അങ്ങിനെ നോം അവിടെ നിന്നും ഭയന്നും നെലോളിച്ചും തലയിൽ കൈവെച്ച് ഇപ്പോൾ മരിച്ചു പോവും എന്ന മട്ടിൽ ഒരു വിധം പരൂഷ എഴുതി... ലക്ചർമാരും പ്രോഫസ്സർമാരും ഒറ്റ നിൽപ്പാ... "സുഖാണോ കുട്യേ....ഉത്തരം അറിയില്ലേങ്കിൽ ചോദിക്കണേ കുട്യേ.."..എന്നൊന്നും ആരും പറഞ്ഞില്ല്യാ..".അറിയാത്ത ചോദ്യാവുമ്പോൾ അടുത്തിരിക്കുന്നോനോട് പരസ്പരം ഡിസ്ക്കസ് ചെയ്ത് എഴുതണം കുട്യേ...എന്നിട്ടും കിട്ടുന്നില്യാച്ചാൽ നമ്മൾ പറഞ്ഞു തരാം കുട്യേ.. വേണമെങ്കിൽ എഴുതിയും തരാം !".എന്നൊക്കെയല്ലേ പറയേണ്ടത്!.... നമ്മളൊക്കെ മനുഷ്യന്മാരല്ലേ?.
അതെങ്ങിനെയാ സംഭവിക്ക്വാ... അഹങ്കാരം ചക്കക്കുരു പോലെ കണ്ണിൽ അങ്ങിനെ ഇരിക്ക്വാ അല്ലാരുടേയും എന്ന് തോന്നി...പിന്നെ പശ്ചാത്തപിക്കുമ്പോഴേക്കും നോം തോറ്റു പോയിട്ടുണ്ടാകും..നമ്മളെ തോൽപ്പിക്ക്യാൻ കച്ച കെട്ടിയിരിക്കുന്ന ശത്രുക്കളാണോ ഇവർ.. !
.ഒരു സഹതാപോം സങ്കടോം ഉള്ളോരെ ദൈവം കൈവിടുവോ? എന്നൊന്നും അവർ ഓർത്തില്ല്യാ..
.പകരം നമ്മെ നോക്കി ഇപ്പോൾ കള്ളനെ പിടിക്കും ഇപ്പോൾ നമ്മെ ജയിലിലയക്കും എന്ന മട്ടിൽ നിൽപ്പാ.. ഒരു നിരപരാധീനെ ക്രൂശിച്ചാൽ സ്വർഗ്ഗത്തിൽ സ്ഥലം ചുമ്മാ പാട്ടത്തിനു തരും എന്നാരെങ്കിലും പറഞ്ഞോ എന്നറീല്ല്യാ.. ....ഒറ്റ എണ്ണത്തിനു മനസ്സാക്ഷിയില്ല്യാന്ന് തിരിച്ചറിഞ്ഞ ആ നിമിഷം നമുക്കെല്ലാരോടും വെറുപ്പായി... സങ്കടം കൊണ്ട് ഹൃദയം പറിച്ചു കീറി മാടായിപ്പാറയുടെ പാറകളിലൊക്കെ വിതറി.. സങ്കടം മുളയ്ക്കട്ടേ!..അടുത്ത തലമുറയ്ക്ക് അതുപകരിച്ചെങ്കിൽ നോം കൃതാർത്ഥനായി!
അങ്ങിനെ അവിടുത്തെ യുദ്ധം തീർന്നു.. സമാധാനമായി.. സന്ധിയായി.. ആരു ജയിച്ചെന്ന പ്രഖ്യാപനം വരേക്കും നമ്മെ മറ്റിടങ്ങളിൽ മേയാൻ വിട്ടു!..
അങ്ങിനെ നോം വീട്ടിൽ ഇരിക്കാൻ നിശ്ചയിച്ചു... റെസ്റ്റ് എടുത്തു മടുത്തപ്പോൾ ഒരു കാര്യം മനസ്സിലായി. നമ്മുടെ മാതാവ് കഷ്ടപ്പെടുകയാണ് .എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ കൈതരിപ്പ് മാറ്റാരുന്നു എന്നു വിചാരിച്ച് നേരെ അടുക്കളയുടെ അകത്തളങ്ങളിലെത്തി.. ഭക്ഷണം ഉണ്ടാക്കി സപ്ലൈ ചെയ്യുന്ന സ്ഥലമാണ്.. ഭയ ഭക്തി ബഹുമാനത്തോടെ നോക്കിക്കണ്ടു!
