പേജുകള്‍‌

വ്യാഴാഴ്‌ച, ഡിസംബർ 17, 2009

കാതിറയുടെ ചന്തി, ഹം സയുടെ തുട!

."വരുന്നുണ്ട്‌ ദുഷ്ടൻ! ഒറ്റക്കാലൻ കുടയുമായി... കാതിറായുടെ ചന്തിയും എന്റെ തുടയും പ്രശസ്തമാക്കിയ വങ്കൻ! അവന്റെയൊരു ഒടുക്കത്തെ വളഞ്ഞകാലൻ കുട! എത്രെയെത്രപേരുണ്ട്‌ ആക്സിഡന്റ്‌ വന്നു ചാവുന്നു.. എവനൊന്നും ചാകുന്നില്ലല്ലോ.. പടച്ചോനേ!"
-അന്നൊക്കെ ദാമൊദരൻ മാഷെ ദൂരെ നിന്നും നടന്നു വരുന്നതു കാണുമ്പോൾ ഹം സ മനസ്സിൽ പറഞ്ഞു പോകും. മാഷെ ഓർമ്മിച്ചാൽ തന്നെ അറിയാതെ സ്വന്തം തുടയിൽ തടവിപ്പോകും മാഷുടെ കുട്ടികൾ ആണെങ്കിൽ!.. തടവും! തടവണം അതാണ്‌ മാഷ്‌. മാഷിന്റെ ചൂരലിന്റെ പാടു വീണ തുട ഹം സയും തടവിപ്പോയി!
" ഹംസേ ദാമോരൻ മാഷ്‌!"
" ഹംസേ തുട!
" ഹംസേ ചന്തി!
" ഹംസേ കാതിറ!"
-എന്നൊക്കെ ഓരോ കൂട്ടുകാരും ഓരോന്നു പറഞ്ഞ്‌ പരിഹസിക്കും..പരിഹസിക്കുന്നതിലല്ല ഹം സയ്ക്ക്‌ വിഷമം.. ചെയ്യാത്ത കുറ്റത്തിന്‌ ശിക്ഷിച്ചതിനാലാണ്‌!...
കൂട്ടുകാർ പരിഹസിച്ച്‌ പരിഹസിച്ച്‌ നാട്ടിലും പാട്ടായി...ചായ പീടികയിൽ ഒരു പണിയുമില്ലാതെ വെറുതെ ചായ മോന്തി വെടി പറഞ്ഞു കൊണ്ടിരിക്കുന്നവർ ഹം സയെ കണ്ടാൽ പരിഹസിക്കാൻ തുടങ്ങി.
"ഹംസേ ഇന്നാരുടെ ചന്തിയാ തന്റെ വികൃതിക്കിരയായെ?.. കാതിറായുടേയോ അതോ..മറ്റാരുടേതെങ്കിലുമോ?"

പിന്നെ ഹ .ഹ ..ഹാന്നും പറഞ്ഞ്‌ അട്ടഹാസ ചിരിയാണ്‌.. ഇവറ്റകൾക്ക്‌ മറ്റൊന്നും പണിയില്ലേ.. സഹികേടുമ്പോൾ ഹം സ പ്രതികരിക്കും.

"ഓളെയൊക്കെ വൃത്തികെട്ട ചന്തിമ്മെല്‌ പിടിക്കാൻ എനിക്കെന്താ പിരാന്തുണ്ടാ?.. ചെയ്യാത്ത കുറ്റത്തിന്‌ എന്റെ മേക്കിട്ട്‌ കയറണ്ടാ... പറഞ്ഞേക്കാം! .."ദേഷ്യപ്പെട്ട്‌ ഹം സ പറയുമ്പോൾ ആളുകൾക്കത്‌ രസമാണ്‌. അവർ ചർച്ച തുടരും. കൂടുതൽ കേൾക്കാൻ നിൽക്കാതെ ഹം സ വലിയും!

