പേജുകള്‍‌

വ്യാഴാഴ്‌ച, ജൂലൈ 29, 2010

ഒരു ഭ്രാന്തന്റെ രക്ഷപ്പെടൽ!

അയാൾ ശാന്തനായിരുന്നു.. ആരേയും എതിർക്കാത്ത പ്രകൃതം!

"നേരെ നടക്കുക " - നേരെ നടക്കുകയായിരുന്ന അയാളെ വളഞ്ഞ വഴികാട്ടി തീവ്രപക്ഷക്കാർ..
ശരിയാണെന്ന് കരുതി അയാൾ ആ വഴി നടന്നു...

" വളഞ്ഞ്‌ നടക്കുകയാണ്‌ താങ്കൾ!..- ഇടത്തേക്ക്‌ വളച്ച്‌ ഇടത്തെ പക്ഷക്കാർ.
"ശരിയാണല്ലോ?.. അയാൾ ദിശമാറ്റി..

" താങ്കൾക്ക്‌ ഇടത്തേക്കൽപം ചെരിവുണ്ട്‌..ശ്രദ്ധിച്ചില്ലാ അല്ലേ!.. ഇങ്ങോട്ട്‌ ചെരിയണം.". വലത്തേക്ക്‌ വളച്ച്‌ അവരും.

"..ഊവ്വോ.." അയാൾ വലതു പക്ഷം ചേർന്നു നടന്നു.
...താങ്കൾ ഇടത്‌, താങ്കൾ വലത്‌, താങ്കൾ വളഞ്ഞ്‌!..

സഹികെട്ട്‌ ആരെക്കൊണ്ടും പറയിക്കാതെ അയാൾ വട്ടത്തിൽ നടന്നു..

അയാൾക്ക്‌ മനസ്സിലായി.. ഭൂമി ഉരുണ്ടതാണെന്ന് ഇങ്ങനെയായിരിക്കാം കണ്ടു പിടിച്ചത്‌!.

.കണ്ണീർ വാർത്ത്‌ അമ്മയരികെ..!

"എന്തിനാണ്‌ അമ്മ കരയുന്നത്‌?"ആരാണ്‌ എന്നെ ഇവിടെ കൊണ്ടു വന്നത്‌?"- അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു..

"ഇത്‌ ആശുപത്രിയാണ്‌...തന്നെ ആരോ പിടിച്ചു കെട്ടിയാണല്ലോ കൊണ്ടു വന്നത്‌! .അതേ.. ആരോ തന്നെ അടിച്ചിരുന്നു.. പിറകിലാണ്‌ അടിച്ചത്‌!.. എന്തിനാണ്‌ അടിച്ചത്‌? ആരാണവർ?. എന്താണവരുടെ ഉദ്ദേശം?".. അയാൾക്കൊന്നും ഓർത്തെടുക്കാൻ പറ്റിയില്ല!

അമ്മ ഡോക്ടറുടെ അടുക്കലേക്ക്‌ പോകുകയാണ്‌.. ഡോക്ടർ അമ്മയോട്‌ എന്തൊക്കെയോ പറയുന്നുണ്ട്‌..കുശലമല്ല.. തന്നെ കുറിച്ചാണ്‌ കുശുകുശുപ്പ്‌!.

തിരിച്ചു വരുന്ന അമ്മയുടെ കൈയ്യിൽ പൈസയുണ്ടോ?അതോ തനിക്ക്‌ തോന്നിയതാവുമോ?
..എവിടുന്ന്..!!
പക്ഷേ.. ഡോക്ടരുടെ അടുത്തു പോയതിനു ശേഷം എണ്ണുന്നത്‌ കണ്ടുവല്ലോ?.. ഒരു പക്ഷെ അമ്മയുടെ വിഷമം കണ്ട്‌ ഡോക്ടർ!...പാവം ഡോക്ടർ! എല്ലാവരേയും സഹായിക്കും.. നല്ല പെരുമാറ്റം!"- അയാൾ മെല്ലെ പുഞ്ചിരിച്ചു..
മെല്ലെ തലയിൽ തടവി .. കണ്ണീർ വാർത്ത്‌ അയാളുടെ അമ്മ പോയി... നിരാശയായിരുന്നോ ആ മുഖത്ത്‌?..അതോ സങ്കടമോ?

