പേജുകള്‍‌

ഞായറാഴ്‌ച, ഒക്‌ടോബർ 10, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( ഇരുപത്തിനാലാം സർഗ്ഗം)

പ്രചട.. പ്രചട..പ്രചട... അവന്റെയൊരു ഒടുക്കത്തെ സംഘഗാനം.!.... അതിനപ്പുറം വരുന്നില്ല!! ... വായിൽ കൊള്ളാവുന്ന, വയറ്റീന്ന് വരുന്ന നാലക്ഷരം എഴുതാനറിയില്ല... ആ കുശ്മാണ്ഡത്തിന്‌.!!... ഓരോ ഗവേഷണവും കൊണ്ട്‌ വന്നോളൂം. ..നോം പറഞ്ഞതല്ലേ നമുക്ക്‌ അഷ്കരപുടത ഇല്യാന്ന്..!!..  തുഫൂ..!!.. വെള്ളം ചിതറി വീണു..ല്ല്യേ...വായ കഴുകീതാണ്‌...ഒന്നും വിചാരിക്കരുത്‌.!.. ഉച്ചയ്ക്കുള്ള ഭക്ഷണം കാന്റീനിൽ നിന്നും കഴിച്ചാൽ വായ ഒന്നു വെള്ളം കൊണ്ട്‌ കുലുക്കുഴിയണം.. നമുക്ക്‌ നിർബന്ധാ.. നിങ്ങൾക്കും ആവാം.. നോം തടസ്സം നിൽക്കില്യാ.....

... "കാരണം ബാക്റ്റീരിയ! "..."കാരണം ബാക്റ്റീരിയ" വന്നാൽ മിസ്റ്റർ കോൾഗേറ്റിന്റെ വീട്ടിൽ അല്ലെങ്കിൽ അതിന്റെ പാർട്ട്ണേർസ്മാരും ഏമാന്മാരുമായ ദന്തഡോക്ടറച്ചന്റെ വീട്ടിൽ പോയി സത്യാഗ്രഹം ഇരിക്കണം!.. അതു വല്യഗേറ്റായ ബിൽഗേറ്റായാലും!.. നമുക്ക്‌ വയ്യ..അതിനൊന്നും!

അപ്പോൾ പറഞ്ഞു വന്നത്‌ പണ്ടേ അവർ നോം പറേണത്‌ കേൾക്കില്ല്യാ .എന്നു തന്ന്യാ... അതിനാൽ കോളേജ്‌ ഡേയ്ക്ക്‌ ഒരു പരിപാടീം കൊണ്ട്‌ ഒരു വഷളൻ നമ്മെ നിർബന്ധിച്ചു.!.. സംഘഗാനം.!.... അവന്റെ കൂടോത്രത്തിൽ നാം വഴങ്ങീല.. പിറ്റേന്ന് കോളേജിൽ വരാനുള്ളതാണ്‌.. അതോടെ കാശീലേക്ക്‌ കമണ്ഡലവും എടുത്ത്‌ തീർത്ഥയാത്ര നടത്തി ആത്മാവിനു മോക്ഷം കൊടുക്കാനുള്ളതല്ല!..പിന്നെ ഉടുത്തിരുന്ന മുണ്ടെടുത്ത്‌ തലയിൽ കെട്ടി ലേശം പട്ട ചാരായവും അടിച്ച്‌ ഭ്രാന്തെനെ പോലെ നടക്കുന്നതാണ്‌ നല്ലത്‌!.. പരിപാടിയുടെ വിജയം കൊണ്ട്‌ തല തെറ്റീന്നെങ്കിലുമുള്ള സഹതാപമെങ്കിലും കിട്ടും!

