പേജുകള്‍‌

ചൊവ്വാഴ്ച, സെപ്റ്റംബർ 21, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( എട്ടാം സർഗ്ഗം)

നമ്മൾ വയലുകളിൽ ഫുഡ്ബോൾ എന്നു പറഞ്ഞ്‌ കടലാസു ചുരുട്ടി ബോളാക്കി കളിക്കുമ്പോൾ ആവേശത്തിന്‌ വയലിൽ കിടന്ന് ഉരുളും..ഇല്ലെങ്കിൽ കളിക്ക്‌ എന്തു രസം!...
നമുക്ക്‌ നല്ല നിശ്ച്യംണ്ട്‌... നമ്മളെയൊക്കെ തഴഞ്ഞതാ ഭാസന്മാരും ആഭാസന്മാരും, നിറഞ്ഞാട്ടക്കാരും അഴിഞ്ഞാട്ടക്കാരികളും ആയി നൂറുകോടിയിൽ പരം നിറഞ്ഞൊഴുകുന്ന മഹാജനതയുള്ള ഇന്ത്യക്ക്‌ ലോകകപ്പിൽ ഒരു ചായകപ്പു പോലും വാങ്ങിക്കാൻ ആളുകളെ അയക്കാൻ ഭാഗ്യം സിദ്ധിക്കാത്തത്‌!..പുത്തി വേണം.. പുത്തി.. അതില്ലാഞ്ഞാൽ ഇങ്ങനെ അവരൊക്കെ വക്ക, വക്ക കളിക്കുമ്പോൾ നമ്മൾക്ക്‌ ചക്ക, ചക്ക എന്ന് പറഞ്ഞ്‌ വരട്ടി തിന്നാം...

നിന്റെ ദേഹം നിറചും ചെളിയാ..സോപ്പ്‌ തേച്ച്‌ കുളിക്കുമ്പോൾ ചെളി ഇറങ്ങി ഓടുന്നതായി ഒന്നാം അമ്മായിയുടെ തമാശ!.." ദേ.. നോക്ക്‌!...നിന്റെ ദേഹത്തെ ചെളിയാ ഒഴുകുന്നത്‌..കരി കരി പോലെ!"
..അതൊന്നും നോക്കാൻ നമുക്ക്‌ നേരമില്ല!
അമ്മായി തമാശിക്കട്ടേ...
"..സോപ്പ്‌ തേച്ച്‌ കുളിക്കുന്നതിനാൽ അതിന്റെ പതയാണെന്ന് നോം..."
എല്ലാവരും ചിരിക്കുന്നു..

ഇതൊക്കെ സോപ്പ്‌ കമ്പനിയുടെ ഒരു നമ്പറല്ലേ!... ആണ്‌.. ആളുകളെ പറ്റിക്കാനുള്ള ഒരു നമ്പർ!... ചെളിയാണ്‌ നമ്മുടെ ദേഹത്ത്‌ അവരുടെ സോപ്പ്‌ അതൊക്കെ ഇളക്കി കളഞ്ഞു എന്നു വരുത്തി വേണം അവർക്ക്‌ ഗമ കാട്ടാൻ!..നമ്മളെ ഗുലുമാലിലാക്കി പണക്കാരനാവുന്നവർ!.. വലുതാകും മുന്നേ തന്നെ നാം ഇതെല്ലാം മനസ്സിലാക്കിയിരുന്നു..പക്ഷെ ആളുകൾ വിശ്വസിക്കില്ലല്ലോ.. പരസ്യം ആളുകളെ ഫൂളൂകൾ ആക്കിയിരുന്നു....ഇതൊക്കെ വിളിച്ചു പറയുന്ന നമ്മളെ ബുദ്ധിയില്ലാത്തോനും!!

..രണ്ടാം അമ്മാവൻ ലീവിനു വന്നു...നടത്തം പോലും എയർഫോഴ്സ്‌ സ്റ്റൈലിലാണ്‌.. അടുക്കും ചിട്ടയും എല്ലാ കാര്യത്തിലും!...നമുക്ക്‌ വിറയലാണ്‌...ഒന്നും ഉണ്ടായിട്ടല്ല.. ഒരു പേടി..!..ഒരു പക്ഷെ ആജ്ഞാ ശീലത്വമുള്ള ഘന ഗംഭീരമായ ശബ്ദമാണോ നമ്മെ ഭയപ്പെടുത്തുന്നത്‌... എന്നൊന്നും അറിയില്ല... സംഭവം സത്യമാണ്‌.. വല്ലാത്ത ഭയം!...അതിനാൽ ശബ്ദം പോലും ചിലപ്പോൾ എങ്ങോ പോയി ഒളിക്കും!..വെറും തലയാട്ടലായി ചോദ്യങ്ങൾക്കുത്തരം രൂപപ്പെടും...

