പേജുകള്‍‌

ശനിയാഴ്‌ച, ഒക്‌ടോബർ 02, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( പതിനെട്ടാം സർഗം)

സർക്കാർ സ്കൂളുകളിൽ ക്ലാസ്സ്‌ റൂമിൽ വെക്കുന്ന ജനാലകൾ അഴിയും തടസ്സവും ഇല്ലാത്ത വലിയവ ആയിരിക്കണം എന്നതിന്റെ പൊരുൾ ഇതാണ്‌.." വിവര ശാലികളായ കുഞ്ഞുങ്ങൾക്ക്‌ ഓക്സിജൻ കിട്ടാതെ വരുമ്പോൾ ശ്വാസം മുട്ടി ചാകാതെ  കിട്ടുന്നിടം എവിടെയാണെങ്കിലും അവിടെപ്പോയി സംഘടിപ്പിച്ചു ജീവൻ രക്ഷിക്കാൻ മാർഗ്ഗമുണ്ടാക്കണം.. ഒരു എമർജൻസി എക്സിറ്റ്‌!...അതിനാൽ ഓക്സിജൻ സംഘടിപ്പിക്കാൻ വേണ്ടി പുറത്തേക്ക്‌ പോകാൻ സൗകര്യമുണ്ടാക്കണം എന്നർത്ഥം! .. ഇല്ലെങ്കിൽ ബ്രിട്ടീഷുകാരുടെ വാഗൺ ദുരന്തം പോലെ ചത്തു മലച്ച്‌ ആംബുലൻസിൽ പോകേണ്ടി വരും!..അങ്ങിനെ സംഭവിച്ചാൽ ആരുത്തരം പറയും. ??
 
...ഒരു ജീവന്‌.. ചത്താൽ അഞ്ചു ലക്ഷം എന്ന് കടലാസിൽ എഴുതി തന്നിട്ട്‌, നമ്മുടെ ഭണ്ഡാര പ്പുരയായ ചായിപ്പിൽ ഇന്നലെ മഴയായിരുന്നു .. നോട്ടെല്ലാം പുഴയിലേക്ക്‌ ഒലിച്ചു പോയി മക്കളേ.. അതിനാൽ ഗതിയില്ല..  ഇനി ആരെങ്കിലും ഭിക്ഷയായി, പിഴയായി തരുമ്പോൾ കിട്ടിയാൽ തരാം ഭിക്ഷാംദേഹിയായി ഇടയ്ക്കിടെ ഒന്ന് എഴുന്നള്ളീനോക്കിയേക്ക്‌....അതുവരെ സന്തോഷത്തോടെ എഴുതി തന്ന കടലാസു കഷ്ണം തലയിണക്കടിയിൽ വെച്ച്‌ നല്ല നേരം നോക്കി നല്ല സ്വപ്നം മാത്രം കണ്ടുറങ്ങി  കിടക്കണേന്ന് മൂന്നുനേരവും ഓർമ്മിപ്പിക്കുന്ന സർക്കാരോ?.. അതിനുള്ള അവസ്ഥ വരാതിരിക്കാനാണ്‌ വരുത്താതിരിക്കാനാണ്‌ സർക്കാർ കരുതിക്കൂട്ടി  സർക്കാരു സ്കൂളിൽ വലീയ ജനലിന്‌ അഴിയോ തടസ്സമോ ഇടാതെ വെക്കുന്നത്‌? ..ആർക്കെങ്കിലും വല്ല സംശയവും ഉണ്ടോ? ..ഉണ്ടെങ്കിൽ ചോദിച്ചു നോക്ക്‌, കൊല്ലാനും കൊടുക്കാനും അധികാരമുള്ളോരോട്‌....സത്യം മണി മണി പോലെ ഒടിച്ചു മടക്കി കൈയ്യിൽ തരും!