....നാം അവനെ ഉപദേശിച്ചു.". എടാ ശവി... ഉള്ള മാനം പയറു പോലെ വലിച്ചെറിഞ്ഞിട്ട്‌ നടക്കുന്നതിലും ഭേദം കാണിയായി കൂവി വിളിക്കുന്നതാണ്‌.. അതിലൊരു ഗമയുണ്ട്‌.. അന്തസ്സുണ്ട്‌.. പുളിങ്കുരുവുണ്ട്‌!.... നോം പറഞ്ഞു തരുന്നതെന്തേ നീ തൊണ്ട തൊടാതെ വിഴുങ്ങാത്തേ.. .!!. അങ്ങിനെ ഒരു സാധനം ജനനത്തിൽ മുതൽ ഇന്നേവരെ തനിക്ക്‌ ആരും ഫിറ്റു ചെയ്തു തന്നിട്ടുണ്ടോന്ന് നമുക്ക്‌ അറിഞ്ഞു കൂട .. നമ്മുടെ കൂടെ കൂടി ഇത്തിരി നാണം ഒത്തിരി മാനോം നോം നിനക്ക്‌ ഫ്രീയായി തന്നിട്ടുണ്ടല്ലോ?..അതെങ്കിലും ഫിറ്റു ചെയ്തു നടന്നൂടെ ഒരു വഴിക്കിറങ്ങുമ്പോൾ??..."

...അവൻ ഒരു വഴിക്ക്‌ ആയുദ്ധം വെച്ചു കീഴടങ്ങി..ന്നാ നോം കരുതീത്‌!

....ഒടുവിൽ പിന്നേയും അവൻ പിന്മാറാതെ പുതിയ ദുർമന്ത്രവാദവുമായി വന്നു... പ്രച്ഛന്ന വേഷം നടത്താം.എന്താ?." നാലാളുടെ കൂവി വിളി കിട്ടിയില്ലേങ്കിൽ ഒരു സമാധാനോം ഇല്ല്യാന്ന് വിചാരിക്കുന്ന തനി നാടൻ ചെറുക്കൻ!.. "ഇവനെ എന്തൊക്കെ പറഞ്ഞാ നാം സമാധാനിപ്പിക്കുക!

..അവന്റെ സന്തോഷത്തിനു നാം വഴങ്ങി... അതു കൊഴപ്പമില്ല.. നോം മീശയും താടിയും വെച്ച്‌ സ്റ്റേജിൽ കയറി.. വല്യ കൊഴപ്പമില്ല.. നാമാണെന്ന് നമുക്കു പോലും തിരിച്ചറിയാൻ പറ്റീല പിന്നെല്ലേ.. പിന്നെ ആരെ പേടിക്കണം?.. അവൻ ഒരു യാചകനായി സ്റ്റേജു മുഴുക്കെ തെണ്ടി.. പിന്നെ സ്റ്റേജിൽ നിന്നും ഇറങ്ങി കാണികളോട്‌ ആ ശവി തെണ്ടൽ തുടങ്ങി.. മുജ്ന്മസുഹൃദം തൂത്താൽ പോകില്ലല്ലോ?...തരുണീമണികളായ പെൺകിടാങ്ങളോടൊക്കെ മാന്യമായി ഇരന്നു. ...സ്റ്റേജിൽ കയറി മൈക്കിലൂടെ ഉച്ചത്തിൽ നിർത്തെടാ കൂവേ എന്ന് വിളിച്ചു പറയണം എന്ന് തോന്നി.... കാരണം കുലത്തൊഴിൽ ഓർത്തു നിർത്തിയില്ലെങ്കിലോ?..പെണ്ണുങ്ങളോടൊക്കെ യാചിക്കുമ്പോൾ ഒരു സമാധാനം വേണ്ടേ..! പണി പാളും!...ഒടുവിൽ ഒരു പരുവത്തിനു നിർത്തി അവൻ സ്റ്റേജിലെത്തി...നാം യുദ്ധം കഴിഞ്ഞു നാട്ടിലെത്തിയ ഉടനെയുള്ള കുവൈറ്റ്‌ പ്രവാസി മഹാരാജൻ! .. നമ്മോട്‌ പൈസ ചോദിച്ച്‌ കൊടുക്കാൻ ഇല്ലാതെ പോക്കറ്റ്‌ തപ്പി ചമ്മി നിൽക്കുമ്പോൾ അവൻ അവന്റെ ഭിക്ഷാ പാത്രം നമുക്ക്‌ നേരെ നീട്ടുന്നു..നാം അതിലെ ചില്ലറയെടുത്ത്‌ പോക്കറ്റിലിടുന്നു..ഭിക്ഷാപാത്രം വാങ്ങുന്നു..ഒപ്പം തെണ്ടുന്നു.. പോകുന്നു". ...അതിൽ നാം വിജയിച്ചു.. പക്ഷെ സമ്മാനവും ഉലക്കേടെ മൂടൊന്നും കിട്ടീല.".ഇതിലെന്ത്‌ പുതുമ! ഇതൊക്കെ നിങ്ങളുടെ ജീവിത ഗന്ധിയായ അവതരണമല്ലേ എന്ന മട്ട്‌ മാർക്കിടുന്ന ലക്ചറുമാർക്ക്‌! .". ആകെയുള്ള പ്രവർത്തി പരിചയം ചെറുപ്പത്തിൽ ചെയ്ത ചെയ്ത്താണ്‌.. .അതിൽ നാം മാന്യമായി വിജയിക്കുകയും ചെയ്തു.. ആ പ്രവർത്തി പരിചയം അഥവാ എക്സ്പീരിയൻസ്‌ ദാ ഇങ്ങനെ...!

