൾ
യജ്ഞത്തിനായ് ഉപവിഷ്ടരായി,
അവർ മന്ത്രിക്കുകയോ ചിലപ്പോൾ
ഷിട്ട് ..ഷിട്ട്  എന്ന അത്യുഗ്രമന്ത്രങ്ങൾ
ഉരുവിടുകയോ ചെയ്യുന്നുണ്ട്.

ചിലർ മുറ ജപം നടത്തുന്നു.
ചിലർ നാറാണത്തു ഭ്രാന്തനെ പോലെ.
പൊട്ടിച്ചിരിക്കുന്നു.
ചിലർ തലങ്ങും വിലങ്ങും കൈ ചൂണ്ടി പിറു പിറുക്കുന്നുണ്ട്,
അടുത്തെങ്ങും ആരുമില്ല, അപ്പോൾ
ആത്മാവിനെ തിരയുകയാവാം..
അല്ലെങ്കിൽ അന്തരംഗത്തിൽ പിറന്ന മന്ത്രങ്ങളുരുവിട്ട്,
അലഞ്ഞു നടക്കുന്ന പ്രേതങ്ങളെ തളയ്ക്കുകയാവാം..

എഴുപതു വയസ്സു തികഞ്ഞ ഒരു ക്രൗഞ്ചപക്ഷി,
പതിനാറു തികയാത്ത ക്രൗഞ്ചപക്ഷിയോട്
സല്ലപിക്കുകയാണ്‌,
ഇരുപത്തിയഞ്ചു വയസ്സു തികഞ്ഞ പടുവൃദ്ധനായ ഒരുവൻ
വേച്ചു വേച്ചടുത്തപ്പോഴേക്കും,
അമ്പു തൊടുക്കുകയാണെന്നറിഞ്ഞപ്പോൾ,
മറ്റൊരു എഴുപത്തഞ്ചു വയസ്സു തികഞ്ഞ യുവാവായ സാധകൻ
ചെവിയിൽ തിരുകിയ വസ്തു പുറത്തെടുക്കാതെ,
“മാനിഷാദാ” എന്നാക്രോശിച്ചു!
വർഷങ്ങളായി നിരത്തിലൂടെ നടന്നിട്ടും,
ആളുകളുടെ കൂട്ടത്തിൽ നിന്നിട്ടും,
ആകെ കേട്ട ഒരേ ഒരു പദം!
മഹാപരാധത്താൽ ചൂളിപ്പോയ ആ വേടൻ
ദൂരേയ്ക്കു വേച്ചു നടന്നു.!

ആളുകൾ  തപസ്സു തുടങ്ങിയിരിക്കുന്നു..
ചില മുനിമാർ ബസ്സുകളിലും യോഗവേളകളിലും,
തരുണികളെ തനു ആസകലം കരാനുഗ്രഹം നല്കി,
ആയൂഷ്മതികളാകട്ടേയെന്നാശംസിക്കുന്നുണ്ട്...!

പൂരുവായ് ജനിച്ചു പോയ യുവജനങ്ങളെയോർത്ത്,
യയാതികളെ വാഴ്ത്തി,
കാല ചക്രം മുന്നോട്ടാണോ പുറകോട്ടാണോ?
സംശയിച്ചു, തപസ്സിലാണ്ട ഋഷിവര്യന്മാരെ
പലയിടങ്ങളിലും കണ്ട്,
വേച്ചു വേച്ചു നടന്നു.

അകത്തും പുറത്തും ആളുകളുണ്ട്,
നിരത്തിലും വെളിച്ചത്തും ഇരുട്ടിലും ആളുകളുണ്ട്,
തട്ടിയും മുട്ടിയും വീഴുന്നുമുണ്ട്,
പക്ഷെ.............!!
നിനക്കെന്നോട് സംസാരിക്കണമെങ്കിൽ
എനിക്കു നിന്നേയും നിനക്കെന്നെയും വെട്ടിപ്പൊളിച്ച്,
ആത്മാവിനെ പുറത്തെടുക്കണം!
അതെ തൊട്ടുരുമിയിരുന്നിട്ടും,
ഞാനും നീയ്യും തമ്മിലുള്ള അന്തരം വർദ്ധിച്ചിരിക്കുന്നു...
ആധുനിക ലോകത്തിന്റെ വരദാനം!

10 അഭിപ്രായങ്ങൾ:

 1. വളരെ നന്നായിരിക്കുന്നു ആശയവും വരികളും. ഇത് ഏതെങ്കിലും സാഹിത്യമാസികയിൽ പ്രസിദ്ധീകർക്കാൻ ശ്രമിക്കൂ. എന്റെ സഹായം ആവശ്യമുണ്ടോ ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ...നല്ല സാഹിത്യ മാസികകളിൽ പ്രസിദ്ധീകരിക്കേണ്ടത്രയ്ക്കൊന്നും വാക്കുകൾ കൊണ്ടു കളിക്കാൻ ഞാനായിട്ടില്ല..അവരതൊക്കെ ചവറ്റു കൊട്ടയിലിടും.. താങ്കളുടെ സ്നേഹത്തിനു നന്ദി.. പ്രസിദ്ധീകരിക്കാൻ യോഗ്യത തോന്നിക്കുന്നത് ഒരു പക്ഷെ താങ്കൾക്കെന്നോടുള്ള സ്നേഹം കൊണ്ടായിരിക്കാം.. പറ്റുമെങ്കിൽ കൊടുത്തോളൂ..

   ഇല്ലാതാക്കൂ
 2. ആധുനികമോ പുരാതനമോ
  അന്തരങ്ങള്‍ വലുത് തന്നെ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും അഭിപ്രായങ്ങൾക്കും ഒരു പാട് നന്ദി

   ഇല്ലാതാക്കൂ
 3. ജ്ഞാനം തലയിലാവാഹിക്കാത്തവർ

  നല്ല കവിത

  ശുഭാശംസകൾ....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും അഭിപ്രായങ്ങൾക്കും ഒരു പാട് നന്ദി

   ഇല്ലാതാക്കൂ
 4. "മാനിഷാദാ..."എന്നാക്രോശത്തില്‍ നിശ്ചലമാകും...............
  ശക്തമായ വരികള്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും അഭിപ്രായങ്ങൾക്കും ഒരു പാട് നന്ദി നന്ദി തങ്കപ്പേട്ടാ..

   ഇല്ലാതാക്കൂ
 5. നിനക്കെന്നോട് സംസാരിക്കണമെങ്കിൽ
  എനിക്കു നിന്നേയും നിനക്കെന്നെയും വെട്ടിപ്പൊളിച്ച്,
  ആത്മാവിനെ പുറത്തെടുക്കണം!
  അതെ തൊട്ടുരുമിയിരുന്നിട്ടും,
  ഞാനും നീയ്യും തമ്മിലുള്ള അന്തരം വർദ്ധിച്ചിരിക്കുന്നു...
  ആധുനിക ലോകത്തിന്റെ വരദാനം!


  നന്നായിരിക്കുന്നു സഖേ !

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. Rajeev Elanthoor - വായനയ്ക്കും അഭിപ്രായങ്ങൾക്കും ഒരു പാട് നന്ദി

   ഇല്ലാതാക്കൂ