മുന്നിൽ അബദ്ധത്തിൽ ചെന്നു ചാടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും... നമ്മളെ നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നെ ആരാ ശ്രദ്ധിക്കാൻ!....മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചതല്ലേ..അവനു കിട്ടുന്നെങ്കിൽ മുതലും പലിശയും അടക്കം അമ്പതിരട്ടി കിട്ടിക്കോട്ടേ നമുക്കൊരു ചേതവും ഇല്യാ എന്ന് മനക്കോട്ട കെട്ടി നടക്കുന്ന നമ്മുടെ മൂത്ത നമ്പിമാരോ?..നല്ല ചേലായി...എടാ നീ പോയി കുരുത്തക്കേട്‌ ഒപ്പിച്ച്‌ പിന്നീട്‌ കിടന്ന് കാറി വിളിക്കേണ്ട എന്ന് ആരും പറയില്ല..വേണമെങ്കിൽ പലിശയ്ക്കുള്ള വക ഒപ്പിച്ചു മുങ്ങിക്കളയും!

എന്തെങ്കിലും പുതിയ കളിപ്പാട്ടങ്ങൾ നമുക്ക്‌ തന്നാൽ അവർ തന്നെ പൊട്ടിച്ചിട്ട്‌ നാലും നാലുവഴിക്കാക്കി വെച്ചിട്ട്‌ നിരപരാധിയായ നമ്മെ ചൂണ്ടിക്കാട്ടി ഇവനാണ്‌ അപരാധി എന്ന് പറഞ്ഞു കൊടുത്ത്‌ തടി തപ്പുന്നവരെ എങ്ങിനെ നാം വിശ്വസിക്കും!

അതിനാൽ ഒരു ഒളിച്ചു കളി നമ്മുടെ ദേഹത്തിനു ആട്ടിൻ സൂപ്പ്‌ കുടിച്ച ഗുണം ചെയ്യും എന്ന ഒരു തിരിച്ചറിവ്‌!.. അത്‌ നമുക്ക്‌ ദോഷം ചെയ്തു.." കള്ളനാണിവൻ..ഒളിച്ചു നടക്കുന്ന കള്ളൻ!" അവർ നിരൂപിച്ചു.. നമുക്ക്‌ സങ്കടായി.....ന്നാലും..നോം അങ്ങിനെത്തോനാണെന്ന് സ്വപ്നത്തിൽ കൂടി നോം നിരൂപിച്ചിട്ടില്ല്യാലോ?...

...അമ്മാവന്റെ ഒപ്പം അമ്മായിയും ഉണ്ട്‌...കൂടെ ഒരു സ്റ്റൈലൻ ചെറുക്കനും!..
...ജനനം നമ്മുടെ വീട്ടിലല്ലാത്തതിനാൽ അവനെ നമുക്കത്ര പരിചയം പോരാ... എന്നാലും നമ്മുടെ അനിയൻ തന്നെ അവൻ .. നാം തീർച്ചയാക്കി!...നമ്മളേക്കാൾ സ്റ്റൈലൻ ചെറുക്കൻ അനിയനായുള്ളത്‌ നമുക്കും ഒരു മുതൽ കൂട്ടാ..ഒരു ഗമ!.. കാൽ പാദം നിലത്തു നിന്ന് ഒരു ഒന്നരയടിവരെ പൊങ്ങിക്കാണണം!.. എടാ പീറപ്പിള്ളാരെ.. നമ്മുടെ അനിയനെ നോക്ക്‌ നിന്റെ കുശുമാണ്ഡൻ അനിയനെ പോലെ മൂക്കീന്നൊലിയനല്ല!.. സ്റ്റൈലൻ! .. സുന്ദരൻ!..എന്നൊക്കെ വിളിച്ചു പറഞ്ഞില്ലേങ്കിലും ഭാവം മുഖത്ത്‌ വിരിഞ്ഞു നിന്നു...

"...ശുംഭൻ!! എവിടെയായിരുന്നു നീ ഇതു വരെ?.. അന്നേ വരാമായിരുന്നില്ലേ..ഒരനിയനു വേണ്ടി കരഞ്ഞു നടക്കുന്ന ഈ വേഴാമ്പലിനെ നീ എന്തു കൊണ്ട്‌ കണ്ടില്ല ഇത്രകാലം!".എന്നൊക്കെ പരിഭവം മനസ്സിൽ നിറഞ്ഞു കത്തി നിൽക്കുന്നു......

അമ്മായി മുകളിലെ നിലയിലേക്ക്‌ പോകുന്നു.. അതിനിടയിൽ നമ്മെ ചൂണ്ടി അവനോട്‌ പറഞ്ഞു . " മോനേ.... അതാ.. അതാണ്‌..ഏട്ടൻ!.."