അവിടെ ലേശം പച്ചക്കറി നിരത്തി വെച്ചിരിക്കുണു.. മാതാശ്രീ വിറകെടുക്കാൻ വീട്ടിനു പുറത്തേക്ക് ഇറങ്ങിയ സമയം!..ഇല്യായിരുന്നെങ്കിൽ ഒന്നിനും സമ്മതിക്കില്ല്യാ...ശുഭസ്യ ശീഘ്രം എന്നാണല്ലോ?
അമ്മ സാമ്പാറു വെക്കാനുള്ള പ്ലാനിലാണ്.. നോം ഒന്ന് ഹെൽപിയേക്കാം എന്ന പ്ലാനിലും!.. ആരും ഹെൽപിയില്ലല്ലോ..എന്ന പരാതിയും കാറി വിളിയും നമുക്ക് ചെവിക്ക് അരോചകം ഉണ്ടാക്കും.. അതു വേണ്ട.. ഒരു നിർബന്ധാ അക്കാര്യത്തില്!
നോം ഇംഗ് ലീസിൽ ഡ്രംസ്റ്റിക് എന്ന് പറയുന്ന മുരിങ്ങാക്കായ എടുത്തു കഷ്ണിക്കാൻ ആരംഭിച്ചു..
ഡഗ്..ഡഗ്.. ഡഗ്...ഡഗ് ഡഗ്..ഡഗ്.. ഡഗ്...ഡഗ്..ഡഗ്..ഡഗ് ..ഡഗ്..ഡഗ്.അങ്ങിനെ.. രണ്ടു മുരിങ്ങാക്കായേ ഉള്ളൂ.. എന്നാലും സംഭവം അങ്ങിനെയല്ലല്ലോ പറയുമ്പോൾ ഒരു ഗുമ്മൻ വരേണ്ടേ...ശബ്ദവും വെളിച്ചവും ഇല്യാതെ നമുക്കെന്താഘോഷം!..കഷ്ണങ്ങൾ ചെറുതും വലുതും ആയെന്ന് തോന്നുന്നു.. അല്ലെങ്കിലും ഈ കഷ്ണങ്ങൾ ഒന്നും വലുതും ഒന്നു ചെറുതും ആയാൽ എന്താ കുഴപ്പം .?.. അവരെന്താ കാശിക്ക് പോകുകയാണോ?.. നമ്മുടെ ഉള്ളിൽ ചതഞ്ഞരഞ്ഞ് നിർവ്വാണം പ്രാപിക്കേണ്ടവരെല്ലേ?.. നമുക്കു കുഴപ്പമില്ലെങ്കിൽ അവർക്കെന്താ കുഴപ്പം?
അമ്മ പുറത്തു നിന്നും പെട്ടെന്ന് കയറി വന്നു.. ഇല്യായിരുന്നെങ്കിൽ നോം പച്ചക്കറിയൊക്കെ പച്ചയ്ക്ക് തന്നെ അരിഞ്ഞരിഞ്ഞ് സാമ്പാറു കൂടെ വെച്ചേനേ..!
".. ഇവനിതൊക്കെ നാശമാക്കും വെച്ചിട്ടു പോടാ.." അമ്മ ഹെൽപാൻ വന്ന നമ്മെ ഒരൂ ദാക്ഷീണ്യോം കൂടാതെ വിലക്കി.. നോം ആ കൽപന ശിരസ്സാ വഹിച്ച് വീണ്ടും പൂമുഖത്തേക്ക് പോയി..
.. ഹെൽപാൻ വന്ന നോം കുറേ സമയം ബാലരമ, പൂമ്പാറ്റ തുടങ്ങിയ പഴയ പുസ്തകങ്ങൾ പെറുക്കിയിട്ട് വായിച്ചു തീർത്തു.. ആളുകൾക്ക് എളിയ സന്താനം എന്നും കുട്ടിയാ.. നോമായിട്ട് ആ വിശ്വാസം തെറ്റിക്കേണ്ടാ.. എന്തേ?.. പിന്നെ അടുക്കളയുടെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കീല്യാ.. സഹായിക്കുന്നോരെ ആളുകൾ തെറിപറയും!....അത് ആളുകൾക്കൊരു രസമാണ്!
അപ്പോഴേക്കും അമ്മ കറിംവെച്ച് നമ്മുടെ അമൃതേത്തിനുള്ള ക്ഷണ പത്രവുമായി വന്നു..
.. " എടാ.... വാടാ...സമയം പന്ത്രണ്ടരയായി.. വന്നു ചോറു കഴിച്ചോ?
അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിക്കു മുന്നേ നമുക്ക് അമൃതേത്ത് കിട്ടണം..അല്ലെങ്കിൽ നമുക്ക് ദേഷ്യം വരും..പ്രകടിപ്പിക്കാൻ പറ്റില്ലല്ലോ?..അതിനാൽ മുഖത്ത് വാരിപ്പൂശി നടക്കും..
നമ്മുടെ സുഹൃത്ത് പറയുമ്പോലെ വയറ്റിലുള്ള കൊക്കൊ പുഴു വിശന്ന് കാറി വിളിക്കുമ്പോൾ എന്തെങ്കിലും ചില്ലറ കൊടുത്തു കളയാം അത്രെയുള്ളൂ എന്നും പറഞ്ഞ് ആ സുഹൃത്ത് വെട്ടി വിഴുങ്ങും!... പഞ്ചാബ് മതി ഗുജറാത്ത്, മറാട്ടാ, ദ്രാവിഡ, ഉൽക്കല വംഗന്മാരായ കേരളീയർക്ക് വരെ ഞണ്ണാനുള്ള വകയൊരുക്കാൻ എന്നൊക്കെ പറയുന്നത് വെറും പുളു!... അവനെ പോലുള്ള ഒരു മൂന്ന് നാല് ആളുകൾ കൂടി മതി ലോകത്തിലുള്ള സകലമാന ഹരിതവിപ്ലവങ്ങൾ മരുഭൂമിയാക്കാൻ!.. എന്നൊക്കെ വിചാരിച്ച് എഴുന്നേറ്റു..
നമുക്കിച്ചിരി ചോറും ഒന്നോ രണ്ടോ കറിയും മതി.. പക്ഷെ മൂന്ന് നാല് കറികൾ വേണം ഈ മൊശങ്ങോടനെ തീറ്റിക്കാൻ എന്ന് അമ്മയ്ക്ക് നിർബന്ധാ!.. നമുക്കൊരു വിഷമവും ഇല്യാ... ഇതെന്തെങ്കിലും നോം അദ്ധ്വാനിചുണ്ടാക്കിയതാണോ?..ഭഗവദ് ഗീത പറയുന്നു."... ഇവിടെയുള്ളത് നീ കൊണ്ടു വന്നതാണോ?.. നീ എന്തെങ്കിലും ഇവിടെ നിന്നു കൊണ്ടു പോകുന്നുണ്ടോ?..." എന്നൊക്കെ ഭഗവാൻ നമ്മെ പോലുള്ളവരെ ഉദ്ദേശിച്ചു പറഞ്ഞതാണ്.. നോം ഒന്നും കൊണ്ട് വന്നിട്ടും ഇല്യാ.. നോം ഒന്നും കൊണ്ടു പോകേം ഇല്യാ.. ഒക്കെ ഇവിടെ ഉപേക്ഷിച്ച് പോകുമ്പോൾ പോകും.. അതിനാൽ അതു വരെ നമ്മെ പോറ്റേണ്ട ഉത്തരവാദിത്തം ആർക്കാ?.
..പിതാശ്രീ അദ്ധ്വാനിച്ചു പൈസ അയച്ചു തരും.. കഷ്ടപ്പെട്ട് മാതാശ്രീ ആ പണം കറിയും ചോറുമായി പരിണാമ പ്രക്രീയ നടത്തും.. നോം അതൊക്കെ എടുത്ത് കഴിച്ച് തടിവെക്കും അത്രേന്നേ.. !..നോം കഴിച്ചില്ലേങ്കിൽ ആർക്കാ കുറച്ചില്!.. ചോറു വിളമ്പി പാത്രത്തിൽ നൽകുന്ന അമ്മയ്ക്ക്, അതിന് കായ ഡ്രാഫ്റ്റായി നൽകുന്ന പിതാശ്രീക്ക്, അതു നാണമില്ലാതെ തിന്നാതിരിക്കുന്ന നമുക്ക്!.. നോം അത്തരക്കാരനല്ല വിസ്തരിച്ചു തിന്നു ഏമ്പക്കം വിട്ട് അടുക്കള വിട്ടകന്നു... ഭക്ഷണത്തോട് മൽപിടുത്തം നടത്തി വല്ലാതെ ക്ഷീണിച്ചിരിക്കുന്നു...അമൃതേത്തു കഴിഞ്ഞല്ലോ ഇനി റെസ്റ്റ് എടുക്കണം..ദേഹമൊക്കെ വല്ലാത്ത വേദന..!. ഒന്ന് ശയിക്കാം.. നോം സോഫയിലേക്ക് ചാഞ്ഞിരുന്നു ഫാൻ ഓണാക്കി.. പിന്നെ.. പിന്നെ..!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