പേജുകള്‍‌

തിങ്കളാഴ്‌ച, സെപ്റ്റംബർ 27, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( പതിനാലാം സർഗ്ഗം)

അമ്മാവന്റെ ചായക്കടയിലെ രണ്ടാമതും എണ്ണയിലിട്ടു പൊരിച്ച്‌ ഫ്രഷ്‌ ആക്കിയെടുത്ത അവിഞ്ഞ പരിപ്പു വടപോലെയല്ല. .. അറ്റ്ലീസ്റ്റ്‌ പഴം പൊരി ഓസിനു തിന്നുന്നതു പോലെയുമല്ല പഠിത്തം എന്ന് മനസ്സിലാക്കിയ പഴയ നമ്മുടെ ശാസ്ത്രജ്ഞൻ ഇനിയെന്ത്‌ എന്ന വിഭ്രാളന പ്രക്ഷാളനത്തിലായിരുന്നു...
അതായത്‌ ഇനിയെന്ത്‌ എന്ന പരിഭ്രമത്തിനാൽ തലച്ചോറിന്റെ പരിപ്പ്‌ ഒട്ടും വേവാത്ത അവസ്ഥ!.. ഒരു അൺസഹിക്കബിൾ മരവിപ്പ്‌!..ലോകത്തിലെ സകലമാന ഡോക്ടർ സായിപ്പ്‌ അവർകളും ഒന്നിച്ചിരുന്നു കൂടി ഗവേഷിച്ച്‌ ഗവണ്മേന്റിന്റെ  പൈസ മുഴുവൻ പുട്ടടിച്ചു തീർത്താലും കണ്ടു പിടിക്കാൻ പറ്റാത്ത രോഗം!....തുടർച്ചയായുള്ള പരീക്ഷണങ്ങൾ കരുതിക്കൂട്ടി പരാജയപ്പെടുത്തുന്നത്‌ ഏതൊരുവനേയും അന്ധാളിപ്പിലാക്കും. .അമേരിക്കയിലാണെങ്കിൽ അങ്ങിനെയല്ല...അവിടെ ഒരു ഡിഫ്രൻഡ്‌ തെറാപ്പിയാണ്.. ഇവിടെ വല്യ ഏമാന്മാർ മാത്രമേ പരീക്ഷണം നടത്തി സമ്മാനം വാങ്ങാവൂ എന്ന ഒരു പിൻതിരിപ്പൻ മൂരാച്ചി നയം.

..നമുക്കറിയാം പുല്ലു പറിച്ചിട്ട്‌ വാറ്റിയെടുത്താൽ പെട്രോളാവും എന്നു പറഞ്ഞ രാമറുടെ അവസ്ഥ!.."..ഒന്നു പോട ചെറുക്കാ നമ്മുടെ നാട്ടിൽ ഇതിനെ പട്ടച്ചാരായമെന്നാ പറയ്ക .പച്ച മലയാളത്തിൽ കള്ള വാറ്റ്!.... അതിൽ പഴുതാരയും ബേറ്ററിക്കരിയും, യൂറിയയും,യീസ്റ്റും മറ്റും കൂടെ ചേർക്കണം എന്നു പറഞ്ഞു പരീക്ഷണം പകുതി വഴി നിർത്തിച്ചു വാറ്റു കലവും കിടക്കയുമായി തലയിൽ ചുമപ്പിച്ചു ജയിലിലടച്ചു പാവം രാമറെ!..

