പേജുകള്‍‌

ശനിയാഴ്‌ച, ജനുവരി 14, 2012

നാദ സുതാ രസ ..!

നോം അതിരാവിലെ എഴുന്നേറ്റു. അതി രാവിലെ എഴുന്നേൽക്കുന്നത് തലയിൽ കുശ്മാണ്ഡം ഇല്ല്യാത്തോർക്ക് കുശ്മാണ്ഡം ഇണ്ടാവുംന്ന് ഒരു ശ്രുതി ഇണ്ടായി.. ഇന്നല്ല … നഗരങ്ങളും പട്ടണങ്ങളും ഇണ്ടാവുന്നതിനു മുന്നെ .. ഒരുപക്ഷെ ഈ ഭൂമി മലയാളം ഇണ്ടാവുന്നതിനും മുന്നേ ശത കോടി വർഷങ്ങൽക്കപ്പുറത്തു നിന്നും വന്ന ശ്രുതിയായിരിക്കണം അത്..എന്താ.. തർക്കോണ്ടോ?.. ശിവ.. ശിവ.. ഇന്നത്തെ ആളോള് അങ്ങിനെയാ.. എന്തു പറഞ്ഞാലും തർക്കിക്കും.. ചക്ക തിന്നോണ്ടിരിക്കുമ്പോ ചോദ്യം വരും ചക്കയാണോ ചക്കക്കുരുവാണോ അതല്ല പ്ലാവാണോ ആദ്യം ഇണ്ടായത്?...
ചോദ്യത്തിന്റെ ആവശ്യം ഇണ്ടോ അതൂം ഇല്ല്യ..തിന്നാൽ പോരെ..അതൂം പറ്റില്ല്യാ.. അഹന്ത.. തലക്കു പിടിച്ച പണ്ഡിത ഭാവം
ചക്കേനേയും ചക്കക്കുരുവിനേയും പോസ്റ്റ് മോർട്ടം ചെയ്തു കളെം! !
 ചോദിച്ചോനും അറീല, പറയുന്നോനും അറീല, കേട്ടോനും അറീല..!മലയാളികള് അങ്ങിനെയാണ്.. വല്യ പുള്ളികളാ.. എല്ലാറ്റിനേ കുറിച്ചും വല്യ വിവരമുള്ളോരാ.. എന്നാൽ ഒന്നിനെ കുറിച്ചും പൂർണ്ണമായി ഒന്നും അറീല.. അവിടന്നും ഇവിടന്നും കുറേശ്ശ കിട്ടിത് വിളമ്പും.. നോം ഉൾപ്പെടെ..! നമ്മെ പുറത്താക്കി വാതിലടച്ചു എന്ന് ആർക്കും തോന്നേണ്ട.. അതാ നോം അകത്തു വന്നത്..! പിന്നെ ഭരണിപ്പാട്ടും പാടി മിണ്ടാതെ ഉരിയാടാതെ നടക്കും.. കണ്ടാൽ മീശ വിരിക്കും മുണ്ടുടുത്തോൻ മുണ്ട് മാടിക്കെട്ടും.. അതവിടെ നിൽക്കട്ടേ!. ഇരിക്കുന്നങ്കിൽ ഇരിക്കട്ടേ.. കിടക്കുന്നെങ്കിൽ കിടക്കട്ടേ..!

നോം എഴുന്നേറ്റു അതിരാവിലെ അത്ര തന്നെ.. അതൊരു ശീലാ… കുശുമാണ്ഡങ്ങൾ എത്ര വിളയും എന്നറിയാമല്ലോ?

