പേജുകള്‍‌

ശനിയാഴ്‌ച, ജൂലൈ 17, 2010

തേവിടിശ്ശി പെറ്റതെല്ലാം പിഴയല്ല!

വർഷങ്ങൾക്ക്‌ മുൻപ്‌  വിനോദോപാധികളായ ടീ. വീ , മൊബൈൽ ഫോൺ എന്നിവ വരുത്തിയ കുറവ്‌ നികത്തിയത്‌ ഭർത്താക്കന്മാരും ഭാര്യമാരും തമ്മിലുള്ള ചില അഡ്ജസ്റ്റ്‌ മെന്റു കളാലായിരുന്നു എന്നത്‌ പഴം കഥ!. ശാരീരികമായ കഴിവില്ലാത്തവർ നാലും അഞ്ചും ആറും മക്കളുമായി ഒതുങ്ങിയപ്പോൾ.അന്നു ഏഴു മണിക്കേ ചോറു കൊടുത്ത്‌ മക്കളെ മെരുക്കി കിടത്തി ഭർത്താവിന്റെ മുന്നിൽ ഭാര്യ മെരുങ്ങി കിടന്നതിനാൽ കുഞ്ഞമ്പു വെന്ന ആ മഹാനിധിക്ക്‌ നിധികളായി കിട്ടിയത്‌ 12 മക്കൾ!

"ഒരു പറയിക്കു മാത്രം പ്രസവിച്ചാൽ മതിയോ പന്ത്രണ്ട്‌ മക്കളെ ?"എന്ന ഒരു വാശിയാണൊ എന്നറിയില്ല..ഒരു പക്ഷെ അന്നത്തെ കാലത്തെ സീരിയലില്ലാത്ത, ചാനലുകളില്ലാത്ത  ദോഷമാവാനും മതി!.

...മക്കളായ. ഒരോ ആളും വളർന്നു പറയിപെറ്റ പന്തിരു കുലം എന്ന പോലെ തന്റെ വീരതകൾ പ്രകടിപ്പിച്ചു പോന്നു.. ഒന്നാമൻ കള്ളനെങ്കിൽ, രണ്ടാമൻ കള്ളുകുടിയൻ, മൂന്നാമത്തവൾ കള്ളു കാച്ചി വിൽക്കൽ, എന്നിങ്ങനെ തന്താങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു ജീവിച്ചു പോകുന്നു...


കുഞ്ഞമ്പു  എന്ന അയാൾ കള്ളുകുടിയനായതിന്‌ ആരും കുറ്റം പറയാറില്ല.. മറിച്ച്‌ കള്ളുകുടിച്ച്‌ നാട്ടുകാരെ നാലു വർത്തമാനം പറയുമ്പോഴെ ആളുകൾ പ്രശ്നമുണ്ടാക്കാറുള്ളൂ...ഭാര്യയെ തെറിവിളിക്കുമ്പോൾ ആളുകൾ ചുറ്റും കൂടിയിരുന്നു. ഭാര്യയെ തല്ലുമ്പോഴും ആളുകൾക്ക്‌ രസമായിരുന്നു...മക്കളെ തെറിവിളിക്കുമ്പോഴും ആളുകൾ ആസ്വദിച്ചു....എന്നാൽ ചുറ്റും കൂടിയ ആളുകളെ തെറിവിളിച്ചപ്പോൾ ആളുകൾ നീരസം പ്രകടിപ്പിച്ചു...

".വൃത്തികെട്ടവൻ!"