... പ്രോൽസാഹനം ഈ നാട്ടിൽ ആരും കൊടുക്കില്ല..അതു ഗവൺമന്റായാലും സാക്ഷാൽ പെമ്പെറന്നോത്തിയായാലും!..അങ്ങിനെ മൊത്തമായി വേണ്ട.. വെറും അല്ലറ ചില്ലറ പ്രോൽസാഹനം തന്നിരുന്നെങ്കിൽ ഈ നാം തന്നെ അമേരിക്കയിൽ പോയി സാൻഫ്രാൻസിസ്ക്കോയിയിലൂടെ നൂണിറങ്ങി കോട്ടും ടൈയ്യും കെട്ടിപ്പോയി തീസ്സിസ്സ്‌ അവതരിപ്പിച്ചേനേ..ഹാ.. ജനിക്കേണ്ടെടത്ത്‌ ജനിച്ചില്ലെങ്കിൽ അവിടെ പട്ടി ജനിക്കും!.. കോട്ടും സൂട്ടും ടൈയ്യും കെട്ടി പട്ടി ഗമയിൽ വാലാട്ടി പോകും..മനുഷ്യനായ നമുക്ക്‌ ടീവീലും പത്രത്തിലും നോക്കി വെള്ളമിറക്കി മടുക്കാനേ നേരംണ്ടാവൂ!.."..നമുക്കൊരു യോഗോം ഇണ്ടായില്ലല്ലോ ദൈവമേ എന്നൊർത്ത്‌!..അവന്റെ തലയിൽ വരച്ച ഈർക്കിൽ കഷ്ണത്തിന്റെ കഷ്ണം.. മുഴുവൻ വേണ്ട.. ഇച്ചിരി മതി...ദൈവം നമ്മുടെ പറമ്പിലെങ്ങാനും ത്രോ ചെയ്തിരുന്നെങ്കിൽ നാമതെടുത്ത്‌ സ്വയംതന്നെ നമ്മുടെ ശിരസ്സിൽ അമർത്തി വരച്ചേക്കാമായിരുന്നു എന്നൊർത്ത്‌!.".... ദൈവത്തിനൊരു നഷ്ടവും ഇല്ല്യാലോ?..നാം തന്നെ ഒരു കൂലിയും വാങ്ങാതെ പണി ചെയ്യൂലോ?
..".. നിർത്തി..മതി പഠിച്ചത്‌.. ഒന്ന്, രണ്ട്‌, മൂന്ന് എന്ന് മണി മണി പോലെ എണ്ണാൻ പഠിച്ചല്ലോ.. ഇനി അടുപ്പിലെ പുക ഊതി അമ്മാവന്റെ ഹോട്ടൽ ഒരു പരുവത്തിലാക്കിക്കളയാമെന്നെ വ്യാമോഹം അദ്ദേഹത്തിന്റെ അമ്മാവൻ മണത്തറിഞ്ഞു....മോനെ ഈ കലത്തിൽ നിന്റെ പരിപ്പ്‌ വേവൂല എന്നു വിചാരിച്ചു വശക്കേട്‌ വന്ന അദ്ദേഹം..".ഇവിടെത്തെ ആവശ്യത്തിനു നീ തല പുകയ്ക്കേണ്ട അതു വിറക്‌ പുകച്ചോളും...എടുത്തുകൊടുക്കാനും കഞ്ഞി വെക്കാനും നമ്മൾ തന്നെ അധികമാണ്‌ .. നീ പോയി വയറു നിറച്ച്‌ തിന്നു  നാലക്ഷരം പഠിക്കെടാ"എന്ന് പറഞ്ഞ്‌ വിരട്ടി ഓടിച്ചു വിട്ടിരിക്കണം...."
...ചെറുക്കന്റെ വിഷമം കണ്ട്‌ മനസ്സലിഞ്ഞ്‌ കരഞ്ഞു പോയി അറ്റ്ലീസ്റ്റ്‌ ഹോട്ടലിൽ നിന്നോട്ടെ എന്നു വിചാരിച്ച്‌ നിർത്തിയാൽ വടയും തിന്ന് കൈകഴുകി പോകുമ്പോൾ എന്തിനാ വെറുതെ അമ്മാവന്റെ ഈ ചടാക്കു മേശയിൽ പൈസ കുമിഞ്ഞു കൂടി ചിതലരിക്കുന്നത്‌ അത്‌ നമ്മുടെ പോക്കറ്റിലിട്ടാൽ ഗുമു ഗുമാ ചിലവാക്കി സംതൃപ്തിയടയില്ലേ... മോക്ഷം കിട്ടിയ നോട്ടുകൾ നമ്മൾക്ക്‌ താങ്ക്സ്‌ ചൊല്ലില്ലേ എന്നൊക്കെയുള്ള അദ്ദേഹത്തിന്റെ മോഹം ഉയർന്നു വന്നു പടർന്നു പന്തലിക്കാതെ മുളയിലേ അമ്മാവൻ നുള്ളി അടുപ്പിലിട്ട്‌ എരിച്ചു കളഞ്ഞു...പിന്നെ പൊറോട്ടയ്ക്ക്‌ കുഴയ്ക്കുമ്പോലെ നല്ല സോഫ്റ്റായി ഒരു കുഴ കുഴച്ച്‌, മൂന്നു നാല്‌ പൊറോട്ട ചുട്ട്‌ കൊടുത്ത്‌ "കഴിക്കെടാ നല്ലോണം തടി തങ്കം പോലെ പെരുക്കട്ടേ എന്നു പറഞ്ഞു പറഞ്ഞയച്ചു!...
വർഗ്ഗ സ്നേഹമില്ലാത്ത അമ്മാവൻ പുകയൂതി പുകയൂതി.. നാട്ടുകാർക്ക്‌ പഴം പൊരിയും, പൂരിയും ചുട്ട്‌ നാറാണക്കല്ലെടുത്ത്‌ നടക്കുമ്പോൾ പഠിക്കും എന്നോർത്ത്‌ അദ്ദേഹം തിരിച്ചു ജയിലിലേക്ക്‌ കയറുന്ന ലാഘവത്തോടെ അന്ന് സകൂളിൽ കയറി..
ഉച്ചയ്ക്ക്‌ മണിയടിച്ചു..പുറത്തു പരോളിൽ വിട്ട തടവുകാർ എല്ലാം ഹാജരുണ്ടോന്ന് നിരീക്ഷിക്കാൻ ഇടയ്ക്കിടെ മൂക്കിൽ തോണ്ടി നടക്കുന്ന ഹെഡ്മാഷ്‌ പദ്ധതി പ്ലാൻ ചെയ്യുന്ന തിരക്കിലായി..
ചെറുപ്പത്തിൽ നല്ല അടി കൊടുക്കാഞ്ഞിട്ടല്ലേ ഈ മൂക്കിൽ തോണ്ടൽ എന്ന് നമുക്ക്‌ തോന്നി.. ഇപ്പോഴും ആവാം..പക്ഷെ  ഗുരുവിന്റെ ഗുരു അതായത്‌ പരമപൂജ്യ ഗുരുതൃപ്പാദം ആയിപ്പോയില്ലേ...
ചില്ലറക്കാരനാണോ..ഹെഡ്മാഷ്‌ .!.. അങ്ങേരുടെ കൈയ്യിലിരിപ്പോ പണ്ട്‌ കാലത്ത്‌ ഗുണ്ടയായിരുന്നെന്ന് തോന്നും...സുമുഖനാണെന്ന് പറഞ്ഞിട്ടെന്തു കാര്യം...ദുർമുഖമേ നമ്മൾ കണ്ടിട്ടുള്ളൂ!!..സോ സ്ട്രിക്റ്റ്‌.. അല്ലെങ്കിലും സ്വർഗ്ഗത്തിൽ ആളെ പേടിപ്പിക്കാൻ ഒരു ദുർമുഖം നല്ലതാ..ഇല്ലെങ്കിൽ വെറുതേ കിടന്ന് എന്തിനാ ഈ മരത്തിന്റെ ഡെസ്കും ബെഞ്ചും തുരുമ്പ്‌ പിടിക്കുന്നത്‌ എന്നൊർത്ത്‌ ആളുകൾ അതൊക്കെ പൊക്കിക്കൊണ്ട്‌ പോകും എന്തിന്‌ സ്കൂളുവരെ ആളുകൾ പൊളിച്ചടക്കി വീട്ടിൽ കൊണ്ട്‌ പോയിക്കളയും!
 
