പേജുകള്‍‌

ശനിയാഴ്‌ച, ഡിസംബർ 18, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(മുപ്പത്തി ഏഴാം സർഗ്ഗം)

"..ലോകത്തിലെ സകലമാന മഹാന്മാരും നമ്മുടെ പിള്ളേരാ..നോം അവരുടെ നേതാവും!.. എന്നൊക്കെ സ്വപ്നത്തിൽ വന്ന് കാറി വിളിക്കുന്നു.!...നേരാണോ ദൈവമേ!...പകലു കാണുന്ന സ്വപ്നം ഫലിക്കുമെന്നാ പറയ്ക!..ഫലിക്കട്ടേ.. എന്നിട്ടു വേണം നോം ആരാണെന്ന് ലോകത്തെ അറിയിക്കാൻ!.. ചില മഹാന്മാർക്കൊക്കെ എന്തൊക്കെ ഭാവാ....!..അഹങ്കാരം ഏഷ്യൻ പെയിന്റ്‌ എന്ന പോലെ പെയിന്റു ചെയ്തു വെച്ചിരിക്കുന്നു.!.... ലാളിത്യം വേണം എപ്പോഴും!.. മുഖത്തും മനസ്സിലും വാക്കിലും പ്രവർത്തിയിലും!.. പിന്നെ ശുദ്ധത വേണം!..

നോം അതൊക്കെ അവരെ മനസ്സിലാക്കിക്കും.. ഇല്യാ സമയമായിട്ടില്ല്യാ.. ലേശം താമസമുണ്ട്‌ വേവാൻ!.. അതിനായി ഇച്ചിരി കാത്തിരിക്യന്നെ നല്ലത്‌.. ഇടയ്ക്കിടയ്ക്ക്‌ അടിയിൽ പിടിക്ക്യാതെ ഇളക്കി കൊടുത്തോണ്ടിരിക്കണം!.. പുകഞ്ഞു പോയാൽ പോയില്യേ..നമ്മുടെ മാനം?..

 നോം അങ്ങിനെ സ്വപ്നത്തിൽ നീന്തി തുടിച്ച്‌, കോരിക്കുടിച്ച്‌.. അങ്ങനെ നടക്കുമ്പോഴാണ്‌ ഒരു തിരുശബ്ദം! അശരീരിയാണോ?.. അരിശമാണോ എന്നൊന്നും മനസ്സിലായില്ല്യാ ആദ്യം!
സ്വപ്നം പൊളിഞ്ഞു പാളീസായി മലർപ്പൊടിക്കാരനായി നിൽക്കുമ്പോൾ പിന്നേയും ശബ്ദം!
"..എടാ‍ാ‍ാ‍ാ ......."
നോം ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു..
." ഒരൂ ചിന്തയും ഇല്യല്ലോ... എത്ര നേരായീ കൂർക്കം വലിച്ച്‌ ഉറങ്ങുന്നു.. മണി നാലായി. അയലോക്കക്കാരന്റെ കോഴീം മക്കളും വന്ന് അതാ നമ്മൾ നട്ട പാവയ്ക്കയും, വെണ്ടയും ഒക്കെ ചിക്കി ചികഞ്ഞ്‌ നശിപ്പിക്കുന്നു... അതിനെ ആട്ടി പ്പായിച്ചേ. എന്തൊരു ശല്യമാണ്‌.. എന്നിട്ട്‌ ഒരു തേങ്ങ ഉടച്ചു തന്നേ.. വൈകുന്നേരം ചായയ്ക്ക്‌ എന്തെങ്കിലും നിനക്ക്‌ തിന്നാൻ തരേണ്ടേ!."-- അമ്മയാണ്‌..
..നോം കരുതി അതും സ്വപ്നത്തിന്റെ പ്രകമ്പനമാണെന്നാണ്‌!
..ഈ അയലോക്കത്തെ കോഴിക്കും മക്കൾക്കും ഉറക്കില്ലേ.... ലേശം അവർക്കും ഉറങ്ങിയാൽ എന്താ?..അല്ലേങ്കിലും കോഴിയേയും മക്കളേയും എന്തിനു പറയണം?.. അയച്ചിരിക്കയാ പാക്കിസ്ഥാൻ ഭീകരന്മാരെ റിക്രൂട്ട്‌ ചെയ്ത്‌ അയച്ചിരിക്കുന്നതു പോലെ..മുട്ടയിടുവിച്ച്‌, മക്കളെ വിരിയിച്ച്‌... അയലോക്കക്കാരെ നശിപ്പിക്കാൻ.. ഭീകര അറ്റാക്കിന്‌!