അയാൾ നിന്ന നിൽപ്പിൽ ആടും..വീഴും..തോർത്തെടുത്ത്‌ തലയിൽ ചുറ്റി തോറ്റം പാട്ടു പാടും. .അതായാളുടെ ഇഷ്ടം ... ആളുകളെ പിടിച്ചു നിർത്തി കണ്ണടച്ച്‌ കൊണ്ട്‌ വർത്തമാനം പറയും.. അതാണ്‌ സഹിക്കാൻ പറ്റാത്തത്‌..കുറച്ചു നേരം കേട്ട ബുദ്ധിമാന്മാരായ ആളുകൾ അയാൾ  കണ്ണു തുറക്കുമ്പോഴേക്കും സ്ഥലം കാലിയാക്കും...ബുദ്ധിയില്ലാത്തവന്മാർ പെട്ടുപോയല്ലോ എന്നൊർത്ത്‌ അയാളെ ശപിക്കും..കാരണം അടുത്ത ആളെ കിട്ടുന്നതു വരെ നിന്നു കൊടുക്കണം.
പിന്നെ നേരെ വീട്ടിലേക്ക്‌ പോകും..അവിടെ നിന്ന് അയൽപക്കത്തെ വീട്ടിലേക്ക്‌ നോക്കി ഒച്ചത്തിൽ വിളിച്ചു പറയും.

." നല്ല പൂ പോലത്തെ നിലാവ്‌ .. അയ്‌ലോക്കത്തെ ----------- മക്കൾ ഉറങ്ങിയോ?" -ഒരു കുശലാന്വേഷണം.. (വിട്ടഭാഗം നിങ്ങൾ പൂരിപ്പിക്കുക)...അയൽ വക്കക്കാരനായതിനാൽ എല്ലാം അന്വേഷിക്കണമെന്ന അയാളുടെ ഒരാഗ്രഹം!!-- ഒരു പഴ മനസ്സിൽ തോന്നുന്ന നല്ല വിചാരം!!.. കള്ളുകുടിച്ചതിനാൽ ഡേഷും, ഡേഷിന്റെ വലിപ്പവും എണ്ണവും കൂടിപ്പോകുന്നുവേന്നേയുള്ളൂ .


അവർ അതു കേട്ടില്ലേങ്കിൽ അയാൾ വീണ്ടും ഉച്ചത്തിൽ പറയും.

"---- --------- മക്കളുടെ ഒരഹങ്കാരം!.... വല്യവീടായാതിനാൽ---------കൾക്ക്‌ ചെവിയും കേൾക്കില്ല! -അവരെ ചെവികേൾപ്പിച്ചേ അടങ്ങൂ എന്ന് സാരം!


അവർ ഇതു കേട്ട്‌ കുഞ്ഞു കുട്ടി അടക്കം എല്ലാം പൊട്ടിപ്പൊളിഞ്ഞു പുറത്തു വന്ന് ഭരണിപ്പാട്ടിലേക്ക്‌ കുശലാന്വേഷണം നീണ്ട്‌ കഴിയുമ്പോഴെക്കും അയാൾ കിടന്നുറങ്ങും... കലിതുള്ളി വിറച്ച അയൽ വക്കക്കാർ ഉറങ്ങാൻ പന്ത്രണ്ട്‌ മണി കഴിയും!

ആകെ രണ്ടു സെന്റ്‌ സ്ഥലം. അതിൽ ഓല കൊണ്ട്‌ മറച്ച എലിമാളം പോലുള്ള ചെറിയ ഒരു വീട്‌!..ഇന്നത്തെ ഭാര്യ ഒരു കുട്ടിയെ പ്രസവിക്കണമെങ്കിൽ ഭർത്താവ്‌ ഓച്ഛാനിച്ചു നിന്നുകൊണ്ട്‌ ഡോക്ടർക്ക്‌ പണം കൊടുത്തു പറയണം..
 
" ഡോക്ടർ... ഡോക്ടർ... എന്റെ ഭാര്യയ്ക്ക്‌ പ്രസവിക്കണം എന്ന ആഗ്രഹമുണ്ട്‌... "

"ഉണ്ടാവുമല്ലോ?.. തന്റെ ഭാര്യ പെണ്ണല്ലേ?.. പെണ്ണുങ്ങൾക്ക്‌ പ്രസവിക്കണമെന്ന മോഹം കാണില്ലേ... അതിനല്ലേ ഞാൻ ഹോസ്പിറ്റലും തുറന്ന് കുത്തിയിരിക്കുന്നത്‌ !!"- എന്ന മട്ടിലുള്ള ഒരു ഭാവം ഡോക്ടർക്ക്‌!