അപ്പോ നമ്മുടെ ശ്രവണപേടകത്തിന് അതി മനോഹരായ ഒരു ശബ്ദം പിടിച്ചെടുക്കാൻ അവസരം ഇണ്ടായി… അതിർത്തീന്നുള്ള അറ്റാക്കിനുള്ള അപകട സിഗ്നലല്ല..മറിച്ച് നോം ഇപ്പോൾ റൂമിലാണല്ലോ കിടപ്പ്.. തെളിച്ചു പറയാം അല്ലെങ്കിൽ പണ്ട് തെരുവിലാണെന്ന് നിനക്കുന്നോരും ഇണ്ടാവും…സംശയ ദ്രോഹികൾ..!..അതല്ല… നോം നമ്മുടെ ദേശം വിട്ട് കർമ്മത്തിന്റെ ആവശ്യാർത്ഥം തെണ്ടിത്തിരിഞ്ഞു ജോലിം ചെയ്തു പണോം വാങ്ങി റൂം ഷെയറു ചെയ്തു റെന്റും കൊടുത്തു നിൽക്കുകയാണല്ലോ എന്ന് സാരം.. റൂമിൽ രണ്ടു പേരുണ്ട്..ആ റൂമേറിയന്മാരിൽ ഒരുവന്റെതാണ് ആ ശബ്ദം!...നിത്യേന കേൾക്കണതാണ് പക്ഷെ നോം ചെവി കൊടുക്കാറില്ല.. അന്നു അതു സംഭവിച്ചു.. നോം ഒരു കീർത്തനം അതിനൊപ്പിച്ച് അങ്ങോട് പാടി…
“ നാദ സുതാ രസ … താഢനം ചെയ്യും നാഥാ…” (അങ്ങീനെ അല്ലാന്നുണ്ടോ?..)

അപ്പോ വന്ന ഒരു കീർത്തനം അങ്ങോട് പാടീന്നേ ഉള്ളൂ.. അതിൽ സാധനമുണ്ടോ ടെമ്പോ ഉണ്ടോ, ആമ്പുലൻസ് ഉണ്ടോന്ന് നോക്കാനൊന്നും നേരം ഇല്യാ..സമയോം സന്ദർഭോം വന്നാൽ  പാടണം.. നോം അദ്ദേഹത്തിന്റെ വീണാലാപനം കേട്ടൂന്ന് അദ്ദേഹം അറിയാൻ പാടില്ല്യ.. ന്നാലോ നോം അറിഞ്ഞൂന്ന് അദ്ദേഹം അറികേം വേണം.. അത്രേന്നേ.. ഒരു മഹാ പാതകം.. എന്നാലും വേണ്ടീല..! വഷളൻ!

അദ്ദേഹം തിരിഞ്ഞു കിടന്നു… ഈ ചെറുപ്പക്കാരൊക്കെ ഇങ്ങനെ ആയാലെങ്ങിനെയാ?..ഒരു നാണം വേണ്ടേ.. നാണം!
ഇതു പറയുമ്പോ ഇപ്പോ ഓർമ്മേൽ വരുന്ന ഒരു സംഭവം പറയാം!

അന്നായിരുന്നു ആ മഹാ സംഭവം നടന്നത്. കൃത്യമായി പറയുകാച്ചാൽ കൊല്ലവർഷം… ! കൊഴങ്ങീലോ…ഇതാപ്പോ നന്നായത് എന്ന് നിങ്ങൾ പറയും!..നമുക്കും അസ്സാരം തോന്നാതിരുന്നില്ല്യ.. അതിനാൽ പറയാം.. മലയാള ഭാഷയെ ആരും ഗൌനിക്കുന്നില്ല്യാ.. ഇങ്ങനെ പോയാൽ അത് നീരെറങ്ങാതെ ചത്തു പോവും ന്ന് നെലവിളിക്കും പലരും .. ന്നാലോ കൊല്ലവർഷം ഇത്രാം തീയ്യതി ഇത്രാം മാസം ഇത്രാം നാഴിക ന്നൊക്കെ പറഞ്ഞാൽ അങ്ങിനെയും സംഭവമുണ്ടോ എന്നോർത്ത് ഒട്ടു മിക്കവരും പൊട്ടൻ പുട്ടും കടലേം ഒരു പപ്പടോം വിഴുങ്ങ്യമാതിരി മിഴിച്ചു നിൽക്കും…!