നാം പെണ്ണുകാണാൻ വന്ന ചെറുക്കന്റെ മുന്നിലെ പെണ്ണിനെ പോലെ സന്തോഷം കൊണ്ട്‌ മതി മറന്നു..".... നമ്മെ പരിചയപ്പെടുത്തിയിരിക്കണൂ...അനിയൻ ആയിരിക്ക്ണൂ.. ഇനി നമുക്ക്‌ മരിച്ചാലും വേണ്ടില്ല!"...

അത്ഭുതം!..ചിരപരിചിതനായവനെ പോലെ പെട്ടെന്ന് തന്നെ അവൻ എന്നോട്‌ അടുത്തു..
ബർമുഡക്കാരൻ ചെക്കനായ നമ്മുടെ കൈ പിടിച്ച്‌ , വന്നു കയറിയ അനിയൻ ചെറുക്കൻ പറഞ്ഞു.."
"ഏട്ടാ എനിക്ക്‌ മുള്ളണം!"

..ആദ്യത്തെ കൂടിക്കാഴ്ച അലങ്കോലമാക്കാൻ തന്നെയാ അവന്റെ പടപുറപ്പാട്‌ എന്നൊന്നും ഓർത്തില്ല!
ഏട്ടൻ എന്ന വിളി നമുക്കങ്ങട്‌ "ക്ഷ"- ബോധിച്ചു.അത്ര തന്നെ!.

.. പക്ഷെ ഈ കുഞ്ഞിന്റെ കൈയ്യിൽ മുള്ളെങ്ങിനെ തറച്ചു ...ന്റെ ഈശ്വരന്മാരെ.!!..എന്ന് വിചാരിച്ചു.. . പെരുത്ത്‌ സങ്കടായി.. ച്ചാലും... ഒതുങ്ങി....നാം പരിശോധന തുടങ്ങി...
"..എവിടെയാ മോനു മുള്ളു തറച്ചത്‌..?"
..കൈ പിടിച്ചു നോക്കി.
.. അവൻ തുള്ളിക്കളിച്ചു പറഞ്ഞു.." എനിക്ക്‌ മുള്ളണം!"
"..നീ മുള്ളു കാണിച്ചു താ.. നാം എടുത്തു തരാം..കാലിനാണോ?"-
... ഈ നാം നിൽക്കുമ്പോൾ അതും എന്റെ പൊന്നനിയൻ ഒരു പീറമുള്ളു കൊണ്ട്‌ കരയുകയോ?.. ഛെ..നമുക്ക്‌ സഹിച്ചില്ല!!..ഈ നിഷ്കളങ്കനായ നമ്മുടെ മുന്നിൽ ഇവനെന്തിനിത്ര പരവേശം! നാം വീണ്ടും കൈയ്യും കാലും പിടിച്ചു പരിശോധന തുടർന്നു...ദേഹമാസകലം പരിശോധന തന്നെ .. പരിശോധന!
" അവൻ തുള്ളിക്കളിച്ചു കൊണ്ട്‌ പറഞ്ഞു.." എനിക്കു മുള്ളണം.!. എനിക്കു മുള്ളണം.!.എനിക്കു മുള്ളണം!"
നോം കുഴങ്ങീലോ... ഈ ചെറുക്കൻ മുള്ളു കാണിച്ചു തരുന്നുമില്ല.. തുള്ളിക്കളിയും തുടങ്ങീരിക്കുന്നു..
അവൻ ചിണുങ്ങാൻ തുടങ്ങും മുന്നേ നാം അവനെ നമുക്ക്‌ ഏൽപ്പിച്ച അമ്മായിയെ വിളിച്ചു...
" ഇവനു മുള്ളു തറച്ചൂന്നാ തോന്നണത്‌.. അമ്മായി തന്നെ ശരിക്കു ചോദിച്ചു നോക്കിയേക്ക്‌.. നമുക്കിവൻ മുള്ളു കാട്ടി തരണില്ല!."

"എന്താ?"
അവൻ പറഞ്ഞു.. " എനിക്കു മുള്ളണം!"

"..മോനേ... ഇവനു മൂത്രമൊഴിക്കണം എന്നാ പറഞ്ഞത്‌.. മൂത്രമൊഴിക്കാൻ സ്ഥലം കാട്ടിക്കൊടുത്തേ..."- അമ്മായി..

ശിവ!.. ശിവ!... മൂത്രമൊഴിക്കണം എന്ന് നേരെ ചൊവ്വേ പറഞ്ഞാൽ പോരെ.. ആദ്യമായിട്ടാ നാം മുള്ളണം എന്ന പദം കേൾക്കുന്നത്‌!...തലച്ചോറിന്റെ അദ്യന്തകോണിലെ ഡിക്‌ ഷണറിയിൽ നമുക്കജ്ഞാതമായ ഒരു പദം കൂടി എഴുതി ചേർത്തു നാം.." മുള്ളണം മീൻസ്‌ മൂത്രം ഒഴിക്കണം!..