ഡോക്ടർ മൂക്കടപ്പുണ്ടോ, ചെവിയടപ്പുണ്ടൊ എന്നൊക്കെ നോക്കി ഗുളിക കൊടുക്കും.. എന്നിട്ടുംഭാര്യ പ്രസവിക്കാൻ മടി കാണിക്കും...ഒടുവിൽ ഭർത്താവിന്റെ പൈസ മുഴുവൻ ഡോക്ടർ തനിക്ക്‌ കമ്മീഷൻ കിട്ടുന്ന ലാബിലും ഡോക്ടറുടെ ഫീസിലും കൂട്ടികുഴച്ച്‌ പൊളിച്ചടക്കുമ്പോൾ ഭാര്യ വിചാരിക്കും.
.. " ആ നിങ്ങൾ കുത്തു പാളയെടുത്തല്ലോ തൃപ്തിയായി ഇനി പ്രസവിക്കാമെന്ന് തോന്നുന്നു..."
വീണ്ടും ഡോക്ടറുടെ ഉപദേശം.." ഭാര്യ വീക്കാണ്‌.... റെസ്റ്റ്‌ കൊടുക്കണം"
"..ഭാര്യയുടെ വായിലെ നാവിനു ഒരു വീക്കും ഇല്ലല്ലോ..റെസ്റ്റും!" എന്ന് മനസ്സിൽ പറയുന്ന ഭർത്താക്കന്മാർ ക്ഷമിക്കും.." ങാ.. ആയിക്കോട്ടേ.. അതിനും വെറുതെ നമ്മളെ പറയേണ്ട!"... അങ്ങിനെ റെസ്റ്റ്‌ എടുത്ത്‌ ..റെസ്റ്റ്‌ എടുത്ത്‌ ഭർത്താവിനെ ഒരു വഴിക്കാക്കി ആശുപത്രിയിൽ നാലുമാസം മുന്നേ റൂം ബുക്ക്‌ ചെയ്ത്‌ ഒരു പ്രസവം!"...ഭർത്താവ്‌ ലോണെടുത്ത്‌ മുടിഞ്ഞിട്ടുണ്ടാവും..പ്രസവിച്ചാൽ പിന്നെ ഭർത്താവിനെ നോക്കി ഭാര്യയുടെ ഒരു ചിരി.".. ഞാൻ ഭയങ്കര സംഭവമാണ്‌.. നിന്നെ കുത്തു പാളയെടുപ്പിക്കാൻ എന്നാണോ അതിന്റെ അർത്ഥം!.. ആർക്കറിയാം!

ഇതതല്ല.. എല്ലാം ഇന്ത്യ ചന്ദ്രനിലേക്ക്‌ ചന്ദ്രയാൻ വിട്ടപോലുള്ള സ്പീഡ്‌!.

..ഇതിൽ കിടന്നാണല്ലോ ഭഗവാനേ..അദ്ദേഹം വീരന്മാരായ പന്ത്രണ്ട്‌ യോദ്ധാക്കളെ സൃഷ്ടിച്ചെടുത്തത്‌ എന്നോർക്കുമ്പോൾ മണിമാളികകൾ കെട്ടി ഒരു മകനെയോ മകളേയോ ഉണ്ടാക്കിയ ഭീരുക്കളായവരെ ഓർത്ത്‌ വിഷമം തോന്നിപ്പോകും... ഒറ്റയെണ്ണത്തിനും നട്ടെല്ലില്ല...അല്ല കഴിവില്ല!.. അല്ല സർക്കാർ വിടുന്നില്ല...കാരണം അന്നത്തെ സർക്കാറിന്റെ പ്രചരണം പാരമ്പര്യമായി തലക്കു പിടിച്ചു... കുടുംബ സൂത്രം!...പിന്നെ ഒരു ബക്കറ്റ്‌!