അവർ എങ്ങു നിന്നോ കെട്ടിപ്പറുക്കി വന്നവരാണ്‌!..എപ്പോഴും ഓരോ ആവശ്യത്തിനായി നമ്മെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കേം ചെയ്യും!.. ആ ശല്യം തന്നെ പറ കണക്കിന്‌ ഇരിക്കുമ്പോഴാണ്‌.. കോഴിയേയും മക്കളേയും നുഴഞ്ഞു കയറിച്ചുള്ള ഈ ആക്രമണം!..ഇങ്ങനെയും ഒരു വക!
നോം എഴുന്നേറ്റു..പുറത്തേക്ക്‌ പോയി.. ശര്യന്നേ.. വെണ്ടയും പയറിൻ കുരുന്നുകളുമെല്ലാം ചത്തു മലച്ചു കിടക്കുന്നു...വഴുതിനങ്ങ കുഞ്ഞ്‌ ചത്ത പോലെ കിടക്കുന്നു!..എവിടെ നിന്നു വന്നു അവിടേയ്ക്ക്‌ തന്നെ തിരിച്ചു പോയ്ക്കോണം ..പാസ്പോർട്ടും വിസേം ഇല്യാതെ വന്നോളും..!.. അന്ത്യ ശാസനം!..
കോഴീം മക്കളും ലേശം ദൂരെ പോയി നിന്നു അവിടെ നിന്നും നമ്മളെ പരിഹസിക്യാ സ്ഥിരം പതിവ്‌!..പൊതു മാപ്പ്‌ കാലാവധി  കഴിഞ്ഞ്‌ നടു നിവർക്കുമ്പോഴേക്കും പിന്നേം വരും!
..കോഴിയേയും മക്കളേയും ഒരു വടിയെടുത്ത്‌ ശബ്ദമുണ്ടാക്കി നോം ഓടിച്ചു വിട്ടു..ഒറങ്ങാൻ കൂടെ സമ്മതിക്കാത്ത ശവങ്ങൾ!...
...നോം ആരെയും ഉപദ്രവിച്ചില്ല്യാ....!..ഉപദ്രവിക്കാൻ നമുക്കൊട്ട്‌ താൽപര്യോം ഇല്യാ!

എന്നിട്ട്‌ തേങ്ങ ഉടയ്ക്കാനെടുത്തു..
അതു കണ്ടു കൊണ്ട്‌ അയലോക്കത്തെ ആൾക്കാർ നിൽക്കുന്നുണ്ടായിരുന്നു..
കുറച്ചു കഴിഞ്ഞപ്പോൾ അവർ നമ്മുടെ അടുത്തു വന്നു..ക്ഷമ പറയേണ്ടതിനു പകരം . കുറ്റാരോപണം നടത്തി..പാക്കിസ്ഥാൻകാരന്റെ ഭാവം.. ഭീകരന്മാരെ അയക്കേം ചെയ്യും.. അറസ്റ്റ്‌ ചെയ്താൽ ഉത്തരം മുട്ടിക്കെം ചെയ്യും!
".. രണ്ടു കോഴിക്കുഞ്ഞുങ്ങളെ കാണ്മാനില്ല!..."
"എന്ത്‌?"
"രണ്ടു കോഴിക്കുഞ്ഞുങ്ങളെ കാണ്മാനില്ലെന്ന്!..".
"ശരിക്ക്‌ നോക്ക്‌ !" - നോം
"നീയ്യല്ലേ ഓടിച്ചു വിട്ടത്‌!"
".നമ്മുടെ പറമ്പിൽ കേറി ശല്യം ചെയ്തപ്പോൾ ഓടിച്ചു വിട്ടു അല്ലാതെ  നോം ഒന്നും അറീല്യാ..  അതതിന്റെ തള്ളയുടെ കൂടെ ഉണ്ടാവും.. നമ്മൾ നട്ട പച്ചക്കറി യൊക്കെ നശിപ്പിച്ചപ്പോൾ ഓടിച്ചു വിട്ടു.!. അതൊരു തെറ്റാണോ?"
 