....നമ്മൾ സ്കൂളിൽ ഒന്നിനു പോകണം എന്ന് പറഞ്ഞാൽ മൂത്രമൊഴിക്കണം... രണ്ടിനു പോകണം എന്നു പറഞ്ഞാൽ കാര്യ സാധ്യത്തിന്‌.. എന്നാണ്‌...അപ്പോൾ മൂന്നിനു പോകണം ന്ന് പറഞ്ഞാലോ ന്ന് നിങ്ങൾ ചോദിച്ചേക്കാം..അപാര ബുദ്ധിമാന്മാരുടെ ചോദ്യങ്ങൾക്ക്‌ അപാര ബുദ്ധിമുട്ടും ഉണ്ടാവാം!.. നമുക്കത്ര നിശ്ച്യം ഇല്ല്യ.. അതെന്നെ..!..സെന്റ്‌ മേരീസ്‌ സ്കൂളിലെ നിത്യകന്യകമാരായ സിസ്റ്റർമാരെ സ്വതവേ നമുക്ക്‌ പേടിയാ.. അവരെയല്ല ... അവരുടെ ചൂരലിനെ..അവർ ഒന്നും രണ്ടും മാത്രമേ പറഞ്ഞു തന്നിട്ടുള്ളൂ..മൂന്നിനെ കുറിച്ച്‌ ചോദിച്ചിട്ടില്ല്യാ...ക്ലാസ്സിൽ വെച്ച്‌ " ഇന്നാടാ നീ ചോദിച്ച ചോദ്യത്തിനുത്തരം എന്ന് പറഞ്ഞു ചൂരലാണ്‌ ഉത്തരം തരുന്നതെങ്കിലോ?.. നമ്മുടെ തുട ഇനി സ്റ്റീലിൽ പൊതിയണംന്ന് വരുത്തി തീർക്കും!...കൊടിമരം സ്വർണ്ണത്തിൽ പൊതിയുമ്പോലെ... ഇല്ലെങ്കിൽ ഇവന്മാർക്ക്‌ വല്യ വെളിവുണ്ടോ?..അടിയോടടി...കൈതരിപ്പ്‌ മാറും വരെയടി!ഹോ..അതൊന്നും നമുക്ക്‌ ആലോചിക്കാൻ വയ്യാ..ന്റെ തേവരേ!

.അതിനാൽ പറഞ്ഞു തന്നത്‌ കേട്ടു.. തലച്ചോറിലെ ചിപ്പിൽ പ്രോഗ്രാം ചെയ്തു വെച്ചു..
. ഇവനെ എങ്ങിനെ നാം നേരെയാക്കിയെടുക്കും... ഇവനെന്നെ കുറേ വലയ്ക്കുമല്ലോ എന്നോർത്തു കൊണ്ട്‌ അവനേയും കൂട്ടി പുറത്തേക്ക്‌ ഓടി..

തിരിച്ചു വന്നപ്പോൾ സ്വർഗ്ഗം കിട്ടിയ ആശ്വാസത്തോടെ അവനെന്റെ കയ്യും പിടിച്ച്‌ കുശലങ്ങൾ ചോദിച്ചു കൊണ്ടിരുന്നു..

നമുക്ക്‌ തൃപ്തിയായി.... അവൻ ഇഷ്ടം പോലെ മുള്ളിക്കോട്ടേ.....മുള്ളട്ടങ്ങിനെ മുള്ളട്ടേ.. ഇഷ്ടം പോലെ മുള്ളട്ടേ..
....ഏതു കാട്ടിലേക്കും കൈ പിടിച്ചു കൊണ്ട്‌ സ്ഥലംകാട്ടിക്കൊടുക്കാൻ നമുക്ക്‌ സമ്മതം!..

3 അഭിപ്രായങ്ങൾ:

  1. വളരെ ചെറിയ കാര്യങ്ങള്‍ പോലും ഇത്രേം ആസ്വധ്യമാക്കിത്തീര്‍ക്കുന്നതിലുള്ള ഈ കഴിവിനുമുന്നില്‍ എന്റെ നമോവാകം.

    മറുപടിഇല്ലാതാക്കൂ
  2. പ്രീയപ്പെട്ട muje

    എന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന താങ്കൾക്കെന്റെ സ്നേഹത്തിന്റ്‌ ഒരായിരം പൂച്ചെണ്ടുകൾ!
    താങ്കളുടെ E-mail വിലാസം അറിയില്ല അതിനാൽ ഇവിടെ തന്നെ ഇത്‌ കുറിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  3. ktmujeebrahman@gmail.com

    നന്ദി ചോദിക്കാന്‍ വേണ്ടിയല്ലട്ടോ...........

    മറുപടിഇല്ലാതാക്കൂ