പൊസ്തകോം കളർച്ചോക്കും പരിവാരവുമായി മഹാരാജാവ്‌ എഴുന്നള്ളി... സത്യം.!. തമാശിച്ചതല്ല അദ്ദേഹം രാജകുടുംബത്തിൽ പെട്ടയാളാണ്‌...അധികം ഉയരമില്ലാത്ത മാഷ്‌.. എന്നാലോ പഞ്ചപാവം! വിവരം കണ്ടാൽ നമ്മൾ ഞടുങ്ങും... ടെക്സ്റ്റ്‌ ബുക്കൊക്കെ അയ്യാളാണെഴുതീതെന്ന് തോന്നും...പക്ഷെ ഒരു കുഴപ്പംണ്ട്‌.. അദ്ദേഹം ബയോളജിയാണ്‌ എടുക്കുന്നത്‌... വന്നയുടനെ റേഡിയോ തുറന്നുവെച്ച മാതിരി ക്ലാസ്സ്‌ തുടങ്ങും..അധികം ഒച്ചപ്പാടില്ലാതെ റേഡിയോ വെച്ചമാതിരി ഒരേ സ്വരം...നാമെല്ലാം ക്ലാസ്സെടുക്കും മുന്നേ വസന്ത വന്ന കോഴിയേ പോലെ തൂങ്ങിയിരിക്കും.. ഇടയ്ക്ക്‌ കണ്ണു തിരുമും!.. ഉറങ്ങിപോവരുതല്ലോ? നമുക്കൊരു വിഷമവും ഇല്ലെങ്കിലും മാഷ്ക്കല്ലേ അതിന്റെ കുറച്ചിൽ!.. അടുത്തിരിക്കുന്ന ഒരുവൻ രണ്ടു കൈ കൊണ്ടും കണ്ണുകൾ വലിച്ചു നീട്ടിയിരിക്കുന്നു...
 