സാരല്ല്യ എല്ലാം നമ്മ ആളുകൾ.. നമ്മ സഹോദരങ്ങൾ..! അതിനാൽ ആംഗലേയത്തിൽ പറയാം… ന്താ.. വിരോധം ണ്ടോ?... മെയ്മാസം 2, വർഷം 2002… നോം സീബീഐക്ക് തെളിവ് കൊടുക്ക്വയാണെന്നൊന്നും ധരിച്ചു വശാവേണ്ട.. ന്നാലും ഒരു ഭംഗിണ്ട് ച്ചാൽ ഇരിക്കട്ടേ.. കുറക്കെണ്ട.. അന്ന് നോം ജോലീം കഴിഞ്ഞു ഉലാത്തി ഉലാത്തി എത്തീത് ഒരു ഫ്രെണ്ടന്റെ അടുത്താണ്.

അവനിപ്പോ വല്യ നിലേലാണ്.. പണ്ട് നിന്റെയൊക്കെ ഭാഗ്യം…നിനക്കുള്ള പോലത്തെ ഒരു ജോലിയുണ്ടെങ്കിൽ സ്വർഗ്ഗം എന്നു പറയുമായിരുന്നു എന്ന് പറഞ്ഞോൻ ഇപ്പോ കണ്ടാൽ വല്യ ഗമേൽ നിൽക്കും നമ്മുടെ മുന്നേ.. കണ്ടാൽ മിണ്ടാൻ ഒരു അസ്കിത.!.. വാക്കുകൾക്ക് ഒരു കനം കൂടിയിരിക്കുന്നു..അവൻ പറയുന്ന ഓരോ അക്ഷരത്തിനും ടൺ കണക്കിനു ഭാരം പോലെ..!..നോം ശ്രദ്ധിക്കാറില്ല.. അന്നു പന്ത്രണ്ടു മണിക്കൂറോളം തെരുവിലൂടെ മുഷിഞ്ഞ വേഷത്തിൽ പണിം തൊരയും കഴിഞ്ഞു നിൽക്കുന്നോൻ ഇന്ന് നമ്മേ.. ടേയ് തനിക്ക് സുഖാണോ?.. ന്ന് പറഞ്ഞ് ഒരു വളിച്ച ചിരി ചിരിക്കും… അന്ന് കമ്പ്യൂട്ടറു കാണാത്തോൻ ഒരീസം ലാപ്പ് ടോപ്പിന്റെ മുകളിൽ താളം പിടിച്ച് നമ്മെ നോക്കി അശുവാക്കി..അദ്ദേഹം കാണും മുന്നേ നോം ഇതൊക്കെ  കണ്ടു എന്നത് സൌകര്യപൂർവ്വം മറന്നു പരിഹസിക്കും… അതാ സ്വഭാവം...അന്നു അവൻ മുഷിഞ്ഞ വേഷത്തിൽ തെരുവിലൂടെ നടക്കുമ്പോൾ നമുക്ക് വന്ന വിഷമത്താൽ നോം ചിരിക്കാത്തത് ഇന്നും അതേ പടിയാക്കുന്ന ഒരു സംഭവം!.. കലി കാലം!

ആ ഫ്രണ്ടെനെ കുറിച്ചാണ് ഇപ്പോ ഓർമ്മിച്ചത്..!.. അന്ന് അത്രയ്ക്ക് പണമില്ലാത്തതു കൊണ്ട് അവന് ഗമ കുറവായിരുന്നു..
ബഡായി കമ്മിയായിരുന്നു..നോം അവിടെയെത്തി അവന്റെ റൂമിൽ ഇരിക്കയാണ്.. അപ്പോൾ അവിടെ മൂന്ന് പേരുണ്ട്….ആയിക്കോട്ടെ..നമ്മൾക്ക് പുളു അടിക്ക്യാനും അതു കേൾക്കാനും ഒരു സദസ്സുള്ളത് നല്ലതല്ലേ.. അങ്ങിനെ പുളു അടിച്ചു കൊണ്ടിരിക്കുമ്പോൾ..

