പേജുകള്‍‌

വെള്ളിയാഴ്‌ച, ജൂലൈ 23, 2010

പരാജിതന്റെ തിരിച്ചു വരവ്‌!

ഞാൻ യുധിഷ്ഠിരനോ ഭീമനോ, അർജ്ജുനനോ അറ്റ്ലീസ്റ്റ്‌ സഹദേവനോ ആയിരുന്നില്ല.. എന്നിട്ടും കാണികളും വാതു വെപ്പുകാരും എന്റെ ചുറ്റും ഉണ്ടായിരുന്നു.. എവിടെയോ ശകുനിയുടെ പകിട ഉരുണ്ടു.. ചരടു വലികൾ!...

നമുക്കു വേണ്ടിയായിരുന്നു ഞാനൊറ്റെയ്ക്ക്‌ യുദ്ധം ച്യ്തതെന്ന് തിരിച്ചറിയാനാകാതെ അവൻ എതിർ ചേരിയിൽ മുൻ നിരയിൽ നിന്നു പോർ വിളിക്കുകയായിരുന്നു.

" നീയ്യെന്തുണ്ടാക്കി?"

ഒന്നും ചൂണ്ടിക്കാട്ടുവാനാകാതെ നിസ്സഹായനായി ഞാൻ തലകുനിച്ചു.. എന്റെ സ്വപ്നങ്ങൾ മൃതിയോടടുത്തിരുന്നു.. നേരിയ ശ്വാസം മാത്രം... ഒടുവിൽ നേർത്ത നാദമായി അതും അസ്തമിച്ചു..എന്നെ തളച്ചെന്ന് അവർ ആർത്തു വിളിച്ചു...

കാലുകളിൽ ഭാരമായിരുന്നു.. ഹൃദയത്തിന്‌ ആവശ്യത്തിലധികം പരിഭ്രമമായിരുന്നു.. മൃതിയടഞ്ഞ സ്വപ്നങ്ങളുടെ ശേഷക്രീയ ചെയ്യണം.. വേച്ചു വേച്ച്‌ കടൽ ലക്ഷ്യമാക്കി പടിഞ്ഞാറോട്ടേക്ക്‌ നടന്നു...

ഞാൻ അരയിൽ തോർത്തുടുത്ത്‌ കടലിലേക്ക്‌ ഇറങ്ങി.. കാലുകൾ കടലിന്റെ ആഴം അളക്കുകയായിരുന്നു.. പരാജിതനെന്ന് നടിച്ച എന്നെ വർദ്ധിതമായ കോപത്തോടെ ശിക്ഷയെന്നോണം തിരമാലകൾ ആഞ്ഞടിച്ചു കൊണ്ടിരുന്നു.

"നിൽക്കവിടെ! ഭീരു!" -അതൊരു ആക്രോശമായിരുന്നു.. ചുറ്റും നോക്കി ആരുമില്ല.... ആകാശത്തു നിന്നും സൂര്യനായിരുന്നോ അത്‌!..എന്റെ കണ്ണുകൾ അങ്ങോട്ടേക്ക്‌ നീണ്ടു.

എനിക്കഭിമുഖമായി കടലിൽ എനിക്കൊപ്പം അന്നത്തെ കരിഞ്ഞു വീണ സ്വപ്നങ്ങൾക്കുള്ള ശേഷക്രീയ നടത്തുവാൻ മുങ്ങുന്ന സൂര്യൻ!...തേജസ്വി ആയിരുന്നിട്ടും നിരാശയുണ്ടോ ആ മുഖത്ത്‌! അൽപ നേരം നോക്കി നിന്നു...

" ഒരു സ്വപ്നം മരിച്ചെന്നേയുള്ളൂ.. അതിന്റെ ശേഷക്രീയയ്ക്ക്‌ ശേഷം പൂർവ്വാധികം ശക്തിയോടെ മറ്റൊരു സ്വപ്നവുമായി ഞാൻ ഉയർത്തെണീക്കും.. നിയ്യോ?... ഭീരു.!!.. സ്വപ്നങ്ങളുടെ ശേഷക്രീയ നടത്തുന്നതിനു പകരം സ്വയം മുങ്ങിത്താഴുവാൻ ആഗ്രഹിക്കുന്ന ശവം!" -അശരീരിയായിരുന്നുവോ? അതോ എനിക്കു തോന്നിയതോ?..

 ആ വാക്കുകൾ എന്റെ തലച്ചോറിൽ മുഴങ്ങിക്കൊണ്ടിരുന്നു.. എന്റെ കുഴഞ്ഞു വീണസ്തമിച്ച സ്വപ്നത്തിനു ശേഷക്രീയ ചെയ്ത്‌ എന്നെ ശിക്ഷിച്ചു കൊണ്ടിരുന്ന കടൽ തിരകളെ വകഞ്ഞു മാറ്റി ഞാൻ കരയിലേക്ക്‌ കയറി... എന്റെ കാലുകൾക്ക്‌ പതിന്മടങ്ങ്‌ കരുത്തുണ്ടായിരുന്നു.. കൈകൾക്ക്‌ പറക്കുവാനുള്ള ശക്തി കൈവന്നിരുന്നു.. പുതിയ സ്വപ്നങ്ങൾക്ക്‌ അടിത്തറ മാന്തി ഞാൻ തിരിച്ചു വന്നു.. കരയിൽ എന്നെ കാത്ത്‌ ആരും ഉണ്ടായിരുന്നില്ല.. എന്നെ വിശ്വസിച്ച്‌ വാതു വെച്ചവർക്ക്‌ വിശ്വാസം നഷ്ടപ്പെട്ടുവോ?

പുതിയൊരു തേജസ്‌ ആവാഹിച്ച്‌ ഞാൻ ഉദയ സൂര്യനോട്‌ താദാത്മ്യം പ്രാപിച്ചിരുന്നു.. ഇല്ല എന്നെ തകർക്കുവാൻ ആർക്കും കഴിയില്ല.. എന്റെ ചിന്തകൾ വിപ്ലവത്തിന്റെ മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു... അപ്പോഴും ശകുനിയുടെ പകിട ഉരുളുകയായിരുന്നു.. തന്ത്രങ്ങളും പൊട്ടിച്ചിരിയും എങ്ങുനിന്നോ ഒഴുകിയൊഴുകി എന്റെ കാതിൽ വന്നലച്ചിരുന്നു... ഉറച്ച കാൽ വെപ്പോടെ വർദ്ധിത വീര്യത്തോടെ പുതിയ സ്വപ്നങ്ങൾക്ക്‌ ഞാൻ കൽനാട്ടി!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