അദ്ദേഹത്തിനൊരു കുലുക്കവും ഇല്ല.. ചറ പറ ക്ലാസ്സെടുക്കുകയാണ്‌..

നമ്മുടെ ശാസ്ത്രജ്ഞൻ മെല്ലെ ഡെസ്ക്കിൽ താടിക്ക്‌ താങ്ങു കൊടുത്തിരിക്കുന്നു..നമ്മുടെ ഉറക്ക്‌ എങ്ങിനെ കളയും എന്നോർത്ത്‌ ക്ലാസ്സിലെ പലർക്കു നേരെയും കണ്ണുയച്ചു കൊണ്ടിരുന്ന നാമും അതു ശ്രദ്ധിച്ചു.."എവൻ ഒരു വെടിക്ക്‌ ചാവൂലാ.."

കൈകളിൽ തലയിലെ ബുദ്ധിയുടെ ഭാരം അദ്ദേഹത്തിനു താങ്ങാൻ പറ്റാതായി..മെല്ലെ തലയോടൊപ്പം അദ്ദേഹത്തിന്റെ കൈകളും ഡെസ്ക്കിലേക്ക്‌ അമർന്നു...എത്ര നേരം എന്നു വെച്ചാ ഉറക്കം തൂക്കി തൂക്കി കൊടുക്കുന്നത്‌.. ആരായാലും ക്ഷീണം വരൂലേ.....ഇനിയൊന്നും നോക്കാനില്ല ...അദ്ദേഹം കൂർക്കം വലിയുടെ പരലോകത്തേക്ക്‌ യാത്രയായി..നമുക്ക്‌ സഹിച്ചില്ല... എന്നാലും നാം പയറുപോലെയിരിക്കുമ്പോൾ അദ്ദേഹം മാത്രം അങ്ങിനെ പരലോകത്ത്‌ വിഹരിക്ക്വാ!... .അതും മുൻബെഞ്ചിലിരുന്ന്!

"ടേയ്‌ എണീരെടാ.". നാം മെല്ലെ തോണ്ടി.." അവനൊരു കുലുക്കവും ഇല്ല..
"വീണ്ടും കുലുക്കി ..!
വേണമെങ്കിൽ നീ കുലുങ്ങിക്കൊളുന്ന മട്ടിൽ  അവൻ!
പെട്ടെന്ന് ഒരു ശബ്ദം..!

"യൂ സ്റ്റാൻഡ്‌ അപ്പ്‌!"- മാഷാണ്‌!
" നമ്മോടാണെന്ന് മനസ്സിലായെങ്കിലും അങ്ങിനെയല്ല എന്നു വരുത്തി നാം ചുറ്റും നോക്കി..."
'..നിന്നോടാണ്‌ പറഞ്ഞത്‌.."- അടുത്തേക്ക്‌ കുതിച്ച്‌ മാഷ്‌.
....നാം സ്റ്റാന്റി...
"കുറേ നേരമായി നാം നിന്നെ നോക്കി കൊണ്ടിരിക്കുന്നു.. എന്താ അവിടെ?"- ശബ്ദത്തിനു ഒരു കനം വെച്ച്‌ അദ്ദേഹം!
"ഒന്നും ല്യാ"
" ഒന്നും ഇല്യാണ്ട്‌ തനിക്കൊരു ഇളക്കം!

ഇപ്പോൾ ആ മഹാസാധുവിന്റെ മെഡുല്ലാ ഒബ്ലോംഗേറ്റയിൽ ഒരു കൊടുങ്കാറ്റുണ്ടായി നമ്മുടെ മുഖത്തേക്ക്‌ വീശിയടിച്ച്‌ നമ്മുടെ മനോഹരമായ കവിൾത്തടങ്ങൾ കൂമ്പിയേക്കാം അല്ലെങ്കിൽ ശരീരഭാഗങ്ങൾക്ക്‌ തേയ്മാനം വന്നേക്കാം എന്ന് ഉൾവിളിയുണ്ടായി വേഗം നാം സംഭവം ഒറ്റശ്വാസത്തിൽ വിവരിച്ചു.