അദ്ദേഹം പെട്ടെന്ന് ഓടി വന്ന് പറഞ്ഞു …”വേണോ?“
“വേണ്ട“…എന്ന് നോം….നോം കരുതി ചായയോ പലഹാരമോ ആയിരിക്കും എന്ന്.
..അങ്ങിനെ പറയരുത്..ഇത്രേടം വരെ വന്നിട്ട്..
..നോം പറഞ്ഞു.. നോം ചായേം കടീം വിഴുങ്ങീട്ടാ വന്നത്.. എനിക്കു വേണ്ട..
.. അങ്ങിനെ പഞ്ഞാലെങ്ങിനെയാ?...കൊണ്ടു വന്നിട്ട്..
അവന്റെ കൈയ്യിൽ ഒന്നും ഇല്യാ.. കിച്ചണിലാവും ഒക്കെ .. നോം കരുതി..
"വേണ്ട ഇവർക്കു കൊടുത്തോളൂ…"
അവൻ ഓരോ ആളോടും ചോദിച്ചു.. പിന്നെ പറഞ്ഞു എല്ലാവരും വേണ്ടെന്ന് പറഞ്ഞാലെങ്ങിനെയാ.. “ഇതാ പിടിച്ചോ..!“
അപ്പോഴാ എനിക്കു സംഭവം പിടികിട്ടിയത്!
ഒന്നു കൂടെ… , ഒന്നു കൂടെ..
അവൻ എല്ലാവർക്കും കൊടുക്കാനുള്ള പരിശ്രമത്തിലാണ്..
അവിടെ നാദ ബ്രഹ്മലയം!.. അതാ അവൻ വല്യ കാര്യമായി നമുക്ക് തന്നത്!നാണോം മാനോം ഇല്ല്യാത്ത ഒരു കണ്ട്രീ!
നമുക്ക് കലി വന്നു..എന്താടാ ഇത്?
"തനിക്ക് മനസ്സിലായില്ലേ.."
എല്ലാവരും ചിരിക്കുന്നു..
അവൻ പറഞ്ഞു" ഗ്യാസാ.. ഗ്യാസ്!"

തന്റെ പ്രസവിക്കാൻ ആയ പോലുള്ള തണ്ണിമത്തൻ വയറുകാട്ടി.. വയറുന്തി പിടിച്ച് അവൻ അതിനെ മൊത്തത്തിൽ ഉഴിഞ്ഞു…. അങ്ങിനെയാ നോം അവന്റെ വയറു കാണാൻ ഇടയായത്..
ഇവനെ കാണാനാണല്ലോ ശിവനേ നോം ഇവിടെയെത്തിയത്.. ഇവന്റെ വയറു കാണാനല്ലല്ലോ?..നോം വിവശനായി.
എപ്പോ ഡെയിറ്റ് പറഞ്ഞു ഡോക്ടർ എന്ന് നമ്മുടെ കൂട്ടത്തിലുള്ള ഒരുവൻ ചോദിച്ചു!
അവൻ പിന്നേം തുടങ്ങി.. നാശക്കാരൻ..!.. പക്ഷെ ഇത്തവണ വിട്ടത് ഏമ്പക്കമാണ്..!
നോം പറഞ്ഞു “ …അത്രെയ്ക്ക് ഗ്യാസുണ്ടെങ്കിൽ സിലിണ്ടറിൽ നിറച്ച് ഫ്ലാറ്റുകൾ മൊത്തം വിറ്റു നടന്നൂടേടോ തനിക്ക്!.. ഏഭ്യൻ!“

അവൻ ചിരിച്ചു.. നോം പിന്നെ അവന്റെ റ്റ്യൂൺ കേൾക്കാനൊന്നും അവിടെ നിന്നില്ല....മുകളിലോട്ടും താഴോട്ടും സംഗീതം ഇട്ട് രസിക്ക്യാ.. സംഗീത ശിരോമണീയായ പുണ്യാശ്രമി!..ആസ്വാദകർക്കൊക്കെ വെറുതെ ഒരൂ പൈസേം കൊടുക്കാതെ കേൾപ്പിക്ക്യാൻ ഒരൂ മടിയും ഇല്ല്യാ..ആ ഭാഗവതർക്ക്!നോം  എന്തിനാ വെറുതെ നേരം കളയുന്നത്..! സംഗീത സംവിധാനമല്ലല്ലോ നമുക്ക് പണി!.ആസ്വാദനവും അല്ല!... നോം അവിടുന്ന് മെല്ലെ എഴുന്നേറ്റു വേഗം നമ്മുടെ റൂം ലക്ഷ്യമാക്കി നടന്നു..!
ആസ്വാദകർ അവിടെ ചടഞ്ഞു കൂടി ഇരിക്ക്യാ..”
ഇതൊക്കെ പറയാൻ നമുക്കൊരു നാണോം ഇല്യാ.. വായിക്കുന്നവർക്കല്ലേ നാണം ഇണ്ടാവേണ്ടത്?.. ഇല്ല്യോ… ച്ചാൽ നാണം വേണ്ട..! ഗ്യാസാ അവന്.. വയറ്റിൽ ഗ്യാസിന്റെ പ്രോബ്ലാ ആ മഹാന്.. എന്നാലും ആളുകൾക്കിട്ട് പണികൊടുക്കണോ?.. കക്കൂസിനിട്ട് പണി കൊടുത്താൽ പോരെന്നൊരു ശങ്ക!.. പ്രഭാതത്തിലും പ്രദോഷത്തിലും ഇതൊക്കെ കേൾക്കാൻ എന്തു പാതകമാ നോം ചെയ്തത് .. ന്റെ ദൈവമേ!….നമ്മോട് യോജിക്ക്യാൻ ഇപ്പോ വിരോധം ഇണ്ടോ?