അയാൾ തനിച്ചായപോലെ തോന്നി.. ജനലഴികളിലൂടെ പുറത്തേക്ക്‌ നോക്കി.. അകലെ സ്റ്റാർ ഹോട്ടൽ!..
അതിന്റെ അരണ്ട വെളിച്ചത്തിൽ അയാൾ കണ്ടു..

."... ഇടതുണ്ട്‌, വലതുണ്ട്‌, തീവ്രരുമുണ്ട്‌!.."

അതവരല്ലേ.. തന്നെ ഇടത്തോട്ട്‌ നടത്തിയവർ!

അതവരല്ലേ..തന്നെ വലത്തോട്ട്‌ നടത്തിയവർ!

അതെ അവർ തന്നെ- നേരെ നടക്കുകയായിരുന്ന തന്നെ വളഞ്ഞ വഴിയിലൂടെ നടത്തിയവർ!

അവർ മൂവരും ഒന്നാണല്ലോ?..

 രാത്രിയുടെ യാമങ്ങളിൽ ഇവർക്കെന്താണ്‌ പണി!.. അതും സ്റ്റാർ ഹോട്ടലിൽ!... അവരിലാരോ ഒരാളാണ്‌ തന്നെ ഇവിടം കൊണ്ട്‌ വന്നത്‌! ആരാണെന്ന് തിരിച്ചറിയാൻ പറ്റുന്നില്ല! പിന്നെയും സൂക്ഷിച്ച്‌ നോക്കി!.

ഒരേ പാത്രത്തിൽ നിന്നും ബിരിയാണി കഴിക്കുകയല്ലേ അവർ..!..ഒരു ഗ്ലാസ്സെടുത്ത്‌ അതിൽ ചുണ്ടു വെച്ച്‌ ഒരുവൻ കഴിക്കുന്നു.. മറ്റവൻ അത്‌ പിടിച്ചു വാങ്ങി അവനും ചുണ്ടു വെക്കുന്നു...
"ചീറ്റേർസ്‌!.
"...യൂ..ടൂ ബ്രൂട്ടസ്‌!.. "

"ബ്രൂട്ടസ്‌!.. ബ്രൂട്ടസ്‌!... ഗോഡെന്ന് പറയടാ.. പുതിയ യുഗത്തിലെ ദൈവം.. .. ബ്രൂട്ടസ്‌ ഗോഡ്‌!.കൊല്ലാനും കൊല്ലിക്കാനും അധികാരമുള്ള ദൈവം!..ഒറിജിനൽ ദൈവത്തെ ആർക്കും വേണ്ട!"- മുറിയിൽ ചുരുണ്ടു കൂടിക്കിടക്കുന്ന വൃദ്ധനായ ഒരാൾ പിറുപിറുത്തു..

".. ഇവരെ ഞാൻ!"- അയാൾ ഒച്ചയെടുത്തു..

" ഒരു ചുക്കും ചെയ്യില്ല..!... വിഡ്ഡി.. ശക്തനാണ്‌.. ബ്രൂട്ടസ്‌ ...ശക്തനാണ്‌.. മണ്ടാ..!..ഒന്നും അറിയാത്ത മണ്ടാ.. നാവടക്കെടാ..മിണ്ടാതെ കിടന്നുറങ്ങ്‌!... ശക്തനായ ദൈവം.. ബ്രൂട്ടസ്‌!...യദാർത്ഥ ദൈവം മിഥ്യ!.. ആർക്കും വേണ്ട..ആർക്കും!."- ആ വൃദ്ധന്റെ ഒച്ച നേർത്ത്‌ നേർത്ത്‌ ഇല്ലാതായി അയാൾ ഉറക്കത്തിലേക്ക്‌ വീണു!