പണ്ട്‌ ഒരീസം..!" ബാലസംഘത്തിന്റെ കലാപരിപാടീണ്ട്‌ .. നീ എഴുന്നള്ളീ ഒരു പാട്ട്‌ പാടി സംഭവം കുളമാക്കി നമ്മുടെ നാടിന്റെ അഭിമാനം കളേണം എന്ന് മാന്യമഹാജനങ്ങൾ നമ്മോട്‌ അഭ്യർത്ഥിച്ചു.... വില കളയുന്ന പീറ ഫ്ലാറ്റോ, പാടുന്ന പെണ്ണിനോടൊപ്പം സൊള്ളാനോ ഉള്ള സംഗതിയൊന്നും ഇല്യാ.. ഒരു സെറ്റപ്പുമില്ലാത്ത തനി കണ്ട്രീ പരിപാടി!.. കണ്ട്രികൾക്ക്‌ വേണ്ടി കണ്ട്രികൾ നടത്തുന്ന കണ്ട്രീപരിപാടികൾ, ഫൈവ്‌ സ്റ്റാർ ഹോട്ടൽ പരിപാടി പോലെ നടത്താൻ പറ്റില്ല എന്ന് വാശിപിടിക്കുന്ന കണ്ട്രീശുദ്ധാത്മാക്കൾ!..ഉച്ചയ്ക്ക്‌ നാട്ടുകാരോട്‌ പിരിച്ച പയറോ കഞ്ഞിയോ മറ്റോ ഉണ്ടെങ്കിൽ കുടിക്കാം ഇല്ലെങ്കിൽ പട്ടിണി കിടക്കാം!..അതും ഇത്തിരി കുടിച്ചാൽ മതി ...കുടിച്ചൂന്ന് വരുത്തിയാ മതി. ...വറ്റും വെള്ളവും വയറ്റിൽ തൊട്ടൂന്ന് വരുത്തിയാ മതി..മൊത്തം തറവാട്ടു സൊത്തല്ലേ കുറഞ്ഞാൽ നഷ്ടമല്ലേ എന്നോർത്ത്‌ മോന്തേണ്ട.. എല്ലാർക്കും എത്തിക്കാനുള്ളതാ എന്ന മട്ടിലാണ്‌ സംഘാടകർ!.. വിജയീഭവന്മാർക്ക്‌ വെറും സോപ്പിന്റെ പെട്ടിയോ ഒരു പ്ലാസ്റ്റിക്ക്‌ കപ്പോ തരും.. സന്തോഷത്തോടെ ഏറ്റു വാങ്ങാം!" സിമ്പിൾ!

അന്നു ബർമുഡയിൽ നിൽക്കണ കാലം!..നമ്മുടെ പേർ അവർ എഴുതി കഴിഞ്ഞു...നാം മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി..അവരുടെ നിർബന്ധം!..നമ്മുടെ ഒരു യോഗം!..... കുളമാകും എന്നെനിക്കറിയാം .. കടലാകും എന്നത്‌ പിന്നെയാ മനസ്സിലായത്‌!.