9 അഭിപ്രായങ്ങൾ:

 1. @ മനോജ് കെ.ഭാസ്കര്‍-

  വിഡ്ഡിയാക്കീതല്ല..പണ്ട് ഒരു ഫ്രെൻഡന്റെ അടുത്തു വെച്ച് നോം കേട്ട് അനുഭവിച്ച ആ മനോ വേദന അങ്ങട് പറഞ്ഞൂച്ചാൽ വെഷമം ആവില്ല്യാന്ന് അങ്ങട് നിരീച്ചു.. വെഷമായോ?.. ..വെഷമാവുംന്ന് നിരീച്ചു..സാരല്ല്യ .. ഒരു പ്രാവശ്യത്തേക്ക്.. പൊറുക്ക്വാ .! പൊറുക്ക്വാ… ക്ഷമിക്ക്വാന്ന് താങ്കളുടെ ഡീക്ഷണറീൽ ഇണ്ടാവും!
  വായനയ്ക്ക് നന്ദി.. ..
  ഇപ്രാവശ്യം കമന്റിനു നന്ദി ഇല്ല.. ഇണ്ടായാൽ വഷളത്വം എന്നത് ഡോക്റ്ററേറ്റു വാങ്ങും പോലെസ്വീകരിച്ചൂന്നാവും പിന്നെ സംസാരം!

  മറുപടിഇല്ലാതാക്കൂ
 2. അശ്ശേഷം ഇല്ല്യാന്നു അങ്ങട് കൂട്ടിക്കൊള്ളൂ. ശുംഭന്‍ അസ്സാരായിട്ട് എഴുതി. നാവ് പിഴച്ചില്യാ.

  നോമെന്താ അരുതായ്ക, കാട്ടിയെ? നോമിനിട്ടും ഒന്നു തോണ്ടീലോ?
  "പൊട്ടൻ പുട്ടും കടലേം ഒരു പപ്പടോം വിഴുങ്ങ്യമാതിരി മിഴിച്ചു നിൽക്കും…!"

  നോം ഇനി ഇടയ്ക്കിടെ വരുന്നുണ്ട്. പച്ചമുളക് രണ്ടെണ്ണം കൂട്ടി സംഭാരം കരുതുക. വിസ്തരിച്ച് മുറുക്കി തുപ്പീട്ടെ പോകു.

  നാദ സുതാ രസ.... നാദ സുധാരസ എന്നത് മാറ്റിയത് നോമിനെ വിഡ്ഢിയാക്കാനാണോ?

  കലികാലം......

  മറുപടിഇല്ലാതാക്കൂ
 3. @ പൊട്ടൻ - പൊട്ടൻ എന്ന് എഴുതുമ്പോ..മഹാനായ താങ്കളെ ഉദ്ദേശിച്ചില്ല്യ..പൊട്ടൻ എന്നതിന്‌ പേറ്റന്റ് എടുത്തത് നോം അറിഞ്ഞില്ല്യ...അസ്സാരം വെഷമാവും ന്ന് അറിഞ്ഞില്ല്യ... എന്തായാലും മഹാനായ പൊട്ടനെയല്ല നോം പരാമർശിച്ചത് ബ്ളൊഗൊന്നും എഴുതാത്ത സാധാരണ പൊട്ടനെ തന്ന്യാ നമുക്ക് നല്ല നിശ്ച്യംണ്ട്..ഇനി പെഴ ചുമത്തുമോ എന്ന ഭീതിണ്ട്.. അതാ ഈ വിവരണം..!.