" അത്‌.. അത്‌.. ഇവൻ ക്ലാസ്സിൽ ഉറങ്ങുന്നു.. അവനെ എണിപ്പിക്കാൻ ഒരു ശ്രമം നടത്തീതാ"
"അവനു വേണ്ടെങ്കിൽ അവൻ ഉറങ്ങിക്കോള്ളട്ടേ..അതിനു തനിക്കെന്ത്‌?"- മാഷ്‌.

...ശരിയന്നെ നമുക്കെന്ത്‌?.നമുക്കെന്തു കൊണ്ട്‌ മിണ്ടാതെ സൈഡെടുത്ത്‌ ഉറങ്ങാനുള്ള ബുദ്ധി തോന്നീല്യാ... മണ്ട പുകഞ്ഞില്ല ..നമ്മുടെ തല താണു പോയി..മാഷ്ക്ക്‌ ഇനി ചവിട്ടാം നാം മഹാബലിയായി.. വിശാല ഹൃദയനായി...നമ്രശിരസ്ക്കനായി.. പൂജ്യമായി....

"..നീ ക്ലാസ്സ്‌ ശ്രദ്ധിക്കുകയല്ലേ വേണ്ടത്‌?.. അവനോന്‌ വേണ്ടത്‌ അവനോൻ ചെയ്യട്ടേ"-മാഷ്‌.

ശബ്ദവീചികൾ കർണ്ണങ്ങൾക്ക്‌ അസഹ്യമായപ്പോൾ അവൻ എഴുന്നേറ്റു...കണ്ണുകൾ ചുവന്നു കലങ്ങി നിൽക്കുന്നു .

നോം നമ്മുടെ തലയ്ക്ക്‌ അപാരഭാരം വന്നുവെന്ന തോന്നലിനാൽ കൂടുതൽ കുനിച്ചു പിടിച്ചു.." ഇരിയവിടെ...നീ ക്ലാസ്സ്‌ ശ്രദ്ധിക്ക്‌... " - മാഷ്‌!

"നോം.. അതായത്‌ ഈ പ്രജയ്ക്ക്‌ ഒരു അബദ്ധം പറ്റിപോയതാണേ.. ഇനി അവിടുത്തെ ക്ലാസ്സിൽ എന്തു സംഭവിച്ചാലും പ്രശ്നങ്ങൾ ഉണ്ടാക്കില്ലേ എന്ന മട്ടിൽ മെല്ലെ ഇരുന്നു.. അദ്ദേഹം ക്ലാസ്സ്‌ തുടർന്നു.. നമ്മൾ വസന്ത വന്ന കോഴിയേ പോലെ തൂങ്ങി തൂങ്ങിയും ഇരുന്നു..ഇത്ര പാവമാണ്‌ മാഷെന്ന തിരിച്ചറിവുണ്ടായിരുന്നെങ്കിൽ നാമും അവനൊരു കൂട്ട്‌ കൊടുത്തേനേ.. പോയ ബുദ്ധി ആനവലിച്ചാലും വരുവോ?

3 അഭിപ്രായങ്ങൾ:

  1. വേര്‍പാടിന് ശേഷം പൊട്ടക്കലം ഞാന്‍ വായിച്ചിരുന്നു "അവസാന വരികളും "
    ....ഒരു ഹമ്മര്‍ ...............
    ഒരുപാട് വിഷമമായി .സുഹ്രതാനെന്നരിഞ്ഞതില്‍ സന്തോഷം..പിന്നെ താങ്കളുടെ മെയില്‍ അവിചാരിതമായി മറ്റൊരു ബ്ലോഗിലെ കമന്റ്‌ ബോക്സില്‍ നിന്നും കിട്ടിയതാണ്....

    ഗീതാകുമാരി

    മറുപടിഇല്ലാതാക്കൂ
  2. ഏതൊരു ചെറിയകാര്യവും നല്ല മര്‍മമുള്ള നര്‍മ്മങ്ങലാല്‍ സമ്പന്നവും സരസമായ ശൈലിയും തന്നെയാണ് എന്നെ താങ്കളുടെ വായനക്കരനാക്കുന്നത്.
    നന്ദി......നല്ല ബ്ലോഗുകള്‍ നല്‍കുന്നതിനു.

    മറുപടിഇല്ലാതാക്കൂ
  3. കൊള്ളാം, നല്ല രസമുണ്ട് :)
    ( ഈ പോസ്റ്റ്‌ ചെയ്ത ഡേറ്റുകള്‍ ഒക്കെ വായിക്കാന്‍ പറ്റുന്നില്ലല്ലോ !)

    മറുപടിഇല്ലാതാക്കൂ