മോഹൻ . പി തോമസ്സിന്റെയോ മറ്റോ ഉച്ഛിഷ്ടവും അമേധ്യവും കൂട്ടിക്കുഴച്ച്‌ ഇച്ചിരി സാമ്പാറ്‌, ഇച്ചിരി അച്ചാറും മോരും എന്ന് ചോദിച്ചു വാങ്ങി, പപ്പടവും കൂട്ടി അടിക്കാനുള്ള അറിവില്ലായ്മയാലോ, അല്ലെങ്കിൽ അതിന്റെ കഴിവില്ലായ്മയാലോ അതിൽ ആനന്ദം കിട്ടാൻ മാത്രം വളരാഞ്ഞിട്ടോ  അതുമല്ലേങ്കിൽ അതു പോലുള്ള അമേധ്യങ്ങളിൽ വല്യ താൽപര്യമില്ലാഞ്ഞിട്ടോ എന്നുമറിയില്ല അദ്ദേഹം അതായത്‌ ക്ലാസ്സിലെ ഒരു പൊതുജനം, മാഷ്‌ എന്തോ തലയിലൂടെ ഊർന്നിറങ്ങിയ വിവരം നമ്മളുമായി പങ്കുവെക്കാൻ ബോർഡിലേക്ക്‌ ഒന്നു തിരിഞ്ഞു നിന്ന ഇടവേളയിൽ, ജനാലയിലൂടെ ഒരു കുതിപ്പിനു റോഡിലേക്ക്‌ കടന്നിട്ട്‌ നല്ല 'എ' ക്ലാസ്സ്‌ ചോറു മാത്രം വിളമ്പുന്ന, സുന്ദരി പെൺകൊടികളുടെ, കളറുള്ള ചിത്രത്തിൽ " A" എന്ന് ചുമ്മാ എഴുതി വെച്ച ബോർഡുള്ള ടാക്കീസിലേക്കോടി..!.ഓക്സിജൻ കിട്ടാൻ!..ഓരോരുത്തർക്കും ഇന്ന ഇടത്തു നിന്നാണ്‌ കിട്ടുക എന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ലല്ലോ?

.നമ്മൾ കണ്ട കാര്യം മിണ്ടിയില്ല.. രക്ഷപ്പെടേണ്ട ആവശ്യക്കാരൻ സെൻട്രൽ ജയിലിന്റെ മതിലും ചാടും!..മിഴിച്ചു നോക്കി മതിലിന്റെ പൊക്കം ഒരു നാൾ കുറയും അപ്പോൾ ചാടാമെന്നോർത്ത്‌ കാത്ത്‌ കാത്ത്‌ കണ്ണു കഴച്ചിരിക്കില്ല!..അതിനു ഏഷ്യാഡിനു പോയ പരിചയമോ.. ഗുണമോ മണമോ വേണ്ട..!.. സ്വർണ്ണമെഡൽ വരെ നേടാനുള്ള കഴിവുണ്ടായാൽ മതി!..ഒരു ഔചിത്യബോധം!

പിറ്റേന്ന് തിരിച്ചു വന്നിട്ട്‌ അദ്ദേഹം കഥകൾ വിവരിച്ചു തന്നു.!..ഛേ.. അതൊക്കെ മോശമാണ്‌.!!.. ഇത്ര വൃത്തികെട്ട ജന്തു ലോകത്തിലില്ല!..നമ്മൾ വിശുദ്ധ പശുക്കൾ ഒന്നടങ്കം പറഞ്ഞു..
...".കേൾക്കണമെങ്കിൽ കേട്ടോ "-അവൻ!..
....നമ്മൾ കണ്ണു പൊത്തി, വായ പൊത്തി, മുഖം പൊത്തി, കാതു മാത്രം പൊത്തിയില്ല...നല്ല കഥ!... കാതു പൊത്തിയാൽ അദ്ദേഹം എന്താണു പറയുന്നതെന്ന് എങ്ങിനെ അറിയാൻ.?.
കണ്ട ആൾ പറഞ്ഞറിയണം അല്ലാതെ കേട്ട ആൾ പറഞ്ഞിട്ട്‌ എന്തെറിയാൻ!. ഒരു സുഖോം ഉണ്ടാവില്ല!
.... ഹു.. എന്റെ ദൈവമേ .. ഇവനെയൊക്കെ ഏതു വീട്ടിൽ പൊറുപ്പിക്കും.. വീട്ടുകാർ ഇവനെ എവിടെ കെട്ടിച്ചയക്കും എന്നൊക്കെ നമുക്ക്‌ അങ്കലാപ്പിലായി..

