പേജുകള്‍‌

ഞായറാഴ്‌ച, ഡിസംബർ 26, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(നാൽപതാംസർഗ്ഗം)

"ഏട്ടൻ തമ്പുരാൻ ലേശം മൂപ്പെത്തി മിടുക്കനായീന്ന ഭാവത്തിൽ എം കോം പാസ്സായി... കിരീടാവകാശിയാകാനുള്ള ചങ്കും കരളും ഒക്കെയാകേണ്ട പ്രായായി.. ന്നാലോ..കുട്യോളുടെ സ്വഭാവം!..ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആയില്ലെന്ന ഒരു മൊശടൻ ഭാവം!...പഠനം കഴിഞ്ഞു തെക്കോട്ടും വടക്കോട്ടും നടക്ക്യെന്നെ പണി കൊറച്ചു മാസം!..പണമൊന്നും ആ പണിക്ക്‌ കിട്ടില്ല്യാച്ചാലും നെഞ്ചു കലക്കി കഷ്ടപ്പെട്ട്‌ പണിയെടുക്കുന്ന പിതാശ്രീയുടെ പണത്തിന്റെ ഒരംശം കിട്ട്വേം ചെയ്ത്‌ സുഖ സുഭിക്ഷമായി നടക്കണ കാലം!..വഴി നടത്തിയാൽ മാത്രം പോര ഇന്നത്തെ കുട്യോൾക്ക്‌.!..

... ജോലിയും വാങ്ങി കൊടുത്ത്‌ ശമ്പളം കിട്ടും വരെ ചെലവിനും കൊടുത്തോളണം... ശമ്പളം കിട്ടിയാൽ പിന്നെ സ്വന്തം കാര്യം നോക്കാൻ അവർക്കറിയാം..!..എത്രകിട്ടും? എങ്ങിനെ കിട്ടും?.. കിട്ടിയാൽ മാസം വീട്ടിലേക്ക്‌ ഒരംശമെങ്കിലും ചെലവിനു തരുവോ എന്നൊന്നും കണക്കു കൂട്ടി കഷ്ടപ്പെടണമെന്നില്യാന്ന് സാരം! .. അവരുടെ ശമ്പളം അവർ തന്നെ നിക്ഷേപിച്ചോളും അവർക്കിഷ്ടമുള്ള അവരുടെ തന്നെ ഏതെങ്കിലും ബാങ്കിൽ!..മണി മണീന്ന് ചെലവാക്കാനും ഉപദേശം വേണ്ട!..അതിനുള്ള പക്വതേം വിവരോം അവർക്കുണ്ട്‌!..അതു വരെയുള്ള ഉപദേശൊം കൊണവതികാരോം മതീന്ന ഭാവാ ഇന്നത്തെ തലമുറയ്ക്ക്‌..!. .. കലി കാലം!..

..അങ്ങിനെയിരിക്ക്യെ ഒരീസം ഒരാൾ ഒരത്ഭുതപ്രവർത്തിയുമായി കയറി വന്നു.നമ്മുടെ തന്നെ ഒരു ബന്ധു..!...ഒരു തരം കരിസ്മാറ്റിക്ക്‌ ധ്യാനം!..