ഇപ്പോൾ ബക്കറ്റില്ലേങ്കിലും കുടുംബസൂത്രം ഉണ്ട്‌..പല സൂത്രങ്ങളും പെണ്ണുങ്ങൾക്ക്‌ ഉണ്ടെങ്കിലും....പല സൂത്രങ്ങളും പെണ്ണുങ്ങൾക്ക്‌ അറിയാമെങ്കിലും.....കുടുംബസൂത്രം കൈമോശം വന്നിട്ടില്ല.. ആഗോളവൽക്കരണത്തിന്റെ ഒരു കാര്യം!

വീതിച്ചെടുക്കാൻ പന്ത്രണ്ട്‌ മക്കളും പ്രശ്നമുണ്ടാക്കിയപ്പോൾ അയാൾ കൂടുതൽ മദ്യസേവ തുടർന്നു..
മക്കൾക്ക്‌ ഒറ്റ ഡിമാന്റെ ഉള്ളൂ ....രണ്ടു സെന്റു സ്ഥലത്ത്‌ പന്ത്രണ്ട്‌ മക്കൾക്കും വീടുവെക്കണം.
എല്ലാമക്കളും കുടിച്ചു കൂത്താടികൊണ്ട്‌ വന്നു പറഞ്ഞു ..ഒരു സിമ്പിൾ ഡിമാന്റ്‌!

"വിട്ടുവീഴ്ചയ്ക്ക്‌ ഒരുക്കമല്ല..ബൂർഷ്വയായ അച്ഛൻ വീടു വിട്ടു പുറത്തു പോകണം!"
പ്രമാണിമാർ മധ്യസ്ഥം വഹിച്ചു...പരസ്പരം വഴക്കു മൂത്തപ്പോൾ നാട്ടുകാരിടപെട്ട്‌ എല്ലാവരെയും തുരത്തി..
 
..ഭാര്യ മരിച്ചു.. അപ്പോഴും പ്രചാരണമുണ്ടായി.

"..അടികിട്ടി മരിച്ചു.. തെറികിട്ടി മരിച്ചു.. ഹാർട്ട്‌ അറ്റാക്കായി മരിച്ചു" എന്നൊക്കെ പല ജാതി ആളുകൾ പല ജാതി അഭിപ്രായം പറഞ്ഞു..

ഒരു നാൾ അയാൾ വീടിനു തീയ്യിട്ടു.. കള്ളുകുടിച്ച്‌ തീയ്യിട്ടതാണെന്ന് ചിലർ!.. ഇൻഷൂറൻസ്‌ കിട്ടുമെന്ന് ആരോ പറഞ്ഞു പറ്റിച്ചതിനാൽ തീയ്യിട്ടതാണെന്ന് ചിലർ!.. എന്തായാലും വീടു കത്തി.. ഇൻഷൂറൻസ്‌ എടുക്കാത്തതിനാൽ ആരും എത്തി നോക്കിയില്ല..ഇൻഷൂറൻസ്‌ എടുത്തിട്ടുവേണമത്രേ തീയ്യിടാൻ!.. അത്‌ അയാൾക്കറിയാൻ പാടില്ലായിരുന്നത്രെ! അഥവാ അറിഞ്ഞാൽ കൂടി അതിനു ചേരാനുള്ള കായ്‌ അയാൾക്കില്ലായിരുന്നുവത്രെ.അയാളുടെ കൂടെ കള്ളുകുടിക്കുന്ന മറ്റൊരാൾ പറഞ്ഞാണ്‌ നാട്ടുകാരറിഞ്ഞത്‌..


....അല്ലെങ്കിലും രണ്ട്‌ മടലും ഓലയും കെട്ടി ചാക്കിട്ട്‌ ഉണ്ടാക്കിയ വീട്‌ ആരെങ്കിലും ഇൻഷൂർ ചെയ്യുമോ? ..ഏതെങ്കിലും കമ്പനി അതിനു ധൈര്യപ്പെടുമോ?... ആ.. ആർക്കറിയാം..... അതിനാൽ സ്വയം തന്നെ അയാൾ വീണ്ടും വീടുണ്ടാക്കി..രണ്ട്‌ ഓലയും നാലുമടലും ഒന്നു രണ്ടു ചാക്കുംവെച്ചു കെട്ടാൻ വർഷങ്ങളുടെ ഗവേഷണഫലം വേണ്ടല്ലോ?