നോം അത്തരക്കാരനല്ല.... മറ്റൊന്നും കൊണ്ടല്ല... ഒന്നാമത്തെ കാര്യം ലേശം പേടീണ്ട്‌.. രണ്ടാമത്തെ കാര്യം വീട്ടിലറിഞ്ഞാൽ വീടു വീടാന്തരം തെണ്ടി പശിയടക്കാനുള്ള വകയാ അത്‌.. നാമായിട്ട്‌ നമ്മെ നല്ല അറവു ശാലയിൽ എന്നെ അറുത്തോ, എന്നെ അറുത്തോ എന്ന് പറഞ്ഞു കടന്നു ചെല്ലണോ?.. ഈ സിമ്പിൾ തിയ്യറി.. നമ്മെ എല്ലാ ദുഷ്ചിന്തകളിൽ നിന്നും നേർവ്വഴിക്ക്‌ നടത്തി..എന്തതിശയമേ ദൈവത്തിൻ സ്നേഹമെന്ന പാട്ടും പാടി കയ്യാമം വെച്ച്‌ നമ്മെ നമ്മൾ തന്നെ തെളിച്ചു നടത്തി..

അവന്റെയൊക്കെ ഒരു ചാകര കാലം .. ഷെയിം ഓൺ ഹിം...... അല്ല പിന്നെ... !..നമ്മൾ അത്തരക്കാരല്ല....എന്നാലും കേൾക്കുന്നതിനു വല്യ വിരോധം ഇല്യാ.. കേട്ടതു കൊണ്ട്‌ ഈ ലോകത്ത്‌ ആരും കണ്ണുപൊട്ടനായിട്ടും ഇല്യാ!...ആസ്വദിച്ച തു കൊണ്ടും!
അവൻ പറഞ്ഞു " നീയ്യൊക്കെ ആണാണോടാ?"

" അതെ... ഈ പറയുന്നത്‌ കേട്ടപ്പോൾ നമുക്കും സംശയം ഉണ്ട്‌ .. മെല്ലെ സംശയ വൃത്തിക്ക്‌ നാം ചുണ്ടിന്റെ മീതെ തടവി ചെറിയ പൊടി രോമം കിളിർക്കുന്നുണ്ട്‌..ബാർബർക്കെന്നല്ല.. നമുക്കു തന്നെ വരട്ടു ചൊറിക്കുള്ള ഒറ്റമൂലി മരുന്നിനു തന്നെ വെട്ടിയെടുക്കാൻ മാത്രം തികയില്ല.. വരും വരാതിരിക്കില്ല..  ചതിക്കുമോ ആവോ?

അവനോക്കെ എന്തിന്റെ കുറവാ?... ഒരു ചായക്കടയുണ്ട്‌ പിതാവിന്റേതായിട്ട്‌.. അവിടെ ബോർഡുണ്ട്‌ .. സിനിമാ പോസ്റ്റർ ഒട്ടിക്കാനായിട്ട്‌.. തീയ്യേറ്റർ ഉടമകൾ പാസു കൊടുക്കും സിനിമ കാണാനായിട്ട്‌...!.. ഇമ്മാതിരി ഓരോ ആഹ്ലാദിക്കുന്ന ജന്മാന്തരങ്ങൾ!..നാണമില്ലാത്ത വകേല്‌ വിരിഞ്ഞ സന്താനം!