കാതിറായെയും കൂട്ടുകാർ പരിഹസിക്കുന്നതു കേൾക്കാറുണ്ട്‌. .."ഇന്നെന്താ ഹം സ വന്നില്ലേ?."എന്നു ചോദിച്ച്‌ പലരും കളിയാക്കും. ഓൾക്കതു കിട്ടണം! ഓൾക്ക്‌ വല്ല ആവശ്യവും ഉണ്ടായിരുന്നോ?"
ചായ പീടികയുടെ മുന്നിലെത്തിയപ്പോൾ ഹം സ പഴയകാലത്തെ കുറിച്ച്‌ ഓർമ്മിച്ചുപോയി.. ഇന്ന് ആ പഴയ ചായപീടികയില്ല.അതു കുളംതോണ്ടി! പകരം വലിയ കെട്ടിട സമുച്ചയം!.ഏതോ പൂത്ത പണക്കാരന്റെ ബംഗ്ലാവ്‌!
കാതിറയും മാറിപ്പോയി.. ഇന്ന് അവൾ ഹം സയുടെ ഭാര്യ! അവളെ കെട്ടിയോളാക്കും എന്നത്‌ ഹം സയുടെ വാശിയായിരുന്നു.
ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലം!... ദാമോരൻ മാഷുടെ ക്ലാസ്സ്‌!.. പെട്ടെന്ന് കാതിറ അനങ്ങുന്നു!.... മാഷുടെ ശ്രദ്ധ അവിടേക്ക്‌!..
"ഊം!"
പെട്ടെന്ന് എഴുന്നേറ്റ്‌ കാതിറ പറഞ്ഞു.."പിറകിൽ ഇരിക്കുന്നവൻ എന്റ്‌ ചന്തിയിൽ നുള്ളീ!"
ചങ്കിൽ കൊള്ളുന്ന വർത്തമാനം!
പുറകിലെ ബെഞ്ചിൽ ഹം സയും പടയാളികളും!.. ഹം സയാണെങ്കിൽ നേരെ കാതിറായുടെ പുറകിലും!
"സ്റ്റാൻഡ്‌ അപ്പ്‌"- പട്ടാള മേധാവി കൽപ്പിച്ചു.
ആരൊടാണപ്പാ എന്നു മനസ്സിലാകാതെ ഹം സയും തിരിഞ്ഞു നോക്കി.
" യൂ സ്റ്റാൻഡ്‌ അപ്പ്‌!" കൈ ചൂണ്ടൽ ഹം സയുടെ നേർക്കു തന്നെ!.
ആരപ്പാ ഈ മഹാൻ എന്നറിയാൻ എല്ലാവരും അവിടേക്ക്‌ നോക്കി! അതും ദാമോരൻ മാഷുടെ ക്ലാസ്സിൽ! ഹം സയാണാ വില്ലൻ!
" നീ ചന്തിയിൽ നുള്ളും അല്ലേടാ‍ാ‍ാ! അതും എന്റെ ക്ലാസ്സിൽ!"- അതൊരലർച്ചയായിരുന്നു..ആ ആക്രോശത്തിൽ ക്ലാസ്സുകൾ നടുങ്ങി..എഴുന്നേറ്റ ഹം സയുടെ കോശങ്ങൾ വരെ ചുരുങ്ങിപ്പോയ പോലെ തോന്നി.. മുട്ടു വിറക്കുന്നു!
" ഞാനോ? അതും ഈ വൃത്തികെട്ട കാതിറായുടെ ...!" ഹം സയ്ക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല!
"ഞാനല്ല മാഷേ... സത്യായിട്ടും ഞാനല്ല!" ഹം സ ഒരു വിധത്തിൽ ആണയിട്ടു പറഞ്ഞു..മാർക്കുകൾ രണ്ടും, നാലും ഒക്കെയാണെങ്കിലും ഹം സ അത്തരക്കാരനായിരുന്നില്ല! ക്ലാസ്സിൽ ഒതുങ്ങിയ പ്രകൃതം!.."
"ഞാനല്ല മാഷേ.. ഞാനല്ല.. എന്ന പദം മാത്രം വിക്കി വിക്കി ഹം സ പറഞ്ഞു..
"വേറെ പിന്നെ നിന്റെ തന്തയും തള്ളയുമാണോടാ വന്നു നുള്ളിയിട്ട്‌ പോയത്‌? കള്ളം പറയുന്നോടാ?..."
ആക്രോശത്തിൽ ഹം സ വിറച്ചു.. നേരത്തെ ഇന്റർവ്വെൽ സമയത്ത്‌ മൂത്രമൊഴിച്ചു വന്നതിനാൽ മൂത്രം സ്റ്റൊക്കുണ്ടായിരുന്നില്ല.. ഇല്ലായിരുന്നെങ്കിൽ സംഭവം സാധിച്ചേനേ...!
ഹം സയെ പിടിച്ചിറക്കി ക്ലാസ്സിന്റെ മുന്നിൽ കോണ്ടു വന്നു... ത്‌"ധിലും ത്ധിലും" എന്ന ശബ്ദം.. വായുവിൽ ചൂരൽ പറന്നിറങ്ങുന്നു.. നിരപരാധിയായ ഹം സയുടെ തുടയിൽ!
"ഞാനല്ല മാഷെ.. എന്ന് കരഞ്ഞു പറഞ്ഞെങ്കിലും ആ പ്രസ്ഥാവന പിൻ വലിക്കും വരെ മാഷിന്റെ ചൂരൽ ഉയർന്നു താണു കൊണ്ടിരുന്നു..!... സത്യസന്ധനെ വരെ കള്ളനാക്കുന്ന ചൂരൽ!..അതും കണ്ണിൽ ചോരയില്ലാത്ത ക്രൂരന്റെ കയ്യിൽ!
"പിരിയഡ്‌ കഴിയുന്നതു വരെ ബെഞ്ചിൽ കയറി നിൽക്ക്‌." രണ്ടാമത്തെ ശിക്ഷ!...ഇടറുന്ന കാലിൽ നിൽക്കുമ്പോൾ ഹം സ പ്രതിജ്ഞയെടുത്തു.." കാതിറാ.. നീ എനിക്കിട്ടു പണിതു.. നിന്നെ ഞാൻ പൊക്കും.. ഭാവിയിൽ നീയെന്നെ എന്റെ കെട്ടിയോൾ!" ഒരു ഭീഷ്മ പ്രതിജ്ഞ! മനസ്സിലാണ്‌ ഹം സ പ്രതിജ്ഞിച്ചത്‌!
ഇല്ലെങ്കിൽ കാലമാടനെങ്ങാൻ മണത്തറിഞ്ഞാൽ തീർന്നു.. പിന്നെ ജീവിച്ചിരിക്കുന്നതിലും ഭേദം കെട്ടി തൂങ്ങുന്നതാണ്‌..! അത്ര എരണം കെട്ട മാഷാണ്‌ ദാമോരൻ മാഷ്‌!
അന്നു ക്ലാസ്സ്‌ വിട്ടപ്പോൾ അടുത്തിരുന്ന കൂട്ടു കാരൻ ഫൈസൽ പറഞ്ഞു " സോറീഡാ... നിനക്കെന്തായാലും കിട്ടേണ്ടതു കിട്ടി.. എനിക്കു കിട്ടാനുള്ളതാ അത്‌.. പടച്ചോന്റെ കൃപ!.. ഞാൻ രക്ഷപ്പെട്ടു!..." അപ്പോഴാണ് ഹംസയ്ക്‌ മനസ്സിലായത്‌ ഒപ്പിച്ചത്‌ ഫൈസലാണെന്ന്!.. " നിനക്ക്‌ കാട്ടി തരാടാ പടച്ചോന്റെ കൃപ!.ഷർട്ടിന്റെ കോളറിൽ ഹംസ പിടുത്തമിട്ടു. ഒന്നു ആഞ്ഞു കൊടുത്തു..". നിന്നെ ഞാൻ കൊല്ലും.. മാഷോട്‌ പറഞ്ഞുകൊടുക്കുകയും ചെയ്യും!.."