അതിലുണ്ടായ അരുമ സന്തതി.. കളവാണി...നല്ല നിലയിലാണ്‌ ജീവിക്കുന്നത്‌.. അച്ഛൻ തമ്പുരാനോട്‌ പ്രശ്നമുണ്ടാക്കാത്തതിനാൽ അച്ഛനും പ്രശ്നമില്ല!...അവൾ നല്ല നിലയിൽ ജീവിക്കുന്നത്‌ നാട്ടിലെ പ്രമാണിമാരായ ആൾക്കാരുടെ ഭാര്യമാർക്കായിരുന്നു പ്രശ്നം! ആൾക്കാർക്ക്‌ അത്‌ ഒരു കുറച്ചില്‌!

"ഡെയ്‌ ചായ യെടുക്ക്‌..!. ഡെയ്‌ ചോറെടുക്ക്‌" എന്നൊക്കെ പറഞ്ഞ്‌ ഭാര്യമാരുടെ പണിയാണ്‌ അടുക്കള പണിയെന്ന് മുദ്രകുത്തി ഒരു ഗ്ലാസ്സ്‌ പോലും കഴുകാത്ത ഭർത്താക്കന്മാർ കുളിച്ചൊരുങ്ങി.. സ്പ്രേയും പൂശി ബസ്സാറിലേക്ക്‌ എന്ന് പറഞ്ഞു പോകുമ്പോൾ ഭാര്യമാരുടെ ചങ്കിടിക്കും!..

കാരണം ഈ പ്രമാണിമാരെല്ലാം കളവാണിയുടെ വീട്ടിലെ അന്നത്തെ കാലത്തെ അലക്കു മിഷ്യൻ ആണെന്ന് കുശുമ്പന്മാരുടെ സംസാരം!..ബസ്സാർ കളവാണിയുടെ വീടാണത്രെ! ... പുലി പുല്ലു തിന്നത്തുമില്ല പശുക്കളെ തീറ്റിക്കയും ഇല്ല എന്ന മതക്കാരുടെ പ്രചരണം!

പലരും അവളുടെ  ബ്ലൗസും ബ്രായും അണ്ടർവ്വെയറുമൊക്കെ അലക്കി ,ഉണക്കി ഇസ്തിരിയിട്ട്‌ കൊടുക്കുകവരെ ചെയ്യാറുണ്ടത്രെ!..ചിലർക്ക്‌ പ്രീയം ചോറും കറികളും വെച്ചു കൊടുക്കാൻ!... വീട്ടിൽ ഭാര്യയ്ക്ക്‌ എല്ലാ പണികളും അറിയാം.. പാവം കളവാണിക്ക്‌ ഇതൊന്നും അറിയില്ലല്ലോ എന്ന ഒരു വിഷമം ഏറ്റവും അധികം ആധി കേറ്റിയത്‌ പ്രമാണികൾക്കായിരുന്നു!.. അല്ലെങ്കിലും കളവാണി പറഞ്ഞിട്ടുണ്ടോ താങ്കൾ എന്റെ വസ്ത്രം അലക്കി തരണമെന്ന്... ഇല്ല.. വീടു വൃത്തിയാക്കണമെന്ന്.. ഇല്ല...വിറകു കീറണം ,പാത്രം കഴുകണം, ചോറുവെക്കണം എന്നൊക്കെ.. ഇല്ല .ഇല്ല...ഒരിക്കലും പറഞ്ഞിട്ടില്ല... വെറുതെ ...ഒരു സേവനം!..പാവങ്ങളെ സേവിച്ചാൽ പുണ്യം കിട്ടും!....അത്രേ പ്രമാണിമാർ.. ഉദ്ദേശിച്ചുള്ളൂ... കളവാണിയുടെ ആശ്രമത്തിലെ ഭക്തർ ആവുന്നതെന്തും ചെയ്യും.. അതു കളവാണി പറഞ്ഞിട്ടല്ല..എല്ലാം കണ്ടും കേട്ടും ഭക്തർ ആവേശം മൂത്ത്‌ ചെയ്തു പോകുന്നതാണ്‌..

