പേജുകള്‍‌

ശനിയാഴ്‌ച, ജൂലൈ 31, 2010

കാക്കയുടെ ചിന്തകൾ ( 8)

യാത്രയുടെ അവസാനം
=================
അന്ന് പണിയൊന്നും ഉണ്ടായിരുന്നില്ല..വെറുതെ ഓരോന്ന് ഓർത്ത്‌ നഗരത്തിന്റെ ഹൃദയ ഭാഗത്തു കൂടെ നടന്നു..പോലീസ്‌ സ്റ്റേഷനു മുന്നിലെത്തി... അവിടെ ഒരാൾ മുഷ്ടി ചുരുട്ടി മാനത്തേക്ക്‌ എറിയുന്നു.. തീക്‌ഷണമായ കണ്ണുകൾ!... ആവേശത്തിന്റെ പരമോന്നതി..അയാളിലെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആവേശം കെട്ടടങ്ങിയിട്ടില്ല... അതേ അയാളുടെ കൈയ്യിൽ ഒരു പതാകയും ഉണ്ട്‌... ഒരു പ്രതിമയാണത്‌.. സ്വാതന്ത്ര്യ സമരത്തിന്റെ ഓർമ്മ പുതുക്കുന്ന, ക്വിറ്റ്‌ ഇന്ത്യാ മൂവ്‌ മെന്റിന്റെ ചരിത്രമുറങ്ങുന്ന പ്രതിമ!..

ഒരു പാട്‌ നേരം നോക്കി നിന്നു.. പിന്നെ മെല്ലെ തൊട്ടടുത്ത കടയിൽ നിന്നും നാരങ്ങാ വെള്ളം കുടിച്ചു നേരെ മെല്ലെ നടന്നു..മഹാത്മാഗാന്ധി നട്ട മാവ്‌!.. കണ്ണിമയ്ക്കാതെ അതിനെ നോക്കി നിന്നു.. മഹാത്മാവിന്റെ കരങ്ങളാൽ നട്ട മാവ്‌!

മഹാത്മാവ്‌ എന്റെ സിരകളിൽ നിറയുന്നുവോ?.. അതോ വെറും തോന്നലോ?... അല്ല തോന്നലല്ല സത്യമാണ്‌.. എന്നിൽ മഹാത്മാഗാന്ധി നിറയുകയാണ്‌.. മെല്ലെ മാവിന്റെ ഓരത്തേക്ക്‌ നടന്നു.. മാവിനെ തഴുകി...അതെ മനസ്സു തുറക്കണം.. അത്രെയെങ്കിലും ചെയ്തില്ലെങ്കിൽ ഞാനെന്തിനു ജീവിക്കണം... ഞാൻ വിളിച്ചു കൂവി..."... അല്ലയോ തീവ്രവാദത്തിലേക്ക്‌ മനസ്സു പറിച്ചു നടുന്ന ഹിന്ദുക്കളെ, മുസ്ലീമുകളെ, കൃസ്ത്യാനികളെ....ഇത്‌ മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത ഇന്ത്യയാണ്‌.. സമാധാന പ്രീയരായ ഹിന്ദുക്കളുടെ, മുസ്ലീമുകളുടെ, കൃസ്ത്യാനികളുടെ ഭാരതം!.....അതിൽ വിഷം കലർത്താനാണ്‌ നിങ്ങളുടെ ഭാവമെങ്കിൽ ക്വിറ്റ്‌ ഇന്ത്യാ...!.. നിങ്ങൾക്ക്‌ പരസ്പരം യുദ്ധം നടത്തണമെങ്കിൽ ഭാരതത്തിൽ, മഹാത്മാഗാന്ധിയുടെ നെഞ്ചിൽ ചവുട്ടി വേണ്ട!...ഉടൻ ഇവിടം വിട്ടു കൊള്ളണം..!" ആവേശത്താൽ ഞാൻ തുടർന്നു

ആളുകൾ കൂടുകയാണ്‌..

ആരോ എന്റെ നേർക്ക്‌ അടുത്തു വരികയാണ്‌..അതേ അവൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റടുത്ത്‌ ട്യൂഷനായി വന്ന കുട്ടി സമീർ!.. വളർന്നു മിടുക്കനായിരിക്കുന്നു.. വല്യ ആളായിരിക്കുന്നു. എങ്കിലും തിരിച്ചറിഞ്ഞു.. ഒപ്പം ട്യൂഷനു വന്ന ജോർജ്ജും, രമേഷും!

"സമീർ എന്നെ എന്തായീ കാട്ടണത്‌!"- അവന്റെ കത്രിക പൂട്ടിൽ കുതറി ഞാൻ ചോദിച്ചു.

"മിണ്ടരുത്‌!" അവൻ ആംഗ്യം കാട്ടി..ഒച്ചയെടുത്തപ്പോൾ എന്റെ വായ പൊത്തി പിടിച്ചു..

"പിടിയെടാ ജോർജ്ജേ, രമേഷേ..അവർ മൂന്നു പേരും എന്നെ പിടിച്ചു റിക്ഷയിൽ കയറ്റി എന്റെ വീട്ടിലെത്തിച്ചു...

എനിക്കൊന്നും മനസ്സിലായില്ല!..

"...ചേച്ചി..ക്ഷമിക്കണം... കള്ളുകുടിച്ചാൽ വയറ്റിൽ കിടക്കണം..!.. തൊള്ള തുറന്നു കാറി വിളിക്കുകയാ... ഞങ്ങളെത്തിയില്ലായിരുന്നെങ്കിൽ!!.. ഞങ്ങൾക്ക്‌ ഞങ്ങളുടെ മാഷുടെ ജീവൻ രക്ഷിക്കണം... . അതാ.. പിടിച്ചു കെട്ടി കൊണ്ടു വന്നത്‌!.. ചേച്ചി .... ഇനി മാഷേ പുറത്തു വിടരുത്‌!"- മൂവരും എന്തൊക്കെയോ എന്റെ ഭാര്യയോട്‌ വിവരിച്ചു..അവർ പോയി..

എന്റെ പ്രീയതമ എന്നെ മണത്തു നോക്കി.. എന്റെ നെഞ്ചിൽ ചാഞ്ഞു കൊണ്ട്‌ പറഞ്ഞു.." എനിക്ക്‌ നിങ്ങളെ വേണം!..ഇനി എങ്ങും പോകില്ലെന്ന് സത്യം ചെയ്യ്‌!.. " അവൾ കരയുന്നുണ്ടായിരുന്നു...

"ഞാൻ കള്ളു കുടിച്ചെന്നോ?...ഇന്നേവരെ കള്ളുകുടിക്കാത്ത ഞാൻ!.. ആകെ കുടിച്ചത്‌ നാരങ്ങാ വെള്ളമായിരുന്നു" എനിക്കപ്പൊഴും ഒന്നും മനസ്സിലായിരുന്നില്ല.. എന്റെ സിരകളിൽ ഗാന്ധിയായിരുന്നു.. മഹാത്മാഗാന്ധി!!

മതിലിനു മുകളിൽ പറന്നിരുന്ന കാക്ക പറഞ്ഞു.." നിങ്ങൾ സ്വതന്ത്രനാണ്‌.. പക്ഷെ സ്വാതന്ത്യം നിങ്ങളുടേതല്ല!" പിന്നെ കാ .. കാ.. എന്ന് കാറി വിളിച്ച്‌ എങ്ങോട്ടേക്കോ പറന്നു പോയി!..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