അവർ അടങ്ങിയിരുന്നില്ല..അന്വേഷണ കമ്മിഷനെ വെച്ചൂന്നാ തോന്നണത്‌..!
...പിറ്റേന്ന് നോം വരുമ്പോൾ അമ്മ തലയ്ക്ക്‌ കൈ കൊടുത്തിരിക്കുന്നു..
.." സത്യം പറ ..!.. നീ അവരുടെ കോഴിക്കുഞ്ഞിനെ കൊന്നോ?" അമ്മ കരഞ്ഞു പോയി..
"ഇല്യാ" എന്താ സംഭവം?"
"രണ്ടു കോഴിക്കുഞ്ഞുങ്ങൾ നമ്മുടെ പറമ്പിൽ കല്ലിനിടയിൽ മരിച്ചു കിടക്കുന്നു.. കാക്ക അതിനെ അമൃതേത്ത്‌ ആക്കികൊണ്ടിരിക്കേ അവർ അതു കണ്ടു പിടിച്ചു.. പിന്നെ നമ്മളെ എന്തൊക്കെയോ പറഞ്ഞു ..ലഹളയായി..
"ഏതു കല്ലിന്റെ ഇടയിൽ.. ?.. കല്ലിന്റെ അടുത്തു കൂടി ഞാൻ പോയിട്ടില്ലല്ലോ?.. ഞാൻ കോഴിയെ തെളിക്കുമ്പോൾ കണ്ടു കൊണ്ട്‌ അവർ പുറത്തു തന്നെ ഉണ്ടായിരുന്നല്ലോ?"
"അവർ പറയുന്നത്‌ നീയ്യതിനെ കൊന്ന് കുഴിച്ചിട്ടതായിരിക്കും എന്നാണ്‌!..നിന്റെ കൈയ്യിൽ നിന്നും അബദ്ധത്തിലെങ്ങാനും?" അമ്മയ്ക്ക്‌ വല്ലാത്ത സങ്കടം വന്നു "
"എന്റെ ശിവനേ!.. ഇല്ലമ്മേ സത്യായിട്ടും ഞാൻ കൊന്നില്ല!.. ഞാൻ കൊന്നെങ്കിൽ അവരോട്‌ തന്നെ അതു പറയില്ലേ?.".അമ്മയെന്തു പറഞ്ഞു..
"...അവൻ വരെട്ടേ .. വന്നിട്ട്‌ പറയാം എന്നു പറഞ്ഞു..
"നോം കൊന്നില്ല സത്യാ..പാവം നമ്മെ കൊലപാതകി ആക്കിയിരിക്കുന്നു.. അതും ഒരു നിസ്സാരകോഴികുഞ്ഞുങ്ങൾക്ക്‌ വേണ്ടി.. ഇത്രയും ചീപ്പാണോ ഈ അയലോക്കക്കാർ!
അവർ ലഹളയാക്കിയത്രേ..