.ചിലർ സ്നേഹം മൂത്ത്‌ അവൾക്ക്‌ മാല, വള,വാച്ച്‌,സാരി എന്നിവ അവരവരുടെ സൗകര്യത്തിനും പണലബ്ധിക്കും അനുസരിച്ചു വാങ്ങിക്കൊടുത്തു.ഒന്നും കളവാണി പറഞ്ഞിട്ടില്ല.. എല്ലാം അറിഞ്ഞു ചെയ്യേണ്ടത്‌ പ്രമാണിമാരുടെ ഒരു കടമ!. ഒന്നും ഇടാത്ത കൈകളും കഴുത്തും അവരെ അത്രയ്ക്ക്‌ വിഷമിപ്പിച്ചിരുന്നു...അല്ലേങ്കിലും കളവാണിക്ക്‌ വീടുവെച്ചു കൊടുത്തത്‌ ആരാ?.. ഒരു പ്രമാണി..!
അയാൾക്ക്‌ ഭാര്യയില്ലേ? മക്കളില്ലേ?
എല്ലാം ഉണ്ട്‌ .. പക്ഷെ .. ഇതൊന്നും കളവാണിക്കില്ലല്ലോ എന്നവിഷമം!  അയാളെ കടുംകൈ ചെയ്യിച്ചു..
 
സംഭവം അറിഞ്ഞ ഭാര്യ വീടു പൂട്ടി സ്വന്തം വീട്ടിലേക്ക്‌ പോയി..അതറിഞ്ഞ പ്രമാണി ഒന്നും സംഭവിക്കാത്തതു പോലെ നടന്നു..കുറച്ച്‌ ദിവസം കഴിഞ്ഞപ്പോൾ  ഒന്നും സംഭവിക്കാത്തതു പോലെ അയാളുടെ ഭാര്യ തിരിച്ചു വന്നു.. ഇത്രേയുള്ളൂ അന്നത്തെ കാര്യം!!...പക്ഷേ ഭാര്യ ബൂസ്റ്റ്‌ ഈസ്‌ ദ സീക്രട്ട്‌ ഓ ഫ്‌ മൈ എനർജി എന്ന മട്ടിൽ പുലിയായാണ്‌ വന്നത്‌ അതിനാൽ അയാൾ ഒതുങ്ങി..
 
..പ്രമാണിമാരുടെ പെണ്ണുങ്ങൾ കുഴങ്ങി ....അയൽക്കാരനെ പറഞ്ഞ്‌ ഇന്നു ചിരിച്ചു വെങ്കിൽ നാളെ പണി കിട്ടുന്നത്‌ സ്വന്തം ഭർത്താവിന്റെ അതിലും മോശമല്ലാത്ത പ്രകടനത്തെ കുറിച്ച്‌ അറിഞ്ഞാണ്‌!... എന്താണിതിന്റെ മന്ത്രമെന്നറിയാത്ത ഭാര്യമാർ കുഴങ്ങി!.. ഇനി മിണ്ടിയാൽ അന്തിയുറക്കം അവിടാക്കുമെന്ന് കൂടെ ഭീഷണി വന്നപ്പോൾ ഭാര്യമാർ അടങ്ങി..

അവളുടെ മന്ത്രവാദത്തിൽ വീഴാത്ത തന്ത്രികളില്ല എന്ന ഘട്ടത്തിൽ ആളുകൾ താക്കീതുമായി രംഗത്തു വന്നു..

"ചോറും കറിയും കൊടുത്ത്‌ എന്റെടുക്കലേക്ക്‌ ആരെങ്കിലും അയക്കാൻ പറഞ്ഞോ നിന്റെയൊക്കെ കെട്ടിയോനേ...നിങ്ങളുടെ കെട്ടിയോന്മാരെ അടക്കുക!" എന്ന് അവൾ ഉറഞ്ഞു തുള്ളി പറഞ്ഞപ്പോൾ അതു ഞായം എന്ന് ആൾക്കാർക്കും തോന്നി മടങ്ങി..