".. വെറുതെ നടക്ക്യാ അല്ലേ?.."- അദ്ദേഹം!
." ഊവ്വ്‌!"- ഏട്ടൻ തമ്പുരാൻ!
" വെറുതെ നടന്നാൽ പിത്തം ഉരുകും!"- അദ്ദേഹം!
" എന്താപ്പം ചെയ്കാ!"- ഏട്ടൻ തമ്പുരാൻ!
"..ഒരു ട്യൂട്ടോറിയൽ തുടങ്ങാം ദൂരെ ഒരിടത്ത്‌!.. സമ്മതം തന്ന്യാ"
".. ഊവ്വ്‌!"
"..എന്നാ.. തന്നെ പോലെത്തെ തെക്കു വടക്ക്‌ വകകൾ ഉണ്ടെങ്കിൽ അവരേയും വിളിച്ചോളൂ..!"- അദ്ദേഹം!
അങ്ങിനെ തെക്കു വടക്ക്‌ സഭകളെല്ലാം വെടക്കാകാതിരിക്കാനുള്ള ഒരു ഉപാധിയും ഉടമ്പടികളും സംജാതമായി..!
" ബാനറെഴുതി.. ഉൽഘാടിച്ചു.. ഏമ്പക്കം വിട്ട്‌..തെക്കു വടക്ക്‌ സഭകളെല്ലാം ദൂരെ പടിഞ്ഞാറ്‌ വെച്ച പള്ളിക്കൂടത്തിനടുത്ത്‌ പ്രവർത്തനം ആരംഭിച്ചു..!.. നല്ല നിലയിൽ പ്രവർത്തനം തുടങ്ങി.... കലക്ഷൻ മോശമില്ല!"

"...അവിടെക്കുള്ള യാത്ര ചിലവ്‌ ഏട്ടൻ തമ്പുരാൻ മണി മണിയായി വീട്ടിൽ നിന്നും എണ്ണി വാങ്ങി.. ഒപ്പം ഉള്ള തെക്കു വടക്ക്‌ സഭകൾക്കുള്ള യാത്രാ ചെലവു വരെ അദ്ദേഹം മാതാശ്രീയോട്‌ കണക്ക്‌ പറഞ്ഞ്‌ വാങ്ങി.... ഒടുവിലാകുമ്പോഴേക്കും അവർക്കുള്ള ശമ്പളം വരെ!.. അദ്ദേഹത്തിന്റെ ആ ഉദ്യോഗത്തിൽ നമുക്കുള്ള നേട്ടം ഇതൊക്കെ തന്നെ!..

" ..ശിവ.. ശിവ..ഇതെന്തുദ്യോഗം!..നോം ഇനി കക്കാൻ കൂടെ പോകേണ്ടി വരുവോ?.." നോം തലയിൽ കൈവെച്ചു..!..പിന്നെ മാതാശ്രീയോട്‌ നമുക്കുള്ള സംശയം ചോദിച്ചു..
".. എനിക്കൊന്നും മനസ്സിലാകുന്നില്ല മകനേ.. എനിക്കു തലചുറ്റുന്നു..!"- മാതാശ്രീ ഉള്ള സത്യം നോമുമായി പങ്കുവെച്ചു!
..പിന്നെ കടലീന്നടുത്താണ്‌ ആ ധർമ്മ സ്ഥാപനം എന്നതിനാൽ വരുമ്പോൾ അത്യാവശ്യം നല്ല പിടയ്ക്കുന്ന മീൻ സംഭാവനയായി വീട്ടിലേക്ക്‌ വല്ലപ്പോഴും കൊണ്ട്‌ വന്നിരുന്നു..ആളോളു പറയും സത്യത്തിന്റെ മുഖത്തിന്ന് എന്നും കറുപ്പാ..എന്ന്..!.. ആ പറച്ചിൽ ഇല്യാണ്ടാക്കാനാ ആ സത്യം കൂടി പറഞ്ഞത്‌!.. സത്യം വെളുത്തു തന്നെ ഇരിക്ക്യട്ടേ.. എന്താ?

അങ്ങിനെ അമാന്തിച്ചു നിൽക്കുമ്പോൾ നമ്മെ അതിശയിപ്പിച്ചുകൊണ്ട്‌ അവിടെ നിന്നും വേരോടെ പറിച്ചെടുത്ത്‌ അടുത്തു തന്നെയുള്ള ഒരു സ്ഥലത്ത്‌ നടാൻ തീരുമാനിച്ചു അതിന്റെ ഭാരവാഹികൾ..!
ഒടുവിൽ ആ മഹാ പ്രസ്ഥാനം ആരാണോ നിശ്ചയിച്ചത്‌ അവർ തന്നെ കുളം  തോണ്ടി അവസാനിപ്പിക്കാൻ തീരുമാനിച്ചു!..
 