അവിടെ നല്ല രസമായിരുന്നു.. ബാലസംഘം സിന്ദാബാദ്‌ എന്ന് അവർ ആർത്തു വിളിച്ചു മുന്നിൽ നടന്നു.. ആരോ പറഞ്ഞപോലെ ആവേശം മൂത്ത്‌ ബലാൽസംഗം സിന്ദാബാദ്‌ എന്നു വരെ വിളിച്ചു പോയിന്നാ തോന്നണത്‌.. അതു പിന്നെ ആരോ തിരുത്തീന്നും!.. നമുക്കറീലല്ലോ.. .മനുഷ്യനല്ലേ...അൽപം അശ്രദ്ധയുണ്ടായാൽ പശുവും മരത്തിൽ കയറാൻ ഒരു ശ്രമമൊക്കെ നടത്തീന്ന് വരും!

സ്റ്റേജിൽ നമ്മുടെ പേരു വിളിക്കുന്നു...

..നോം ചത്താലും പോവില്യാന്ന് തീരുമാനം!..പോയേ തീരൂന്ന് അവരും!..ആകെ അവരുടെ യൂണിറ്റിൽ നാമെ ഉള്ളൂ അവരുടെ മാനം രക്ഷിക്കാൻ!.. ആ ഭാഗ്യശാലി നാമാണ്‌ എന്ന് അവരും.. കുഴങ്ങീലോ.. അവർ എന്നെ പിടിച്ചു കെട്ടി സ്റ്റേജിൽ നിർത്തിക്കും എന്ന ഘട്ടം വന്ന പോലായപ്പോൾ നോം എഴുന്നേറ്റു..മോശല്ലേ ഒരു കുട്ടീനെ മാനഭംഗം ചെയ്യുന്നതിനു തുല്യമല്ലേ!..

കാലുകൾ മന്ത്രവാദീയെ പോലെ തുള്ളാൻ തുടങ്ങി..കൈകളും ചലിക്കുന്നുണ്ടോ..?.. ഊവ്വ്‌ .. നമുക്കെന്തോ ആവേശിച്ച പോലെ തന്നെ...ഒരു കോമരത്തിന്റെ ഉറഞ്ഞു തുള്ളലിനേക്കാൾ പവറുണ്ട്‌!..ടെമ്പോയുണ്ട്‌...സംഗതികൾ മൊത്തം ഉണ്ട്‌!!..ഇനിയൊരു വാളും കൂടെ കിട്ടിയാൽ കുശാലായി!!

അവർക്ക്‌ വല്ല ആവശ്യവും ഉണ്ടോ. മൈക്ക്‌ തരാൻ ..!.ഗമയിൽ നാം മൈക്ക്‌ പിടിച്ചു..!.. ശനിയന്മാർ.!. എല്ലാവരും നമ്മെ നോക്കി നിൽക്കുന്നു.. ഇവന്മാർക്കെന്താ പുറംതിരിഞ്ഞിരുന്നാല്‌.. നമുക്കത്രേയ്ക്ക്‌ സ്റ്റൈലുണ്ടോ?...നമ്മുടെ ദേഹം തുറിച്ചു നോക്കുന്ന കണ്ണുകൾകൊണ്ട്‌ നിറഞ്ഞിരിക്കുന്നു.... നോം ഭയപ്പെട്ടു.. കവിത പോയിട്ട്‌..കവിതാ ശകലം പോലും വരുന്നില്ല..രണ്ടു വരി പാടി!... പിന്നെയൊന്നും തൊണ്ടയിൽ വരുന്നില്ല.. വണ്ടീടെ ചങ്ങല വലിച്ച പോലെ നിന്നു.. സ്റ്റാന്ററ്റീസ്‌ ആയി നോക്കി.. അറ്റൻഷനായി നോക്കി.. കുറച്ചു നേരം നിന്ന് രംഗപടം വീക്ഷിച്ചു. .ഇവൻ കവിത ചൊല്ലാൻ തുടങ്ങണമെങ്കിൽ പരിപാടി നാളെ കൂടി വെക്കേണ്ടി വരും എന്ന് മണത്തറിഞ്ഞ സംഘാടകർ നമ്മോട്‌ പറഞ്ഞു.. .."ഇറങ്ങിക്കോളൂ.. പരിപാടിക്ക്‌ ഒരു പാട്‌ കുട്യോള്‌ ഇനീം പാടാനുണ്ട്‌!...അതു പറ്റില്ല്യാന്ന് എന്ന പോലെ നാമും.. നമ്മോടൊരു ചിറ്റമ്മ നയം.!"". പിന്നെയും നിന്നു നോക്കി.. നോ രക്ഷ..!!