അല്ലെങ്കിലും കുളിച്ചൊരുക്കി ചായയും കൊടുത്ത്‌ ബസ്സാറിൽ വിടുന്ന ഭാര്യമാരല്ലേ കുറ്റക്കാർ!...

അവൾക്കും മക്കളുണ്ടായി.. പലജാതി പല കളറുകളുള്ളവർ!..കാരണം എല്ലാം ടെസ്റ്റ്ട്യൂബ്‌ മക്കൾ!..പ്രസവിക്കാത്ത പെണ്ണുങ്ങളെ നോക്കി ഭർത്താവുണ്ടായിട്ടു കൂടി പ്രസവിക്കാത്തവർ ഇവരെ കണ്ടു പഠിക്കണമെന്ന് വരെ പ്രമാണിമാർ പറഞ്ഞു നടന്ന കാലം!

ഏതവന്റെയൊക്കെ ആണ്‌ ഇവരൊക്കെ എന്ന് പറയാൻ കൂടി ആളുകൾ മടിച്ചു.. പറഞ്ഞു വരുമ്പോൾ ബന്ധുവായി പോകുമോ എന്ന ഒരുൾഭയം!

പണ്ടൊരിക്കൽ അവളെ താക്കീതു ചെയ്യാൻ തയ്യാറായി നേതാവായി വന്ന ഒരാളെ അവൾ ആട്ടിയ അനുഭവം നാട്ടുകാർക്കുണ്ട്‌.." നീയ്യല്ലേടാ എന്റെ സാരി  ഇത്രനാളുംഅലക്കി തന്നത്‌.. ഇപ്പോൾ എന്നെ താക്കീതു ചെയ്യുന്നോ? തൂ..."

ആളുകൾക്ക്‌ അത്‌ ഒരു പുതിയ അറിവായിരുന്നു...ഇത്രയും ഡീസന്റുള്ള മാന്യന്മാർ ഇക്കാലത്തുമുണ്ടോ എന്ന അത്ഭുതം! ....അന്നത്തെ തുപ്പൽ ഏറ്റു അയാൾ പിന്നീട്‌ പൊങ്ങിയത്‌ ബോംബെയിലാണ്‌!

അവളിൽ പിറന്ന ഒരു നല്ല വിത്ത്‌ ഏതവന്റെയോ കൂടെ ഒളിച്ചോടി... അവൾ നല്ല നിലയിൽ ജീവിക്കുന്നു...കളവാണിയുടെ സ്റ്റൈലിൽ ഉള്ള നല്ല നിലയിലല്ല!....ഡീസന്റായി തന്നെ!..കളവാണി മരിച്ചു.. കുടുംബാംഗങ്ങൾ രണ്ടു സെന്റ്‌ സ്ഥലം വിറ്റ്‌ .എവിടേയോക്കെയോ പോയി....പക്ഷേ ഇന്നും കളവാണിയും കുടുംബവും വരുത്തിയ പേരു ദോഷം നാട്ടുകാർ അനുഭവിക്കുന്നു."....എവിടെയാ വീട്‌ കളവാണിയുടെ നാട്ടിലാണോ?.".'എന്ന് ശൃംഗാരചിരിയോടെ ചോദിക്കുന്നവന്മാരുടെ നാവടക്കാൻ പറ്റുമോ?

.ഒളിച്ചോടിയെങ്കിലും നല്ല വിത്ത്‌ മക്കളായി കുടുംബമായി സുഖമായി ജീവിക്കുന്നു.കളവാണി തലയും ശരീരവും മറന്ന് കഷ്ടപ്പെട്ട്‌ ഉണ്ടാക്കിയ സ്വത്ത്‌ പകുത്തെടുത്ത്‌ കൊണ്ട്‌....

അപ്പോൾ പറഞ്ഞു വന്നത്‌.. തേവിടിശ്ശി പെറ്റതെല്ലാം പിഴയല്ല!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