ഈ വൃദ്ധൻ പറഞ്ഞത്‌ നേരാണ്‌.. തനിക്കുള്ള മുന്നറിയിപ്പല്ലേ ഇത്‌!

.." നിസ്സഹായനായി അയാൾ ജനാലയിലൂടെ പുറത്തേക്ക്‌ നോക്കി അൽപ നേരം നിന്നു..
..അവർ ശക്തരാണ്‌..എതിർക്കുന്നത്‌ മണ്ടത്തരമാണ്‌..

അയാൾ കാതോർത്തു .. അവിടെ ആട്ടവും പാട്ടുമുണ്ട്‌.. മൂളലും ഞരക്കങ്ങളുമുണ്ട്‌!.. അട്ടഹാസങ്ങളും. പൊട്ടിച്ചിരികളുമുണ്ട്‌.. ആർമ്മാദിക്കയാണവർ!

മെല്ലെ തനിക്കായി ഇട്ട ഞരങ്ങുന്ന കട്ടിലിലിൽ നീണ്ടു വലിഞ്ഞു കിടന്നു..

ആരുടെയോ കാലനക്കം!...

" തടിക്ക്‌ വല്യ കേടില്ല.... വിലയൽപം കൂടും!.."

പണ്ട്‌ തറവാട്ടിലെ വീട്ടിൽ വളർന്നു പന്തലിച്ച ആഞ്ഞിലിക്കും ,തേക്കിനും പ്ലാവിനും വിലയിട്ടു നടന്ന ആശാരികൾക്ക്‌ ഇവിടെ കാര്യം?.. ഇവിടെ അത്തരം മരമില്ലല്ലോ?"- അയാൾ കാതോർത്തു..

"..ന്നാലും..അതൽപം കൂടിപ്പോയില്ലേ?."

"..ലേശം.. മെന്റ്ലല്ലേയുള്ളൂ.. തടിക്ക്‌ യാതൊരു കുഴപ്പവും ഇല്ല.. അവയവങ്ങൾക്കും..!.. ആരും ഇനി ചോദിക്കാൻ വരില്ല..എന്തു വേണമെങ്കിലും ആവാം!..അവയവങ്ങൾ എടുത്താൽകിട്ടുന്ന ബോഡിയും ഉപയോഗശൂന്യമല്ലല്ലോ?.. ഉപയോഗയോഗ്യമല്ലേ.. ഇപ്പോൾ കൂടുതൽ അതിനാ ഡിമാന്റ്‌!"

"ഡോക്ടരുടെ ശബ്ദമല്ലേ!.. അതേ..ഇയ്യാളാണോ ആ ആശാരി!"- നേരിയ വെട്ടത്തിൽ അയാൾ ഡോക്ടറെ കണ്ടു...

"ദാ..ആ കിഴവൻ!." - കിളവന്റെ ബെഡ്ഡിനെ നോക്കി പുറത്ത്‌ നിന്ന് അവർ കച്ചവടക്കാർ കച്ചവടം ഉറപ്പിക്കയാണ്‌!

" പഴക്കം ചെന്നതാ.. ന്നാലും ഉരുപ്പടി മോശമില്ല.. പഴയതിനു ഗുണം കൂടുമെന്നല്ലേ ഓൾഡ്‌ സേയിംഗ്‌!.."

"ഈ ഡോക്ടറുടെ ഒരു കാര്യം!.. ഭയങ്കര ബിസിനസ്സ്‌ മൈൻഡാ!...ബിസിനസ്സ്‌ മാനേജ്‌മന്റ്‌ നന്നായി ചേരും ഡോക്ടർക്ക്‌!..എം. ബി. എ..അല്ല്യോ?"- അവരിലൊരാൾ ഡോക്ടറുടെ പുറത്ത്‌ തട്ടി!

".. റിസ്ക്കുള്ള പണിയാണിഷ്ടാ.. വില പേയാൻ ഒക്കില്ല!.. ഇവിടെ ഫിക്സഡ്‌ റേറ്റാ.." ഡോക്ടരും ആശാരിമാരും പോയി!