"..ഇല്യായിരുന്നെങ്കിൽ വീടു വിറ്റും നമ്മൾ കാശു കൊടുക്കേണ്ടി വന്നേനെ!".. അനർത്ഥങ്ങൾ ഒന്നും ഇണ്ടായില്ല്യാ.. ദൈവത്തിനു സ്തുതി!

ആ റീട്ടേയിൽ ഉദ്യോഗം പോയിക്കിടക്കുമ്പോൾ മറ്റൊരു ബന്ധു ഹോൾസെയിലായി ഉദ്യോഗം തുടങ്ങിയിരുന്നു.. സെയിം കൺസെപ്റ്റ്‌.. എന്നാലോ.. .വല്യ കുട്യോൾക്കുള്ള വല്യ സ്ഥാപനം!.. ഐ..മീൻ.. കോളേജ്‌!... അവിടെ അദ്ദേഹത്തിനു അഡ്മിഷൻ കിട്ടി..".. പഠിപ്പിക്യാ.. ഫോർത്തു ഗ്രൂപ്പ്‌ പിള്ളാർക്ക്‌!..എകൗണ്ടൻസിയും കോമേസും ഒക്കെ!.. അങ്ങിനെ പരക്കെ അടുത്തുള്ള പലകോളേജിലും ആ മഹത്മൻ പഠിപ്പിച്ചു നടന്നു.. നമ്മുക്ക്‌ ലേശം അഭിമാനമായി".. കൊള്ളാം..ഏട്ടൻ തമ്പുരാനു.. ലെക്ചർ ഉദ്യോഗം!

..നോം അങ്ങിനെ പ്രീഡിഗ്രി കഴിഞ്ഞു കമണ്ഡലു എടുത്തു കാശിക്കു പോകണോ അതോ ഡിഗ്രിക്കു പഠിക്കണോ എന്ന വ്യാമോഹത്തിൽ നട്ടം തിരിഞ്ഞ്‌ നടക്കുമ്പോൾ ആ പ്രസ്ഥാനത്തിന്റെ ഉടമയും ഉറ്റ ബന്ധുവുമായവർ പറഞ്ഞു..".. നീയിങ്ങനെ ഫോർത്ത്‌ ഗ്രൂപ്പെന്നും പറഞ്ഞു കണക്കു കൂട്ടി നടക്ക്യാ.. വീട്ടിലെ കണക്കു കൂട്ടാൻ ഒരു എകൗണ്ടൻസികാരൻ ഉണ്ടല്ലോ?...എല്ലാവരും കണക്കു കൂട്ടാൻ പോയാൽ ലോകം നിശ്ചലമാവില്യേ....മറ്റൊരു പണിം അതുങ്ങൾക്ക്‌ അറിയില്ല്യാന്ന് വരുലേ..നാടുകാർക്ക്‌...!. അതിനാൽ ബീക്കോമും..മാങ്ങാ തൊലിയും ഒന്നും വേണ്ട!..ബീ.എ. മതി... എന്താ.. സമ്മതാച്ചാൽ നമ്മുടെ കോളേജിൽ ചേർന്നോളൂ... അവിടെ ബി കോം ഇല്യാ.!"

..കണ്ടോന്റെ കമ്പനീന്റെ കണക്കു കൂട്ടി നമുക്കു മടുത്തു..ശമ്പളോംന്ന് പറഞ്ഞ്‌ വല്ല പൈസയും തരുവോ?.. അതും ഇല്യാ...അവരുടെ കോളേജിലാച്ചാൽ വല്യ ജനത്തിരക്കില്ല്യ..ലേശം തിരക്ക്‌ നമ്മെ കൊണ്ട്‌ ഉണ്ടായിച്ചാൽ..!. നമുക്കു സമ്മതമായിരുന്നു... നോം അങ്ങോട്ടേക്ക്‌ കെട്ടിയെടുക്കാൻ നിശ്ചയിച്ചു..!

".. സംഘം ശരണം ഗച്ഛാമീ..."..

2 അഭിപ്രായങ്ങൾ: