പേജുകള്‍‌

ശനിയാഴ്‌ച, ജൂലൈ 31, 2010

ബന്ധു വീട്‌ സന്ദർശനം!

ലീവിനു വന്നതായിരുന്നു അയാൾ!

ഒന്നാം മാസം മാരത്തോൺ ഓട്ടത്തിലായിരുന്നു... ശൂന്യമായ പോക്കറ്റ്‌!.. അതിലേറെ വറ്റി വരണ്ട പൊട്ടക്കുളം പോലെ ബാങ്ക്‌ അക്കൗണ്ട്‌!

" മോനേ ബന്ധു വീട്‌ സന്ദർശിക്കണം.. വെറുതെ ഒന്നവിടം വരെ പോയില്ലെങ്കിൽ അവരെന്തു വിചാരിക്കും"- അയാളുടെ അമ്മയുടെ ജ്ലപനം!

" ശരിയാണ്‌.. ഞാൻ പോകാം"- അയാൾ കുളിച്ചൊരുങ്ങി...

"..അവർക്ക്‌ എന്തെങ്കിലും കൊടുക്കണം...ട്ടോ...പിന്നെ പോകുമ്പോൾ എന്തെങ്കിലും ബേക്കറി സാധനങ്ങൾ വാങ്ങിച്ചോളൂ. ം.. മറക്കേണ്ട!."

പോകാൻ തുനിഞ്ഞ അയാളുടെ ചെവിയിൽ അമ്മ മന്ത്രിച്ചു

"...ഇപ്പോഴോ?.." സംശയം തീരാതെ അയാൾ..

" പിന്നെ എപ്പോഴാ... പിന്നീട്‌ കൊടുത്താൽ വിലയുണ്ടാവില്ല!" - അവരുടെ ഉത്തരം..

സംശയം നീങ്ങി.. പക്ഷെ... അയാൾ വിഷണ്ണനായിരുന്നു..മുഖം വിളറിയിരുന്നു...

എല്ലാം കേട്ട്‌ അയാളുടെ പെങ്ങൾ അടുത്തു വന്നു.. കയ്യിൽ ഊരിപ്പിടിച്ച സ്വർണ്ണ വള!

"..മോനേ.. ആരും അറിയേണ്ട..അമ്മ പോലും.. അമ്മ വ്യസനിക്കേണ്ട... ഇതു കൊണ്ട്‌ പോയി പണയം വെച്ചോളൂ.. ആരോടും പറയരുത്‌!.. നിന്റെ ഭാര്യയോടു പോലും..!.. പറഞ്ഞാൽ വിലയുണ്ടാവില്ല.. നിനക്ക്‌! "

അവരുടെ മുഖത്തേക്ക്‌ നോക്കാൻ അയാൾ അധൈര്യപ്പെട്ടു.. തന്നേക്കാൾ പരിതാപകരമായ ജീവിതം നയിക്കുന്നവൾ!.". ഛേ.. ഇത്രയും കഷ്ടപ്പെട്ടിട്ടും.. എന്താ ഞാനിങ്ങനെ..?" അയാളുടെ കണ്ണിൽ കണ്ണീർ പൊടിഞ്ഞു..

" അവിടേ നിന്നും വേഗം പോന്നോളൂ..ട്ടോ?"-

ആരും കാണാതെ അയാളുടെ കൈയ്യിൽ കൊടുത്ത്‌ അവർ ചിരിച്ചു..

പണം എണ്ണിക്കൊണ്ട്‌ ബാങ്കിൽ നിന്നിറങ്ങുമ്പോൾ അയാളുടെ ലക്ഷ്യം ബേക്കറിയായിരുന്നു..
സാധനങ്ങൾക്ക്‌ പൊള്ളുന്ന വില..!..എങ്കിലും വാങ്ങി..കുറഞ്ഞു പോകേണ്ട..കനത്തിൽ തന്നെയിരിക്കട്ടേ.. അതിനു കുറവു വേണ്ട!

ബസ്സിറങ്ങി.. മല മുകളിലേക്ക്‌ നടക്കുമ്പോൾ ആവേശമായിരുന്നു.. എവറസ്റ്റ്‌ കീഴടക്കുന്ന പ്രതീതി!.. പ്രകൃതി ഭംഗി ആസ്വദിച്ച്‌ മലയുടെ താഴ്‌വാരത്തുള്ള അവരുടെ വീട്‌ ലക്ഷ്യമാക്കി നീങ്ങി..

അയാളെ ഇത്ര കാലമായിട്ടും കാണാത്തതിലുള്ള പരിഭവം അവർ മറച്ചു വെച്ചില്ല.." എന്തു നല്ല ആൾക്കാർ! നേരത്തെ വരാത്തതിലുള്ള പരിഭവം മനസ്സിൽ വെച്ച്‌ അയാൾ പറഞ്ഞു "തിരക്കായി പോയി അതാ ഇവിടെ വരാൻ വൈകിയത്‌!.."

കുശലം പറഞ്ഞു പിരിയാറായി.

"പിന്നെ ഏതായാലും നിങ്ങളെ അങ്ങോട്ട്‌ കണ്ടില്ല... അതാ ഞാനിങ്ങോട്ട്‌ വന്നത്‌"
അവരുടെ പണിത്തിരക്ക്‌ പറച്ചിലിൽ കേട്ട്‌ അയാൾ പറഞ്ഞു.. "നിങ്ങൾ പറയുന്നത്‌ ശരിയാ.. ആർക്കും ഇപ്പോൾ സമയം ഇല്ല..സമയം പറ.. പറക്കുകയാ..അല്ലേ?"

പോക്കറ്റിൽ നിന്നും 500 രൂപാ നോട്ടെടുത്ത്‌ അവരുടെ കൈവെള്ളയിൽ വെച്ച്‌ അയാൾ യാത്ര പറഞ്ഞു... അവർ ആദ്യം വാങ്ങാൻ കൂട്ടാക്കിയില്ല..

 " പണം തന്ന് സഹായിക്കാൻ ഞാൻ നിസ്സഹായനാണ്‌.. ഇത്‌ വെറുതെ.. എന്റെ ഒരു സന്തോഷത്തിന്‌!... എന്റെ സ്നേഹത്തിന്‌!.."- അവരത്‌ വാങ്ങി..

അയാളുടെ മനസ്സ്‌ നിറഞ്ഞിരുന്നു.. ഹൃദയം വിങ്ങിയിരുന്നു.

.".ഒന്നുമാവില്ലെങ്കിലും സ്നേഹത്തോടെ ഇത്രയെങ്കിലും അവർക്ക്‌ കൊടുക്കാൻ എനിക്ക്‌ കഴിഞ്ഞെല്ലോ?"

യാത്ര പറഞ്ഞു അയാൾ സന്തോഷത്തോടെ മലയെ ലക്ഷ്യമാക്കി നീങ്ങി..മലയിൽ തട്ടി താഴ്‌വാരത്തിലെ ശബ്ദം പ്രതിധ്വനിച്ചു.

." എത്രയുണ്ട്‌?"

" വെറും അഞ്ഞൂറ്‌!"

" ഞാൻ പറഞ്ഞില്ലേ.. വാങ്ങേണ്ടാ എന്ന്.. നമ്മൾ ഇവിടെ പട്ടിണി കിടക്കുകയാണെന്നാ അവന്റെ യൊക്കെ വിചാരം!.. അവന്റെ കൈയ്യിൽ നിന്ന് ഒന്നും വീഴില്ല..എരണം കെട്ടവൻ!!"

" തൂ.. പണക്കാരനാത്രെ.. പണക്കാരൻ!.. അഞ്ഞൂറ്‌ ഉലുവ ഇന്നത്തെ കാലത്ത്‌ എന്തിനു മതി! .. നിങ്ങളെന്തിന്‌ ഇതവനോട്‌ വാങ്ങി?"

" പിശുക്കനാ അവൻ.. അറുത്ത കൈക്ക്‌ ഉപ്പ്‌ തേക്കാത്ത പിശുക്കൻ...എനിക്ക്‌ പണ്ടേ അറിയാം.. അതാ ഞാൻ അന്നേ പറഞ്ഞത്‌ ഇവിടെ വരികയാണെങ്കിൽ എന്തെങ്കിലും തന്നാലും വാങ്ങരുതെന്ന്!.. ഇതിന്‌.. നാണമില്ലല്ലോ?.. വേഗം വാങ്ങി വെച്ചിരിക്കുന്നു..!"!"

അവിടെ ചർച്ച നടക്കുകയാണ്‌..കുനിഞ്ഞശിരസ്സോടെ അയാൾ മല യുടെ ശിരസ്സു ചവിട്ടികൊണ്ട്‌ പറഞ്ഞു.." അല്ലയോ മലയേ മാപ്പ്‌!... നിന്റെ ശിരസ്സു ചവിട്ടി നിന്റെ ശാപം വാങ്ങാൻ ഇനി ഞാനിവിടെ വരില്ല... അയാളുടെ ഹൃദയത്തിനു ഭാരമായിരുന്നു.. മനസ്സിനു തളർച്ച ബാധിച്ചിരുന്നു.

തലയിൽ ചെറിയ ഒരു മൂളൽ!.. ട്രൈയിൻ ചൂളമടിച്ചിരുന്നു.. പോകണം.. വേഗം പോകണം.. ഇനിയും വൈകരുത്‌... മുംബൈയുടെ സ്നേഹ സ്പർശത്തിനേ ഇനി തന്നെ ആശ്വസിപ്പിക്കാനാവൂ..ലീവ്‌ വേഗം തീർത്ത്‌ മുംബൈയിലെ ഫാക്ടറിയിലെ ജോലിക്കാരിൽ ഒരുവനായാൽ മാത്രമേ ഇനി തനിക്ക്‌ സാന്ത്വനം കിട്ടൂ.. അയാൾ വേഗം നടന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