പേജുകള്‍‌

വെള്ളിയാഴ്‌ച, ജൂലൈ 23, 2010

മൂന്ന് മരണ വീട്‌ ദർശനം!

1) രഹസ്യ അജണ്ട!
-----------------------

അസ്ഥിത്തറയിൽ വിളക്ക്‌ വെച്ച്‌ അയാളുടെ അപദാനങ്ങൾ പാടി കണ്ണീർ വാർത്ത്‌ ഒരുമയോടെ അവർ ശ്രാദ്ധമുണ്ടു..

സ്വത്തിന്റെ കണക്ക്‌ പറഞ്ഞ്‌ ഭിന്നിച്ച്‌, കൊണ്ടും കൊടുത്തും അവർ ശ്രാദ്ധമുണ്ടത്‌ ദഹിപ്പിച്ചു..
------------------------------

2) മരിക്കേണ്ട സത്യങ്ങൾ!
------------------------------

ഉമ്മ മരിച്ചതിന്റെ കഥ പറഞ്ഞ്‌ കണ്ണീർ വാർത്ത്‌ അവൻ പുറത്തേക്ക്‌ പോയി..

വിറയ്ക്കുന്ന കാൽപാദങ്ങളോടെ ,വിറയ്ക്കുന്ന ചുണ്ടുകളോടെ 82 കഴിഞ്ഞ അയാൾ എന്റെ അടുത്ത്‌ കണ്ട കസേരയിൽ ഇരുന്ന് പറഞ്ഞു.

" മോൻ ആരൊടും പറയരുത്‌..സത്യായിട്ടും പറയരുത്‌...മോൻ മാത്രം അറിയാനാ ഇത്‌ പറയുന്നത്‌...കൊന്നതാ മോനെ ഇവൻ...... എന്റെ കെട്ടിയോളെ.....ഇന്നലെ രാത്രീല്‌ അവളുടെ കാതിലും, മാലേം പിടിച്ചു പറിച്ച്‌.....ന്നാലും മൊലകൊടുത്ത ഉമ്മയല്ലേ അവൾ!.....പടച്ചോൻ കൊടുക്കും അവന്‌ കൂലി!"- അയാളുടെ കണ്ണീർ തുളുമ്പി തെറിച്ചു..

"ഇനിയും പോയില്ല നിങ്ങൾ അല്ലേ?.. നിങ്ങൾക്ക്‌ ഇന്ന് പണിയൊന്നും ഇല്ലേ?".. അൽപം നീരസത്തോടെ, അതിലേറേ സംശയത്തൊടെ അവൻ തിരിച്ചു വന്ന് ചോദിച്ചു..

ഞാൻ മെല്ലെ എഴുന്നേറ്റു!

----------------------------

3) തുറന്ന പുസ്തകം!
----------------------------

ആംബുലൻസ്‌ വന്ന് നിർത്തി ആരോ അവനോട്‌ പറഞ്ഞു.." ബോഡിയെത്തി.... വിളക്കു വെക്കാൻ പറയൂ... ബോഡി ഇറക്കി കിടത്തണം!".. അകത്തെങ്ങും ആരും ഇല്ല..

അവൻ തന്നെ മുറി തുറന്ന് വിളക്ക്‌ വെക്കാനാഞ്ഞു..

അപ്പോഴേക്കും ബോഡി വീട്ടിലെത്തിച്ചിരുന്നു.. വാഹനങ്ങളുടെ പട!

അയാളുടെ ഭാര്യയും മക്കളും പൊട്ടിക്കരഞ്ഞ്‌ അതിൽ നിന്നിറങ്ങുന്നത്‌ താങ്ങാനുള്ള കരുത്തില്ലാതെ നെഞ്ചുറപ്പു കുറവായ അവൻ വേഗം വിളക്കു വെച്ച്‌ പുറത്തിറങ്ങാൻ തിടുക്കം കൂട്ടി!

വിലകൂടിയ സാരിയുടുത്ത്‌, പുഞ്ചിരിയോടെ ചുറ്റും കൂടിയവരോട്‌ മക്കളും അയാളുടെ ഭാര്യയും കുശലം പറയുന്നു.. അതിഥികൾക്ക്‌ ചായ സൽക്കാരം നടത്താൻ പെണ്മക്കൾ ധൃതികൂട്ടുന്നു..സന്തോഷത്തിന്റെ അലയൊലി മാത്രം!..". ഛേ.. ആരെയെങ്കിലും ബോധിപ്പിക്കാനെങ്കിലും അൽപം ഗ്ലിസറിനെങ്കിലും കരുതിക്കൂടെ...!.." അവന്റെ പൊട്ട മനസ്സിന്റെ ആശ്ചര്യം!

"ഹേയ്‌.. അല്ല .. അതവരുടെ ഭാര്യയോ മക്കളോ അല്ല!"- അവൻ തീർച്ചയാക്കും മുന്നെ ഏതോ ഒരാൾ അവന്റെ ചുമലിൽ കൈവെച്ചു കൊണ്ട്‌ പറഞ്ഞു.." ദാ ഇതാണ്‌ യദാർത്ഥ മരണ വീടിന്റെ മാതൃക!... എന്തൊരച്ചടക്കം!.. കാറി വിളിയില്ല..നെഞ്ചത്തടിയില്ല!..പലയിടത്തും കാട്ടി കൂട്ടുന്നത്‌ ഒക്കെ വെറുതേയാ..ആളെ വിഡ്ഡികളാക്കാൻ ഓരോ പേക്കൂത്ത്‌.!.. ഇവർ സത്യവാന്മാരാ..തുറന്ന പുസ്തകം!"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