അമ്മ പറഞ്ഞു ഒരു രൂപയുടെ കോഴിക്കുഞ്ഞിനു വേണ്ടിയാണോ ഈ ലഹള!.. നമ്മൾ വേണമെങ്കിൽ അതിനിരട്ടി കോഴിക്കുഞ്ഞുങ്ങളെ  വാങ്ങി തരാം!"
"ഒരു രൂപയായാലും കാര്യം കാര്യമെന്ന് അവരും!"
"അവർ പറയുന്നു നോം കളവു പറയുകയാണ്‌.. കോഴികുഞ്ഞുങ്ങളെ കൊന്നിട്ട്‌ കുഴിച്ചു മൂടിയതാണെന്ന്!.. "
എങ്കിൽ നമ്മുടെ ഭാഗത്ത്‌ കോഴിയെ അയക്കേണ്ടെന്ന് അമ്മ പറഞ്ഞു നിർത്തിയത്രേ!..
..ഈ ലഹള നമുക്കത്ര പരിചയം പോര!...നമ്മൾ തമ്മിൽ എന്ന പരിപാടിയിൽ പങ്കെടുത്ത്‌ തമ്മിൽ തമ്മിൽ തല്ലു കൂടിയ ശീലമുണ്ടോ നമുക്ക്‌!..ശിവ.. ശിവ..ലഹളയിൽ ഡോക്ടറേറ്റു വരെ എടുത്ത സിംഹമാ ഗർജ്ജിക്കുന്നത്‌!.. നോം മാൻ പേടകളായി വാസ സ്ഥലത്ത്‌ ഒളിച്ചു!...ലഹള ആരെങ്കിലും കേൾക്കുമോ എന്ന നാണം.. കേട്ടാൽ കുറച്ചിലല്ലേ എന്ന മാനം!.. എല്ലാം കൊണ്ട്‌ നമ്മൾ വല്ലാതായി!.....ഇല്യായിരുന്നെങ്കിൽ ലഹളിച്ചു ലഹളിച്ചു നമ്മൾ അവരെ തല്ലിക്കൊന്നേനേ!..കൊന്ന കോഴിയേ ജീവനോടെ കൊടുക്കണം എന്ന മട്ടിൽ അവർ എന്തൊക്കെയോ പുലമ്പുന്നു.... !..

കോഴി ചിക്കി ചികഞ്ഞു നടന്നപ്പോൾ അബദ്ധത്തിൽ കല്ല് അമർന്ന് കോഴിക്കുഞ്ഞുങ്ങൾ കല്ലിനിടയിൽ പെട്ട്‌ ചത്തതാണ്‌ എന്നാണ്‌ തോന്നുന്നത്‌!..അങ്ങിനെ ഒരു സംഭവം നോം കണ്ടിട്ടു കൂടിയില്ല!..പറഞ്ഞപ്പോഴാ അറിഞ്ഞത്‌!..ഓരോ പുലിവാല്‌!..
 
പിന്നെ നമ്മൾ അവരോട്‌ മിണ്ടാൻ പോയില്ല്യ..ഒരകൽച്ച വെച്ചു.. കേട്ടോരൊക്കെ പറഞ്ഞു.. "അവനാണെങ്കിൽ അതു ചെയ്യില്ല്യാ.. നമുക്കുറപ്പാ!..ഉറുമ്പിനെ വരെ കൊല്ലാത്തോനാ!"
നമ്മോട്‌ കടം വാങ്ങിച്ച നൂറ്‌ രൂപ അവരുടെ പക്കലുള്ളപ്പോഴാണ്‌ ഒരു രൂപയ്ക്കുള്ള കോഴിക്കുഞ്ഞുങ്ങൾക്കുള്ള അവരുടെ ലഹള!.. പല ഉപകാരങ്ങളും നമ്മുടേത്‌ സ്വീകരിച്ച്‌, ഒടുവിൽ നമ്മെ നിസ്സാര പ്രശ്നത്തിനു നിഷ്ക്കരുണം തെറി പറഞ്ഞ അവരെ നോം ശത്രുവായി പ്രഖ്യാപിച്ചു..
"...ഇനി അവരുമായി സഹകരിക്കേണ്ട .. മിണ്ടേണ്ട അത്ര തന്നെ.." മാതാശ്രീ വിധി പ്രസ്താവിച്ചു.. വിധിയുടെ പകർപ്പ്‌ എല്ലാവർക്കും തന്നു!