പിതാവിനു പുട്ടുണ്ടാക്കണം.. നാട്ടുകാരെ പുട്ട്‌ അടിപ്പിച്ച്‌ ആടിയാടി നടത്തണം, പണം വാങ്ങണം , പെട്ടിയിലിടണം, വീട്ടിൽ പോകുമ്പോൾ ഇച്ചിരി പണം ഷാപ്പുകാരനും കൊടുത്ത്‌ അവനേയും കുടും ബത്തേയും റേഷൻ വാങ്ങാൻ പ്രാപ്തനാക്കണം.. ബാക്കി കുടുംബം നന്നായി നോക്കാൻ വിനിയോഗിക്കണം എന്നൊക്കെ മാത്രമാണ്‌ ജീവിതത്തിൽ ദൈവം അദ്ദേഹത്തിനു വിധിച്ചിട്ടുള്ളത്‌ .. അല്ലാതെ "A" പടം കണ്ട്‌ കണ്ണിന്റെ ലെൻസടിച്ചു പോകാനുള്ളതല്ല!--എന്നോർത്ത്‌ നടക്കുന്ന പരമ സാധു!.. സാധുക്കൾക്ക്‌ ഒന്നും ആലോചിക്കാതെ സാധു ബീഡിയും വലിച്ചു നടക്കാലോ?..അല്ലത്തോർക്ക്‌ അങ്ങിനെയാണോ?

അപ്പോൾ പിന്നെ ജീവിതം തച്ചു തകർക്കാൻ ശ്രമിക്കുന്ന പരമ പുരുഷ സന്താനത്തിന്‌ എന്ത്‌ ആയിക്കൂടാ... എന്തൊക്കെ ആയിക്കൂടാ...? അവന്റെയൊക്കെ ശുക്രൻ അവന്റെ വീട്ടിന്റെ തട്ടിൻ പുറത്ത്‌ ഒരു കൂടും പണിത്‌ വാസത്തിലാണ്‌.. ആവശ്യമുള്ളപ്പോൾ താഴെ ഇറങ്ങി വരും.." എടാ മോനേ.. ടാക്കീസിൽ ആണുങ്ങൾക്ക്‌ കാണേണ്ട പടമുണ്ട്‌.. ഉടുത്തൊരുങ്ങി വന്നാൽ കാണാം ആർമ്മാദിക്കാം" എന്ന് അനുഗ്രഹ വർഷം കൊടുക്കാൻ! ..

നമുക്കാരുല്യാ ഈ ഭൂമി മലയാളത്തില്‌!...ന്നാലും പറയ്കയാ ..നമുക്കങ്ങനെയൊട്ട്‌ തീരെ ആഗ്രഹവും ഇല്യ .. ഇവൻ പറയുന്ന സിനിമയിലൊന്നും!.. എന്നാൽ അങ്ങിനെയല്ലല്ലോ നാട്ടു നടപ്പ്‌!.. ആരുല്ല്യാത്തോർക്ക്‌ ആരെങ്കിലും ഒരു പാസെങ്കിലും കൊടുത്ത്‌ ,ഇല്ലേങ്കിൽ ടിക്കറ്റിനുള്ള പൈസയെങ്കിലും കൊടുത്ത്‌ പോയി കാണെടാന്ന് പറഞ്ഞ്‌ ഉന്തി തള്ളി വിട്ടൂടേ.. നാം പോവില്യാച്ചാലും!..  ഒരാളും അതിനു തയ്യാറാവില്ല്യാ..ച്ചാൽ നാമെങ്ങിനെ അവനെപ്പോലെയാവും.. ശുക്രദശ നമ്മെ തൊട്ടു തീണ്ടീട്ടില്ല്യാന്ന് സാരം!

2 അഭിപ്രായങ്ങൾ:

  1. ഓരോ രചനയിലെയും വ്യത്യസ്തഥ കാണുമ്പോള്‍ വായിക്കാന്‍ എന്തെന്നില്ലാത്ത ആവേശവും തങ്ങളോടു ബഹുമാനവും തോനുന്നു.

    മറുപടിഇല്ലാതാക്കൂ
  2. പ്രീയപ്പെട്ട മുജീബ്‌,

    സ്നേഹവും ബഹുമാനവും എനിക്ക്‌ നിങ്ങളോടാണ്‌ വേണ്ടത്‌.. എന്റെ ബ്ലോഗ്‌ വായിക്കാൻ താങ്കൾ ചിലവിടുന്ന സമയത്തെ കുറിച്ചോർത്ത്‌!.. നിങ്ങൾക്ക്‌ നന്മയുണ്ടാകട്ടേ!

    മറുപടിഇല്ലാതാക്കൂ