  നാദോം സുധയും രസവും ഒക്കെ ഒറിജിനൽ ഗാനത്തിലല്ലേ... പിന്നെ സ്റ്റാർസിംഗറിലെ ജഡ്ജസ്സ് പറയും പോലെ സംഗതി വേണം.. ഇവിടെ അതില്ല്യാലോ...അവിടെ ഭാവം വേണം....ഇവിടെ നാദം വേറേ.... നാദോം ഇണ്ട് ..സൂതനും ഇണ്ട്..രസവും ഇണ്ട് ..അപ്പോ ബോദ്ധ്യായിട്ടുണ്ടാവും..
  പൊട്ടനാത്രെ..പൊട്ടൻ.. ഒക്കെ അറികേം ചെയ്യാം സ്വന്തം ബ്ളോഗു കടേൽ എഴുതുന്നതൊക്കെ വല്യ വല്യ ബുദ്ധിമാന്മാർ എഴുതുന്ന കാര്യങ്ങളാ...ഇനി നോം കേസു കൊടുക്കും പൊട്ടൻ എന്നും പറഞ്ഞു നടന്ന് ആളുകളെ വിഡ്ഡിയാക്കുന്നതിന്‌.. ബുദ്ധിമാനായ ഒരുവൻ പൊട്ടനാണെന്ന് പറഞ്ഞ് പൊട്ടന്മാരുടെ അവകാശം തട്ടിയെടുക്കുന്നതിൽ.. കലി കാലം!
  ------------
  താങ്കൾക്ക് സ്വാഗതം..വായനയ്ക്കും കമന്റിനും ഹൃദയംഗമമായ നന്ദി

  മറുപടിഇല്ലാതാക്കൂ
 4. ആദ്യപ്രാവിശ്യം പൊര്‍ത്തീരിക്ക്ണ്.ഇനിണ്ടാവ്ണ്ട് നോക്ക്വ.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  മറുപടിഇല്ലാതാക്കൂ
 5. ഹഹഹ.... നോം ഈ വഴിക്ക് വന്നിട്ട്യെ ല്ല...

  മറുപടിഇല്ലാതാക്കൂ
 6. @ c.v.thankappan - തങ്കപ്പേട്ടാ...ഊവ്വ്!..ഇത്രേടം വരേ വന്നൂലോ അതിനു നന്ദീണ്ട്..
  @ khaadu..- പേടിച്ചോ..? കുട്ട്യോള്‌ക്ക് ഒരു ഭയം ഇണ്ടാവും..നോം പിഴച്ചോന്നോർത്ത്..ഇല്ല്യ.. ഇല്യ..ഇല്യ..

  മറുപടിഇല്ലാതാക്കൂ
 7. ചാക്യാര്‍കൂത്തിണ്റ്റെ ശൈലിയില്‍ പറഞ്ഞു..രസമായിരുന്നു ട്ടൊ ..പറഞ്ഞുവന്നതില്‍ നര്‍മ്മം ഉണ്ടെങ്ങിലും..കതാതന്തു..അത്ര സുഖമയില്ല ..ട്ടൊ ഒരു പ്രതെയ്കത..എന്നതു അവസരോച്ചിതമായി തന്നെ വാക്കുകള്‍ ഉപയൊഗിചിരിക്കുന്നു എന്നതണൂ.

  മറുപടിഇല്ലാതാക്കൂ
 8. @Pradeep paima -

  വിമർശനം സന്തോഷ പൂർവ്വം സ്വീകരിക്കുന്നു..

  ..സത്യം തുറന്നു പറഞ്ഞതിനെന്റെ അഭിനന്ദനങ്ങൾ!
  സ്നേഹപൂർവ്വം

  മറുപടിഇല്ലാതാക്കൂ