അന്നു വൈകുന്നേരം തന്നെ അവരുടെ ഭർത്താവിന്റെ കച്ചവട സ്ഥലത്തേക്ക്‌ നോം യാത്രയായി.. നമ്മുക്ക്‌ സങ്കടായിരുന്നു.. ചെയ്യാത്ത കുറ്റത്തിനു തൂക്കാൻ വിധിച്ച കുറ്റവാളിയായി നോം!...സംഭവം എല്ലാം കേട്ട അയാൾ പറഞ്ഞു.. " അവൾ ഇവിടേയും തുടങ്ങിയോ അയലോക്കക്കാരോട്‌ ശണ്ഠ!..അവിടെ കലക്കിയിട്ടാണ്‌ അവൾ ഇവിടേയ്ക്ക്‌ വന്നത്‌!.. ഇവിടേയും സമാധാനം തരില്ലേ!"
 .. പിന്നെ അയാൾ നമ്മെ സമാധാനിപ്പിച്ചു." നീ പോയ്ക്കോ.. ഞാൻ നോക്കികൊള്ളാം.. ഒരു  രൂപയുടെ കോഴിക്കുഞ്ഞുങ്ങൾക്കു വേണ്ടി അവൾ അയലോക്കക്കാരെ ചൊടിപ്പിക്കയാ!"
 
നോം പറഞ്ഞു " പൈസ കൊണ്ടു വന്നിട്ടുണ്ട്‌.. വേണമെങ്കിൽ വലിയ കോഴിയെ തന്നെ വാങ്ങി തന്നേക്കാം"..
"..ഛേ.. എന്തായിത്‌.. നിങ്ങൾ എത്ര സഹായം നമുക്ക്‌ ചെയ്തിട്ടുണ്ട്‌!... അവളെ ഞാൻ അടക്കിക്കൊള്ളാം!- അയാൾ പറഞ്ഞു..

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവർ പിന്നെം ചാനലിലെ ചില അവതാരികമാരെ പോലെ ഉളുപ്പില്യാതെ, ഇളിച്ചു നിന്നു..ലോഹ്യം ചോദിച്ചു... നോം അവാർഡു പടം കണക്കെ കണ്ടിട്ടും ചിരിക്കാതെ, മിണ്ടാതെ നടന്നു..

അവരുടെ ശിക്ഷാ കാലാവധി കഴിഞ്ഞപ്പോൾ മാതാശ്രീ തന്നെ പിന്നെം വിധി മാറ്റിയെഴുതി.....
" .. അയലോക്കമല്ലേ.. ലേശം മിണ്ടേം പറയ്കേം ചെയ്തോളൂ!.. പിണക്കേണ്ട!"
...എന്നിട്ടും നോം മിണ്ടാൻ കൂട്ടാക്കിയില്ലേങ്കിലും.. അവർ നമ്മുടെ അടുത്ത്‌ വന്ന് പിന്നെം ലോഹ്യം കൂടി...

നമ്മുടെ പലവിധ സഹായങ്ങളും പിന്നേം പറ്റി...!..

മറ്റുള്ള അയലോക്കക്കാരും ഇതേ പോലെ ചില പ്രശ്നങ്ങളിൽ പെട്ടു കൊണ്ടിരിക്കേ കുറച്ചു കാലത്തിനുള്ളിൽ ആ സുകൃതം ചെയ്ത പുണ്യാത്മാക്കൾ സ്ഥലം വിറ്റു നമ്മെ ചതിച്ച കോഴിയേം മക്കളേയും അവരുടെ മക്കളേയും മരുമക്കളേയും ഒക്കെ ഒക്കത്തെടുത്തു കുറേ ദൂരേയ്ക്ക്‌ കെട്ടു കെട്ടി.എങ്ങു നിന്നോ വന്ന അവരെ ദൈവം പെട്ടെന്ന് തന്നെ അവിടുന്നോടിച്ചു.. ഇല്ല്യായിരുന്നെങ്കിൽ എല്ലാ അയലോക്കക്കാർക്കുംപണി കിട്ടിയേനേ!...
ഇപ്പോഴും എവിടെയെങ്കിലും നമ്മെ കണ്ടാൽ നമ്മോട്‌ എന്തൊരു സ്നേഹാ അവർക്ക്‌!..
ഇങ്ങനെയും ഉണ്ടോ ആളുകൾ..! നോം അന്തിച്ചു പോയി!..

നമുക്ക്‌ പിന്നീട്‌ മനസ്സിലായി മഹാന്മാരാ അവരൊക്കെ !..  .. നമ്മെ കൂടി ലാളിത്യം പഠിപ്പിച്ചവർ.. ആദരണീയർ..നോം എഴുന്നേറ്റു നിന്നു ബഹുമാനിച്ചു!


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