" കുട്ടീ .. ഇറങ്ങിക്കൊള്ളൂ." ആരോ വീണ്ടും പറഞ്ഞു.. ഇല്ലായിരുന്നെങ്കിൽ ആ സ്റ്റേജ്‌ ചരിത്ര സംഭവമാകുമായിരുന്നു..

...അയാൾക്കൊക്കെ എന്തിന്റെ കേടാ?....എന്തൊക്കെ കേടാ?.. മനുഷ്യന്‌ കവിത ഒന്ന് ഓർത്തെടുക്കാൻ സമയം തരാതെ!. .ഇതു പോലെ തന്ന്യാ എല്ലാ പ്രതിഭകളുടേയും പ്രതിഭയെ ഇല്യാണ്ടാക്കി ആളുകൾ നിഷ്പ്രഭരാക്കുന്നത്‌!

നോം മനസ്സില്ലാ മനസ്സോടെ ഇറങ്ങി.. നമ്മുടെ പരിപാടി കണ്ട്‌ മനം കുളിർത്ത്‌ നിന്ന, നമ്മെ നിർബന്ധിച്ച്‌ പങ്കെടുപ്പിച്ച, ആളുകൾ കുറച്ചു സമയം കൂടി മറ്റുള്ളവരുടെ പരിപാടി കണ്ട്‌ ആസ്വദിച്ചു.. പിന്നെ പറഞ്ഞു.." വാ പോകാം.."

അവസാനമാണ്‌ സമ്മാന ദാനം....ഒരു സോപ്പ്‌ പെട്ടിയെങ്കിലും കിട്ടാതെ..!!

".. നാം നമ്മുടെ സംശയം മറച്ചു വെച്ചില്ല.. "സമ്മാനദാനം കഴിഞ്ഞിട്ടു പോയാൽ പോരെ!"
അവർ പറഞ്ഞു.." സമ്മാനമെന്തെങ്കിലും ഉണ്ടെങ്കിൽ നമ്മുടെ യൂനിറ്റിൽ എത്തിക്കും!"

നാം മനസ്സിൽ കരുതി..".. മതി.. അതു മതി.. സോപ്പ്‌ പെട്ടിയാണെങ്കിലും മതി..ഒരു സ്ലേറ്റ്‌ പെൻസിലാണെങ്കിലും മതി.. നമുക്കെന്താ പ്രശ്നം!.. മൊമന്റോ വാങ്ങുമ്പോലെ വാങ്ങി.. നിങ്ങൾ നമ്മളോട്‌ സഹകരിച്ചതിന്‌ നന്ദീം ന്ന് പറഞ്ഞു ആണുങ്ങളെ പോലെ കൈവീശി പോവാലോ.. വേണമെങ്കിൽ ജഡ്ജസിനെ കരഞ്ഞു കരഞ്ഞു കരയിക്കാലോ?.."- നമ്മൾക്കത്രെ വിശാല മനസ്സുണ്ടെന്ന് അന്നെങ്കിലും അവരെ തിരിച്ചറിഞ്ഞു കാണിക്കണം!!

പക്ഷെ ഒന്നും അവർ യൂണിറ്റിൽ നിന്നും തന്നില്ല.." സമ്മാനം അവർ പകുത്തെടുത്തിട്ടുണ്ടാവും.. നിശ്ചയം!"

3 അഭിപ്രായങ്ങൾ:

  1. "കുളമാകും എന്നെനിക്കറിയാം .. കടലാകും എന്നത്‌ പിന്നെയാ മനസ്സിലായത്‌!".

    ഹ.ഹ..ഹ......അടിപൊളി.............ഇങ്ങനെ മനസ്സ് തുറന്നു ചിരിക്കുമ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസം.

    മറുപടിഇല്ലാതാക്കൂ
  2. >>" കുട്ടീ .. ഇറങ്ങിക്കൊള്ളൂ." ആരോ വീണ്ടും പറഞ്ഞു.. ഇല്ലായിരുന്നെങ്കിൽ ആ സ്റ്റേജ്‌ ചരിത്ര സംഭവമാകുമായിരുന്നു..<<
    ആ പ്രവർത്തി പരിചയം കലക്കിട്ടോ :)

    മറുപടിഇല്ലാതാക്കൂ