അടുത്ത സെല്ലിന്റെ കവാടത്തിലേക്കാണെന്ന് തോന്നുന്നു..നേർത്തശബ്ദം അവിടെ നിന്നും അലയടിക്കുന്നുണ്ടല്ലോ?

അവർ പോയതോടെ നിശബ്ദത നിറയുകയായിരുന്നു.. അന്തരീക്ഷത്തിൽ!

".അയാൾവൃദ്ധനെ തട്ടിയുണർത്തി ".. ജീവൻ വേണമെങ്കിൽ രക്ഷപ്പെട്ടോ?.. ദ്രവിച്ച ജനലിന്റെ പാളി ഇളക്കി മാറ്റി അയാൾ വൃദ്ധനോട്‌ പറഞ്ഞു..എല്ല്ലാം പറഞ്ഞിട്ടും അറിഞ്ഞിട്ടും നിർവ്വികാരനായി വൃദ്ധൻ കൈ തട്ടി മാറ്റി!

" ബ്രൂട്ടസ്‌ ശക്തനാണ്‌!.. അവനോട്‌ മല്ലിടാൻ ആവില്ല കുഞ്ഞേ!. രക്ഷപ്പെടാനാവുമെങ്കിൽ നീ രക്ഷപ്പെട്ടു കൊള്ളുക.. ഞാനെങ്ങും ഇല്ല!.. എന്റെ സമയം അടുത്തു"-വൃദ്ധൻ പിറുപിറുത്തു...അവിടെ തന്നെ ചുരുണ്ടു..

ഇയ്യാൾ വരുന്നില്ലേങ്കിൽ വരണ്ട.... വഴി പറഞ്ഞു കൊടുത്തിട്ടും രക്ഷപ്പെടാൻ ആശയില്ലാത്തവൻ!.. ജനലിലൂടെ ഊർന്നിറങ്ങി..മരത്തിൽ അള്ളിപ്പിടിച്ചു കയറി.. മതിൽ ചാടിക്കടന്ന് ..സേഷനിലേക്ക്‌ ഓടി.. എങ്ങോട്ടെന്നറിയാതെ ട്രെയിനിൽ യാത്രതിരിച്ചു.. ആളുകളുടെ സംസാരവും !.. വായിക്കാനറിയാത്ത റെയിൽവേ ബോർഡിലെ അക്ഷരങ്ങളും കണ്ട്‌ അയാൾക്ക്‌ ശ്വാസം വീണു.

." ഹാവൂ.. കേരളം വിട്ടിരിക്കുന്നു!"

ആ വൃദ്ധനെയോർത്ത്‌ അയാൾക്ക്‌ മനസ്സ്‌ വിങ്ങി..!.

.". അയാൾക്ക്‌ മെന്റലിന്റെ ഒരു പ്രശ്നവും കണ്ടില്ലല്ലോ?"

ട്രെയിൻ കുതിച്ചു പാഞ്ഞു സ്റ്റേഷനിൽ നിന്ന് സ്റ്റേഷനിലേക്ക്‌..അവസാനം നിർത്തുന്നിടത്തിറങ്ങാമെന്ന് കരുതി അയാൾ കണ്ണുകൾ അടച്ചു!


"മനസ്സു നിറയേ ഡോക്ടറുടെ സ്റ്റെതസ്കോപ്പ്‌ ആശാരിയുടെ അളവു കോലായി അളവെടുപ്പ്‌ നടത്തുകയായിരുന്നു അയാൾ യദാർത്ഥത്തിൽ ഡോക്ടറാണോ?.. അതോ ഏതോ ബിസിനസ്‌ മാൻ ഡോക്ടറുടെ വ്യാജ സർട്ടിഫിക്കറ്റുമായി ഇരിക്കുകയാണോ?"..ഉറക്കം വരാതെ.. വെറുതേ കണ്ണുകൾ ഇറുക്കി അടച്ച്‌ അയാൾ യാത്ര തുടർന്നു!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