ഫൈസൽ കരഞ്ഞു കാലു പിടിച്ചു.. " ഹംസേ ഓള്‌ മാഷോടു പറയുമെന്നൊന്നും ഞാൻ വിചാരിച്ചില്ല... പെന്നോണ്ട്‌ ഞാൻ രസത്തിന്‌ അവളുടെ ചന്തിക്കിട്ട്‌ ഒരു കുത്ത്‌ കൊടുത്തതാ..പൊറുക്ക്‌ ഹം സേ.. പൊറുക്ക്‌...!"
കിട്ടേണ്ടത്‌ കിട്ടി. അവന്റെ കണ്ണിൽ ദൈന്യത!.. ഹം സ പൊറുത്തു.
ഹം സ വളർന്നു ഗൾഫുകാരനായി.. കാതിറ ഹം സയുടേതു തന്നെയായി..
ഒരിക്കൽ കാതിറായെയും കൂട്ടി വരുമ്പോഴുണ്ട്‌ കൂനിക്കൂടി സടകൊഴിഞ്ഞ ദാമോരൻ മാഷ്‌ വടിയും കുത്തിപ്പിടിച്ചു വരുന്നു..
മാഷോടുള്ള വെറുപ്പെല്ലാം കാലം ഹം സയുടെ മനസ്സിൽ നിന്നു മാറ്റിയിരുന്നു..
" ഹം സേ സുഖമാണോ?"മാഷ്‌ ചോദിച്ചു
"ആ സുഖമാണ്‌!.. മാഷ്ക്കോ?"
"സുഖം!... നീ കാതിറായെ തന്നെ അടിച്ചെടുത്തല്ലേ..? "മാഷ്‌ ചോദിച്ചു.
കാതിറ നാണിച്ചു തലതാഴ്ത്തി...
അന്നാദ്യമായി ഹം സ മാഷോടു സത്യം വെളിപ്പെടുത്തി.
നിരപരാധിയെ ശിക്ഷിച്ചതിന്‌ മാഷ്ക്ക്‌ കുറ്റബോധം തോന്നിക്കാണണം!
" സോറി ഹംസേ... എന്റെ കുട്യോള്‌.. തോന്ന്യാസത്തിനു പോകാതെ സമൂഹത്തിനു മാതൃകയാകണം എന്നേ കരുതിയുള്ളു.. അല്ലാതെ നിന്നോടുള്ള ദേഷ്യം കൊണ്ടല്ല! സംഭവം കഴിഞ്ഞിട്ട്‌ വർഷങ്ങളായല്ലോ?.. അതൊന്നും എന്റെ കുട്ടി മനസ്സിൽ വെക്കരുത്‌.". മാഷിന്റെ കണ്ണ്‌ ഈറനണിഞ്ഞിരുന്നു.
"മാഷെ ചായകുടിക്കാം" സ്നേഹപൂർവ്വം ഹം സ വിളിച്ചു.ഹം സയോടൊപ്പം മാഷ്‌ ചായകഴിച്ചു...വിറക്കുന്ന കൈകളിൽ വളഞ്ഞകാലൻ കുടയെടുത്ത്‌ മാഷ്‌ യാത്രപറഞ്ഞു.
"പാവം മാഷ്‌!.. മാഷ്‌ ഞാൻ വിചാരിച്ച പോലല്ല. മാഷ്ക്ക്‌ ദീർഘായുസ്സ്‌ കൊടുക്കണെ പടച്ചോനേ".പറഞ്ഞതിനൊപ്പം അറിയാതെ ഹം സ സ്വന്തം തുട തടവി.. അതു കണ്ട്‌ കാതിറ ചിരിക്കുന്നുണ്ടായിരുന്നു.

4 അഭിപ്രായങ്ങൾ: