പേജുകള്‍‌

ശനിയാഴ്‌ച, ജൂലൈ 17, 2010

എന്തേ വന്നൂ?

കരഞ്ഞു തളർന്ന മിഴികളിൽ,
മറന്ന സ്വപ്നങ്ങളാവാം!
തണുത്തു വിറയ്ക്കും പോലെ,
ചുരുണ്ടുകൂടിക്കിടക്കുന്ന പ്രേയസ്സി,
ഒപ്പമെൻ ആരോമലും!


ഒരു കുസൃതി, സ്നേഹം നിറഞ്ഞ
ആത്മാവിന്റെ പുഞ്ചിരി!
നനുത്ത കൈവിരലുകളാലവളുടെ,
നെറ്റിത്തടം സ്പർശിക്കവെ,
ഞെട്ടിപ്പിടഞ്ഞവൾ ചോദിച്ചു,
"എന്തേ വന്നൂ??"


മുറിഞ്ഞ വാക്കുകൾ,
കൺകളിൽ ഭീതി!
പണ്ടെന്റെ ഹൃദയത്തുടിപ്പുകൾ,
കേട്ടുറങ്ങിയോൾ,
വിരിമാറിൻ ചൂടു പറ്റിയുറങ്ങിയോൾ,
മിഴികളിൽ ഭയപ്പാടോടെ ആരോമൽ,
കെട്ടിപ്പിടിച്ചു ചൊല്ലുന്നു,
"അമ്മേ അച്ഛൻ!"


"പോകൂ വേഗം,
ഭയപ്പെടുത്താതെ"
അലറിവിളികൾ കേട്ട്‌,
നാമം ചൊല്ലിക്കൊണ്ടമ്മ!

യുക്തിവാദിയാം അച്ഛന്റെ
നെറ്റിയിൽ ചന്ദനം,
കൈതണ്ടകളികളിൽ
ഭസ്മക്കുറി,
കഴുത്തിൽ മന്ത്രപൂരിതമായ
ഏലസ്സും,
ചിരിച്ചുപോയതിനൊപ്പം
ചെറിയ നൊമ്പരങ്ങളും,
എന്നെ മുലയൂട്ടിയ
അമ്മയ്ക്കും ഭയമോ?
എന്നെ പിച്ചവെപ്പിച്ച,
അച്ഛനും ഭീതിയോ?


ഇതു ഞാൻ കെട്ടിയ വീട്‌,
ആസ്തികളെല്ലാമന്റെ
വിയർപ്പു തുള്ളികൾ!
പക്ഷേയിവർക്കന്യനിന്നു ഞാൻ,
പൈശാചികമല്ലെങ്കിലുമെൻ-
രൂപം ഭയപ്പെടുന്ന മണൽത്തരികൾ!
ചുറ്റിലും പോകുവാൻ ആജ്ഞാപിക്കുന്ന
ചുണ്ടുകൾ!


ജോതിഷിയുടെ കവിടികൾ,
എന്തോ പുലമ്പുവാൻ,
കൈകളിൽ പിടയുന്നു,
"ശാന്തിയില്ലാ ആത്മാവ്‌!
ഉപദ്രവിക്കില്ല!
മോക്ഷം പ്രധാനം!"
കവിടികൾ സത്യം ചൊല്ലുമത്രേ!


പൂജാരിയുടെ മുന്നിൽ
കത്തിച്ചു വെച്ച നിലവിളക്ക്‌,
മുന്നിൽ കൊടിയിലകൾ,
എന്നെ ആവാഹിച്ച
കറുകനാമ്പിൻ രൂപം
ദേഹം ചാമ്പലാക്കിയവരുടെ
കാരുണ്യം!

ഞാനൂട്ടിയ ഉരുളയ്ക്ക്‌ പകരമായ്‌
എള്ളുകൂട്ടിയ ഉരുളകൾ,
ഊട്ടുന്ന ആരോമൽ!
ബലിക്കാക്കയായ്‌ വന്നീ
ചോറുരുളകൾ
കൊത്തി തിന്നണമെന്ന
പ്രാർത്ഥനകൾ!,

അവനിട്ട ഉരുളകൾ
കൊത്തി കൊത്തി തിന്നു
പശിയടയ്ക്കവേ,
വീണ്ടും ചിരിച്ചു പോയ്‌
പിന്നെ കരഞ്ഞു,
ഒരു നേർത്ത രോധനം!,

പിടയുന്ന മനസ്സ്‌,
ഇനി ഞാൻ വരില്ല
ഇതെന്റെ സ്ഥലമല്ല!,
നിങ്ങളെന്റെ ആരുമല്ല!
എന്തേ വന്നൂ എന്ന
ചോദ്യങ്ങൾ അപ്രസക്തമാക്കി,
പരമാത്മാവിൽ ലയിക്കണം!
ഒരിക്കൽ കൂടി ആരോമലെ നോക്കി,
കഴുത്തു ചെരിച്ച്‌ പ്രേയസ്സിയെ നോക്കി,
മിഴികളിൽ കണ്ണീരൊഴുകുന്നുവോ?
എന്തിന്‌? ഇനി ഞാൻ വരില്ലല്ലോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